TopTop
Begin typing your search above and press return to search.

ആസന്ന മരണചിന്തകളില്‍ പെട്ടുപോയ കോണ്‍ഗ്രസ്, അതിജീവനത്തിന് ഡി കെ ശിവകുമാറുമാര്‍ മതിയാവില്ല

ആസന്ന മരണചിന്തകളില്‍ പെട്ടുപോയ കോണ്‍ഗ്രസ്, അതിജീവനത്തിന് ഡി കെ ശിവകുമാറുമാര്‍ മതിയാവില്ല
134 വര്‍ഷം പ്രായമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ ചരിത്ര ദൗത്യം പുര്‍ത്തിയാക്കി എന്ന തോന്നലിലാണോ എന്ന് സംശയിക്കാവുന്നതിന് നിരവധി കാരണങ്ങളുണ്ട്. സ്വതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അതുകൊണ്ട് തന്നെ സംഘടന പിരിച്ചുവിടണമെന്നുമുള്ള മഹാത്മഗാന്ധിയുടെ ഉപദേശം മറികടന്നുകൊണ്ടാണ് പിന്നീടുള്ള വര്‍ഷങ്ങള്‍ ആ പാര്‍ട്ടി ഇന്ത്യയില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ 1980-കളില്‍ തീവ്രമായ, മറ്റൊരു രാഷ്ട്രീയ ധാരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെയും ആശയ ദാരിദ്ര്യത്തിന്റെയും ഫലമായി കോണ്‍ഗ്രസ് പിന്‍വാങ്ങി തുടങ്ങിയോ? തുടര്‍ച്ചയായുള്ള രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയവും കര്‍ണാടകത്തിലെ സംഭവങ്ങളും വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി സാമാജികര്‍ പാര്‍ട്ടി വിട്ടുപോകുന്നതും നേതൃത്വമില്ലായ്മയുടെയുമെല്ലാം പശ്ചാത്തലത്തില്‍ ഇങ്ങനെ ഒരു ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. അത്തരമൊരു ചോദ്യത്തെ പോലും പ്രതിരോധിക്കാനാവാതെ ആശയപരമായും സംഘടനപരമായും ഉലഞ്ഞുപോയ ഒരു പാര്‍ട്ടിയാണ് ഇപ്പോള്‍ അതിന്റെ ഏറ്റവും രൂക്ഷമായി പ്രതിസന്ധി നേരിടുന്നത്.

കര്‍ണാടകത്തിലെ ഡി കെ ശിവകുമാറിനെ പോലെ രാഷ്ട്രീയ കൗശലവും സാമ്പത്തിക ശേഷിയുമുള്ള ഒട്ടേറെ പേരെ ഉണ്ടാക്കിയതുകൊണ്ട് മറികടക്കാവുന്ന ഒരു പ്രതിസന്ധിയല്ലിത്.

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച പരിഹാരം തന്റെ രാജിയാണ്. പുതിയ നേതൃത്വം ഉയര്‍ന്നുവന്നാല്‍ അതിജീവനം സാധ്യമാകുമെന്ന് അദ്ദേഹം കരുതുന്നു. എന്നാല്‍ സംഘടനാപരമായ പൊളിച്ചെഴു ത്തുകള്‍ മാത്രമല്ല, നയപരമായ പുന:പരിശോധനയ്ക്കുള്ള ശേഷി കോണ്‍ഗ്രസ് കാണിക്കുന്നുണ്ടോ എന്നാതാണ് പ്രശ്‌നം.

2014 ലെ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. പ്രത്യേകിച്ചും ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റ അവസാന നാളുകളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേടിയ വിജയം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ രാഹുല്‍ ഗാന്ധിയും സംഘവും പിന്നീട് നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയും കോണ്‍ഗ്രസ് ഏറ്റുവാങ്ങി.

എന്നാല്‍ അതിനെക്കാള്‍ വലിയ തോല്‍വിയാണ് കഴിഞ്ഞ ഒരു മാസമായി കോണ്‍ഗ്രസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആ തോല്‍വികളില്‍ പ്രായമായി, ദിശാബോധം നഷ്ടമായ പ്രസ്ഥാനത്തിന്റെ സകല പ്രതിസന്ധികളുമുണ്ട്. ബിജെപിയെ നേരിട്ട് നേരിട്ട് ഒടുവില്‍ ശത്രുക്കളോടൊപ്പം ചേരാന്‍ ക്യൂ നില്‍ക്കുന്ന വലിയ സംഘമായി കോണ്‍ഗ്രസ് മാറുന്നുവെന്ന തോന്നലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.

പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിക്കാകട്ടെ, പാര്‍ട്ടിക്ക് ദിശാബോധം നല്‍കുന്നതിന് കഴിയുന്നുമില്ല. പരമ്പരാഗതമായ ശീലമെന്നതിലുപരി, ഗാന്ധി കുടുംബത്തോടുള്ള ആഭിമുഖ്യക്കുറവും നേതാക്കളുടെ പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. 2004 ല്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ കാണിച്ച കോലഹാലമൊന്നും രാഹുല്‍ ഗാന്ധിയുടെ സ്ഥാനത്യാഗത്തില്‍ പ്രവര്‍ത്തകരോ നേതാക്കളോ കാണിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തോല്‍വിയുടെ ഉത്തരവാദിത്തം നേതാക്കള്‍ ഏറ്റെടുക്കേണ്ടതുണ്ട് എന്ന് തന്റെ രാജിക്കത്തില്‍ പോലും രാഹുല്‍ ഗാന്ധി പറഞ്ഞിട്ടും എത്ര പേര്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് രാജി വച്ചു? ചെറുപ്പക്കാരായ മിലിന്ദ് ദിയോറയും ജ്യോതിരാദിത്യ സിന്ധ്യയും ഒഴിച്ചാല്‍ മുതിര്‍ന്ന നേതാക്കളൊക്കെ ആ ആഹ്വാനം കേട്ടില്ലെന്നു നടിക്കുകയായിരുന്നു. അത്തരത്തില്‍ ഒരു നിസ്സംഗത ഗാന്ധി കുടുംബത്തോട് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംഭവിച്ചിട്ടുണ്ടാകാമെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ ഗാന്ധി കുടുംബ വിധേയത്വം എളുപ്പം ഇല്ലാതാകില്ലെന്നതിന് കോണ്‍ഗ്രസിന്റെ ചരിത്രം തന്നെയാണ് ഉദാഹരണം. സീതാറാം കേസരിയുടെയും നരസിംഹറാവുവിന്റെയും കാലത്തെ ചരിത്രം അതാണ് സൂചിപ്പിക്കുന്നത്.

80-കള്‍ക്ക് ശേഷം ലോകത്തെ പല സെന്റ്റിസ്റ്റ് പാര്‍ട്ടികള്‍ക്കും സംഭവിച്ച മാറ്റമാണ് കോണ്‍ഗ്രസിന്റെയും നില പരിതാപകരമാക്കിയത്. ആഗോള ചലനങ്ങള്‍ക്കൊത്ത് നീങ്ങി തീവ്ര മുതലാളിത്തത്തിന്റെ അനുചരന്മാരായി കോണ്‍ഗ്രസ് മാറിയത് ഇക്കാലത്താണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഉദാരവല്‍ക്കരിച്ചതൊടൊപ്പം നേരത്തെ തന്നെ ദുര്‍ബലമായ ഇന്ത്യന്‍ മതേതരത്വത്തകൂടി കോണ്‍ഗ്രസ് 'ഉദാരവല്‍ക്കരിച്ചു'. മുസ്ലീം ദേവാലയത്തിന് മേല്‍ അധികാരം സ്ഥാപിക്കാന്‍ തീവ്ര വര്‍ഗീയ ശക്തികള്‍ ശ്രമിച്ചപ്പോള്‍, അതിനെ തര്‍ക്ക സ്ഥാപനമാക്കി മാറ്റി കോണ്‍ഗ്രസ് ഉദാരമായ മതേതരത്വം കാഴ്ചവെച്ചു. വര്‍ഗീയതയുടെ തീവ്ര മല്‍സരത്തില്‍ പക്ഷെ വളരെ എളുപ്പം ബിജെപി കോണ്‍ഗ്രസിനെ മറികടന്നു.

തീവ്ര ഉദാരവല്‍ക്കരണ നിലപാടുകളുടെ കാര്യത്തിലും ബിജെപിക്ക് ബദലാവാന്‍ പോന്നതായിരുന്നില്ല കോണ്‍ഗ്രസിന്റെ ആശയ അടിത്തറ. സംഘടനാപരമായ ഉറപ്പില്ലായ്മ കോണ്‍ഗ്രസിനെ ബാധിച്ചുതുടങ്ങിയത് ആശയപരമായ ഇത്തരം വ്യക്തത കുറവിലുടെയാണ്. ഇത് അഭിസംബോധന ചെയ്യാനുള്ള ധൈര്യക്കുറവാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്‌നം. 90-കളുടെ തുടക്കത്തില്‍ വളര്‍ന്നുവന്ന സ്വത്വവാദ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ളതൊന്നും കോണ്‍ഗ്രസിനില്ലാതെ പോയി.
ഇന്ത്യന്‍ ജനാധിപത്യമെന്നത് ഹിന്ദുവോട്ടുകള്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള മല്‍സരം മാത്രമാക്കി മാറ്റിയതില്‍ ബിജെപിക്കൊപ്പം തന്നെ കോണ്‍ഗ്രസിനും ഉള്ള ചരിത്രപരമായ പങ്ക് മറച്ചുപിടിച്ചുള്ള പുനഃസംഘടനകള്‍ എന്ത് ഫലമാണ് ഉണ്ടാക്കുകയെന്നതിന് കാലമാണ് ഉത്തരം നല്‍കുക.

ഹിന്ദുവോട്ടുകള്‍ക്ക് വേണ്ടിയുള്ള മല്‍സരത്തില്‍ കോണ്‍ഗ്രസ് ബിജെപിയ്ക്കു മുന്നില്‍ പൂര്‍ണമായും പരാജയപ്പെട്ടതിന്റെ ചിത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് നല്‍കിയത്. സിഎസ്ഡിഎസ് - ദി ഹിന്ദു സര്‍വെ പ്രകാരം സവര്‍ണ ജാതി വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളില്‍ 52 ശതമാനവും ഒബിസി വിഭാഗത്തിലെ 34 ശതമാനവും വോട്ട് ചെയ്തത് ബിജെപിക്കാണ്. കോണ്‍ഗ്രസിന്റെ പ്രതിദിനം ദുര്‍ബലമാകുന്ന മതേതരത്വ ആശയം കൊണ്ട് പ്രതിരോധിക്കാന്‍ കഴിയുന്നതല്ല, ഹിന്ദുത്വത്തിന്റെ മുന്നേറ്റം എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇങ്ങനെയൊക്കെ ആയിട്ടും സംഘടനയുടെ തലപ്പത്തുള്ള മാറ്റങ്ങളെക്കുറിച്ചല്ലാതെ കോണ്‍ഗ്രസില്‍ ഇതുവരെ ആശയപരമായ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ലെന്നത് ആ പാര്‍ട്ടി അകപ്പെട്ട പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. മൃദു ഹിന്ദുത്വത്തിന്റെ പ്രയോഗങ്ങള്‍ക്കൊണ്ട് തീവ്ര ഹിന്ദുത്വത്തെ പ്രതിരോധിച്ച് മുന്നേറാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ ദിശാമാറ്റം ലക്ഷ്യമിടുന്നുവെന്ന് പറയുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെയാണ് ഇത്തരം പരിപാടികള്‍ പാര്‍ട്ടി നടത്തിപ്പോരികയും ചെയ്തത്.

യൂത്ത് കോണ്‍ഗ്രസിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് സംഘടനയ്ക്ക് പുതിയ പ്രവര്‍ത്തന ശൈലി കൊണ്ടുവരുമെന്നതാണ്. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെന്നത് ചരിത്രം. പാര്‍ട്ടി അധ്യക്ഷനായിതിന് ശേഷവും പ്രത്യേകിച്ചൊന്നും നടത്തിയില്ല.

ഒരു മാസത്തിനകം തന്നെ രണ്ടാം മോദി സര്‍ക്കാര്‍ തങ്ങളുടെ ഊന്നലുകള്‍ വ്യക്തമാക്കി കഴിഞ്ഞു. അതില്‍ ദേശസുരക്ഷയെ രാഷ്ട്രീയ പ്രയോഗമാക്കി കൊണ്ടുള്ള മുന്നേറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. യുഎപിഎ ഭേദഗതി മുതല്‍ വിചാരണ തടവുകാരുടെ അടക്കം ഡിഎന്‍എ പരിശോധിക്കാനുള്ള നിയമ നിര്‍മ്മാണങ്ങളും ഉള്‍പ്പെടുന്നു. ഇക്കാര്യത്തിലൊക്കെ പാര്‍ലമെന്റില്‍ ചില ശബ്ദങ്ങള്‍ ഉണ്ടാക്കിയെന്നതിലുപരി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ലിബറല്‍ സ്വഭാവം കൈയൊഴിഞ്ഞ് യുഎപിഎ പൊലുള്ള നിയമങ്ങള്‍ കൊണ്ടുവന്നതും അത് ഭേദഗതികള്‍ അവതരിപ്പിച്ച് നേരത്തെ തന്നെ ശക്തിപ്പെടുത്തിയതുമെല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തന്നെയായിരുന്നു. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ എന്‍ഐഎയെ പ്രാപ്തമാക്കുന്ന നിയമ ഭേദഗതികളൊക്കെ കൊണ്ടുവരുമ്പോള്‍ ഇതിനെ ഫലപ്രദമായി എതിര്‍ക്കാന്‍ കഴിയാത്തതും ഇതുകൊണ്ട് തന്നെ. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട അതിദേശീയത നിലപാടുകളെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് ഇപ്പോഴും ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിക്കൊരു ബദല്‍ ആഖ്യാനം മുന്നോട്ടുവെയ്ക്കാന്‍ കഴിയാതെ അവരുടെ പിന്നിലിഴയുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് മാറുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ഒരു ചര്‍ച്ചയ്‌ക്കോ പൊളിച്ചെഴുത്തിനോ ശ്രമിക്കാതെ സംഘടനാപരമായ മാറ്റത്തിലുടെ പഴയകാല പ്രതാപത്തിലെത്താമെന്ന കണക്കുകൂട്ടലിലാണ് നേതാക്കള്‍.

2014-ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എകെ ആന്റണി കമ്മിറ്റി റിപ്പോര്‍ട്ടിലുടെ മുന്നേറ്റം സാധ്യമാകുമെന്നായിരുന്നു കരുതിയിരുന്നതെങ്കില്‍ ഇത്തവണ അധ്യക്ഷന്റെ രാജിയാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഒറ്റമുലിയെന്നും കരുതുന്നു. അതിനിടെയില്‍ ബിജെപിയില്‍ ചേരാന്‍ ക്യൂ നില്‍ക്കുന്നവരെ പിന്തിരിപ്പിക്കാന്‍ ഡി കെ ശിവകുമാറിനെപോലുള്ള കുറച്ചുപേര്‍ ഉണ്ടായാല്‍ മതിയെന്നും കണക്കുകൂട്ടുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ഇപ്പോള്‍ ഗ്രസിച്ചിരിക്കുന്നത് ആസന്ന മരണ ചിന്തകള്‍ ആണെന്ന് തന്നെയാണ്.

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories