Top

പാര്‍ലമെന്‍റ് കാണാനിരിക്കുന്നത് മറ്റൊരു പ്രതിപക്ഷത്തെ; കരുത്തനായ രാഹുൽ ഗാന്ധിയെ

പാര്‍ലമെന്‍റ് കാണാനിരിക്കുന്നത് മറ്റൊരു പ്രതിപക്ഷത്തെ; കരുത്തനായ രാഹുൽ ഗാന്ധിയെ
പാർലമെന്റ് ശീതകാല സമ്മേളനം തുടങ്ങുന്നതിന്റെ തൊട്ടുതലേന്ന് 21 പ്രതിപക്ഷ പാർട്ടികളുടെ ഒരു യോഗം ഡൽഹിയിൽ നടക്കുകയുണ്ടായി. വിവിധ അസംബ്ലി തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ നടക്കുന്നതിന്റെയും തൊട്ടുമുമ്പായാണ് ഈ യോഗത്തിന്റെ തിയ്യതി വന്നത്. പാർലമെന്റിലെ പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുക എന്നതു തന്നെയായിരുന്നു ഈ യോഗത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന്.

ഇത്തവണത്തെ പാർലമെന്റ് സമ്മേളനം മുൻകാലങ്ങളിലേതിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന സന്ദേശം ബിജെപിക്ക് ഇതിനകം കിട്ടിയിട്ടുണ്ട്. ഇതിനു തെളിവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ പ്രസ്താവന. അംഗങ്ങൾ ജനങ്ങൾക്കു വേണ്ടി പാർലമെന്റിൽ നിലകൊള്ളണമെന്നും അവരവരുടെ പാർട്ടികൾക്കു വേണ്ടിയാകരുതെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. ഏറെ നിർണായകമായ ബില്ലുകള്‍ പരിഗണനയ്ക്കെടുക്കുന്ന സമ്മേളനത്തിനു തൊട്ടു മുമ്പായാണ് പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസമുയർത്തുന്ന സംഭവവികാസങ്ങളുണ്ടായിരിക്കുന്നത്. മുത്തലാഖ് നിയമവിരുദ്ധമാക്കുന്ന ബില്ലാണ് ഇത്തവണ അവതരിപ്പിക്കാനിരിക്കുന്നത്. നിലവിൽ ഇതൊരു ഓർഡിനൻസായി നിലനിൽക്കുകയാണ്.

ഇതോടൊപ്പം രാമക്ഷേത്ര നിർമാണം സംബന്ധിച്ച ഒരു ബില്ല് അവതരിപ്പിക്കപ്പെടുമെന്നു വാർത്തകളുണ്ട്. ഇതൊരു പ്രൈവറ്റ് ബില്ലായാണ് വരിക. ബിജെപി മെമ്പറും ആർഎസ്എസ് സൈദ്ധാന്തികനുമായ രാകേഷ് സിൻഹയാണ് ഈ നീക്കം നടത്തുക. 2019 തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമാണം ഒരു പ്രശ്നമായി ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യം കൂടി ഈ ബില്ലിനുണ്ട്. ആർഎസ്എസ്സിന്റെ നേരിട്ടുള്ള ഇടപെടലാണിതെന്നത് വ്യക്തമാണ്. ഇതിനെ എങ്ങനെയാണ് പ്രതിപക്ഷം നേരിടുക എന്നത് വ്യക്തമല്ല. എങ്കിലും കൃത്യമായ ഒരു പദ്ധതിയോടെ ഇതിൽ ഒരു പ്രത്യാക്രമണം സംഘടിപ്പിക്കാൻ ഇപ്പോൾ പ്രതിപക്ഷത്തിന് ശേഷിയുണ്ട്.

ഈ ശീതകാല സമ്മേളനത്തിൽ സ്ത്രീസംവരണ ബിൽ അവതരിപ്പിക്കുന്ന വിഷയം ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസ്സിന് പദ്ധതിയുണ്ട്. ഇതിന് മറ്റു പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും സംഘടിപ്പിക്കാനാകും. ലോകസഭയിലെയും അസംബ്ലികളിലെയും സ്ത്രീ സംവരണം 33 ശതമാനമാക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നതാണ് കോൺഗ്രസ്സിന്റെ ആവശ്യം. 2010 മാർച്ചിൽ രാജ്യസഭയിൽ പാസ്സായ ഈ ബിൽ ലോകസഭയിൽ ഇതുവരെ പാസ്സാക്കാനിയിട്ടില്ല.

രാജ്യത്തെ കോൺഗ്രസ്സ്, കോൺഗ്രസ്സ് സഖ്യ സർക്കാരുകൾക്ക് രാഹുൽ ഗാന്ധി ഈ വിഷയവുമായി ബന്ധപ്പെട്ട് കത്തെഴുതുകയുണ്ടായി. ഇതൊരു പ്രധാന പ്രതിപക്ഷ അജണ്ടയായിരിക്കും ഇത്തവണ. റാഫേൽ കരാർ, കർഷകപ്രക്ഷോഭങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരിക എന്നതും പ്രതിപക്ഷത്തിന്റെ അജണ്ടയാണ്. കർഷകപ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുന്നതിൽ ഇടതുപാർട്ടികൾക്ക് കോൺഗ്രസ്സിന്റെയും മറ്റു കക്ഷികളുടെയും പിന്തുണ ലഭിക്കും.

സിബിഐയെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രധാന വിഷയം. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന സംഘാടകരിലൊരാളായ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രത്യേക താൽപര്യവും ഇതിലുണ്ട് എന്നതിനാൽ പ്രതിപക്ഷത്തിന്റെ നീക്കം ശക്തമാകാനിടയുണ്ട്. ആന്ധ്രയിലും കർണാടകത്തിലും സിബിഐയുടെയും ആദായനികുതി വകുപ്പിന്റെയും റെയ്ഡുകൾ രാഷ്ട്രീയമായി പ്രയോഗിക്കപ്പെടുന്നുണ്ട്.

ബിഹാറിൽ എൻഡിഎയിലെ സഖ്യകക്ഷിയായ ആർഎസ്എസ്‌പി (രാഷ്ട്രീയ ലോക സമത പാർട്ടി) തലവനും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ രാജിവെച്ച് പുറത്തിറങ്ങിയതും ആർബിഐ തലവൻ ഊർജിത് പട്ടേൽ രാജി വെച്ചതുമെല്ലാം മോദി സർക്കാരിനെ ക്ഷീണത്തിലാക്കിയ സന്ദർഭമാണിത്. ഇതോടൊപ്പം തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടികളും ചേരുന്നു. നിലവിലെ ഭരണക്ഷിയെ ഇത്രയധികം ആത്മവിശ്വാസം ഊർന്നുപോയ നിലയിൽ മുൻപ് രാജ്യം കണ്ടിരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 'പപ്പുമോൻ' എന്ന് വിളിച്ചു കളിയാക്കാറുള്ള രാഹുൽ ഗാന്ധി വ്യക്തമായ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയട സഭയെയാണ് ഇത്തവണ നമുക്ക് കാണാനാവുക.

Next Story

Related Stories