Top

ഭീമ കോറിഗാവില്‍ നിന്നും കൊളുത്തിയ സമരാഗ്നിയുമായി വീണ്ടും പ്രകാശ് അംബേദ്‌കര്‍

ഭീമ കോറിഗാവില്‍ നിന്നും കൊളുത്തിയ സമരാഗ്നിയുമായി വീണ്ടും പ്രകാശ് അംബേദ്‌കര്‍
പൂനെയിലെ ഭീമ കോറിഗാവില്‍ ദലിതര്‍ക്കെതിരെ നടന്ന അക്രമം മഹാരാഷ്ട്രയിലെ ഭിന്നിച്ച് ചിതറിയ ദലിത് ഗ്രൂപ്പുകളേയും സംഘടനകളേയും ഏകോപിപ്പിക്കാന്‍ സഹായകമാകുമെന്ന വിലയിരുത്തലുണ്ട്. ഡോ.ബിആര്‍ അംബേദ്കറുടെ കൊച്ചുമകനും ഭരിപ ബഹുജന്‍ മഹാസംഘ് പ്രസിഡന്റുമായ പ്രകാശ് അംബേദ്കറാണ് ഈ ഏകോപനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന നേതാവ്. രണ്ട് പതിറ്റാണ്ടോളമായി സംസ്ഥാനത്തിന്‍റെ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്ന, 63കാരനായ പ്രകാശ് അംബേദ്കറുടെ രാഷ്ട്രീയ പുനരുജ്ജീവനമായേക്കും പുതിയ ദലിത് മുന്നേറ്റം എന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം വിദര്‍ഭ മേഖലയില്‍ അമരാവതിയി, അകോല ജില്ലകളിലെ പരുത്തി കൃഷിയില്‍ കേന്ദ്രീകരിക്കുന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തനം ഒതുക്കിനിര്‍ത്തിയിരിക്കുകയായിരുന്നു പ്രകാശ് അംബേദ്കര്‍.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ സജീവമായ ഇടപെടല്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നെങ്കിലും ദേശീയതലത്തില്‍ ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായി പ്രകാശ് അംബേദ്കര്‍ നിരന്തര ബന്ധം പുലര്‍ത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടതുപക്ഷ, സോഷ്യലിസ്റ്റ്, മതനിരപേക്ഷ ജനാധിപത്യ കക്ഷികളുമായി അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തി. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തുടക്കത്തില്‍ വിജയിച്ചെങ്കിലും പിന്നീട് പരാജയമേറ്റുവാങ്ങി. 1990 മുതല്‍ 96 വരെ രാജ്യസഭാംഗം ആയിരുന്ന അദ്ദേഹം 1998ലും 99ലും അകോലയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ ഇവിടെ തുടര്‍ച്ചയായി പരാജയമേറ്റു വാങ്ങി. ഏതായാലും മറാത്ത സമുദായക്കാരില്‍ നിന്നുള്ള പീഡനങ്ങള്‍ക്കെതിരായി ദലിത്, ഒബിസി വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും സംസ്ഥാനത്തെ ജനകീയ പ്രതിഷേധം കൊണ്ട് സ്തംഭിപ്പിക്കുന്നതിലും പ്രകാശ് അംബേദ്കറിന്റെ പങ്ക് വലുതാണ്. ഭീമ കൊറിഗാവ് ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ബിജെപിയും കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയുമെല്ലാം ഭിന്നിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ദലിത് ഗ്രൂപ്പുകളെ ഏകോപിപ്പിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഡോ.അംബേദ്കര്‍ സ്ഥാപിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) മറാത്ത് വാഡയിലും വിദര്‍ഭയിലും വടക്കന്‍, പശ്ചിമ മേഖലകളിലുമെല്ലാം. വിവിധ ഗ്രൂപ്പുകളായി ഭിന്നിച്ചുനില്‍ക്കുകയാണ്. 1990കളില്‍ ഒമ്പത് ദലിത് ഗ്രൂപ്പുകളേയും ഏകോപിപ്പിക്കാന്‍ പ്രകാശ് അംബേദ്കര്‍ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി യുണൈറ്റഡ് ദലിത് ഡെമോക്രാറ്റിക് ഫ്രണ്ട് രൂപീകരിക്കുകയും ആര്‍പിഐയുടെയും പിന്നീട് ഭരിപ ബഹുജന്‍ മഹാസംഘിന്‍റെയും പ്രതിനിധിയായി ലോക്സഭയിലെത്തി.1998ല്‍ പ്രകാശ് അംബേദ്കര്‍, രാംദാസ് അതാവാലെ, യോഗേന്ദ്ര കവാദെ, ആര്‍എസ് ഗവായ് എന്നിവര്‍ ലോക്‌സഭയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ദലിത് ശബ്ദങ്ങളായി. എന്നാല്‍ ഒരു വര്‍ഷത്തിനകം ദലിത് മുന്നണി തമ്മിലടിച്ച് പിരിയുകയും പ്രകാശ് അംബേദ്കര്‍ ഒതുക്കപ്പെടുകയും ചെയ്തു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രകാശ് അംബേദ്കറുടെ പുതിയ രാഷ്ട്രീയ ഉദയം നിലവില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന, കേന്ദ്രമന്ത്രി കൂടിയായ ആര്‍പിഐ (എ) നേതാവ് രാംദാസ് അതാവാലെയുടെ ജനപിന്തുണ ഇല്ലാതാക്കുമോ എന്ന ചോദ്യമുണ്ട്. അതേസമയം ഭീമ കോറിഗാവിലെ അതിക്രമത്തിനെതിരെ സ്വാഭാവികമായി ഉയര്‍ന്നുവന്ന ദലിത് രോഷവും പ്രതിഷേധവുമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ഇതില്‍ രാഷ്ട്രീയത്തിന്റേയോ നേതൃത്വത്തിന്റേയും പ്രശ്‌നം വരുന്നില്ലെന്നും രാംദാസ് അതാവാലെ അഭിപ്രായപ്പെട്ടു. തങ്ങളുടെ പിന്തുണയാണ് പ്രകാശ് അംബേദ്കര്‍ ആഹ്വാനം ചെയ്ത ബന്ദില്‍ നിര്‍ണായകമായതെന്നും അതാവാലെ അവകാശപ്പെട്ടു. ഈ ദലിത് മുന്നേറ്റം മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരു മുന്നറിയിപ്പാണെന്ന് ദലിത് ആക്ടിവിസ്റ്റായ തുഷാര്‍ ജഗ്താപ് അഭിപ്രായപ്പെടുന്നു.

ഈ ദലിത് മുന്നേറ്റം മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരു മുന്നറിയിപ്പാണെന്ന് ദലിത് ആക്ടിവിസ്റ്റായ തുഷാര്‍ ജഗ്താപ് അഭിപ്രായപ്പെടുന്നു. ദലിതര്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളും ദലിത് വിരുദ്ധ നയങ്ങളും ബിജെപിക്കും സംഘപരിവാറിനും എതിരായി ശക്തമായ മുന്നേറ്റത്തിലേയ്ക്കാണ് നയിക്കുന്നത്. വിശ്വസനീയമായ നേതൃത്വം ഇനിയും ഉയര്‍ന്നുവരേണ്ടതുണ്ടെന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ പ്രവചിക്കുക സാധ്യമല്ലെന്നും തുഷാര്‍ പറയുന്നു.

Next Story

Related Stories