TopTop

ഇതാണോ തൊഗാഡിയ അന്ന് പറഞ്ഞ വ്യാജ ഏറ്റുമുട്ടൽ കൊല? സംഘപരിവാറിനുള്ളിൽ കലാപങ്ങള്‍ തുടങ്ങി

ഇതാണോ തൊഗാഡിയ അന്ന് പറഞ്ഞ വ്യാജ ഏറ്റുമുട്ടൽ കൊല? സംഘപരിവാറിനുള്ളിൽ കലാപങ്ങള്‍ തുടങ്ങി
ലോകത്തെ ഹൈന്ദവവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ 1964ൽ എംഎസ് ഗോൾവാൾക്കറും എസ്എസ് ആപ്തെയും സ്വാമി ചിന്മയാനന്ദയും ചേർന്നാണ് വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ചത്. ബുദ്ധരെയും സിഖുകാരെയും ജൈനരെയും (അവരംഗീകരിച്ചില്ലെങ്കിൽപ്പോലും) ഹിന്ദുക്കളായി പരിഗണിക്കുക എന്ന ഗൂഢതന്ത്രം തങ്ങളുടെ ആശയശാസ്ത്രത്തിന്റെ പ്രാഥമികഘടകമായി പറഞ്ഞുവെച്ചു എന്നതാണ് ആർഎസ്എസ്സിന്റെ പ്രവർത്തനരീതിയിൽ നിന്ന് വിഎച്ച്പിക്ക് വ്യതിരിക്തത നൽകുന്ന സ്വഭാവങ്ങളിലൊന്ന്. ഈ വിശ്വഹിന്ദു പരിഷത്തിന്റെ 52 വർഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാരണം നരേന്ദ്ര മോദിയും ആർഎസ്എസ്സും!

ഗുജറാത്തില്‍ 2002ൽ നടന്ന കൂട്ടക്കൊല സംഘടിപ്പിക്കുന്നതിൽ താനും തന്റെ സംഘടനയും ഒഴുക്കിയ വിയർപ്പിന് കണക്കു പറഞ്ഞ് പ്രതിഫലം വാങ്ങിയത് നരേന്ദ്രമോദി മാത്രമാണെന്നും തനിക്കവകാശപ്പെട്ട പങ്ക് ലഭിക്കുകയുണ്ടായില്ലെന്നുമുള്ള ഒരു പരാതി പ്രവീൺ തൊഗാഡിയയ്ക്കുണ്ടായിരുന്നു. കൂട്ടക്കൊല സംഘടിപ്പിക്കുന്നതു മുതൽ ആശുപത്രികളിൽ സംഘടിതരായി ചെന്ന് മുസ്ലിങ്ങൾക്ക് ചികിത്സ നൽകുന്നത് തടയുന്നതു വരെയുള്ള പ്രവർത്തനങ്ങളിൽ വിഎച്ച്പി സജീവമായി പങ്കെടുത്തു. ഇങ്ങനെ കഷ്ടപ്പെട്ടതിന്റെ ഗുണം മുഴുവൻ പോയത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് മാത്രമാണെന്നാണ് തൊഗാഡിയയുടെ പരാതി.

തൊഗാഡിയയുടെ ഇച്ഛാഭംഗത്തെ ഒരു വ്യക്തിയുടെ മാത്രം ഇച്ഛാഭംഗമായി കാണാനാകില്ല എന്നതാണ് വസ്തുത.

മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരിനെ 'ഹിന്ദുരാഷ്ട്രത്തിലേക്കുള്ള യാത്രയുടെ തുടക്ക'മായാണ് തൊഗാഡിയ വിശേഷിപ്പിച്ചിരുന്നത്. മോദിക്ക് കലവറയില്ലാതെ നൽകിയ പിന്തുണ വഴി ഗുജറാത്തിന്റെ ഭരണത്തിൽ ആഴത്തിലുള്ള പിടിപാട് തൊഗാഡിയ സമ്പാദിച്ചിരുന്നു. ഈ സ്വാധീനമുപയോഗിച്ച് കലാപം സൃഷ്ടിക്കാനും തങ്ങൾക്കനുകൂലമായ വിധത്തിൽ നിയന്ത്രിക്കാനുമുള്ള അനുവാദം മോദി തൊഗാഡിയയ്ക്ക് നൽകി. ദില്ലിയിലേക്ക് പടരാനിരിക്കുന്ന, രാജ്യമെമ്പാടും വ്യാപിക്കാനിരിക്കുന്ന 'ഹിന്ദുത്വത്തിന്റെ പരീക്ഷണശാല'യായി കലാപത്തെ തൊഗാഡിയ വിശേഷിപ്പിച്ചു.

2002ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി നരേന്ദ്രമോദി വിജയിച്ചതിനു ശേഷമാണ് ഇരുവര്‍ക്കുമിടയിൽ പ്രശ്നങ്ങൾ വളർന്നു തുടങ്ങിയത്. കലാപത്തിൽ വിഎച്ച്പിയും അതിന്റെ യുവജനസംഘടനയായ ബജ്റംഗദളും ഒഴുക്കിയ വിയർപ്പിന് സമ്മാനമായി ലഭിച്ചത് കടുത്ത അവഗണനയാണ്. കേശുഭായി പട്ടേലിന്റെയും ശങ്കർസിങ് വഘേലയുടെയും 'ജോഡി' രാഷ്ട്രീയത്തിൽ കുത്തിത്തിരിപ്പ് വളർത്താൻ കേശുഭായിയുടെ രാഷ്ട്രീയ ഉപദേശകനായിരുന്ന കാലത്ത് പുറത്തെടുത്ത അതേ തന്ത്രം തന്നെ തന്റെ 'ജോഡി' ആയിരുന്ന തൊഗാഡിയയ്ക്കു മീതെയും പ്രയോഗിക്കപ്പെട്ടു. അവഗണന. കലാപകാലത്ത് പൊലീസിനെയും അതുവഴി സംസ്ഥാനഭരണത്തെ തന്നെയും നിയന്ത്രിച്ചിരുന്ന തൊഗാഡിയയെ ഇനിയും കയറൂരി വിടാൻ മോദി തയ്യാറായിരുന്നില്ല.

http://www.azhimukham.com/trending-deen-dayal-upadhyaya-to-sunil-joshy-next-will-be-thogadia/

2001ൽ മോദി പാർട്ടി നിർദ്ദേശ പ്രകാരം (തൊഗാഡിയയുടെ ശക്തമായ പിന്തുണയുടെ ബലത്തിൽ) ദില്ലിയിൽ നിന്നും തിരിച്ചെത്തി അധികാരമേറ്റെടുക്കുമ്പോൾ തൊഗാഡിയയുടെ വിശ്വസ്തൻ ഗോർധാൻ സദാഫിയയെ ആഭ്യന്തര സഹമന്ത്രിയായി കൂടെക്കൂട്ടിയിരുന്നു. 2002ൽ വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ച മോദി ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് സദാഫിയയെ പുറത്താക്കലാണ്. തുടർന്ന് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയാണെന്ന നാട്യത്തിൽ കലാപത്തിലുൾപ്പെട്ട ബജ്റംഗ്ദൾ-വിഎച്ച്പി നേതാക്കളെ മോദിയുടെ പൊലീസ് തിരഞ്ഞുനടന്ന് പിടികൂടി. അധികാരത്തിലേറാനും അതിനുശേഷം തന്റെ പ്രതിച്ഛായ നന്നാക്കാനും മോദി തന്നെ ഉപയോഗിച്ചതായി തൊഗാഡിയയ്ക്ക് വ്യക്തമായി ബോധ്യപ്പെട്ടു.

http://www.azhimukham.com/edit-teamazhimukham-pinaryivijayan-should-uphold-lawofland-by-probing-gopinathanpillai-death/

കേശുഭായിയിൽ നിന്ന് കടുത്ത അവഗണന നേരിട്ടപ്പോൾ ശങ്കർസിങ് വഘേലയ്ക്ക് പ്രതികരിക്കാൻ 48 എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്നു. തന്റെ കൂടെയുള്ള എംഎൽഎമാരെയും കൊണ്ട് വഘേല മധ്യപ്രദേശിലെ ഒരുപ റിസോർട്ടിൽ പോയി കൂടിയപ്പോൾ വന്ന രാഷ്ട്രീയതീരുമാനങ്ങളിലൊന്ന് കുത്തിത്തിരിപ്പുണ്ടാക്കിയ മോദിയെ ദില്ലിയിലേക്ക് പായിക്കുക എന്നതായിരുന്നു. ഒരുപക്ഷെ ഇന്ത്യയുടെ ഭാഗധേയം തന്നെ മാറ്റിമറിച്ച, ദില്ലിയിലേക്കുള്ള 'ദൂരക്കുറവ്' യുവാവായ മോദിയെ ബോധ്യപ്പെടുത്താനുതകിയ തീരുമാനം! ചുരുക്കത്തിൽ തൊഗാഡിയയ്ക്ക് പാർലമെന്ററി രാഷ്ട്രീയത്തിൽ താരതമ്യേന ശേഷി കുറഞ്ഞ തന്റെ സംഘടനയ്ക്കുള്ളിൽത്തന്നെ ഇച്ഛാഭംഗത്താൽ നീറിക്കഴിയേണ്ട അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ഈ ഗതികേടാണ് സമീപകാലത്തൊരു വാർത്താ സമ്മേളനത്തിലെ പൊട്ടിക്കരച്ചിലായി മാറിയത്. പ്രതികരിക്കാൻ കരച്ചിലല്ലാതെ മറ്റൊരായുധവും കൈവശമില്ലാത്ത സ്ഥിതിയിലേക്ക് തൊഗാഡിയ ചുരുക്കപ്പെട്ടു.

http://www.azhimukham.com/trending-ns-madhavan-says-thogadia-is-always-a-coward/

പാർലമെന്ററി താൽപര്യങ്ങളെ വ്യക്തിപരമായി കൊണ്ടുനടക്കാൻ പറ്റാത്ത ഒരു സംഘടനയ്ക്കുള്ളിലിരുന്ന് ചെയ്യാവുന്ന കാര്യങ്ങളാണ് പിന്നീട് തൊഗാഡിയ ചെയ്തുകൂട്ടിയത്. ഇടക്കാലത്ത് താനെഴുതിയ Saffron Reflections എന്ന പുസ്തകത്തിൽ ബിജെപി ഹിന്ദുത്വ രാഷ്ട്രീയ മുന്നേറ്റങ്ങളെ പാര്‍ട്ടി നേതാക്കളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ബലികൊടുക്കുന്നതായി പ്രവീൺ തൊഗാഡിയ എഴുതി. രാമക്ഷേത്ര നിർമാണം, ഏക സിവിൽ കോ‍ഡ് നടപ്പാക്കൽ, ബംഗ്ലാദേശി 'നുഴഞ്ഞു കയറ്റക്കാരെ' തിരിച്ചോടിക്കൽ, ഗോവധനിരോധനം, കശ്മീരി ഹിന്ദുക്കളെ പുനരധിവസിപ്പിക്കൽ തുടങ്ങിയ ഹിന്ദുത്വ ആശയങ്ങളെ ബിജെപി വഞ്ചിച്ചതായും തൊഗാഡിയ തന്റെ പുസ്തകത്തിലെഴുതി. ഗുജറാത്തിലെ 2017 അസംബ്ലി തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പുസ്തകത്തിലെ ചില ഭാഗങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പുസ്തകത്തിൽ ബിജെപിയെന്ന് പൊതുവിൽ പറഞ്ഞ് വിമർശനമുന്നയിക്കുന്ന ഭാഗങ്ങളെല്ലാം മോദിയെയാണ് ലക്ഷ്യം വെച്ചത്.

http://www.azhimukham.com/trending-even-praveen-thogadia-have-security-under-rss-rule/

2018 ജനുവരിയില്‍ അഹമ്മദാബാദില്‍ വെച്ച് തൊഗാഡിയയെ ദുരൂഹമായി കാണാതായി. പിന്നീട് രാത്രിയോടെ ബോധരഹിതനായി ഷാഹിബാഗിലെ പാര്‍ക്കില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചസാരയുടെ അളവ് കുറഞ്ഞ നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രാജസ്ഥാന്‍ പോലീസ് തന്നെ വധിക്കാന്‍ ശ്രമിക്കുകയും പിന്നീട് ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് തൊഗാഡിയ പറഞ്ഞത്. 2015ലെ കേസുമായി ബന്ധപ്പെട്ട് തൊഗാഡിയക്കെതിരേ അറസ്റ്റ് വാറണ്ടുമായി രാജസ്ഥാന്‍ പൊലിസ് അഹമ്മദാബാദിലെ വസതിയിലെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ കാണാതായത്. അടുത്ത ദിവസങ്ങളില്‍ അഹമ്മദാബാദില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ തന്നെ വ്യാജ ഏറ്റുമുട്ടല്‍ നടത്തി കൊല്ലാന്‍ ശ്രമിക്കുകയാണ് എന്ന തൊഗാഡിയയുടെ ആരോപണം സംഘപാരിവാര്‍ രാഷ്ട്രീയത്തില്‍ ഭൂകമ്പം തന്നെ ഉണ്ടാക്കി.

http://www.azhimukham.com/india-praveen-togadia-arrest-warrant-missing-bjp-vhp-dispute/

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തൊഗാഡിയയും ബിജെപിയും തമ്മിലുള്ള ഭിന്നത ഏകദേശം വ്യക്തമായതാണ്. ഗുജറാത്തില്‍ ചില ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ തൊഗാഡിയ ശ്രമിച്ചുവെന്നതിന് തെളിവ് ആര്‍എസ്എസിന് കൈമാറിയത് സാക്ഷാല്‍ നരേന്ദ്ര മോദി തന്നെയാണ്.
2017 ഡിസംബർ മാസത്തിൽ ഭുവനേശ്വറിൽ നടന്ന വിശ്വഹിന്ദു പരിഷത്ത് എക്സിക്യുട്ടീവ് ബോർഡിന്റെയും ട്രസ്റ്റിമാരുടെയും മീറ്റിങ്ങിൽ വെച്ച് തൊഗാഡിയയെ നീക്കാനുള്ള ആർഎസ്എസ് ശ്രമം പുറത്തുവന്നിരുന്നു. മുന്‍ ഹിമാചൽ പ്രദേശ് ഗവർണറും അന്നത്തെ വിഎച്ച്പി അന്തർദ്ദേശീയ വൈസ് പ്രസിഡണ്ടുമായ വിഷ്ണു സദാശിവ കോക്ജെയുടെ പേര് അന്തർദ്ദേശീയ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഈ മീറ്റിങ് നിർദ്ദേശിച്ചു. കീഴ്‍വഴക്കം പോലെ, പ്രസിഡണ്ടായ രാഘവറെഡ്ഢിയെ നിലനിർത്തുമെന്ന് കരുതിയവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് ട്രസ്റ്റിമാരിലൊരു വിഭാഗം കോക്ജെയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയായിരുന്നു. വിഎച്ച്പിയുടെ ചരിത്രത്തിലാദ്യമായ ഈ നീക്കത്തിനു പിന്നില്‍ മോദിയുടെ ഇടപെടലാണെന്നത് വ്യക്തമായിരുന്നു. അന്ന് അസാധാരണ സാഹചര്യം മൂലം നീട്ടിവെച്ച പ്രസിഡണ്ട് തെരഞ്ഞെടുപ്പാണ് 2018 ഏപ്രിൽ 14ന് നടന്നത്; മോദി സമ്പൂർണവിജയം കൈവരിച്ചത്.

സംഘപരിവാര്‍ കുടുംബത്തിലെ സംഘടനകളിൽ ഏറ്റവും പ്രാധാന്യവും പ്രസക്തിയുമുള്ള സംഘടനയാണ് വിഎച്ച്പി. സംഘപരിവാർ സംവിധാനത്തിനുള്ളിൽ മോദി എന്ന അപ്രമാദി സ്ഥാനം പൂർണമായി ഉറപ്പിച്ച വാർത്തയാണ് രാഘവറെഡ്ഢിയുടെ പരാജയം നമ്മെ അറിയിക്കുന്നത്. സംഘപരിവാർ സംഘടനകൾക്കിടയിൽ കടുത്ത ഇച്ഛാഭംഗങ്ങള്‍ പൂർണകായം പ്രാപിച്ചുവെന്നാണ് പ്രവീൺ തൊഗാഡിയയുടെ നിലവിളി നമ്മോട് പറയുന്നത്.

http://www.azhimukham.com/newupdate-rajasthan-police-trying-to-kill-me-says-praveenthogadia/

Next Story

Related Stories