TopTop

പിണറായിയുടെ വീടിന് മുന്നില്‍ ജാഥ നയിക്കാന്‍ വരുന്ന അമിത് ഷായോട് ഗുജറാത്ത് പട്ടേല്‍മാര്‍: "ജനറല്‍ ഡയര്‍ ഗോ ബാക്ക്, ബിജെപി ഡൗണ്‍, ഡൗണ്‍"

പിണറായിയുടെ വീടിന് മുന്നില്‍ ജാഥ നയിക്കാന്‍ വരുന്ന അമിത് ഷായോട് ഗുജറാത്ത് പട്ടേല്‍മാര്‍: "ജനറല്‍ ഡയര്‍ ഗോ ബാക്ക്, ബിജെപി ഡൗണ്‍, ഡൗണ്‍"
കേരളത്തില്‍ ജനരക്ഷാ യാത്രക്ക് ഒരുങ്ങുന്ന അമിത് ഷായ്ക്ക് സ്വന്തം നാട്ടില്‍ പ്രതിഷേധം നേരിടാതെ സമാധാനമായി കാല് കുത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇന്നലെ ആനന്ദ് ജില്ലയിലെ പൊതുയോഗത്തില്‍ അമിത് ഷാക്ക് നേരിടേണ്ടി വന്നത് പാട്ടിദാര്‍ (പട്ടേല്‍) യുവാക്കളുടെ ശക്തമായ പ്രതിഷേധമാണ്. "ജനറല്‍ ഡയര്‍ ഗോ ബാക്ക്, ബിജെപി ഡൗണ്‍, ഡൗണ്‍" എന്ന് വിളിച്ചാണ് അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ജാലിയന്‍ വാലാബാഗില്‍ പൈശാചികമായ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത് ബ്രിട്ടീഷ് ആര്‍മി ഉദ്യോഗസ്ഥനായ ജനറല്‍ ഡയറാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മസ്ഥലമായ കരംസാദില്‍ ബിജെപി നടത്തിയ റാലി, ബിജെപി സംഘടിപ്പിക്കുന്ന രണ്ട് ഗൗരവ് യാത്രകളില്‍ ഒന്നിന്റെ ഫ്‌ളാഗ് ഓഫായിരുന്നു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് യാത്രക്ക് നേതൃത്വം നല്‍കിയത്. ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം.

പൊലീസും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രതിഷേധക്കാരെ യോഗസ്ഥലത്ത് നിന്ന് നീക്കിയത്. രാവിലെ ഒമ്പത് മണിക്ക് തുടങ്ങേണ്ടിയിരുന്ന റാലി പ്രതിഷേധം മൂലം മാറ്റി വച്ച് പിന്നീട് നടന്ന് ഉച്ചയോടെ. അതേസമയം റാലി തുടങ്ങാന്‍ വൈകിയത് പ്രതീക്ഷിച്ച അത്ര ആളുകള്‍ എത്താത്തതുകൊണ്ടാണെന്ന് ഒരു ബിജെപി നേതാവ് scroll.inനോട് പറഞ്ഞു. അമിത് ഷായുടെ സെക്രട്ടറി, പരിപാടിയുടെ സംഘാടകരായ പാര്‍ട്ടി നേതാക്കളെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനപങ്കാളിത്തത്തെക്കുറിച്ചാണ് അവര്‍ ചോദിച്ചുകൊണ്ടിരുന്നത്. അമിത് ഷായ്ക്ക് തൃപ്തിയായപ്പോള്‍ മാത്രമാണ് പരിപാടി തുടങ്ങിയത്. രണ്ടാമത്തെ ഗൗരവ് യാത്രയ്ക്ക് ഇന്ന് പോര്‍ബന്ദറില്‍ നിന്നാണ് തുടക്കം കുറിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ജിത്തുഭായ് വാഗ്നാനിയാണ്. രണ്ട് യാത്രകളും ചേര്‍ന്നുള്ള പൊതുറാലിയില്‍ ഒക്ടോബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും.അവര്‍ പാട്ടിദാര്‍മാരോ 'കോണ്‍ഗ്രസ് ഗുണ്ടകളോ' ആണോ എന്ന് അറിയില്ലെന്നാണ് ബിജെപി വക്താവ് ജഗദീഷ് ഭാവ്‌സര്‍ പറയുന്നത്. പ്രതിഷേധക്കാര്‍ വളരെ കുറച്ച് പേരേ ഉണ്ടായിരുന്നുള്ളൂ എന്നും യോഗത്തെ അലങ്കോലമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും ഗുജറാത്തിലെ ബിജെപി മീഡിയ സെല്‍ തലവന്‍ ഹര്‍ഷദ് പട്ടേല്‍ പറയുന്നു. ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായ പട്ടേല്‍ സമുദായം ഏതാണ്ട് പൂര്‍ണമായും പാര്‍ട്ടിയെ തള്ളിക്കളയുന്നു എന്ന സൂചനയാണ് നല്‍കുന്നത്. ഇത് രണ്ടാം തവണയാണ് ഷായ്ക്ക് ഇത്ര ശക്തമായ പ്രതിഷേധം ഗുജറാത്തില്‍ നേരിടേണ്ടി വരുന്നത്. സൂറത്തിലെ യോഗത്തിലും സംഘര്‍ഷമുണ്ടായിരുന്നു. പ്രതിഷേധവുമായെത്തിയ നൂറുകണക്കിന് പാട്ടിദാര്‍ യുവാക്കള്‍ സ്റ്റേജിലേയ്ക്ക് കസേരയെറിഞ്ഞു. അമിത് ഷായ്ക്ക് പ്രസംഗം വെട്ടിച്ചുരുക്കി പോരേണ്ടി വന്നു.

സിപിഎമ്മിന്റെ 'അക്രമരാഷ്ട്രീയ'ത്തിനെതിരായ പ്രതിഷേധമെന്ന് പറഞ്ഞ് നടത്തുന്ന കേരളയാത്രയില്‍ 13 ജില്ലകളിലും വാഹനത്തില്‍ സഞ്ചരിക്കുന്ന അമിത് ഷാ കണ്ണൂര്‍ ജില്ലയില്‍ അല്‍പ്പം നടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച നാട്ടില്‍ - പിണറായിയില്‍ - മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുന്നിലൂടെ അമിത് ഷാ നടക്കും. ഒക്ടോബര്‍ അഞ്ചിനാണ് അമിത് ഷായുടെ ഈ നടത്തം. മൂന്ന് ദിവസമാണ് കണ്ണൂര്‍ ജില്ലയിലൂടെ അമിത് ഷാ നടക്കാന്‍ പോകുന്നത്. കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, അനന്ത് കുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരും അമിത് ഷായോടൊപ്പം യാത്രയില്‍ വിവിധയിടങ്ങളിലായി പങ്കെടുക്കും. പാട്ടിദാര്‍മാര്‍ ഗുജറാത്തില്‍
ഉയര്‍ത്തിയ പോലൊരു പ്രതിഷേധം ഏതായാലും കേരളത്തില്‍ നേരിടേണ്ടി വരില്ല എന്ന് തന്നെയായിരിക്കും അമിത് ഷായുടെയും ബിജെപിയുടെയും പ്രതീക്ഷ.

Next Story

Related Stories