ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഇന്ത്യ-പാക് യുദ്ധം അവസാനിക്കുന്നു ഇറാന്‍-ഇറാഖ് യുദ്ധം ആരംഭിക്കുന്നു

A A A

Print Friendly, PDF & Email

1965 സെപ്തംബര്‍ 22
ഇന്ത്യാ-പാക് യുദ്ധം അവസാനിക്കുന്നു

1965 സെപ്തംബറില്‍ ആരംഭിച്ച ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധം 17 ദിവസത്തിനുശേഷം അവസാനിച്ചു. 1965 സെപ്തംബര്‍ 22 നാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറായത്. ഇരുരാജ്യങ്ങളും യുദ്ധത്തില്‍ തങ്ങള്‍ക്കാണ് വിജയമെന്ന് അവകാശപ്പെട്ടെങ്കിലും യഥാര്‍ത്ഥ ലക്ഷ്യത്തിലെത്താന്‍ ആര്‍ക്കും സാധിച്ചതുമില്ല. ഈ യുദ്ധത്തിലാണ് ഇന്ത്യയുടെയും പാക്കിസഥാന്റെയും വ്യോമസേനകള്‍ ആദ്യമായി സജീവമായി പങ്കെടുക്കുന്നത്.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സും പാക്കിസ്ഥാന്‍ എയര്‍ ഫോഴ്‌സും നിരവധി തവണ ഈ യുദ്ധത്തിനിടയില്‍ ആകാശത്ത് ഏറ്റുമുട്ടി. പാക്കിസ്ഥാന്റെ സാബ്‌റെ ജറ്റുകളും ഇന്ത്യയുടെ നാട്സ്, ഹണ്ടേഴ്‌സ് ജറ്റുകളും വ്യോമയുദ്ധത്തില്‍ നിര്‍ണ്ണയാക പങ്കുവഹിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപനം വരുന്ന സെപ്തംബര്‍ 22ന് രാത്രിയ്ക്ക് ഒരു ദിവസംമുമ്പ് ഇന്ത്യന്‍ വ്യോമസേനയുടെ കാന്‍ബെറ യുദ്ധവിമാനം പാക്കിസ്ഥാനിലെ ബാദിനില്‍ സ്ഥിതി ചെയ്യുന്ന റഡാര്‍ കോംപ്ലക്‌സില്‍ പകലാക്രമണം നടത്തി. കാന്‍ബെറ ബോംബര്‍ വിമാനത്തെ തങ്ങള്‍ തടഞ്ഞതായി പാക്കിസ്ഥാനും അവകാശപ്പെട്ടു.

1980 സെപ്തംബര്‍ 22
ഇറാന്‍-ഇറാഖ് യുദ്ധം ആരംഭിക്കുന്നു

1980 ല്‍ ആരംഭിച്ച ഇറാന്‍-ഇറാഖ് യുദ്ധം ഒരു ദശാബ്ദക്കാലത്തോളമാണ് നീണ്ടു നിന്നത്. 1980 സെപ്തംബര്‍ 22 നാണ് യുദ്ധത്തിന് ആരംഭം കുറിച്ചുകൊണ്ട് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ ഇറാനെതിരെ ആക്രമണത്തിന് ഉത്തരവിടുന്നത്. ഷാത്-അല്‍-അറബ് ജലമാര്‍ഗ്ഗത്തിന്‍മേലുള്ള തര്‍ക്കമാണ് ഇറാനെ ആക്രമിക്കാന്‍ സദ്ദാം ഹുസൈന്‍ കാരണമായി പറഞ്ഞതെങ്കിലും യഥാര്‍ത്ഥകാരണം അതായിരുന്നില്ല.


ഇസ്ലാമിക വിപ്ലവത്തിന്റെ ഭാഗമായി ആയത്തുള്ള ഖുമൈനി ഇറാന്റെ അധികാര നേതൃത്വത്തിലേക്ക് ഉയര്‍ന്നു വന്നത് സദ്ദാമിനെ ഭയപ്പെടുത്തിയിരുന്നു. ഇറാഖിലെ ഷിയ ഭൂരിപക്ഷത്തെ പീഢിപ്പിക്കുന്ന സുന്നി നേതാവെന്ന നിലയിലായിരുന്നു സദ്ദാം ഹുസൈനെ ഖുമൈനി കണ്ടിരുന്നത്. പരസ്പരം ഉടലെടുത്ത ഭയത്തിന്റെ അന്തരീക്ഷത്തിലാണ് ഇറാന്റെ നീക്കത്തിനു മുന്നേ തന്നെ ഒരാക്രമണത്തിന് സദ്ദാം തയ്യാറെടുത്തത്. എട്ടു വര്‍ഷത്തോളമാണ് ഇറാന്‍-ഇറാഖ് യുദ്ധം നീണ്ടു നിന്നത്. 1988 ലാണ് വെടിനിര്‍ത്തല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രാബല്യത്തില്‍ വരുന്നത്. യുദ്ധാനന്തരം ഇരുരാജ്യങ്ങളും വിജയം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍