UPDATES

ട്രെന്‍ഡിങ്ങ്

വ്യോമസേനാ വിമാനം കാണാതാകുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിലുണ്ടായിരുന്നത് പൈലറ്റിന്റെ ഭാര്യ

മെയ് 2 മുതല്‍ 18 വരെ ഇരുവരും പല്‍വാലിലെ വീട്ടിലുണ്ടായിരുന്നു. ലീവിലായിരുന്നു രണ്ടുപേരും. പിന്നീടിവര്‍ അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കിലേക്ക് പോയി.

അരുണാചല്‍ പ്രദേശില്‍ കാണാതായ ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനത്തിന്റെ അവസാനഗതികളെക്കുറിച്ച് മറ്റാരെക്കാളും നന്നായി പറയാന്‍ കഴിയുക വിമാനം നിയന്ത്രിച്ചിരുന്ന ആശിഷ് തന്‍വാറിന്റെ ഭാര്യക്കാണ്. തന്‍വാറിന്റെ ഭാര്യ സന്ധ്യയാണ് വിമാനം കാണാതാകുന്ന നേരത്ത് എയര്‍‌ ട്രാഫിക് കണ്‍ട്രോളിന്റെ ചുമതലയിലുണ്ടായിരുന്നത്. വിമാനം കാണാതാകുമ്പോള്‍ സന്ധ്യയാണ് അസമിലെ ജോര്‍ഹാതിലെ എയര്‍‍ ട്രാഫിക് കണ്‍ട്രോളിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.55നാണ് അരുണാചല്‍ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി പറന്നുയര്‍ന്നത്.

എയര്‍ ട്രാഫിക് കണ്‍ട്രോളിന് വിമാനവുമായുള്ള ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നു. ഇതിനു ശേഷം ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ വിവരമറിയിക്കാന്‍ തങ്ങള്‍ക്ക് സന്ധ്യയുടെ വിളി വന്നെന്ന് ആശിഷിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീര്‍ സിങ് പറയുന്നു.

അതെസമയം വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തുടക്കത്തില്‍ തങ്ങള്‍ കരുതിയത് വിമാനം എവിടെയെങ്കിലും അടിയന്തിര ലാന്‍ഡിങ് നടത്തിയിരിക്കുമെന്നാണ്. ചൈനയുടെ പ്രദേശത്തേക്ക് കടന്നിരിക്കാമെന്നും കരുതി. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ത്തന്നെയും വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞുവെന്നും ഉദയ് വീര്‍ ചൂണ്ടിക്കാട്ടുന്നു. മലകളിലെവിടെയെങ്കിലും ഇടിച്ചുവീണിട്ടുണ്ടെങ്കില്‍ പ്രതീക്ഷിക്കാന്‍ വകയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ സൈനികന്‍ കൂടിയായ ആശിഷിന്റെ പിതാവ് അസമിലേക്ക് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി പോയിട്ടുണ്ട്. അമ്മ വീട്ടില്‍ത്തന്നെയാണുള്ളത്. ഭാര്യ സന്ധ്യ ആകെ തകര്‍ന്നിരിക്കുകയാണെന്നും അമ്മാവന്‍ പറയുന്നു. കരച്ചിലോടു കൂടിയല്ലാതെ ഒരു വാക്ക് മിണ്ടാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

ഉദയ് വീര്‍ സിങ് അടക്കം ആശിഷിന്റെ പിതാവിന്റെ അഞ്ച് സോദരങ്ങളും സൈനികരാണ്. ആകെ ആറ് സഹോദരങ്ങളാണിവര്‍. ഇവരില്‍ ആശിഷിന്റെ പിതാവ് രാധേലാല്‍ അടക്കം മൂന്നുപേര്‍ റിട്ടയര്‍ ചെയ്തു. ആശിഷിന് ചെറുപ്പം മുതല്‍ക്കേ സൈനികസേവനം ഹരമായിരുന്നു. വലുതായാല്‍ രാജ്യത്തെ സേവിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹമെന്ന് അമ്മാവന്‍ പറയുന്നു.

ഇതുതന്നെയാണ് രാധേലാലിന്റെ മറ്റൊരു സഹോദരനായ ശിവ് നരൈനും പറയുന്നത്. ഇദ്ദേഹം സൈനികനല്ല. ഒരു സ്കൂള്‍ നടത്തുകയാണ്.

കേന്ദ്രീയ വിദ്യാലയങ്ങളിലാണ് ആശിഷ് പഠിച്ചത്. പിന്നീട് ബിടെക് ചെയ്തു. രണ്ടോ മൂന്നോ മാസം ഗുഡ്ഗാവില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്തു. പിന്നീടാണ് എയര്‍ ഫോഴ്സില്‍ ചേര്‍ന്നത്. 2018ല്‍ സന്ധ്യയുമായുള്ള വിവാഹം കഴിഞ്ഞു. സന്ധ്യ കഴിഞ്ഞ വര്‍ഷം തന്നെയാണ് എയര്‍ ഫോഴ്സില്‍ ചേര്‍ന്നത്. മെയ് 2 മുതല്‍ 18 വരെ ഇരുവരും പല്‍വാലിലെ വീട്ടിലുണ്ടായിരുന്നു. ലീവിലായിരുന്നു രണ്ടുപേരും. പിന്നീടിവര്‍ അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കിലേക്ക് പോയി. മെയ് 26 വരെ ഇരുവര്‍ക്കും ലീവുണ്ടായിരുന്നു.

അതെസമയം വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ സേന തുടരുകയാണ്. നിബിഢമായ വനത്തിനുള്ളിൽ വിമാനം വീണിരിക്കാമെന്നാണ് നിഗമനം. ഇലക്ട്രോ ഓപ്റ്റിക്കൽ സെൻസറുകൾ, ഇൻഫ്രാറെഡ് സെൻസറുകൾ തുടങ്ങിയവയുപയോഗിച്ച് തിരച്ചിൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ജോർഹാത്, മേചുക എന്നീ മേഖലകൾക്കിടയിൽ വിമാനം വീണിരിക്കാമെന്നാണ് കരുതുന്നത്.

അരുണാചല്‍ പ്രദേശിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായത്. മെന്‍ചുക്ക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിനാണ് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. എട്ട് ക്രൂ മെംബേഴ്‌സും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍