TopTop
Begin typing your search above and press return to search.

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് കെണിയില്‍? മൂന്നാം മുന്നണി മോഹം പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ടോ?

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് കെണിയില്‍? മൂന്നാം മുന്നണി മോഹം പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ടോ?

2012 മുതല്‍ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും 1984 മുതല്‍ പ്രധാനമന്ത്രി സ്ഥാന മോഹിയുമായ പ്രണബ് മുഖര്‍ജി, നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് 600 കേഡര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ പോകുന്നു എന്നതാണ് കഴിഞ്ഞ ദിവസം വന്ന ശ്രദ്ധേയമായ വാര്‍ത്തകളിലൊന്ന്. ആര്‍എസ്എസിന്റെ ക്ഷണം പ്രണബ് മുഖര്‍ജി സ്വീകരിച്ചു എന്നത് സ്വാഭാവികമായും വളരെ പ്രധാനപ്പെട്ടതും ദേശീയ രാഷ്ട്രീയത്തില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പുള്ളതുമായ ഒരു വാര്‍ത്തയാണ്. സംഘ് ശിക്ഷ വര്‍ഗ് എന്ന ആര്‍എസ്എസിന്റെ വാര്‍ഷിക ട്രെയ്‌നിംഗ് ക്യാമ്പിലാണ് മുഖ്യാതിഥിയായി പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നത്. ആദ്യ മൂന്ന് വര്‍ഷങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതില്‍ മൂന്നാം വര്‍ഷക്കാര്‍ക്കായി നടത്തുന്ന ക്യാമ്പിലെ പരിപാടിയിലേയ്ക്കാണ് പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചിരുന്നത്. യാത്ര അയപ്പ് പ്രസംഗത്തില്‍ 'പ്രണബ് ദാ'യെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാനോളം പുകഴ്ത്തിയിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം മോദിയുടെ വലിയ പ്രശംസക്ക് പാത്രമായ മറ്റൊരു കോണ്‍ഗ്രസുകാരന്‍ ഒരുപക്ഷെ പ്രണബ് മുഖര്‍ജി ആയിരിക്കും.

തങ്ങളുടെ പ്രത്യയശാസ്ത്രവുമായി യോജിക്കാത്തവരേയും ഇത്തരം പരിപാടികളിലേയ്ക്ക് ക്ഷണിച്ച് അവരെ പങ്കെടുപ്പിക്കുക എന്നത് ആര്‍എസ്എസ് എല്ലാ കാലത്തും ചെയ്തുവരുന്ന കാര്യമാണ്. ഇത്തരത്തില്‍ ആദ്യമായി ക്ഷണിക്കപ്പെട്ട അല്ലെങ്കില്‍ പങ്കെടുത്ത ആദ്യ ആര്‍എസ്എസ് ഇതര നേതാവ്, മുന്‍ കോണ്‍ഗ്രസുകാരനും പിന്നീട് ഇന്ത്യന്‍ ലിബറല്‍ പാര്‍ട്ടി നേതാവുമായ, ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ മോറോപന്ത് ജോഷിയാണ് - 1933ല്‍ സ്ഥാപക സര്‍ സംഘ ചാലക് കെബി ഹെഡ്‌ഗേവാറിന്റെ കാലത്ത്. അതേസമയം ജോഷി ആര്‍എസ്എസ് സ്ഥാപകര്‍ ആയിരുന്ന ചിത് പവന്‍ ബ്രാഹ്മണ വിഭാഗത്തില്‍ പെട്ടയാള്‍ ആയിരുന്നു എന്ന ജാതീയമായ താല്‍പര്യം കൂടി ഇതിലുണ്ട്. മാത്രമല്ല കെബി ഹെഡ്‌ഗേവാര്‍ 1920കളുടെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

1925ല്‍ രൂപീകരിച്ച ആര്‍എസ്എസിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവുമില്ലായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായ ഏതെങ്കിലും പ്രക്ഷോഭത്തിലോ ഏതെങ്കിലും വിഭാഗം ജനങ്ങളുടെ അവകാശ പോരാട്ടങ്ങളിലോ അവര്‍ ഒരിക്കല്‍ പോലും ഭാഗമായിട്ടില്ല. അവര്‍ എക്കാലവും ബ്രിട്ടീഷുകാരോട് ദാസ്യ, വിധേയത്വ മനോഭാവവും ദേശീയ പ്രസ്ഥാനത്തോട് ശത്രുതയുമാണ് പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഹെഡ്‌ഗേവാറിന് വ്യക്തിപരമായി ഇത്തരത്തില്‍ ഹ്രസ്വ കാലത്തെ ചരിത്രമുണ്ട്. ആര്‍എസ്എസിന്റെ ട്രൗസറും ഷര്‍ട്ടും ഷൂസും ദണ്ഡും തൊപ്പിയുമെല്ലാം അടങ്ങുന്ന ഗണവേഷം പോലും കോണ്‍ഗ്രസില്‍ നിന്ന് 'കോപ്പിയടി'ച്ചതാണ് എന്നതാണ് വസ്തുത. കോണ്‍ഗ്രസിന്റെ വെള്ള തൊപ്പിക്ക് പകരം ആര്‍എസ്എസുകാര്‍ കറുത്ത തൊപ്പി വച്ചു എന്ന വ്യത്യാസം മാത്രം. ആര്‍എസ്എസുകാര്‍ ഈ ഗണവേഷമിട്ട് വാളുകളും ഏന്തി പലയിടങ്ങളിലും പ്രകടനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ അത് ചെയ്യാറില്ല. ഈ വളണ്ടിയര്‍ യൂണിഫോം തന്നെ കോണ്‍ഗ്രസ് പിന്നീട് ഉപയോഗിക്കാതാവുകയും ചെയ്തു. കോണ്‍ഗ്രസ് വളണ്ടിയര്‍മാരുടെ ഈ യൂണിഫോമില്‍ ജവഹര്‍ലാല്‍ നെഹ്രു നില്‍ക്കുന്ന ഫോട്ടോ വച്ചാണ്, നെഹ്രു ആര്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട് എന്ന നുണ പ്രചാരണം ആര്‍എസ്എസുകാര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത്. Playboy Nehru പോലും ഞങ്ങളുടെ ക്യാമ്പില്‍ പണ്ട് വന്നിട്ടുണ്ട് എന്നായിരുന്നു ഒരു സംഘ പ്രവര്‍ത്തകന്‍ പരിഹാസപൂര്‍വം ഫേസ്ബുക്കില്‍ അവകാശപ്പെട്ടത്.

മഹാത്മ ഗാന്ധി 1934ല്‍ വാര്‍ധയിലെ ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിച്ചിട്ടുണ്ട് എന്ന് ആര്‍എസ്എസുകാര്‍ 'അഭിമാന'ത്തോടെ പറയാറുണ്ട്. മഹാത്മ ഗാന്ധിയുടെ ഹിന്ദു മത വിശ്വാസവും ആര്‍എസ്എസിന്റെ ഹിന്ദുത്വയും തമ്മില്‍ ഒരുപാട് അകലമുണ്ടായിരുന്നു എന്നതാണ് വസ്തുതയെങ്കിലും ഗാന്ധി വധത്തില്‍ അവര്‍ ആരോപണ വിധേയര്‍ ആണെങ്കിലും ഗാന്ധി വധം അവര്‍ മധുര പലഹാരം വിതരണം ചെയ്ത് ആഘോഷിച്ചിട്ടുണ്ടെങ്കിലും ഘാതകനായ ഗോഡ്സെ അടക്കമുള്ളവര്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ടവര്‍ ആയിരുന്നു എങ്കിലും വിഡി സവര്‍ക്കര്‍ അടക്കമുള്ള ഗാന്ധി വധ കേസിലെ പ്രതികള്‍ അവര്‍ക്ക് പൂജനീയര്‍ ആണ് എങ്കിലും ആര്‍എസ്എസുകാര്‍ ഗാന്ധിയുടെ ഈ സന്ദര്‍ശനം ആഘോഷിക്കുന്നു. എതിര്‍ പ്രത്യയശാസ്ത്രങ്ങള്‍ പുലര്‍ത്തുന്നവരെ appropriate ചെയ്യുന്നതിന്റെ ഭാഗമാണ് ആവര്‍ത്തിച്ചുള്ള ഈ പ്രചാരണങ്ങള്‍. എംകെ ഗാന്ധിയേയും വിഡി സവര്‍ക്കറിനെയും ഒരേ സമയം പുകഴ്ത്താനും പാര്‍ലമെന്റില്‍ മുഖാമുഖം നിര്‍ത്താനും അവര്‍ക്ക് കഴിയും.

ഗാന്ധിയനും ആരോഗ്യ പ്രവര്‍ത്തകനുമായിരുന്ന അഭയ് ബാംഗ്, സിബിഐ ഡയറക്ടറായിരുന്ന ജോഗീന്ദര്‍ സിംഗ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് ആര്‍എസ് ഗവായ്, നേപ്പാള്‍ ആര്‍മി മുന്‍ തലവന്‍ റൂക്മാംഗുദ് കടാവല്‍, മുന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എവൈ ടിപ്‌നിസ് തുടങ്ങിയവരെല്ലാം ആര്‍എസ്എസ് ക്യാമ്പിലെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തിട്ടുണ്ട്. ഇതില്‍ എവൈ ടിപ്‌നിസ് ആണ് ആര്‍എസ്എസ് ക്യാമ്പില്‍ പോയി ആര്‍എസ്എസിനേയും അതിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തേയും ആര്‍എസ്എസിന്റെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമര്‍ശിച്ച് ശ്രദ്ധേയനായത്. മതേതരത്വവും ഭരണഘടനയും സഹിഷ്ണുതയും നിലനില്‍ക്കേണ്ടതിനെക്കുറിച്ചാണ് എവൈ ടിപ്‌നിസ് സംസാരിച്ചത്. അന്നത്തെ സര്‍ സംഘചാലക് കെഎസ് സുദര്‍ശന്റെ ക്ഷണ പ്രകാരമാണ് ടിപ്‌നിസ് പരിപാടിക്കെത്തിയത്. സുദര്‍ശനും ടിപ്‌നിസും തമ്മില്‍ പരിപാടിയില്‍ വച്ച് രൂക്ഷമായ തര്‍ക്കമുണ്ടായി.

മഹാത്മ ഗാന്ധി എന്ന ലോകത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരന്‍ ആര്‍എസ്എസ് ക്യാമ്പില്‍ പോയ സ്ഥിതിക്ക് തനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് വേണമെങ്കില്‍ പ്രണബ് മുഖര്‍ജിക്ക് ചോദിക്കാം. പക്ഷെ രാഷ്ട്രീയ സാഹചര്യം വളരെ വ്യത്യസ്തമാണ്. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്ന കാലമാണ്. യുപിയില്‍ ബദ്ധവൈരികള്‍ ആയ എസ് പിയും ബി എസ് പിയും കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും എല്ലാം ബിജെപിക്കെതിരെ ഐക്യപ്പെടുന്ന കാലമാണ്. ഇങ്ങനെയൊരു സമയത്താണ് പ്രണബ് മുഖര്‍ജി എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍എസ്എസ് ക്യാമ്പിലെ പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുക്കാന്‍ പോകുന്നത്. പല കോണ്‍ഗ്രസ് നേതാക്കളും ക്ഷണം സ്വീകരിച്ച തീരുമാനം പിന്‍വലിക്കണം എന്ന് പ്രണബിനോട്‌ ആവശ്യപ്പെട്ടതായും എന്നാല്‍ അദ്ദേഹം അത് ഗൗനിച്ചിട്ടില്ലെന്നുമാണ് സൂചന.

2006 മുതല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ തുടര്‍ച്ചയായ ബോംബ് സ്‌ഫോടനങ്ങളുടേയും ഭീകരാക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ ആര്‍എസ്എസിന്റെ ഭീകര ബന്ധം അന്വേഷിക്കണമെന്ന് 2010ല്‍ എഐസിസിയുടെ ബുരാരി പ്ലീനറി സെഷനില്‍ ആവശ്യപ്പെട്ടത് പ്രണബ് മുഖര്‍ജി ആയിരുന്നു. എന്നാല്‍ രാഷ്ട്രപതിയായ ശേഷം, 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രണബ് സംഘപരിവാറുമായി അടുക്കുന്നു എന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. പുറമേയ്ക്ക്, അതായത് പൊതുവേദികളിലും മറ്റും അദ്ദേഹം രാജ്യത്തെ വളര്‍ന്നുവരുന്ന വര്‍ഗീയ അസഹിഷ്ണുതയെ പറ്റി മുന്നറിയിപ്പ് നല്‍കിയും മോദി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് കയ്യടി നേടിയെങ്കിലും പ്രണബിന് ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് പലരും കണ്ടെത്തി. പ്രണബ് മുഖര്‍ജി ബംഗാളി ബ്രാഹ്മണനും കാളീ ഭക്തനും കുടുംബ ക്ഷേത്രത്തിലെ പൂജാരിയും ഒക്കെയാണ്. എന്നുവച്ച് അദ്ദേഹം ഇത്ര പെട്ടെന്ന് കടുത്ത വര്‍ഗീയവാദിയും ഹിന്ദുത്വ ഫാഷിസ്റ്റും ആയി മാറി എന്ന് കരുതാന്‍ ബുദ്ധിമുട്ടാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആര്‍ എസ് എസിനോട് ഉണ്ടായിരുന്ന മൃദു സമീപനമോ കോണ്‍ഗ്രസുകാര്‍ പല ഘട്ടങ്ങളിലും പുലര്‍ത്തിയ, ആര്‍എസ്എസിന്‍റെ വളര്‍ച്ചയ്ക്ക് സഹായമായിട്ടുള്ള മൃദുഹിന്ദുത്വ നിലപാടുകളോ ഒന്നും പ്രണബിന്‍റെ തീരുമാനത്തെ സ്വാഭാവികമാക്കും എന്ന് തോന്നുന്നില്ല.

സിറ്റിസണ്‍ മുഖര്‍ജി എന്നാണ് പ്രണബിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലെ പേര്. കോണ്‍ഗ്രസിനതീതനായ ഒരു സര്‍വ്വസമ്മത പൗര പ്രമുഖനാണ് താന്‍ എന്ന് കാണിക്കാനുള്ള പ്രണബിന്റെ വ്യഗ്രതയുടെ ഭാഗമാണ് ഇതെന്നും അല്ലാതെ എതിര്‍ പ്രത്യയശാസ്ത്രം പുലര്‍ത്തുന്നവരുടെ രാഷ്ട്രീയ വേദിയില്‍ പോയി അത്യുദാരമായ ജനാധിപത്യ മൂല്യം ഉയര്‍ത്തിപ്പിടിക്കാനൊന്നും അല്ലെന്നുമാണ് വിമര്‍ശനം ഉയരുന്നത്. പ്രണബ് അങ്ങനെ ഒന്നും കാണാതെ എന്തെങ്കിലും ചെയ്യില്ലെന്നും അവര്‍ കരുതുന്നു. ഏതായാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ എഴുതിത്തള്ളാറായിട്ടില്ലെന്നും ഡല്‍ഹിയിലെ വിരമിച്ച രാഷ്ട്രപതിയുടെ ബംഗ്ലാവില്‍ താന്‍ വിശ്രമജീവിതം നയിക്കുമെന്ന് ആരും കരുതേണ്ടെന്നും പറയാനുള്ള ശ്രമം പ്രണബ് മുഖര്‍ജി നടത്തുന്നുണ്ട്. മറ്റൊരു മുന്‍ രാഷ്ട്രപതിയും നടത്തിയിട്ടില്ലാത്ത രാഷ്ട്രീയ നീക്കം. മലേഷ്യയിലെ 92കാരന്‍ മഹാതിര്‍ മുഹമ്മദ്‌ പ്രണബിനെ പ്രചോദിപ്പിക്കുന്നുണ്ടോ? അദ്ദേഹത്തിന് ഊര്‍ജ്ജം നല്‍കുന്നുണ്ടോ? മലേഷ്യയില്‍ മഹാതിറിനു ഉണ്ടായിരുന്ന വലിയ ജനപിന്തുണ ഇന്ത്യയില്‍ പ്രണബിന് അവകാശപ്പെടാന്‍ കഴിയില്ല. അത്തരം ഒരു പാന്‍ ഇന്ത്യന്‍ നേതാവുമല്ല അദ്ദേഹം. എന്നാലും മറ്റ് പല കോണ്‍ഗ്രസ് നേതാക്കളെക്കാളും പ്രതിച്ഛായ നിര്‍മ്മിതിയില്‍ വിജയിച്ചയാളാണ്.

കാളി കഴിഞ്ഞാല്‍ പിന്നെ പ്രണബ് മുഖര്‍ജി പൂജിച്ചതും ആരാധിച്ചതും ഇന്ദിര ഗാന്ധിയെ ആയിരിക്കും. എന്നാല്‍ ഇന്ദിരക്ക് ശേഷം താന്‍ തന്ന പ്രധാനമന്ത്രി എന്ന് വിശ്വസിച്ചിരുന്ന പ്രണബിനെ മകന്‍ രാജീവ് ഗാന്ധി മൂലയ്ക്കിരുത്തി. അധികാരത്തിലേയ്ക്ക് അടുപ്പിച്ചതേയില്ല. പ്രണബിന്റെ ആ ദുഖം 82ാം വയസിലും വയസിലും തുടരുകയാണ്. The Coalition Years എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സാക്ഷി നിര്‍ത്തി പ്രണബ് ഈ ദുഖവും നിരാശയും ആവര്‍ത്തിച്ചിരുന്നു. സോണിയ തന്നെ പ്രധാനമന്ത്രിയാക്കും എന്ന് വെറുതെയെങ്കിലും പ്രതീക്ഷിച്ചതിനെ കുറിച്ച്. 2004ല്‍ സോണിയ ഗാന്ധി പിന്മാറിയപ്പോള്‍ മന്‍മോഹന്‍ സിംഗിനെയാണ് അവര്‍ തനിക്ക് പകരം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്. സഞ്ജയ ബാരുവിന്റെ പുസ്തകത്തിന്റെ പേര് (The Accidental Prime Minister) സൂചിപ്പിക്കുന്നത് പോലെ ഏറെക്കുറെ ഇന്ത്യന്‍ രാഷ്ട്രീയ വ്യവഹാരങ്ങളെ സംബന്ധിച്ചെങ്കിലും അപ്രതീക്ഷിതമായിരുന്നു ആ തിരഞ്ഞെടുപ്പ്. ഇന്ത്യയിലേയും വിദേശത്തെയും കോര്‍പ്പറേറ്റുകളെ സംബന്ധിച്ച് ഒരുപക്ഷെ അങ്ങനെ ആയിരിക്കില്ലെങ്കിലും.

2012ല്‍ പ്രതിഭ പാട്ടീലിന്റെ കാലാവധി പൂര്‍ത്തിയായപ്പോളെങ്കിലും, മന്‍മോഹനെ രാഷ്ട്രപതിയാക്കി അടുത്ത രണ്ട് വര്‍ഷത്തേയ്‌ക്കെങ്കിലും തന്നെ സോണിയ പ്രധാനമന്ത്രിയാക്കുമെന്ന് പ്രണബ് പ്രതീക്ഷിച്ചു. എന്നാല്‍ അതും സംഭവിച്ചില്ല. മന്‍മോഹന്‍ പ്രധാനമന്ത്രിയായി തുടര്‍ന്നു. പ്രണബിനെ റെയ്‌സിന ഹില്‍സിലേയ്ക്ക് അയച്ച് സോണിയ ആദരിക്കുകയും ചെയ്തു. 1991ല്‍ നരസിംഹ റാവുവിനെയും 2004ലും 2009ലും മന്‍മോഹന്‍ സിംഗിനെയും കൊണ്ട് കോണ്‍ഗ്രസ് പ്രണബിന് മുന്നില്‍ പഴയ 7 റേസ് കോഴ്സ് റോഡിന്‍റെ ഗെയ്റ്റ് അടച്ചു. 2012ല്‍ അത് തുറക്കാതെ സന്ദേശം വ്യക്തമാക്കുകയും ചെയ്തു. ഇത് പ്രണബ് മുഖര്‍ജി അങ്ങനെ എളുപ്പം മറക്കണം എന്നില്ല. തന്നെ കാണാന്‍ വരുന്ന രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം തുടര്‍ന്നും ഉപദേശങ്ങള്‍ നല്‍കിയേക്കാം എങ്കിലും.

1997ല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റി, ബംഗാളില്‍ പാര്‍ട്ടി പിളര്‍ത്തിയ മമത ബാനര്‍ജിയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1977 മുതല്‍ അധികാരത്തിന് പുറത്തായ ബംഗാളിലെ കോണ്‍ഗ്രസിനും പിന്നീട് 'തിരിഞ്ഞുനോക്കേണ്ടി' വന്നിട്ടില്ല. മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന സ്ഥാനവും തെറിച്ചു. ബംഗാളിലെ കോണ്‍ഗ്രസിനെ പതിറ്റാണ്ടുകള്‍ നിയന്ത്രിച്ചിരുന്ന പ്രണബ് മുഖര്‍ജിക്ക് സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുരടിപ്പില്‍ വലിയ പങ്കുണ്ടെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. മമതയും തൃണമൂലും ഉണ്ടായത് തന്നെ പ്രണബ് മൂലമാണ് എന്ന് കരുതുന്നവരുണ്ട്. ചന്ദ്രശേഖര റാവുവുമായി ചേര്‍ന്നുള്ള മമതയുടെ ഫെഡറല്‍ മുന്നണി നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രണബ് മുഖര്‍ജിയുമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകരില്‍ പലരും പറയുന്നു.

ഒരു കോണ്‍ഗ്രസ് ഇതര ബിജെപി, ഇതര മൂന്നാം മുന്നണിക്കായി പ്രണബ് മുഖര്‍ജി ശ്രമിക്കുന്നു എന്ന വാര്‍ത്ത പല മാധ്യമങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഒരേ സമയം കോണ്‍ഗ്രസിനൊപ്പമുള്ള പ്രതിപക്ഷ ഐക്യത്തിലും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അടക്കമുള്ളവരെ ചേര്‍ത്തുള്ള ഫെഡറല്‍ മുന്നണി എന്ന സങ്കല്‍പ്പത്തിലുമെല്ലാം കാലിട്ട് നില്‍ക്കുന്ന മമത ബാനര്‍ജിയെ പോലുള്ള നേതാക്കള്‍ ഒരു ഭാഗത്ത് ഇത്തരം സൂചനകള്‍ യാതൊരു വ്യക്തതയുമില്ലാതെ ഇടയ്ക്ക് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഭുബനേശ്വറിലെ തന്റെ ഔദ്യോഗിക വസതിയില്‍ തന്നോടൊപ്പം മേശക്ക് ചുറ്റമിരുന്ന് ഭക്ഷണം കഴിക്കുന്ന നേതാക്കളുടെ ചിത്രം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രണബ് മുഖര്‍ജി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ജനത ദള്‍ എസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബിജെപിയില്‍ മോദി - അമിത് ഷാ നേതൃത്വത്താല്‍ അവഗണിക്കപ്പെട്ട് കഴിയുന്ന മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി എന്നിവരാണ് നവീന്‍ പട്‌നായികിനോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നത്. നവീന്‍ പട്നായിക്കും പ്രണബ് മുഖര്‍ജിയുമെല്ലാം ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. നവീന്‍ പട്‌നായികിന്റെ പിതാവും ഒഡീഷ മുന്‍ മുഖ്യമന്ത്രിയുമായ ബിജു പട്‌നായികിന്റെ ജീവചരിത്രം പ്രകാശനം ചെയ്യുന്ന ചടങ്ങിനായാണ് നേതാക്കളെ നവീന്‍ ക്ഷണിച്ചത്. എന്നാല്‍ ഇത് വെറുമൊരു ഉച്ചഭക്ഷണ കൂടിച്ചേരല്‍ അല്ലെന്നും ഒരു മൂന്നാം മുന്നണിയുടെ ആദ്യ ഘട്ട ചര്‍ച്ചയാണ് എന്നുമൊക്കെയാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാര കസേര പണിയുന്നതില്‍ പ്രധാന പങ്ക് വഹിച്ച, ബാബറി മസ്ജിദിന്റെ തകര്‍ത്തതിന്റെ ഇന്ത്യന്‍ മതനിരപേക്ഷ രാഷ്ട്രീയത്തിന് ആഴത്തില്‍ മുറിവേല്‍പ്പിച്ചതിന്റേയും കളങ്കം കഴുകിക്കളയാനാകാത്ത എല്‍കെ അദ്വാനി, ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യം സംരക്ഷിക്കാന്‍ എന്ന് അവകാശപ്പെട്ട് ബിജെപിക്കെതിരായി രൂപപ്പെടുന്ന മൂന്നാം മുന്നണിയില്‍ എങ്ങനെ ഭാഗമാകും എന്ന ചോദ്യമുണ്ട്.

മൂന്നാം മുന്നണി എന്ന ആശയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനും പ്രതിപക്ഷ ഐക്യം തകര്‍ക്കാനും മാത്രമേ ഉപകരിക്കൂ എന്ന തിരിച്ചറിവ്, മൂന്നാം മുന്നണിയുടെ ശക്തരായ വക്താക്കള്‍ ആയിരുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. അതുകൊണ്ടാണ് അവര്‍ ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാത്തതും. മൂന്നാം മുന്നണി സംബന്ധിച്ച ചെറിയ ചര്‍ച്ചകള്‍ പോലും നിലവില്‍ ബിജെപിയെ സന്തോഷിപ്പിക്കുന്നതാണ്. എന്നാല്‍ കടുത്ത വൈരുധ്യം ഉയര്‍ത്തിക്കൊണ്ട്, നേരത്തെ മൂന്നാം മുന്നണി എന്ന ആശയത്തെ അതിശക്തമായി എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന പ്രണബ് മുഖര്‍ജി ഇത്തരം ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുന്നു എന്ന തരത്തില്‍ സൂചനകളും വരുന്നു. എന്നാലും ഈ കൂടിക്കാഴ്ച പ്രതിപക്ഷ സഖ്യത്തിന്‍റെ തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി ഭവനില്‍ പ്രണബുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ നവീന്‍ പട് നായിക് മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അന്ന് തന്നെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നതായും പറയുന്നു. ഒഡീഷയിലും ബംഗാളിലുമെല്ലാം ബിജെപി ശക്തിപ്പെടുന്നു എന്നത് തന്നെയാണ് നവീന്റേയും മമതയുടേയും ദേശീയ മുന്നണി രൂപീകരണ താല്‍പര്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന വ്യക്തിപ്രഭാവം നിലവിലെ നേതാക്കളില്‍ പ്രണബിന് മാത്രമേ ഉള്ളൂ എന്നാണ് ഒരു ബിജെഡി എംപി എന്‍ഡിടിവിയോട് പറഞ്ഞത്.

കുടുംബക്ഷേത്രത്തിലെ കാളീ പൂജ പോലെ ഒരു വിശ്വാസ പരീക്ഷണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും പ്രണബ് നടത്തുന്നുണ്ടോ? 1984ല്‍ താന്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുത്തു എന്നും ഇതറിഞ്ഞ രാജീവ് ഗാന്ധി തന്നെ പിന്നീട് അടുപ്പിച്ചില്ല എന്നെല്ലാം ഉള്ള പ്രചാരണങ്ങള്‍ അവാസ്തവവും വെറും അപസര്‍പ്പക കഥകളും ആണ് എന്നാണ് പ്രണബ് മുഖര്‍ജി പറഞ്ഞിട്ടുള്ളത്‌. എന്നാല്‍ അവിശ്വസനീയമെന്ന് കരുതുന്ന പലതും സത്യമായിരുന്നു എന്ന് ചരിത്രവും രാഷ്ട്രീയവും പിന്നീട് തെളിയിച്ചിട്ടുണ്ട്. പ്രണബിന്‍റെ നാഗ്പൂര്‍ സന്ദര്‍ശനം ഇത്തരമൊരു സാധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടിയേക്കാം. പ്രണബ് മുഖര്‍ജി രാഷ്രപതി ആയ ശേഷം സജീവ കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടതായും അദ്ദേഹം എന്താണ് അവിടെ ചെന്ന് പറയുന്നത് എന്ന് മാത്രം നോക്കിയാല്‍ മതി എന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറയുന്നു. മുന്‍ വ്യോമസേന മേധാവിയെ പോലെ ദേശീയതയെക്കുറിച്ചും മതനിരപേക്ഷതയെ കുറിച്ചും ക്ലാസ് എടുത്ത് അദ്ദേഹം ആര്‍എസ്എസിനെ നാണം കെടുത്തും എന്ന് വിശ്വസിക്കുന്നവരുണ്ട്. 2017ലെ ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില്‍ മോദി സ്തുതി പാടിയ വെങ്കയ്യ നായിഡുവിന് കൊടുത്ത ഉജ്വലമായ ഇന്‍സ്റ്റന്റ് മറുപടി പോലൊന്ന്. പക്ഷെ അതിനായി ആര്‍എസ്എസ് പരിപാടിയില്‍ പോകേണ്ട കാര്യമില്ലല്ലോ. 2019ല്‍ ബിജെപിക്കെതിരെ വലിയൊരു പ്രത്യയശാസ്ത്ര യുദ്ധം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രണബ് മുഖര്‍ജിയെ പോലെ മുതിര്‍ന്നൊരു നേതാവ് ഇത്തരത്തില്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകും എന്ന കാര്യം വ്യക്തമാണ്.


Next Story

Related Stories