UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി അംഗത്വ പ്രചാരണത്തിന് നരേന്ദ്രമോദി വാരാണസിയില്‍ ഇന്ന് തുടക്കമിടും; കേരളത്തിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കും

പട്ടികവര്‍ഗം, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങളെ പ്രത്യേകം ലക്ഷ്യമാക്കും.

ബിജെപി അംഗത്വ പ്രചാരണത്തിന് വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ഈ അംഗത്വ പ്രചാരണം ഗുണകരമാകുമെന്ന് മോദി ട്വീറ്റ് ചെയ്തു.

ജനസംഘ സ്ഥാപകന്‍ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ജന്മദിനത്തിലാണ് ബിജെപി അംഗത്വ പ്രചാരണം നടത്തുന്നത്.

വാരാണസിയില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ മോദി അഭിസംബോധന ചെയ്യും.

രാജ്യത്ത് ബിജെപിയുടെ സാന്നിധ്യം കുറഞ്ഞ ഇടങ്ങളില്‍ വേരുറപ്പിക്കാനുള്ള പദ്ധതികള്‍ ആര്‍എസ്എസ് ആവിഷ്കരിച്ചിട്ടുണ്ട്. തെലങ്കാന, കർണാടകം, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചുള്ള പ്രത്യേക പദ്ധതികൾ തയ്യാറായിട്ടുണ്ട്. ഝാൻസിയിൽ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആര്‍എസ്എസ്സിന്റെ പഞ്ചദിന യോഗത്തിൽ ഇക്കാര്യങ്ങളാണ് പ്രധാന ചർച്ചയായത്.

ഹിന്ദുക്കൾ കുറവായ കശ്മീർ പോലുള്ള സ്ഥലങ്ങളിൽ പോലും ‘ഹിന്ദു മതവിദ്യാഭ്യാസ’ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആർഎസ്എസ് ആലോചിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തരം സ്കൂളുകൾ നിലവിൽ വരും.

തെലങ്കാനയിൽ ഇതിന്റെ ഭാഗമായി മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് പദ്ധതിയിടുന്നത്. ഇതാദ്യമായി എല്ലാ ജില്ലകളിലും മുസ്ലിം മഞ്ചിന് ഓഫീസുകൾ തുറന്നിട്ടുണ്ട്. നാലു വർഷം മുമ്പ് ഹൈദരാബാദിൽ രണ്ടുപേരെ മാത്രം വെച്ചാണ് ഒരു ഓഫീസ് മുസ്ലിം രാഷ്ട്രീയ മഞ്ച് തുടങ്ങിയത്. ഹൈദരാബാദിൽ നിലവിൽ 3000 മെമ്പർമാരുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു. ഈ വർഷം അവസാനമാകുമ്പോഴേക്ക് സംസ്ഥാനത്തെമ്പാടുമായി പതിനായിരം അംഗങ്ങളെ സമ്പാദിക്കലാണ് ലക്ഷ്യം.

കേരളത്തിലും ന്യൂനപക്ഷങ്ങളില്‍ക്കിടയിലേക്ക് കടന്നുചെല്ലാന്‍ ആര്‍എസ്എസ്സിന് പദ്ധതിയുണ്ട്. തെലങ്കാന പോലെത്തന്നെ ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കുന്നത് പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇപ്പോഴുള്ള 15 ലക്ഷം അംഗത്വം 30 ലക്ഷമാക്കും. പട്ടികവര്‍ഗം, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങളെ പ്രത്യേകം ലക്ഷ്യമാക്കും. എല്ലാ സമുദായങ്ങൾക്കും തുല്യപരിഗണന നൽകി അംഗത്വം നൽകണമെന്നാണു നിർദേശം. മുൻഗണനാ ക്രമത്തിൽ 7 സമുദായങ്ങളുടെ പട്ടികയും നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍