UPDATES

ട്രെന്‍ഡിങ്ങ്

മോദി ശ്രീലങ്കയിൽ: ഈസ്റ്റർ ദിന സ്ഫോടന പരമ്പരക്ക് ശേഷമുള്ള സന്ദർശനത്തിൽ പ്രധാന ചര്‍ച്ചാവിഷയം ഭീകരവിരുദ്ധ പോരാട്ടം

പ്രധാനമന്ത്രി മോദി തന്റെ സന്ദർശനത്തിന് തെരഞ്ഞെടുത്ത സന്ദർഭം അർത്ഥഗർഭമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി കൊളംബോയിലെത്തി. ഈസ്റ്റർ ദിനത്തിൽ നടന്ന വൻ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം പൂർണമായ മുക്തി നേടുന്നതിനു മുമ്പാണ് ഈ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ പള്ളികളെ ലക്ഷ്യമാക്കി ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ശ്രീലങ്കൻ സംഘടന നടത്തിയ ആക്രമണത്തിൽ 250 പേരാണ് കൊല്ലപ്പെട്ടത്.

ശ്രീലങ്കൻ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുമായി മോദി ഇന്ന് സംഭാഷണം നടത്തുമെന്നാണ് അറിയുന്നത്. മുൻ പ്രസിഡണ്ടും നിലവിലെ പ്രതിപക്ഷ നേതാവുമായ മഹീന്ദ രാജപക്സയെയും മോദി കാണും.

ഭീകരത ചർച്ചയായേക്കും

പ്രധാനമന്ത്രി മോദി തന്റെ സന്ദർശനത്തിന് തെരഞ്ഞെടുത്ത സന്ദർഭം അർത്ഥഗർഭമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ താനുന്നയിച്ച ഭീകരവിരുദ്ധ പോരാട്ട മുദ്രാവാക്യങ്ങൾ ഫലം കണ്ടുവെന്ന് തെളിയിക്കപ്പെട്ട സന്ദർഭത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം. ഇരുരാജ്യങ്ങളും ഏതാണ്ടൊരേ രീതിയിലുള്ള ഭീകരവാദത്തെ നേരിടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ ഇതുവഴി മോദിക്ക് സാധിക്കും. ചൈനയുമായി കൂടുതൽ അടുപ്പം കാണിക്കുന്ന ഈ ദ്വീപരാഷ്ട്രത്തിൽ ഇന്ത്യക്ക് ചില നയതന്ത്രസാധ്യതകൾ തുറന്നുകിട്ടാനുള്ള വകുപ്പും നിലനിൽക്കുന്നുണ്ട്. ഭീകരർ സ്ഫോടനം നടത്തുന്നതിനു മുമ്പ് ഇന്ത്യ സന്ദർശിച്ചിരുന്നുവെന്ന വസ്തുത നിലനിൽക്കെ ഇരുരാജ്യങ്ങളും ഒരുമിച്ചുള്ള ഭീകരവിരുദ്ധ നീക്കം അത്യാവശ്യമാണെന്ന നിലയും വന്നു ചേർന്നിട്ടുണ്ട്.

ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കഴിഞ്ഞദിവസം മോദി ട്വീറ്റ് ചെയ്യുകയുമുണ്ടായി. രാജ്യങ്ങൾ സ്പോണ്‍സർ ചെയ്യുന്ന ഭീകരവാദത്തെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നു.

2019 ഏപ്രിൽ 21നായിരുന്നു ശ്രീലങ്കയിലെ ഭീകരാക്രമണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും ഈ ദ്വീപരാഷ്ട്രം ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരാക്രമണമാണ് നേരിട്ടത്. വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയായാണ് ഇത് മാറിയിട്ടുള്ളത്.

മോദിയുടെ സന്ദർശനം ഒരു ഐക്യദാർഢ്യ പ്രഖ്യാപനം കൂടിയാണെന്ന് ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണർ ഓസ്റ്റിൻ ഫെർണാസ് പറയുന്നു. മേഖലയിൽ ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്ക് ശക്തമായൊരു പിന്തുണയാണ് ഉറപ്പായിരിക്കുന്നത്. യാത്ര ചെയ്യാൻ ശ്രീലങ്ക സുരക്ഷിതമായ ഇടമാണെന്ന സന്ദേശം പകരാനും മോദിക്ക് കഴിയുമെന്നാണ് ഫെർണാണ്ടസ് പറയുന്നത്. ശ്രീലങ്കയിലേക്ക് ഇന്ത്യ ഏർപ്പെടുത്തിയ യാത്രാനിരോധനം നീക്കം ചെയ്യാൻ തങ്ങളാവശ്യപ്പെടുമെന്നും ഫെർണാണ്ടസ് പറഞ്ഞു.

ശ്രീലങ്കയുടെ സാമ്പത്തികവ്യവസ്ഥയിൽ ടൂറിസത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ വരുമാനം വലിയ തോതിൽ നിലച്ചിരിക്കുകയാണ് ഭീകരാക്രമണത്തിനു ശേഷം.

അയൽവാസികളാണ് പ്രധാനമെന്ന സന്ദേശമാണ് താൻ മാലദ്വീപ്, ശ്രീലങ്ക സന്ദർശനങ്ങളിലൂടെ പകരാൻ ശ്രമിക്കുന്നതെന്ന് മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുരക്ഷയും വളർച്ചയും ഒരുമിച്ചെന്ന ഇന്ത്യയിടെ കാഴ്ചപ്പാടിന്റെ കൂടി പ്രതിഫലനമാണിതെന്നും മോദി പറയുകയുണ്ടായി. ഇക്കഴിഞ്ഞദിവസം മോദി മാലദ്വീപിൽ നടത്തിയ സന്ദർശനത്തിൽ അദ്ദേഹത്തെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിക്കുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍