TopTop

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭീഷണിയായി പട്ടേല്‍ - കോണ്‍ഗ്രസ് സഖ്യം

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭീഷണിയായി പട്ടേല്‍ - കോണ്‍ഗ്രസ് സഖ്യം
സംവരണ പ്രക്ഷോഭങ്ങള്‍ക്കിടയിലും ഗുജറാത്തിലെ പട്ടേല്‍ (പാട്ടിദാര്‍) സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ രാഷ്ട്രീയചായ്‌വുകള്‍ പൂര്‍ണമായും വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഇതിന് മാറ്റം വരുകയാണെന്നാണ് സൂചന. 2015 ഓഗസ്റ്റില്‍ അഹമ്മദാബാദില്‍ സംഘടിപ്പിച്ച പട്ടേല്‍ റാലിയും സംഘര്‍ഷവും പൊലീസ് നടപടിയുമെല്ലാം ഉണ്ടായതിനെ തുടര്‍ന്ന് സംസ്ഥാന ഭരണകക്ഷിയായ ബിജെപിക്കെതിരെ ശക്തമായ പ്രചാരണവുമായി മുന്നോട്ടുപോവുകയാണ് പട്ടേല്‍ സംഘടനയായ പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി (പിഎഎഎസ്). നവംബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. പിഎഎഎസ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരുമായി പലയിടങ്ങളിലും സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു.

കോണ്‍ഗ്രസിനോ മറ്റേതെങ്കിലും പാര്‍ട്ടിക്കോ വേണ്ടി പ്രചാരണം നടത്താന്‍ ഹാര്‍ദിക് പട്ടേലോ മറ്റ് പാട്ടിദാര്‍ നേതാക്കന്മാരോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതേസമയം ബിജെപിക്ക് ബദലായി കോണ്‍ഗ്രസല്ലാതെ മറ്റൊരു വഴി ഗുജറാത്തിലില്ല. തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വന്‍ വിജയത്തില്‍ പാട്ടിദാര്‍ പിന്തുണയ്ക്ക് വലിയ പങ്കുണ്ട്. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ഒരു മൂന്നാം ബദലിന് രൂപം നല്‍കണമെന്നും പട്ടേല്‍ സംഘടന രാഷ്ട്രീയ പാര്‍ട്ടിയായി മാറണമെന്നുമുള്ള പല നേതാക്കന്മാര്‍ക്കുമുണ്ട്, എന്നാല്‍ മൂന്നാം മുന്നണിയുടെ സാദ്ധ്യതയും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവും തള്ളിക്കളയുകയാണ് ഹാര്‍ദിക് പട്ടല്‍. ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിനോടുള്ള അടുപ്പം കൂടുതല്‍ പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ് പട്ടേല്‍ നേതാക്കള്‍. പ്രാദേശികതലത്തില്‍ പാട്ടിദാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ നിരന്ത ആശയവിനിമയം നടത്തുന്നുണ്ട്. പരസ്യമായി തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചേക്കും. അതേസമയം പാര്‍ട്ടിയില്‍ പാട്ടിദാര്‍ നേതാക്കള്‍ക്ക് നല്‍കുന്ന സ്ഥാനങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പിന്തുണയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

ജൂണ്‍ ആറിന് വടക്കന്‍ ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ പാട്ടിദാര്‍ യുവാവ് കേതന്‍ പട്ടേല്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. മോഷണക്കുറ്റം ചുമത്തിയാണ് കേതന്‍ പട്ടേലിനെ അറസ്റ്റ് ചെയ്തത്. പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. ഇതിന് ശേഷം പ്രദേശത്ത് കോണ്‍ഗ്രസ് - പാട്ടിദാര്‍ സഖ്യം കൂടുതല്‍ ശക്തമായി. പ്രതിഷേധ യോഗങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. മിക്ക പാട്ടിദാര്‍ റാലികളിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണമുണ്ട്്.ബിജെപിയുടെ നിര്‍ണായക വോട്ട് ബാങ്കായിരുന്ന പട്ടേല്‍ സമുദായം ഗുജറാത്ത് ജനസംഖ്യയുടെ 12 - 20 ശതമാനത്തിന് ഇടയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ പാട്ടിദാര്‍മാര്‍ തീരുമാനിച്ചാല്‍ അത് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കും.

ഹാര്‍ദിക് പട്ടേലിന് കീഴില്‍ മൂന്നംഗ കോര്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ട് - വരുണ്‍ പട്ടേല്‍, ദിനേഷ് ബംഭാനിയ, മനോജ് പനാരിയ എന്നിവര്‍. ഇവരാണ് രാഷ്ട്രീയ കക്ഷികളുമായുള്ള യോഗങ്ങള്‍ സംബന്ധിച്ച് തീരുമാനിക്കുന്നത്. വരുണ്‍ പട്ടേല്‍ ്‌നേരത്തെ തന്നെ കോണ്‍ഗ്രസ് അനുഭാവിയാണ്. പുറത്ത കോണ്‍ഗ്രസുമായുള്ള സഖ്യത്തെ പറ്റി ആലോചിച്ച് വരുകയാണ് എന്നാണ് പാട്ടിദാര്‍ നേതാക്കള്‍ പറയുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഉറപ്പിച്ച് കഴിഞ്ഞു എന്ന് തന്നെയാണ് സൂചന. സൂറത്തിലെ പിഎഎഎസ് കണ്‍വീനറായ അല്‍പേഷ് കത്രിയ അടക്കമുള്ളവര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യണം എന്ന് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടൂ, കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് നേരിട്ട് ആവശ്യപ്പെടില്ലെന്ന് അല്‍പേഷ് പറയുന്നു. മുന്‍ എംപി ജീവാഭായ് പട്ടേലിനേയും എംഎല്‍എ സിദ്ധാര്‍ത്ഥ പട്ടേലിനേയും പോലുള്ള നേതാക്കളെ നേതൃനിരയില്‍ കൊണ്ടുവരണമെന്ന് പാട്ടിദാര്‍മാര്‍ ആവശ്യപ്പെടുന്നു.

നേതൃനിരയില്‍ പാട്ടിദാര്‍ പ്രാതിനിധ്യം കുറവാണെന്ന് മെഹ്‌സാനയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. പൊലീസ് അതിക്രമത്തിനെതിരെ നടപടിയടക്കം പാട്ടിദാര്‍ സമിതിയുടെ എല്ലാം ആവശ്യങ്ങളും കോണ്‍ഗ്രസ് പരിഗണിച്ച് നടപടിയ പിസിസി പ്രസിഡന്റ് ഭരത് സിംഗ് സോളങ്കി വ്യക്തമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാട്ടിദാര്‍ സമുദായാംഗങ്ങള്‍ക്ക് 20 ശതമാനം സംവരണം നല്‍കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. 2016 ഏപ്രിലില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടേല്‍ സമുദായാംഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി.

10 ശതമാനം സംവരണം സമുദായാംഗങ്ങളെ കബളിപ്പിക്കാനുള്ള ഏര്‍പ്പാടാണെന്ന് പറഞ്ഞ് പാട്ടിദാര്‍ നേതാക്കള്‍ തള്ളിയിരുന്നു. അതേസമയം ഹാര്‍ദിക് പട്ടേലിന്റെയോ പാട്ടിദാര്‍ സമിതിയുടെയോ ബിജെപി വിരുദ്ധ നിലപാട് ഒരുതരത്തിലും പാര്‍ട്ടിയെ ബാധിക്കില്ലെന്നാണ് മെഹ്‌സാനയില്‍ നിന്നുള്ള നേതാവും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ പിഎയുമായ രശ്മികാന്ത് പട്ടേല്‍ പറയുന്നത്. ഭൂരിപക്ഷം പട്ടേല്‍ സമുദായാംഗങ്ങളും പാട്ടിദാര്‍ സമിതിയെ പിന്തുണക്കുന്നില്ല. പട്ടേല്‍ നേതാക്കള്‍ എക്കാലവും കോണ്‍ഗ്രസിനോടാണ് അനുഭാവം പുലര്‍ത്തിയിരുന്നത്. പൊതുവെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യമില്ലെന്നും തങ്ങളുടെ വ്യവസായ താല്‍പര്യങ്ങളെ സംരക്ഷിക്കുക ബിജെപിയാണെന്നും സമുദായാംഗങ്ങള്‍ക്ക് അറിയാമെന്ന് രശ്മികാന്ത് പട്ടേല്‍ പറഞ്ഞു.

Next Story

Related Stories