TopTop
Begin typing your search above and press return to search.

ആൾക്കൂട്ട കൊലപാതകം: വാട്സാപ്പ് അഡ്മിൻ ഉൾപ്പെടെ 30 പേര്‍ അറസ്റ്റിൽ

ആൾക്കൂട്ട കൊലപാതകം: വാട്സാപ്പ് അഡ്മിൻ ഉൾപ്പെടെ 30 പേര്‍ അറസ്റ്റിൽ
കർണാടകത്തിലെ ബിദാറിൽ കുട്ടികളെ തട്ടിക്കൊണ്ടിപോകാനെത്തിയവർ എന്നാരോപിച്ച് സോഫ്റ്റ്‌വെയർ എൻജിനീയറെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തിൽ, തെറ്റായ സന്ദേശങ്ങളുടെ ഉറവിടമായ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനും ഉൾപ്പെടുന്നു.

മുഹമ്മദ് അസം എന്ന 32കാരനാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇദ്ദേഹവും രണ്ട് സുഹൃത്തുക്കളും ചേർന്ന് നഗരത്തിൽ കറങ്ങാനിറങ്ങിയതായിരുന്നു. യാത്രയ്ക്കിടെ വണ്ടി നിറുത്തിയപ്പോൾ അസമിന്റെ സുഹൃത്തും ഖത്തർ പൗരനുമായ മുഹമ്മദ് സലാം സമീപത്തുണ്ടായിരുന്ന കുട്ടികൾക്ക് ചോക്കലേറ്റ് നൽകി. ഇത് കണ്ട നാട്ടുകാര്‍ കുട്ടികളെ മധുരം നൽകി തട്ടിക്കൊണ്ടു പോകുന്നവരാണെന്ന ധാരണയിൽ ആക്രമിക്കുകയായിരുന്നു.

ഒരുവിധം രക്ഷപ്പെട്ട് കാറിൽ കയറി ഓടിച്ചുപോയെങ്കിലും നാട്ടുകാർ ബൈക്കുകളിൽ പിന്തുടർ‍ന്നെത്തി. ഈ ബൈക്കുകളിലൊന്നിനെ ഇടിച്ച ശേഷം കാർ‌ ഒരു കുഴിയിലേക്ക് മറിഞ്ഞു. തുടര്‍ന്ന് ഇരച്ചെത്തിയ നാട്ടുകാര്‍ അക്രമണം തുടരുകയായിരുന്നു. ഇതിൽ അസം കൊല്ലപ്പെടുകയും മറ്റ് രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ഹൈദരാബാദിൽ ഒരാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അറസ്റ്റിലായ വാട്സാപ്പ് അഡ്മിന്റെ ഗ്രൂപ്പു വഴി തട്ടിക്കൊണ്ടുപോകൽ മെസ്സേജുകൾ പ്രചരിച്ചിരുന്നു. കൂടാതെ, ആളുകളെ തല്ലിക്കൊല്ലുന്നതിന്റെ സന്ദേശവും ഇതേ ഗ്രൂപ്പ് പ്രചരിപ്പിച്ചു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ ഇറങ്ങിയതായി വാട്സാപ്പിലൂടെ പ്രചാരണം നടന്നതിന്റെ ഫലമായുണ്ടായ ആക്രമണങ്ങളിൽ ഇന്ത്യയിലിത് മുപ്പതാമത്തെ ആളാണ് കൊല്ലപ്പെടുന്നത്. ഈ പ്രശ്നത്തിന്റെ ഉത്തരവാദിത്തം വാട്സാപ്പിനാണെന്ന് ആരോപിച്ച് കൈകഴുകുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ, ആക്രമണങ്ങൾ നടത്തുന്നത് സമൂഹമാണെന്നും ഇതൊരു സാമൂഹികപ്രശ്നമാണെന്നുമാണ് വാട്സാപ്പ് പറയുന്നത്. സാമൂഹികപ്രശ്നങ്ങൾ മനസ്സിലാക്കി തിരുത്തേണ്ട ഉത്തരവാദിത്തം രാഷ്ട്രീയക്കാർക്കാണെന്നും വാട്സാപ്പ് സൂചിപ്പിച്ചു.

കേരളത്തിലും സമാനമായ വാട്സാപ്പ് പ്രചാരണങ്ങള്‍ നടന്നിരുന്നെങ്കിലും അതിവേഗം സർക്കാർ ഇടപെടലുണ്ടായതോടെ കൊലപാതകങ്ങളിലേക്ക് പോയില്ല. നിരവധി പേർക്ക് മർദ്ദനമേൽക്കുകയുണ്ടായി. വാട്സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയവർ ഇപ്പോൾ കേസ് നടത്തുകയാണ്.

Next Story

Related Stories