TopTop
Begin typing your search above and press return to search.

പൊള്ളാച്ചി പീഡനക്കേസ്; തമിഴ്‌നാട് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റിന് അന്വേഷണ സംഘം സമന്‍സ് അയച്ചു

പൊള്ളാച്ചി പീഡനക്കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റിന് അന്വേഷണ സംഘം സമന്‍സ് അയച്ചു. കേസിലെ മുഖ്യപ്രതി തിരുന്നാവക്കരസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ മയൂര ജയകുമാറിന് ക്രൈംബ്രാഞ്ച് സിബി-സിഐഡി സമന്‍സ് അയച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ കിട്ടിയ തിരുന്നവാക്കരസിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ്, ഫ്രെബുവരി 12 ന് താന്‍ ജയകുമാറിനൊപ്പം ഉണ്ടായിരുന്നുവെന്ന്് ഇയാള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഫെബ്രുവരി 12 നാണ് പൊള്ളാച്ചി സ്വദേശിയായ 19 കാരി കോളേജ് വിദ്യാര്‍ത്ഥിനിയെ തിരുന്നാവക്കരസ്, സതീഷ് വസന്തകുമാര്‍, ശബരിരാജന്‍ എന്നിവര്‍ കാറില്‍ കൊ്ണ്ടുപോയി ഉപദ്രവിച്ചത്. വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയും അന്നേ ദിവസം താന്‍ ഉപദ്രവിക്കപ്പെട്ടുവെന്നാണ്.

പ്രതികള്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കാറില്‍ കൊണ്ടുപോയി ഉപദ്രവിച്ച സംഭവവുമായി ഏതെങ്കിലും രാഷ്ട്രീയ നേതാവിന് ബന്ധമുണ്ടെന്നതിന് ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ലെന്നും എന്നാല്‍ പ്രധാന കുറ്റാരോപിതന്‍, അന്നേ ദിവസം താന്‍ കോണ്‍ഗ്രസ് നേതാവിനൊപ്പം ഉണ്ടായിരുന്നുവെന്നു മൊഴി നല്‍കിയതിന്റെ പുറത്താണ് മയൂര ജയകുമാറിന് സമന്‍സ് അയച്ചതെന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതെന്നു ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി ഈ കോണ്‍ഗ്രസ് നേതാവിനെ കുറിച്ച് പരാതിയില്‍ പറഞ്ഞിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു പറയുന്നുണ്ട്.

കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി നാലു ദിവസത്തേക്കാണ് തിരുന്നാവക്കരസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്. ബാക്കി മൂന്നുപേരെയും കസ്റ്റഡിയില്‍ വാങ്ങാനാണ് ഇപ്പോള്‍ അന്വേഷണം സംഘം തയ്യാറെടുക്കുന്നത്.

അതേസമയം പൊള്ളാച്ചി പീഡനക്കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ കാലതാമസം വരികയാണ്. കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിച്ചുകൊണ്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഇറക്കിയ ആദ്യ ഉത്തരവില്‍ ഇരയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. ഈ ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവ് ഇറക്കാന്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ നഷ്ടപരിഹരമായി 25 ലക്ഷം രൂപ പെണ്‍കുട്ടിയുടെ കുടംബത്തിന് സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശ പ്രകാരം പുതുക്കിയ ഉത്തരവ് ലഭിക്കാത്തതാണ് സിബിഐ കേസ് ഏറ്റെടുക്കാന്‍ താമസം വരുന്നതിനു കാരണമായി പറയുന്നത്.

മയൂര ജയരാമനെതിരേ സമന്‍സ് അയച്ചത് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്ക് ഈ കേസില്‍ പങ്കുണ്ടെന്ന ആരോപണം തുടക്കം മുതല്‍ ശക്തമായിരുന്നു. പീഡനക്കേസ് പ്രതികളിലൊരാളായ തിരുന്നാവക്കരസ് പുറത്തു വന്ന ഒരു വീഡിയോയില്‍ തങ്ങള്‍ക്ക് രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമാണെന്നു പറയുന്നുണ്ട്. അതേപോലെ പരാതിക്കാരിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എ ഐ ഡി എം കെ പ്രാദേശിക നേതാവ് എ നാഗരാജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഭരണകക്ഷിയായ എ ഐ എ ഡി എം കെയും മുഖ്യപ്രതിപക്ഷമായ ഡിഎംകെയും തമ്മില്‍ നിയമയുദ്ധം വരെ ഇതിന്റെ പേരില്‍ തുടങ്ങിയിട്ടുണ്ട്. അണ്ണാ ഡിഎംകെ സര്‍ക്കാരിലെ ചില പ്രമുഖരുടെ മക്കള്‍ക്ക് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് ഡിഎംകെയുടെ പ്രധാന ആക്ഷേപം. എന്നാല്‍ സര്‍ക്കാരിനെയും പാര്‍ട്ടിയേയും ബോധപൂര്‍വം അപമാനിക്കാന്‍ ഡിഎംകെ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് എഐഎഡിഎംകെ ഈ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. തന്റെ മകനെതിരേ വ്യാജ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ആരോപിച്ച് എഐഎഡിഎം കെയുടെ മുതിര്‍ന്ന നേതാവും നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായ പൊള്ളാച്ചി ജയരാമന്‍ ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്റെ മരുമകന്‍ ശബരീശനെതിരേ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയ ബന്ധങ്ങളും പൊലീസിന്റെ ഭാഗത്തു നിന്നുള്ള കൃത്യവിലോപങ്ങളും ചൂണ്ടിക്കാണിച്ച് പൊള്ളാച്ചി പീഡനക്കേസ് കോടതി മേല്‍നോട്ടത്തില്‍ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിം കോടതിയിലും ഹൈ കോടതിയിലും സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ തമിഴ്‌നാടിനു പുറത്താക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ ഈ ആവശ്യമുന്നയിച്ച് കോടതിക്ക് പുറത്ത് പ്രകടനങ്ങളും നടത്തിയിരുന്നു.


Next Story

Related Stories