Top

പാരഡൈസ് പേപ്പേഴ്‌സ്: ഇന്ത്യയിലെ പ്രമുഖരുടെ വിദേശ കള്ളപ്പണ സ്വര്‍ഗങ്ങളിലേക്ക് സ്വാഗതം

പാരഡൈസ് പേപ്പേഴ്‌സ്: ഇന്ത്യയിലെ പ്രമുഖരുടെ വിദേശ കള്ളപ്പണ സ്വര്‍ഗങ്ങളിലേക്ക് സ്വാഗതം
ഇന്ത്യയിലെ കള്ളപ്പണക്കാരെ വെറും അമ്പത് ദിവസം കൊണ്ട് പൂട്ടും എന്ന് അവകാശപ്പെട്ട് മോദ സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം പടിവാതില്‍ക്കല്‍ എത്തുമ്പോഴാണ് കേന്ദ്രത്തെ വെട്ടിലാക്കി പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവരുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവനോപാദികള്‍ താറുമാറാക്കി എന്നതിനപ്പുറം ഒരു കള്ളപ്പണക്കാരനെ പോലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ നോട്ട് നിരോധനത്തിന് സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ്, രാജ്യത്തെ നികുതി വെട്ടിച്ച് അതിസമ്പന്നരും അധികാരത്തിന്റെ ശീതളച്ഛായയില്‍ ഇരിക്കുന്നവരും വിദേശത്തേക്ക് കള്ളപ്പണം കടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത്.

പാരഡൈസ് രേഖകളില്‍ 714 ഇന്ത്യക്കാരുടെ പേരുകളാണ് പരാമര്‍ശിക്കപ്പെടുന്നതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൊത്തം 180 രാജ്യങ്ങളിലെ കള്ളപ്പണക്കാരുടെ വിവരങ്ങളുള്ള രേഖയില്‍ എണ്ണത്തിന്റെ കാര്യത്തില്‍ 19-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളതെന്നും ശ്രദ്ധേയമാണ്. ഇതില്‍ കക്ഷിരാഷ്ട്രീയ ഭേദമൊന്നുമില്ല. ഭരണകക്ഷിയായ ബിജെപിയുടെയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും പാര്‍ലമെന്റ് അംഗങ്ങള്‍ മുതല്‍ നിലവിലെ കേന്ദ്രമന്ത്രിയും സിനിമതാരങ്ങളും ഇടനിലക്കാരും വന്‍കിട കോര്‍പ്പറേറ്റുകളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഒമിദിയാര്‍ നെറ്റ്‌വര്‍ക്ക് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് കേന്ദ്ര വ്യോമയാന സഹമന്ത്രിയും മുന്‍ കേന്ദ്ര ധന മന്ത്രി യശ്വന്ത് സിന്‍ഹയുടെ മകനുമായ ജയന്ത് സിന്‍ഹ വിദേശത്തേക്ക് നികുതി വെട്ടിച്ച് പണം കടത്തിയത്. കരിബീയന്‍ ഉള്‍ക്കടലിലെ കേയ്മാന്‍ ദ്വീപുകളില്‍ ഉപകമ്പനിയുള്ള യുഎസിലെ ഡി.ലൈറ്റ് എന്ന കമ്പനിയില്‍ ഒമിദിയാര്‍ നെറ്റ്‌വര്‍ക്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പുകാര്‍ക്ക് തങ്ങളുടെ കള്ളപ്പണം നിക്ഷേപിക്കാന്‍ കഴിയുന്ന അഭയകേന്ദ്രങ്ങളില്‍ ഒന്നാണ് കേയ്മാന്‍ ദ്വീപുകള്‍. 2014ല്‍ ജാര്‍ഖണ്ഡിലെ ഹസാരിബാഗ് മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് മുമ്പായിരുന്നു ജയന്ത് സിന്‍ഹ ഒമിദിയാര്‍ നെറ്റ്‌വര്‍ക്കിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചത്. മാത്രമല്ല, വിദേശകമ്പനിയായ ഡി.ലൈറ്റ് ഡിസൈന്റെ ഡയറക്ടറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നതായി വിദേശ നിയമോപദേശക സ്ഥാപനമായ ആപ്പിള്‍ബൈയുടെ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യം നാമനിര്‍ദ്ദേശപത്രികയോട് ഒപ്പം സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. 2016ല്‍ സഹമന്ത്രിയായപ്പോള്‍ ഈ വിവരങ്ങള്‍ ലോക്‌സഭ സെക്രട്ടേറിയേറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അദ്ദേഹം മറച്ചുവെക്കുകയും ചെയ്തു.2009ല്‍ സെപ്റ്റംബറില്‍ താന്‍ ഒമിദിയാര്‍ നെറ്റ്വര്‍ക്കിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ മാനേജിംഗ് ഡയറക്ടറായി ചേര്‍ന്നതെന്നും പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായി 2013 ഡിസംബറില്‍ ആ സ്ഥാനം രാജിവെച്ചുവെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ വിശദീകരണത്തില്‍ സിന്‍ഹ പറയുന്നത്. ഡി.ലൈറ്റ് ഡിസൈനില്‍ നിക്ഷേപം നടത്തുന്നതിന് താനാണ് മുന്‍കൈ എടുത്തതെന്നും എന്നാല്‍ ഡി.ലൈറ്റ് ഡിസൈന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ താന്‍ പ്രതിഫലമൊന്നും പറ്റിയിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

കോണ്‍ഗ്രസ് നേതാക്കളും മുന്‍ കേന്ദ്രമന്ത്രിമാരുമായിരുന്ന വയലാര്‍ രവിയുടെയും വീരപ്പമൊയ്‌ലിയുടെയും മക്കളും മോശക്കാരല്ല. വിവാദമായ രാജസ്ഥാന്‍ ആംബുലന്‍സ് കേസില്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണങ്ങള്‍ നേരിടുന്ന സിക്വിറ്റ്‌സ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയെ കുരുക്കിലാക്കിയിരിക്കുന്നത്. സീക്വിറ്റ്‌സിന്റെ സ്ഥാപകരില്‍ ഒരാളാണ് രവി കൃഷ്ണ. ഈ കമ്പനിയില്‍ നികുതി വെട്ടിപ്പുകാരുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത ഗ്ലോബല്‍ മെഡിക്കല്‍ റെസ്‌പോണ്‍സ് ഓഫ് ഇന്ത്യ എന്ന കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. ആംബുലന്‍സ് സേവനങ്ങളാണ് സിക്വിറ്റ്‌സ് നല്‍കുന്നത്. ദേശീയ ആരോഗ്യ മിഷന്റെ കരാറുകള്‍ ഈ കമ്പനിക്കായി വഴിതിരിച്ചുവിട്ടു എന്നാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ രാജസ്ഥാന്‍ പിസിസി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റ്, മുന്‍ കേന്ദ്രധനകാര്യമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ ഈ കമ്പനിയില്‍ ഹൃസ്വകാലത്തില്‍ ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചിരുന്നു.

http://www.azhimukham.com/politics-paradise-papers-leaks-reveals-world-elites-hidden-wealth/

വീരപ്പ മൊയ്‌ലി യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ മകന്‍ ഹര്‍ഷ മൊയ്‌ലി മോക്ഷ-യുഗ് അസെസ് കമ്പനി ആരംഭിക്കുന്നത്. മൗറീഷ്യസ് കമ്പനിയായ യൂണിറ്റസ് ഗ്രൂപ്പിന്റെ ഉപകമ്പനികളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു. എംവൈഎ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 37.24 ശതമാനം ഓഹരികളും (31.97 ലക്ഷം) ഹര്‍ഷ മൊയ്‌ലിയുടെ പേരിലാണ്. എംവൈഎ യൂണിറ്റസ് ഇംപാക്ടിന് ഒരു ഓഹരി പങ്കാളി മാത്രമാണുള്ളതെന്നാണ് ആപ്പി്ള്‍ബൈയുടെ രേഖകള്‍ തെളിയിക്കുന്നത്. അത് യുഐപി എംവൈഎ എല്‍എല്‍സി എന്ന ഹര്‍ഷയുടെ കമ്പനിയാണ്. ഈ കമ്പനിക്ക് യുണിറ്റസ് ഇംപാക്ട് പിസിസി എന്ന മൗറീഷ്യസ് കമ്പനിയുമായി ഓഹരി വരി കരാര്‍ ഉള്ളതിനാല്‍ തന്നെ കള്ളപ്പണം കറങ്ങിത്തിരിഞ്ഞ് സുരക്ഷിതമായി മൗറീഷ്യസ് കമ്പനിയില്‍ നിക്ഷേപിക്കപ്പെടുന്നു. ഗ്രാമീണ മേഖലയിലെ വ്യാപാരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് എംവൈഎ സ്ഥാപിച്ചിരിക്കുന്നതാണ് സങ്കല്‍പം. തന്റെ അച്ഛന്‍ കേന്ദ്രമന്ത്രിയാകുന്നതിന് മുമ്പാണ് എംവൈഎ ആരംഭിച്ചതെന്നും കമ്പനിയിലെ നിക്ഷേപങ്ങളെ കുറിച്ചുള്ള രേഖകളെല്ലാം പരസ്യപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ആരോപണങ്ങള്‍ക്ക് മറുപടിയായി ഹര്‍ഷ മൊയ്‌ലി വിശദീകരിക്കുന്നത്.ബിജെപിയുടെ രാജ്യസഭ എംപിയും ശതകോടീശ്വരനുമായ രവീന്ദ്ര കിഷോര്‍ സിന്‍ഹയാണ് പട്ടികയില്‍ ഇടംപിടിച്ച രാഷ്ട്രീയ രംഗത്തെ മറ്റൊരു പ്രമുഖന്‍. പാര്‍ലമെന്റിലെ തന്നെ ഏറ്റവും സമ്പന്നരില്‍ ഒരാളാണ് ആര്‍കെ സിന്‍ഹ. മാധ്യമ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷ സ്ഥാപനമായ എസ്‌ഐഎസിന്റെ കീഴില്‍ രണ്ട് വിദേശകമ്പനികളാണുള്ളത്. മറ്റൊരു നികുതിവെട്ടിപ്പ് സ്വര്‍ഗ്ഗമായ മാള്‍ട്ടയില്‍ 2008ല്‍ രജിസ്റ്റര്‍ ചെയ്ത എസ്‌ഐഎസ് ഏഷ്യ പസഫിക് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എന്ന കമ്പനി എസ്‌ഐഎസിന്റെ ഉപകമ്പനിയാണ്. കമ്പനിയില്‍ സിന്‍ഹ ഒരു ചെറുകിട ഓഹരി ഉടമയാണെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ റിത കിഷോര്‍ എസ്എപിഎച്ച്എല്ലിന്റെ ഡയറക്ടറാണ്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എസ്‌ഐഎസ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (എസ്‌ഐഎച്ച്എല്‍) എന്ന കമ്പനിക്കാണ് എസ്എപിഎച്ചഎല്ലിന്റെ 3,999,999 ഓഹരികളുടെയും ഉടമസ്ഥത.

ആര്‍കെ സിന്‍ഹയുടെ പേരില്‍ കമ്പനിയുടെ ഒരു ശതമാനം ഓഹരികള്‍ മാത്രമാണുള്ളത്. മാള്‍ട്ട രജിസ്ട്രിയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, പ്രതി ഓഹരിക്ക് ഒരു രൂപ വിലവരുന്ന എസ്എപിഎച്ച്എല്ലിന്റെ 1499 സാധാരണ ഓഹരികള്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലുള്ള എസ്‌ഐഎസ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിലേക്ക് മാറ്റിയതായി കാണുന്നു. ആര്‍കെ സിന്‍ഹയ്ക്ക് വേണ്ടി ഡേവിഡ് മാരിനെല്ലി എന്ന വ്യക്തിയാണ് ഓഹരികള്‍ കൈമാറ്റം ചെയ്തിരിക്കുന്നത്. മാള്‍ട്ട ആസ്ഥാനമായുള്ള അമികോര്‍പ്പ് മാള്‍ട്ട ലിമിറ്റഡ്, അമികോര്‍പ്പ് സെര്‍വീസ് ലിമിറ്റഡ്, രവീന്ദ്ര കിഷോര്‍ സിന്‍ഹ, അദ്ദേഹത്തിന്റെ ഭാര്യ റിത കിഷോര്‍ സിന്‍ഹ എന്നിവരാണ് കമ്പനിയുടെ ഓഹരി ഉടമകള്‍. എസ്‌ഐഎച്ചഎല്‍ ഡയറക്ടര്‍മാരാകട്ടെ റിത സിന്‍ഹയും മകന്‍ റിതുരാജ് കിഷോര്‍ സിന്‍ഹയും.

2014ല്‍ രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്കും ഭാര്യയ്ക്കും എസ്എപിഎച്ച്എല്ലുമായുള്ള ബന്ധത്തെ കുറിച്ച് ആര്‍കെ സിന്‍ഹ ഒന്നും സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ 2017 ഓഗസ്റ്റ് നാലിന് സെബിക്ക് സമര്‍പ്പിച്ച രേഖകളില്‍ ഈ കമ്പനികളിലുള്ള തന്റെ പങ്കാളിത്തത്തെ കുറിച്ച് സിന്‍ഹ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട് താനും. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയിരിക്കുന്ന വിലാസങ്ങള്‍ തന്നെയാണ് സിന്‍ഹയും ഭാര്യയും മാള്‍ട്ട രജിസ്ട്രിയിലും രേഖപ്പെടുത്തിയിരിക്കുന്നത്.കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയ, ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, മുങ്ങിയ വ്യവസായി വിജയ് മല്യ തുടങ്ങിയവരുേെട പേരുകള്‍ പനാമ രേഖകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ കള്ളപ്പണം പിടിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ വന്‍കിടക്കാരുടെ അഴിമതികളും കള്ളപ്പണ കടത്തും പുറത്തുവരുമ്പോള്‍ മുഖം തിരിച്ച് നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവല്‍ എന്നിവര്‍ക്ക് എതിരായി വന്ന വെളിപ്പെടുത്തലുകള്‍ ദേശീയ ചാനലുകളുടെ സഹായത്തോടെ തമസ്‌കരിക്കുന്ന അതേ തന്ത്രമാണ് രാജ്യത്തെ വന്‍കിട കൊള്ളക്കാരുടെ കാര്യത്തിലും മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തനിക്ക് ഭീഷണിയാവുന്ന എതിരാളികള്‍ക്ക് നേരെ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണി മുഴക്കുക എന്ന വിലകുറഞ്ഞ രാഷ്ട്രീയതന്ത്രത്തിനപ്പുറം കള്ളപ്പണ വേട്ടയില്‍ ക്രിയാത്മകമായി ഇടപെടാന്‍, വിദേശത്തുള്ള മുഴുവന്‍ കള്ളപ്പണവും തിരികെ എത്തിക്കും എന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ ഒരു പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും സാധിക്കുന്നില്ല എന്ന ഗുരുതരമായ യാഥാര്‍ത്ഥ്യം കൂടി 'പാരഡൈസ് പേപ്പേഴ്‌സ്' വെളിപ്പെടുത്തുന്നു.

http://www.azhimukham.com/edit-will-modi-take-back-adanis-5000-crore-black-money-on-demonetisation-one-year/

Next Story

Related Stories