TopTop
Begin typing your search above and press return to search.

ഉയര്‍ന്ന വൈദ്യുതി ബില്ലോ? സംശയിക്കേണ്ട; ഉന്നതങ്ങളിലെ കടുത്ത അഴിമതിയാണ് വില്ലന്‍

ഉയര്‍ന്ന വൈദ്യുതി ബില്ലോ? സംശയിക്കേണ്ട; ഉന്നതങ്ങളിലെ കടുത്ത അഴിമതിയാണ് വില്ലന്‍
രാജ്യത്തെ വൈദ്യുതി ഉപഭോക്താക്കളായ നാമോരോരുത്തരും ഇന്ന് വൈദ്യുതിക്ക് നല്‍കേണ്ടി വരുന്നത് വലിയ വിലയാണ്. എന്താണ് കാരണം? സംശയിക്കേണ്ട, സ്വകാര്യ വൈദ്യുതോത്പാദന, വിതരണ കമ്പനികളുടെ അഴിമതി തന്നെ.

ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഒരു പൊതുതാത്പര്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതിന് തെളിവാണ്. രാജ്യത്തെ മിക്ക വൈദ്യുതോത്പാദന കമ്പനികളും ഉപഭോക്താക്കളെ അന്യായമായി പിഴിയുകയാണെന്നും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയേയും തങ്ങളുടെ ഓഹരി ഉടമകളെയും വഞ്ചിക്കുകയാണെന്നുമാണ് അതില്‍ ആരോപിച്ചിട്ടുള്ളത്.

സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ ആന്‍ഡ് കോമണ്‍ കോസ് എന്ന സംഘടനയാണ് ഹര്‍ജിക്കാര്‍. വൈദ്യുത മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, കല്‍ക്കരി എന്നിവയുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇതില്‍ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തിയിട്ടുള്ള രണ്ട് കമ്പനികളാണ് അദാനി ഗ്രൂപ്പും എസ്സാറും.

ഈ കമ്പനികള്‍ നടത്തിയിട്ടുള്ള തട്ടിപ്പിന് ഇരയാകുന്നത് നാലു കൂട്ടരാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാണിക്കുന്നു. 1. വൈദ്യുതി ഉപഭോക്താക്കള്‍, 2. ബാങ്കുകള്‍, 3. ഈ കമ്പനികളുടെ ഓഹരി ഉടമകള്‍, 4. നിയമപരമായി ലഭിക്കേണ്ട നികുതി ലഭിക്കാത്ത സര്‍ക്കാര്‍.

ആ അഴിമതി ഇങ്ങനെയാണ്: വൈദ്യുതി ഉപകരണങ്ങള്‍, കല്‍ക്കരി എന്നിവയുടെ വില ഈ കമ്പനികള്‍ കൃത്രിമമായി കുത്തനെ ഉയര്‍ത്തിക്കാണിക്കുന്നു. ഈ അധികഭാരം ചുമക്കേണ്ടി വരുന്നത് കോടിക്കണക്കിനു വരുന്ന ഉപഭോക്താക്കളാണ്. രണ്ടാമതായി, ഈ ഉയര്‍ത്തിക്കാട്ടിയ തുക കാണിച്ചാണ് ഇവര്‍ ബാങ്കുകളില്‍ നിന്ന് വായ്പകളെടുക്കുന്നത്. അതാകട്ടെ, മിക്ക കേസുകളിലും തിരിച്ചുകിട്ടാത്ത വായ്പ (NPA)യായി മാറുകയും ചെയ്യുന്നു. ഒടുവിലായി, ഓഹരി ഉടമകള്‍ക്ക് ലഭിക്കേണ്ട തുക ഇവിടെ നിന്ന് കടത്തുകയും അത് കമ്പനി ഉടമകളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്നു.

ഈ കേസില്‍ മികച്ച അന്വേഷണമായിരുന്നു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) തുടക്കത്തില്‍ നടത്തിയത് എന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു. 2014 മെയ് മാസത്തില്‍ അവര്‍ അദാനിക്കും 2015 മാര്‍ച്ചില്‍ എസ്സാറിനും DRI നോട്ടീസ് അയച്ചിരുന്നു. കൂടാതെ അദാനി, അംബാനി ഉടമസ്ഥതയിലുള്ള നിരവധി കമ്പനികള്‍ ഉള്‍പ്പെടെ 40 കല്‍ക്കരി ഇറക്കുമതി കമ്പനികള്‍ക്കും അവര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇന്ന് ആ അന്വേഷണമെല്ലാം കുഴിച്ചു മൂടപ്പെട്ടിരിക്കുന്നു.

http://www.azhimukham.com/adani-narendra-modi-coal-mining-project-sbi-loan-australia-paranjoy-guha-thakurta/

അദാനി ഗ്രൂപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെ കുറിച്ച് ഹര്‍ജിയില്‍ നേരിട്ടൊന്നും പറയുന്നില്ല. എന്നാല്‍ അതില്‍ ഇങ്ങനെയൊരു പരാമര്‍ശമുണ്ട്: 'രാജ്യത്തെ ഉന്നതങ്ങളില്‍ കടുത്ത അഴിമതിയും കുറ്റകൃത്യങ്ങളുമാണ് നടക്കുന്നത്. ഈ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും അതിനുള്ള ശിക്ഷ നടപ്പാക്കാനും ഉദ്യോഗസ്ഥവൃന്ദം മടിക്കുകയാണ്. ഇതുവഴി അഴിമതിരഹിതവും കുറ്റകൃത്യ വിമുക്തവുമായ ഒരു സമൂഹത്തില്‍ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയാണ് അത് ബാധിക്കുന്നത്'.

ഇത്തരത്തില്‍ ആരോപിക്കപ്പെടുന്ന അഴിമതി എങ്ങനെയാണ് നടക്കുന്നത് എന്നു നോക്കാം: കല്‍ക്കരിയാണെങ്കിലും വൈദ്യൂതോപകരണങ്ങളാണെങ്കിലും ഇതൊക്കെ നേരിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇതിന്റെ ഇന്‍വോയിസുകള്‍ (ബില്ലുകള്‍) വരുന്നതാകട്ടെ വിദേശത്തുന്ന നിരവധി കമ്പനികള്‍ വഴിയാണ്. പദ്ധതി നടത്തിപ്പുകാരായ കമ്പനി ഉടമകളുമായി ബന്ധമുള്ളവയാണ് വിദേശത്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ കമ്പനികള്‍. ഉദാഹരണമായി പറഞ്ഞാല്‍: Original equipment Manufacturer (OEM) എന്ന വൈദ്യുതി ഉപകരണ നിര്‍മാണ കമ്പനി സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്. എന്നാല്‍ ഈ ഉപകരണങ്ങളുടെ ഇന്‍വോയിസുകള്‍ വരുന്നത് യു.എ.ഇ ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലാണ്. അതായത്, യു.എ.ഇ കേന്ദ്രമായുള്ള ഈ കമ്പനി തങ്ങളുടേതായ ബില്‍ ഉണ്ടാക്കുകയും അതില്‍ കൂടിയ തുക രേഖപ്പെടുത്തുകയും ചെയ്യും. ഇതാണ് കമ്പനി ഉടമസ്ഥര്‍ മുന്നോട്ടുവയ്ക്കുന്ന ബില്ലുകള്‍. യഥാര്‍ത്ഥത്തില്‍ ഈ യു.എ.ഇ ആസ്ഥാനമായുള്ള കമ്പനിയുടേയും പ്രൊമോട്ടര്‍മാര്‍ ഇതേ ഉടമസ്ഥര്‍ തന്നെയായിരിക്കും. ചൈനയില്‍ നിന്ന് ഉപകരണങ്ങള്‍ നേരിട്ട് ഇന്ത്യയിലെത്തുമെങ്കിലും ബില്ലിലുണ്ടാവുക, യു.എ.ഇയിലുള്ള കമ്പനി ഇന്ത്യയിലെ കമ്പനിക്കു വേണ്ടി വാങ്ങി ഇവിടേക്ക് അയയ്ക്കുന്നു എന്ന രീതിയിലായിരിക്കും എന്നു സാരം.കല്‍ക്കരി ഇറക്കുമതിയില്‍ ഇതുപോലെ വന്‍ തോതില്‍ വില കൂട്ടിയിടല്‍ നടക്കുന്നുണ്ടെന്നും കര്‍ശന പരിശോധന നടത്തണമെന്നും DRI 2016 മാര്‍ച്ച് 31-ന് രാജ്യമെമ്പാടുമുള്ള തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കും കസ്റ്റംസ് അടക്കമുള്ളവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതുമൂലമുണ്ടാകുന്ന കാര്യങ്ങള്‍ DRI ചൂണ്ടിക്കാണിക്കുന്നത്: 1. കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ വിദേശത്തേക്ക് കടത്തുന്നു. 2. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് വില കൂട്ടിക്കാണിക്കുന്നതു വഴി ഉയര്‍ന്ന വൈദ്യുതി നിരക്ക് സൃഷ്ടിക്കപ്പെടുന്നു.

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചില ഷിപ്പിംഗ് കമ്പനികള്‍ മുതലായവയെ കുറിച്ച് പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് DRI സിംഗപ്പൂര്‍ അധികാരികള്‍ക്ക് letter rogatory (LR) നല്‍കിയിരുന്നു. എന്നാല്‍ DRI ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് സിംഗപ്പൂര്‍ അധികൃതരെ തടയണമെന്നാവശ്യപ്പെട്ട് അദാനി ഗ്രുപ്പ് സിംഗപ്പൂരിലെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

അദാനി ഗ്രൂപ്പ് വൈദ്യുത ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളെ കുറിച്ച് DRI അന്വേഷിച്ചതിന്റെ റിപ്പോര്‍ട്ടും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഒരിക്കല്‍, ഇത്തരം കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്ന DRI-യുടെ അധികൃതര്‍ അദാനി ഗ്രൂപ്പിന്റെ രണ്ട് കമ്പനികളെ കുറ്റവിമുക്തമാക്കുകയും ചെയ്തിരുന്നു. ഈ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇത്തരത്തില്‍ ഈ കമ്പനികളെ കുറ്റവിമുക്തമാക്കിയത് എന്നതും അതിന്റെ സമയവും ശ്രദ്ധിക്കേണ്ടതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കാരണം, യു.കെ കേന്ദ്രമായ ഗാര്‍ഡിയന്‍ ദിനപത്രം പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കേസില്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടതിനു നാലു ദിവസങ്ങള്‍ക്കുള്ളിലാണ് അദാനി ഗ്രൂപ്പിന്റെ കമ്പനികളെ കുറ്റവിമുക്തമാക്കിക്കൊണ്ട് DRI വിധി പുറപ്പെടുവിച്ചത് എന്നതു തന്നെ സംശയാസ്പദമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

എസ്സാര്‍ ഗ്രൂപ്പിന്റെ നാല് പദ്ധതികളെ കുറിച്ചുള്ള DRI അന്വേഷണത്തിന്റെ കാര്യവും പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Next Story

Related Stories