UPDATES

പാകിസ്താനെതിരായ ആണവായുധ പ്രയോഗം സൂചിപ്പിച്ച് മോദിയുടെ പ്രസംഗം; പാക് ഭീഷണിയിൽ ഭയപ്പെടില്ലെന്നും പ്രധാനമന്ത്രി

ബിജെപിയുടെ ‘താമര ബട്ടണിൽ’ അമർത്തുമ്പോൾ ഭീകരവാദത്തെ ഇല്ലാതാക്കുകയാണ് വോട്ടർമാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആണവായുധ പ്രയോഗം സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പു പ്രസംഗം. രാജസ്ഥാനിലെ ചിറ്റോർഗഢിൽ നടന്ന തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

“പാകിസ്താൻ ഭീഷണികളിൽ പേടിക്കുന്നത് ഇന്ത്യ അവസാനിപ്പിച്ചു. എല്ലാദിവസവും തങ്ങളുടെ കയ്യിൽ ആണവ ബട്ടൺ ഉണ്ടെന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പിന്നെ നമ്മളെന്താണ് ചെയ്യേണ്ടത്? നമ്മളത് ദീപാവലിക്ക് പൊട്ടിക്കാൻ വെച്ചതാണോ?” -മോദി പറഞ്ഞു.

ബിജെപിയുടെ ‘താമര ബട്ടണിൽ’ അമർത്തുമ്പോൾ ഭീകരവാദത്തെ ഇല്ലാതാക്കുകയാണ് വോട്ടർമാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഭീകരതയ്ക്കെതിരായ എന്റെ പോരാട്ടത്തെ അത് ശക്തിപ്പെടുത്തും.” അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ചരിത്രത്തിലിതുവരെ ഒരു പ്രധാനമന്ത്രിയും മറ്റൊരു രാജ്യത്തിനെതിരെ ആണവായുധം പ്രയോഗിക്കുന്നതിനെക്കുറിച്ച് കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ല എന്നത് ഈ പ്രസംഗത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

‘അഭിനന്ദനെ വിട്ടുകിട്ടാൻ ഭീഷണിപ്പെടുത്തി’

വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പിടിക്കപ്പെട്ടപ്പോൾ താൻ പാകിസ്താനെ ഭീഷണിപ്പെടുത്തിയെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ പട്ടാനിൽ ഒരു തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ നിങ്ങളെ വിടില്ല’ എന്നായിരുന്നു തന്റെ താക്കീതെന്ന് മോദി പറഞ്ഞു. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക് എഫ്16 വിമാനങ്ങളെ തുരത്തുന്നതിനിടയിലാണ് അഭിനന്ദൻ വർധമാൻ പാകിസ്താന്റെ പിടിയിലായത്. ഇദ്ദേഹത്തെ പിന്നീട് പാകിസ്താൻ വിട്ടയയ്ക്കുകയായിരുന്നു.

ഇന്ത്യക്കു നേരെ പാക് ആക്രമണം നടന്നതിന്റെ രണ്ടാമത്തെ ദിവസം മോദി 12 മിസ്സൈലുകൾ തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നുവെന്ന് റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു. ഈ പ്രസ്താവന വന്നതിനു ശേഷമാണ് ഭീതിയിലായ പാകിസ്താൻ അഭിനന്ദനെ വിട്ടയയ്ക്കുമെന്ന പ്രസ്താവന നടത്തിയതെന്ന് മോദി അവകാശപ്പെട്ടു. ഇത് സംഭവിച്ചില്ലായിരുന്നെങ്കിൽ ‘അറവിന്റെ രാത്രി’യാണ് വരാനിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍