UPDATES

രണ്ടാം മോദി സർക്കാർ നേരിടുന്ന രണ്ട് പ്രതിസന്ധികളെ നേരിടാൻ രണ്ട് കാബിനറ്റ് കമ്മിറ്റികൾ

വളർച്ചാനിരക്ക് കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയിരിക്കുന്നത്.

ഒന്നാം മോദി സർക്കാർ ഏറെ പഴികേട്ട രണ്ടു വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് പിന്തുണ നൽകാൻ കാബിനറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനം. സാമ്പത്തിക വ്യവസ്ഥയുടെ തകർച്ചയും തൊഴിലില്ലായ്മയും നേരിടുകയാണ് മോദി നേരിട്ട് പരാജയപ്പെട്ട, ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്നങ്ങൾ. ഇവയെ നേരിടാനുള്ള പദ്ധതികളാവിഷ്കരിക്കാനും നടപ്പാക്കാനുമാണ് കാബിനറ്റ് കമ്മിറ്റികൾ. ഈ രണ്ട് കമ്മറ്റികളിലും ആഭ്യന്തരമന്ത്രി അമിത് ഷാ അംഗമാണ്.

രാജ്യത്ത് നിക്ഷേപം വർധിപ്പിക്കുക എന്നതാണ് രണ്ടാംമോദി സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ മേക്ക് ഇൻ ഇന്ത്യ പദ്ധതി വൻ പരാജയമായി മാറിയിരുന്നു. നിക്ഷേപങ്ങൾ കാര്യമായുണ്ടായില്ലെന്നു മാത്രമല്ല, സാമ്പത്തികരംഗം ഇടിയുകയും ചെയ്തു. പുതിയ നിക്ഷേപങ്ങൾക്ക് രാജ്യത്തെ നിലവിലെ അവസ്ഥ പാകമല്ല. ഈ പ്രശ്നമാണ് ആദ്യത്തെ കമ്മിറ്റി പരിഗണിക്കുക. പ്രധാനമന്ത്രിക്ക് പുറമേ അമിത് ഷാ, റോഡ്‌, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ എന്നിങ്ങനെ അഞ്ചംഗ കമ്മിറ്റിയാണിത്‌.

രണ്ടാമത്തെ കമ്മിറ്റി തൊഴിലില്ലായ്മാ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗങ്ങളാരായും. വൈദഗ്ധ്യ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ ഇവർ രൂപീകരിക്കും. ഈ പാനലിൽ പത്ത് അംഗങ്ങളാണ് ഉണ്ടാവുക. പ്രധാനമന്ത്രി, അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍ എന്നിവര്‍ക്ക് പുറമേ, കൃഷി, ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, മാനവവിഭവ ശേഷി മന്ത്രി രമേശ്‌ പൊക്രിയാല്‍  നിഷാങ്ക്, പെട്രോളിയം, സ്റ്റീല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സ്കില്‍, എന്ട്രെപ്രേനേര്‍ഷിപ്‌ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ,  തൊഴില്‍ മന്ത്രി സന്തോഷ്‌ കുമാര്‍ ഗാംഗ്വാര്‍, ഹൌസിംഗ്, നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരാണ് ഇതിലെ അംഗങ്ങള്‍.

വളർച്ചാനിരക്ക് കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയിരിക്കുന്നത്. ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ നിലവിലിരുന്ന സാമ്പത്തിക വളർച്ചയിൽ നിന്നും ഏറെ താഴേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ. 2018-19ലെ ഒന്നാംപാദത്തിലെ വളർച്ചാനിരക്ക് 5.8 ശതമാനമാണ്. ഇത് കഴിഞ്ഞ വർഷത്തെ അവസാന പാദത്തിലെ വളർച്ചാനിരക്കായിരുന്ന 6.6 ശതമാനത്തിൽ നിന്ന് ഇടിഞ്ഞ് എത്തിച്ചേർന്നതാണ്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തികവ്യവസ്ഥയെന്ന പ്രശസ്തി ഇതിനകം തന്നെ ഇന്ത്യയിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. ചൈനയെക്കാൾ പിന്നിലാണ് ഇന്ത്യയുടെ വളർച്ചാനിരക്ക് നിലവിൽ. ചൈന 6.4 ശതമാനം വളർച്ചയാണ് നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തിന്റെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ 45 വർഷത്തെക്കാൾ മോശമായി തുടരുകയാണ്. 2017-18 കാലത്തെ തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനമായിരുന്നു. ഈ വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ബിസിനസ് സ്റ്റാൻഡേഡ് പത്രമാണ് ഈ വിവരം ചോർത്തി പുറത്തെത്തിച്ചത്. 1972-73 കാലത്തെക്കാൾ മോശമായ തൊഴിലില്ലായ്മാ നിരക്കാണ് രാജ്യത്ത് നിലവിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍