TopTop

മോദി വീണ്ടും അധികാരത്തിലെത്തുന്നത് എങ്ങനെ തടയാം? മമതയുടെ തന്ത്രങ്ങള്‍ ഇതൊക്കെയാണ്

മോദി വീണ്ടും അധികാരത്തിലെത്തുന്നത് എങ്ങനെ തടയാം? മമതയുടെ തന്ത്രങ്ങള്‍ ഇതൊക്കെയാണ്
നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുന്നത് എങ്ങനെ തടയാം? പ്രതിപക്ഷ പാർട്ടികളുന്നയിക്കുന്ന ലളിതമായ ചോദ്യമാണിത്. ഉത്തരം പക്ഷെ സങ്കീർണമാണ്. 2015ലെ ബിഹാർ തെരഞ്ഞെടുപ്പിൽ രൂപപ്പെടുകയും, ദേശീയതലത്തിൽ പ്രായോഗികമായ ആശയമെന്ന് കോൺഗ്രസ്സ് അടക്കമുള്ള കക്ഷികൾ വാദിച്ച് ഏറ്റെടുക്കുകയും ചെയ്ത 'മഹാഗഠ്ബന്ധൻ' ആണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പടയോട്ടം തടയുന്നതിന് ഫലപ്രദമായ സഖ്യമെന്ന് ഒരു വാദമുണ്ട്. മറ്റൊന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു മുമ്പോട്ടു വെക്കുന്ന മൂന്നാംമുന്നണിയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ചേർന്നതാണ് കെസിആറിന്റെ മനസ്സിലെ മുന്നണി. ഈ മുന്നണിയിൽ പ്രാദേശിക പാർട്ടികൾക്കായിരിക്കും പ്രാമുഖ്യം. കോൺഗ്രസ്സ്-ബിജെപിയിതര കക്ഷികളെ ഒരുമിച്ചു ചേർത്താൽ അധികാരം പിടിക്കാമെന്ന് കെസിആർ കാണുന്നു. തന്റെ സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെക്കൂടി മുന്നിൽക്കണ്ടുള്ള ഈ നിർദ്ദേശം തൃണമൂൽ കോൺഗ്രസ്സിനെയും കുടെ സങ്കൽപ്പിക്കുന്നുണ്ട്. നേരിട്ടൊരു പ്രതികരണം മമതയുടെ ഭാഗത്തു നിന്നും വന്നിട്ടില്ലെന്നു മാത്രം.

മമതാ ബാനർജി തുടക്കം മുതൽ വാദിച്ചു വന്നിരുന്നത് ബിജെപി വിരോധമുള്ള, കോൺഗ്രസ്സിനോട് അടുപ്പമില്ലാത്ത ഒരു ഫെഡറൽ മുന്നണിയെക്കുറിച്ചാണ്. 2019 തെരഞ്ഞെടുപ്പിനു മുമ്പായി യാതൊരു തരത്തിലുമുള്ള മുന്നണിയും സാധ്യമല്ലെന്ന് നിലപാടെടുത്തിരിക്കുന്ന ശരത് പവാറിന്റെ എൻസിപി മുതൽ, എൻഡിഎയുമായി ഇടഞ്ഞു നിൽക്കുന്ന ശിവസേനയെ വരെ ഉൾക്കൊള്ളാൻ മാത്രം വിശാലമാണ് മമതയുടെ മുന്നണി. എന്നാൽ, സംസ്ഥാനത്ത് കടുത്ത ശത്രുതയിലുള്ള കോൺഗ്രസ്സുമായോ സിപിഎമ്മുമായോ യാതൊരു നീക്കുപോക്കിനും ഒരുക്കമല്ലെന്ന നിലപാട് മമത എടുത്തുവന്നു.

തെലങ്കാനയിലെ കെസിആറിനെയും ആന്ധ്രയിലെ ചന്ദ്രശേഖരറാവുവിനെയും തന്റെ സഖ്യത്തിലേക്ക് ക്ഷണിക്കാൻ മമത മുതിരുകയുണ്ടായി. അടുക്കാതെ നിൽക്കുന്ന ചന്ദ്രബാബു നായിഡുവിനെ മെരുക്കാനുള്ള തന്ത്രങ്ങളും മമത പയറ്റുന്നുണ്ട്. ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ്സ് ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകൾ കിട്ടിയപ്പോൾ പ്രതികരണവുമായി മമത രംഗത്തെത്തി. പൊതുശത്രുവായ ബിജെപിക്കെതിരെ കോൺഗ്രസ്സുമായി സഖ്യപ്പെടുന്നതിൽ നാണിക്കരുതെന്ന് മമത ചന്ദ്രബാബു നായിഡുവിനോട് പറഞ്ഞു. നായിഡു 'ഈഗോ' ഒഴിവാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. മമത ബാനർജിയുടെ സമ്മർദ്ദഫലമായാണ് കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് ചന്ദ്രബാബു നായിഡു ചെല്ലാനിടയായതും പിന്നീട് സോണിയ, രാഹുൽ എന്നിവരുമായി ഒരുമിച്ച് വേദിയിലെത്താനിടയായതുമെന്നാണ് കേൾക്കുന്നത്. ജന്മം കൊണ്ടു തന്നെ ഒരു കോൺഗ്രസ്സ് വിരുദ്ധ കക്ഷിയാണ് തെലുഗുദേശം പാർട്ടി എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. പാർട്ടിയുടെ സ്ഥാപകനായ എൻടി രാമറാവു കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചിരുന്നുവെന്നെല്ലാം പറയപ്പെടുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഒരു കോൺഗ്രസ്സ് വിരുദ്ധ കക്ഷിയായ ടിഡിപിയെ കോൺഗ്രസ്സിനൊപ്പം മെരുക്കിച്ചേർക്കാൻ ആർക്കെങ്കിലും കഴിവുള്ളവരുണ്ടെങ്കിൽ അവരിൽ പ്രധാനി മമതയാണ്.

കോൺഗ്രസ്സിതര പ്രതിപക്ഷ മുന്നണിയെ സ്വപ്നം കാണുന്ന തെലങ്കാനയിലെ കെസിആറിനെയും കൂടെച്ചേർക്കാൻ മമതയ്ക്ക് സാധിക്കുമോ എന്നതാണ് ഇനി കാണേണ്ടത്. കോണ്‍ഗ്രസ്സും ടിഡിപിയും ടിആർഎസ്സും ഒരുമിച്ചിരിക്കുക എന്നത് എങ്ങനെ സാധിക്കും എന്ന ചോദ്യത്തിന് അനുകൂലമായ ഒരുത്തരം കാണാനുള്ള ശ്രമം മമതയുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. ഇതാണ് അവരുടെ പ്രാധാന്യം ദേശീയരാഷ്ട്രീയത്തിൽ കൂട്ടുന്ന പല ഘടകങ്ങളിലൊന്ന്.

ബിഹാറിൽ മഹാഗഠ്ബന്ധൻ വിജയകരമായി നടപ്പാക്കിയ ലാലുപ്രസാദ് യാദവും ഫെഡറൽ ഫ്രണ്ടിനോട് അടുപ്പം കാണിച്ചുവെങ്കിലും കോൺഗ്രസ്സിതര മുന്നണിയോട് താൽപര്യമില്ലെന്നും തുറന്നു പറഞ്ഞു. രാഹുൽ ഗാന്ധി മുന്നണിയെ നയിക്കുമോയെന്നതല്ല, രാഹുലിന്റെ കക്ഷി മുന്നണിയിലുണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആര് നയിച്ചാലും കോൺഗ്രസ്സ് കൂടെയുണ്ടാകണം!

തെരഞ്ഞെടുപ്പിനു മുമ്പുള്ള മുന്നണികൾക്ക് എത്രത്തോളം സാധ്യതയുണ്ടെന്ന സന്ദേഹത്തിൽ നിൽക്കുന്ന ശരത് പവാറിനെ അടുപ്പിക്കാനും മമത ശ്രമം നടത്തിയിട്ടുണ്ട്. പവാർ ഉന്നയിക്കുന്ന പ്രശ്നം പ്രാദേശിക പാർട്ടികളും കോൺഗ്രസ്സും തമ്മിലുള്ള മോശം ബന്ധമാണ്. പലയിടങ്ങളിലും പ്രാദേശികക്ഷികൾ കോൺഗ്രസ്സിനെക്കാൾ ശക്തമാണ്. അവർ പരസ്പരം കടുത്ത ശത്രുതയിലുമാണ്. കേരളത്തിൽ കോൺഗ്രസ്സും ഇടതുപാർട്ടികളും തമ്മിലുള്ള സഖ്യം സാധ്യമാണോ എന്ന ചോദ്യമാണ് ഉദാഹരണമായി പവാർ ഉന്നയിക്കുന്നത്. അടിയന്തിരാവസ്ഥാ കാലത്തെ തെരഞ്ഞെടുപ്പിനു ശേഷം മൊറാർജി ദേശായി പ്രധാനമന്ത്രിയായ സാഹചര്യമാണ് പവാറിന് ചൂണ്ടിക്കാണിക്കാനുള്ളത്. അന്ന് തെരഞ്ഞെടുപ്പിനു ശേഷമാണ് വിവിധ കക്ഷികൾ ഒരുമിച്ചു ചേർന്നത്.

കോൺഗ്രസ്സിതര മുന്നണി എന്നതിന്റെ പ്രായോഗികത വളരെ ചുരുങ്ങിയതാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ്സിന് മുൻനിരയിൽ നിന്ന് നയിക്കാനുള്ള ശേഷിയില്ലെന്ന് തെളിയിക്കുന്ന ജോലികൾ മമത ചെയ്തുകൊണ്ടിരിക്കുന്നു. ഒരു കോൺഗ്രസ്സിതര പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കോൺഗ്രസ്സിനെ പരുവപ്പെടുത്താൻ മമതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രാദേശികപാർട്ടികളോട് കോൺഗ്രസ്സ് പരമ്പരാഗതമായി തുടർന്നു വന്ന എതിർപ്പിന്റെ രാഷ്ട്രീയം തൽക്കാലം മടക്കിവെക്കേണ്ട കാലമായിരിക്കുന്നു.

https://www.azhimukham.com/india-new-karanataka-swearing-in-ceremony-build-opposition-unity-for-2019-election/

ഉത്തർപ്രദേശ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയമടഞ്ഞു എന്നതിന്റെ അതേതലത്തിലുള്ള പ്രതിഫലനം പൊതുതെരഞ്ഞെടുപ്പിലുമുണ്ടാകും എന്ന് ആരും കരുതുന്നില്ല. വ്യക്തതയുള്ള ഒരു രാഷ്ട്രീയ തീരുമാനത്തിനു മാത്രമേ വോട്ട് കിട്ടാനിടയുള്ളൂ എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഉത്തർപ്രദേശിലെ കൈരാനയിൽ പ്രതിപക്ഷ കക്ഷികളുടെ ഒരുമിച്ചുള്ള നീക്കത്തിന്റെ ഫലമായി ബിജെപി പരാജയപ്പെട്ടത് ദേശീയതലത്തിലുള്ള മഹാമുന്നണിക്കു വേണ്ടി മുന്നേറാനുള്ള ആവേശമായി മാറിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിനു ശേഷം വന്ന പല നിരീക്ഷണങ്ങളും കൈരാനയിലെ പ്രത്യേകമായ പ്രാദേശിക ഘടകങ്ങളാണ് ദേശീയരാഷ്ട്രീയത്തിന്റെ പ്രതിഫലനത്തെക്കാൾ ബിജെപി വിരുദ്ധ കക്ഷികളുടെ വിജയത്തിന് കാരണമായതെന്ന് നീരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

മമതയുടെ പുതിയ നീക്കങ്ങൾ മേല്‍പ്പറഞ്ഞ പല ഘടകങ്ങളെ തനിക്കനുകൂലമാക്കി, താനുന്നയിക്കുന്ന ഫെഡറൽ മുന്നണിയെന്ന രാഷ്ട്രീയത്തിന് അനുകൂലമാക്കി മാറ്റാനുള്ള പ്രയത്നത്തിന്റെ ഭാഗമാണ്. ഇക്കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ട് നടത്തിയ ചർച്ചയ്ക്കു ശേഷം പശ്ചിമബംഗാൾ മുഖ്യമന്ത്രി തനിക്കു മുന്നിൽ ഉരുത്തിരിഞ്ഞ യാഥാർത്ഥ്യങ്ങളിൽ നിന്നുണ്ടായ വിവേകത്തിൽ നിന്നാണ് സംസാരിക്കുന്നതെന്നു കാണാം.

2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദം ആർക്കു വേണമെന്ന തർക്കത്തിന് താനില്ലെന്ന സൂചന അവർ കൈമാറി. ഇക്കാര്യം തെരഞ്ഞെടുപ്പിനു ശേഷമാണ് തീരുമാനിക്കപ്പെടേണ്ടതെന്ന് മമത പറഞ്ഞു. ഈ കൂടിക്കാഴ്ചയും പ്രഖ്യാപനവും വരുന്നത്, രാഹുൽ ഗാന്ധിയുടെ പ്രശസ്തമായ പാർലമെന്റ് പ്രസംഗവും ആലിംഗനവും നടന്നതിനു ശേഷമാണ്. പുതിയൊരു രാഷ്ട്രീയവഴി തുറന്നു കിട്ടിയതിനു ശേഷം രാഹുൽ വിളിച്ചു ചേർത്ത കോൺഗ്രസ്സ് വർക്കിങ് കമ്മറ്റി യോഗത്തിനു പിന്നാലെ, 2019 തെരഞ്ഞെടുപ്പിനു മുമ്പായി രാഹുലിനെ പ്രധാനമന്ത്രിയാക്കുക എന്ന വിഷയം ഉയർന്നുവരില്ലെന്ന നയം കോണ്‍ഗ്രസ്സ് സ്വീകരിക്കുകയുണ്ടായി. ഈ 'അനുകൂലസാഹചര്യ'ത്തിന്റെ പശ്ചാത്തലത്തിലാണ് മമത രാഹുലിനെ കാണാനെത്തിയിരിക്കുന്നത്.

2019 ജനുവരി 19നാണ് കൊൽക്കത്ത നഗരത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത റാലി നടക്കുക. എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒരുമിപ്പിച്ചുള്ള റാലിയാണ് ലക്ഷ്യം. സിപിഎം ഈ റാലിയിൽ പങ്കെടുക്കില്ലെന്നത് സുവ്യക്തമാണ്. ഡൽഹിയിലും ബംഗാളിലും സിപിഎം രണ്ട് നിലപാട് സ്വീകരിക്കുന്നതിനെ മമത വിമർശിക്കുന്നുണ്ട്. ഫെഡറൽ മുന്നണിയെക്കുറിച്ചുള്ള തന്റെ സംസാരങ്ങളിൽ കോൺഗ്രസ്സിനെയും സിപിഎമ്മിനെയും മാറ്റിനിറുത്തിയിരുന്ന മമത പുതിയൊരു നിലപാടിലേക്ക് മാറുന്നതിന്റെ സൂചനയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

https://www.azhimukham.com/india-mamatabanerjee-marathon-discussions-seeking-oppositionunity-delhi/

Next Story

Related Stories