TopTop
Begin typing your search above and press return to search.

21 പ്രതിപക്ഷ പാർട്ടികള്‍ ഭീകരവാദികൾക്കു വേണ്ടി സംസാരിക്കുന്നുവെന്ന് പ്രധാനമന്ത്രി: ബിഹാറിൽ മോദിയും നിതീഷും ആദ്യമായി രാഷ്ട്രീയ വേദി പങ്കിട്ടു

21 പ്രതിപക്ഷ പാർട്ടികള്‍ ഭീകരവാദികൾക്കു വേണ്ടി സംസാരിക്കുന്നുവെന്ന് പ്രധാനമന്ത്രി: ബിഹാറിൽ മോദിയും നിതീഷും ആദ്യമായി രാഷ്ട്രീയ വേദി പങ്കിട്ടു

തെരഞ്ഞെടുപ്പു റാലികളിൽ പാകിസ്താൻ വിഷയം സജീവ ചർച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ്സും മറ്റു പാർട്ടികളും എന്തുകൊണ്ടാണ് സായുധസേനകളുടെ ആത്മവീര്യം കെടുത്തുന്നതെന്ന് തനിക്കറിയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശത്രുക്കൾക്ക് ഗുണകരമാകുന്ന പ്രസ്താവനകളാണ് കോൺഗ്രസ്സ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഭീകരതയ്ക്കെതിരെ ഒരുമിച്ചു നിൽക്കേണ്ട സന്ദർഭത്തിൽ 21 പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ചേർന്ന് തന്നെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ കാവല്‍ക്കാരനെ അപമാനിക്കാൻ അവർ മത്സരിക്കുകയാണ്.

രാജ്യത്തെ ജവാന്മാരുടെ ത്യാഗത്തെ ബിജെപി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ബിഹാറിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള റാലിയെ മോദി അഭിസംബോധന ചെയ്യുന്നത്.

മോദിയെ നശിപ്പിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി റാലിയിൽ സംസാരിക്കവെ പറഞ്ഞു. മോദി ഭീകരതയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ദേശീയ സുരക്ഷ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ മനോഭാവം കാലഹരണപ്പെട്ടു കഴിഞ്ഞു. ഇത് പുതിയ ഇന്ത്യയാണ്. ത്യാഗങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്ന കാലം കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ തവണയും ഇന്ത്യ തിരിച്ചടിക്കുകയാണെന്ന് മോദി അവകാശപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് നോക്കിക്കൊണ്ടിരിക്കുകയും തക്കതായ മറുപടികൾ നൽകിക്കൊണ്ടിരിക്കുകയുമാണ് ഇന്ത്യ.

സംസ്ഥാനത്ത് നിതീഷ് കുമാർ പാവങ്ങളെക്കുറിച്ചോർത്ത് വ്യഥിതനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിന് അദ്ദേഹം പുതിയ മാർഗം തെളിച്ചു കഴിഞ്ഞു. നിതീഷിനെ വേദിയിലിരുത്തിക്കൊണ്ടാണ് മോദി ഇതെല്ലാം പറഞ്ഞത്. സഖ്യത്തിലേർപ്പെട്ടിട്ട് കുറച്ചായെങ്കിലും ഇരുവരും ഇതുവരെ ഒരു രാഷ്ട്രീയ യോഗത്തിൽ ഒരുമിച്ച് പങ്കെടുത്തിരുന്നില്ല. 2013ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് സഖ്യം വിട്ടയാൾ കൂടിയാണ് നിതീഷ്. പിന്നീട് കോൺഗ്രസ്സ്-ആർജെഡി-ജെഡിയു സഖ്യ സർക്കാരിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തിറങ്ങി എൻഡിഎയുമായി വീണ്ടും സഖ്യം ചേരുകയും പുതിയ സർക്കാർ രൂപീകരിക്കുകയുമായിരുന്നു നിതീഷ്.


Next Story

Related Stories