UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspective

കെയ് ബെനഡിക്ട്

ട്രെന്‍ഡിങ്ങ്

മണിക് സര്‍ക്കാര്‍ സിപിഎം ജനറല്‍ സെക്രട്ടറിയാകുമോ?

മണിക് സര്‍ക്കാരിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ കാരാട്ട് പക്ഷം; വീഴാതെ നോക്കാന്‍ യെച്ചൂരി

പാര്‍ട്ടി അഭിമുഖീകരിക്കുന്ന ഗുരുതരമായ അസ്തിത്വ പ്രതിസന്ധികളെ നേരിടുന്നതിന് പകരം സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് പക്ഷങ്ങള്‍ തമ്മിലുള്ള കണക്കുതീര്‍ക്കലിനാകും ഹൈദരാബാദില്‍ നടക്കാന്‍ പോകുന്ന സി പി എമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാവുക.

നിര്‍ണായകമായ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (മാര്‍ക്സിസ്റ്റ്)-ല്‍ വിഭാഗീയ തര്‍ക്കങ്ങള്‍ രൂക്ഷമാവുകയാണ്. കേരള ഘടകത്തിന്റെ പിന്തുണയോടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള വിഭാഗം നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നീക്കി മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ ആ പദവിയില്‍ ഇരുത്താനുള്ള ശ്രമത്തിലാണ്.

പക്ഷേ വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ ലക്ഷ്യമിടുന്ന യെച്ചൂരി എളുപ്പം വഴിമാറിക്കൊടുക്കില്ല. അദ്ദേഹത്തിന്റെ അനുകൂലികളും സാഹചര്യങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. 90 പേരടങ്ങുന്ന കേന്ദ്ര സമിതിയാണ് ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.

ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് കൂടാതെ, ഭാവി രാഷ്ട്രീയ-അടവ് നയവും പാര്‍ടിയുടെ പരമോന്നത നയ രൂപീകരണ കേന്ദ്രമായ 5 ദിവസത്തെ കോണ്‍ഗ്രസ് തീരുമാനിക്കും.

ബി ജെ പിയെ തോല്‍പ്പിക്കാന്‍ എല്ലാ മതേതര കക്ഷികളുമായും (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അടക്കം) തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കണമെന്ന, അടവ്- രാഷ്ട്രീയ നയത്തിനുള്ള യെച്ചൂരിയുടെ ഭേദഗതിക്ക് പിന്തുണ നേടാനും വോട്ടിനിട്ട് തള്ളാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്ര സമിതി യോഗത്തില്‍ യെച്ചൂരിയുടെ പ്രമേയം പരാജയപ്പെടുത്താന്‍ കാരാട്ട് പക്ഷത്തിനായി. എന്നാല്‍, നൂറുകണക്കിനു പ്രതിനിധികള്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുമെന്ന് കരുതുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നയത്തില്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

അവസാനത്തെ മാര്‍ക്സിസ്റ്റ് കോട്ടയായ (കേരളത്തില്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ മാറിമാറിയാണ് ഭരണത്തില്‍ വരുന്നത്) ത്രിപുര ബി ജെ പി പിടിച്ചെടുത്തിട്ടും പാര്‍ട്ടി ഒരു പാഠവും പഠിച്ചില്ല എന്നാണ് കാണാന്‍ കഴിയുന്നത്.

“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

ഇത്തരം ഗൌരവമായ പ്രശ്നങ്ങളെ നേരിടാനുള്ള ചര്‍ച്ചകള്‍ക്ക് പകരം യെച്ചൂരി പക്ഷവും കാരാട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയനും നയിക്കുന്ന കേരള വിഭാഗവും തമ്മിലുള്ള വിഭാഗീയ തര്‍ക്കത്തിനാണ് കളമൊരുങ്ങുന്നത്.

യെച്ചൂരിയെ രണ്ടാം തവണ ജനറല്‍ സെക്രട്ടറിയാക്കാതിരിക്കാനുള്ള തിരക്കഥയാണ് ഒരുങ്ങുന്നതെന്ന് ചില സി പി എം നിരീക്ഷകര്‍ കരുതുന്നു.

ഈ തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ നടന്ന സ്ഥലത്തുണ്ടായിരുന്ന പി ബി അംഗങ്ങളുടെ യോഗത്തില്‍ ഇതിന്റെ സൂചനകള്‍ ലഭിച്ചു. രാഷ്ട്രീയ-അടവ് നയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിക്കുന്നതിന് പകരം, അടുത്ത ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള പിന്തുണ സമാഹരിക്കാനുള്ള തിരക്കിലായിരുന്നു ഇരു വിഭാഗങ്ങളിലെയും നേതാക്കള്‍.

പ്രകാശ് കാരാട്ട്, താങ്കളെ ഓര്‍ത്ത് ലജ്ജിക്കുന്നു: ആനന്ദ് പട്‌വര്‍ദ്ധന്‍

പി ബി യോഗത്തില്‍ കരട് പ്രമേയ ചര്‍ച്ചയുടെ അജണ്ടയ്ക്കപ്പുറം കടന്ന്, കോണ്‍ഗ്രസുമായി മാത്രമല്ല, പ്രാദേശിക കക്ഷികളുമായിപ്പോലും ധാരണ പാടില്ലെന്ന് ഒരു കാരാട്ട് പക്ഷ അംഗം വാദിച്ചു എന്നാണറിയുന്നത്.

നേരത്തെ പോളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട് (70), ബി വി രാഘവലു (67), എസ് രാമചന്ദ്രന്‍ പിള്ള (80) എന്നിവര്‍ യെച്ചൂരിയുടെ പിന്‍ഗാമിയാകാനുള്ള കളത്തിലുണ്ടായിരുന്നു. പിള്ളയുടെ കാര്യത്തില്‍ പ്രായം വിലങ്ങുതടിയായി. യെച്ചൂരിയെ വെച്ചുനോക്കുമ്പോള്‍ രാഘവലു ഒരു തുടക്കക്കാരനാണ്. ബൃന്ദയുടെ കാര്യത്തിലാണെങ്കില്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യയായതുകൊണ്ട് സ്വജനപക്ഷപാതം ആരോപിക്കപ്പെടാം. അങ്ങനെയാണ് യെച്ചൂരിയെ അട്ടിമറിക്കാമെന്ന് കേരള ഘടകവും അനുകൂലികളും കരുതുന്ന 69-കാരനായ മണിക് സര്‍ക്കാരിന്റെ പേര് ഉയര്‍ന്നുവന്നത്.

പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഒരു ജനറല്‍ സെക്രട്ടറിക്ക് പരമാവധി മൂണ് തവണ തുടര്‍ച്ചയായി ആ പദവിയിലിരിക്കാം. 2012-ല്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട കാരാട്ട് 2005 മുതല്‍ 2015 വരെ ഏതാണ്ട് 10 കൊല്ലം ആ പദവിയിലിരുന്നു.

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കാണണമെന്നു പറയുന്ന കോൺഗ്രസിനും സിപിഎമ്മിനും ഇത് നല്ല പാഠം

രണ്ടാം തവണ യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത് തടയാന്‍ കേരള ഘടകം ഇത്ര ശക്തമായി ശ്രമിക്കുന്നത് എന്തുകൊണ്ടാണ് എന്നത് കുഴഞ്ഞുമറിഞ്ഞ കാര്യമാണ്. ഇപ്പോഴത്തെ നേതാക്കളില്‍ പഴയ നേതാവ് ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ഗണത്തിലുള്ള ആളാണ് യെച്ചൂരി. 1996-ലും 2004-ലും ബി ജെ പി അധികാരത്തിലെത്തുന്നത് തടയാന്‍ വിശാല-ബി ജെ പി വിരുദ്ധ സഖ്യം ഉണ്ടാക്കാന്‍ സുര്‍ജിതാണ് മുന്‍കൈ എടുത്തത്.

കളങ്കമില്ലാത്ത പ്രതിച്ഛായ ഉണ്ടെങ്കിലും ത്രിപുരയില്‍ ബി ജെ പിയുടെ വരവ് തടയുന്നതില്‍ പരാജയപ്പെട്ട മണിക് സര്‍ക്കാരിന്റെ പേര് പാര്‍ട്ടിക്കുള്ളില്‍ പലര്‍ക്കും സ്വീകാര്യമല്ല. കോണ്‍ഗ്രസടക്കം എല്ലാ ബി ജെ പി വിരുദ്ധ ശക്തികളെയും ഒന്നിപ്പിച്ചിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായേനെ എന്ന് ബംഗാളില്‍ നിന്നുള്ളവരടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ പലരും നിരാശപ്പെടുന്നു.

2013-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വെറും രണ്ട് ശതമാനത്തില്‍ താഴെ വോട്ടുകളാണ് ലഭിച്ചത്. ഒരാളൊഴികെ അവരുടെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവ്വെച്ച കാശ് നഷ്ടപ്പെട്ടു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ബി ജെ പി 43% വോട്ടും 35 സീറ്റും നേടി. സി പി എമ്മിന് 36% വോട്ടും കേവലം 16 സീറ്റുമാണ് ലഭിച്ചത്. ഒരു ബി ജെ പി വിരുദ്ധ സഖ്യം ഇത് നേരെ തിരിച്ചാക്കിയേനെ എന്ന് വ്യക്തമാണ്.

ഫാഷിസത്തെ തടയാന്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രം പോര; ത്രിപുര ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

അവിടത്തെ തോല്‍വിയുടെ മറ്റൊരു കാരണമായി പറയുന്നതു, ചുവരെഴുത്ത് വായിക്കാന്‍ കഴിയാഞ്ഞ മണിക് സര്‍ക്കാര്‍, യുവാക്കളുമായി കൂടുതല്‍ ബന്ധമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ്. തൊഴിലില്ലായ്മ ഒരു പ്രധാന പ്രശ്നമായി. രാജ്യത്തു ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി ത്രിപുര. ഇടതുപക്ഷത്തോടൊപ്പം നിന്ന വിദ്യാര്‍ത്ഥികള്‍ പോലും കാവിക്കൂട്ടത്തിലേക്ക് കാലുമാറി. സംസ്ഥാനത്ത് 22 സര്‍ക്കാര്‍ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി സമിതി തെരഞ്ഞെടുപ്പില്‍ ABVP 27 സീറ്റുകള്‍ നേടി. അന്നും മണിക് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നു. അത്തരമൊരു നേതാവിന് മുങ്ങിക്കൊണ്ടിരിക്കുന്ന സി പി എമ്മിനെ ദേശീയതലത്തില്‍ അണികളെ ആവേശം കൊള്ളിച്ച് രക്ഷിക്കാനാവുമോ?

കേരളത്തിലും ബംഗാളിലും നിന്നുള്ള അംഗങ്ങളാണ് പി ബിയില്‍ കൂടുതല്‍. തമിഴ്നാട് ത്രിപുര, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് മറ്റംഗങ്ങള്‍. ഇപ്പോഴത്തെ അവസ്ഥയില്‍ കേന്ദ്ര സമിതിയില്‍ ഇരുകൂട്ടരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ജനറല്‍ സെക്രട്ടറിയുടെ പദവിക്കുവേണ്ടിയുള്ള ആളെക്കൂട്ടല്‍ സജീവമാണ്. മണിക് സര്‍ക്കാരിനുള്ള പിന്തുണ കൂട്ടാനായി കാരാട്ട് അഗര്‍ത്തലയിലേക്ക് പറക്കുകയും ചെയ്തു.

കരാട്ടിന്റെ സന്ദര്‍ശനത്തിന് മുമ്പായി കാരാട്ട് പക്ഷത്തുള്ള സി ഐ ടി യു പ്രസിഡണ്ട് കൂടിയായ കെ ഹേമലതയെ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കായി പിന്തുണ തേടാന്‍ അയച്ചിരുന്നു എന്നാണ് പറയുന്നത്. ഇനിയിപ്പോള്‍ എല്ലാ കണ്ണുകളും ഹൈദരാബാദ് കോണ്‍ഗ്രസിലേക്കാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മണിക് സര്‍ക്കാര്‍ ബംഗ്ലാദേശിലേക്ക് പോകണോ? ത്രിപുരയില്‍ ജയിക്കാന്‍ സംഘപരിവാര്‍ കളിച്ച കളികള്‍

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍