TopTop

മോദി പറയുന്നത് പോലെ രാജീവ് ഗാന്ധി നാവികസേന കപ്പല്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ? എന്താണ് വസ്തുത? മുന്‍ നേവി ഉദ്യോഗസ്ഥര്‍ പറയുന്നു

മോദി പറയുന്നത് പോലെ രാജീവ് ഗാന്ധി നാവികസേന കപ്പല്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ? എന്താണ് വസ്തുത? മുന്‍ നേവി ഉദ്യോഗസ്ഥര്‍ പറയുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ മോദി ഉന്നയിച്ചിരിക്കുന്ന ആരോപണം പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി, ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് വിരാട് എന്ന യുദ്ധക്കപ്പപ്പല്‍ കുടുംബത്തിന്റെ അവധിക്കാല ആഘോഷത്തിനായി ദുരുപയോഗം ചെയ്തു എന്നാണ്. ഭാര്യ സോണിയ ഗാന്ധിയുടെ വിദേശികളായ ബന്ധുക്കളെയടക്കം നാവികസേന കപ്പലില്‍ കയറ്റി രാജ്യസുരക്ഷയെ അപായത്തിലാക്കി എന്നും ഡല്‍ഹി രാംലീല മൈതാനത്തെ റാലിയില്‍ മോദി ആരോപിച്ചിരുന്നു. രാജ്യത്തിന്റെ സമുദ്രസുരക്ഷ നോക്കുന്ന ഐഎന്‍എസ് വിരാടിനെ രാജീവ് ഗാന്ധി പ്രൈവറ്റ് ടാക്‌സിയാക്കി എന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണ് എന്നാണ് മുന്‍ നാവികസേന മേധാവിയും ഐഎന്‍എസ് വിരാടിന്റെ മുന്‍ കമാന്‍ഡറും അടക്കമുള്ള മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ പറയുന്നത്.


രാജീവ് ഗാന്ധി ഐഎന്‍എസ് വിരാടില്‍


1987ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഐഎന്‍എസ് വിരാട് സന്ദര്‍ശിച്ചത് അവധി ആഘോഷിക്കാനായിരുന്നില്ല എന്നും ഔദ്യോഗിക സന്ദര്‍ശനമാണ് നടത്തിയത് എന്നും ആ സമയം വിരാടിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ആയിരുന്ന മുന്‍ വൈസ് അഡ്മിറല്‍ വിനോദ് പശ്രിച പറയുന്നു. നാഷണല്‍ ഗെയിംസ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിക്കാണ് രാജീവ് ഗാന്ധി തിരുവനന്തപുരത്തെത്തിയത്. ഭാര്യ സോണിയ ഗാന്ധിയും മകന്‍ രാഹുലും ഒപ്പമുണ്ടായിരുന്നു - ദ ട്രിബ്യൂണ്‍ പത്രത്തോട് വിനോദ് പശ്രിച പറഞ്ഞു. രാജീവിനേയും സോണിയയേയും ഹെലികോപ്റ്ററില്‍ കപ്പലിലേയ്ക്ക് കൊണ്ടുപോയി. ഇതില്‍ രാഹുലുണ്ടായിരുന്നില്ല.

രാജീവും സോണിയയും കപ്പലില്‍ ലക്ഷദ്വീപിലേയ്ക്ക്. സതേണ്‍ കമാന്‍ഡ് ഉദ്യോഗസ്ഥനായിരുന്ന രാംദാസ് പ്രധാനമന്ത്രിക്കായി കപ്പലില്‍ അത്താഴവിരുന്നൊരുക്കിയിരുന്നു. എന്നാല്‍ വിദേശികള്‍ ആരുമുണ്ടായിരുന്നില്ല. പ്രധാനമന്ത്രിക്ക് ഐലാന്റ്സ് ഡെവലപ്‌മെന്റ് അതോറിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പ്രധാനമന്ത്രി വിമാനവാഹിനികള്‍ അടക്കമുള്ള യുദ്ധക്കപ്പലുകളില്‍ എത്തുന്നത് സാധാരണയാണ് - പശ്ചിച പറയുന്നു.

മുന്‍ നാവികസേന മേധാവി അഡ്മിറല്‍ എല്‍ രാംദാസും ദക്ഷിണമേഖല നേവി കമാന്‍ഡറും പ്രസ്താവനയില്‍ ഇത് തന്നെ പറയുന്നു. വിദേശികളാരും ഐഎന്‍എസ് വിരാടിലുണ്ടായിരുന്നില്ല. ഔദ്യോഗിക കാര്യങ്ങള്‍ക്ക് പോകുമ്പോള്‍ പ്രധാനമന്ത്രിക്കും ഭാര്യക്കും സര്‍വീസ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്ന് അഡ്മിറല്‍ രാംദാസ് പറയുന്നു. 2014 ജൂണിലും 2015 ഡിസംബറിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎന്‍എസ് വിക്രമാദിത്യയില്‍ സഞ്ചരിച്ചിട്ടുണ്ട്.മറ്റൊരു മുന്‍ നാവികസേന മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശ്, മുന്‍ വൈസ് അഡ്മിറല്‍ മദന്‍ജിത്ത് സിംഗ് എന്നിവരും മോദിയുടെ ആരോപണം വസ്തുതാവിരുദ്ധമാണ് എന്ന് പറയുന്നു. അഡ്മിറല്‍ രാംദാസ് 1987ല്‍ കൊച്ചി കേന്ദ്രീകരിച്ചുള്ള സതേണ്‍ നേവല്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആയിരുന്നു. ബാക്കിയുള്ള ഉദ്യോഗസ്ഥരെല്ലാം ആ സമയം വെസ്‌റ്റേണ്‍ കമാന്‍ഡിലായിരുന്നു. അരുണ്‍ പ്രകാശ് അക്കാലത്ത് ഐഎന്‍എസ് വിന്ധ്യഗിരി കപ്പലിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു. അത് ഐഎന്‍എസ് വിരാടിനൊപ്പം ഉണ്ടായിരുന്നു. മദന്‍ജിത്ത് സിംഗ് ഐന്‍എന്‍എസ് ഗംഗയുടെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന വജാഹത് ഹബീബുള്ളയും ഇതേ കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കവരത്തിയിലെ പരിപാടി സംഘടിപ്പിച്ചതും രാജീവ് ഗാന്ധിയെ സ്വീകരിച്ചിതും വജാഹത് ഹബീബുള്ളയാണ്. ഐലാന്റ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ഉദ്ഘാടന ചടങ്ങുമുണ്ടായിരുന്നു. ദ്വീപില്‍ പഞ്ചായത്തീരാജ് നടപ്പാക്കുന്നത് സംബന്ധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. പിവി നരസിംഹ റാവു അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടേയും കേന്ദ്ര മന്ത്രിമാരുടേയും സുരക്ഷയുടെ ഭാഗമായാണ് ഐഎന്‍എസ് വിരാട് ലക്ഷദ്വീപില്‍ നിര്‍ത്തിയത്.

യോഗത്തിന് ശേഷം രണ്ട് ദിവസം കൂടി ദ്വീപില്‍ ചിലവഴിക്കാനായിരുന്നു രാജീവിന്റെ തീരുമാനം. സോണിയ ഗാന്ധിയുടെ സഹോദരിയും ഭര്‍ത്താവും എത്തിയിരുന്നു. രാജീവിന്റെ അടുത്ത സുഹൃത്തും കോണ്‍ഗ്രസ് എംപിയുമായിരുന്ന നടന്‍ അമിതാഭ് ബച്ചന്‍, ഭാര്യ ജയ ബച്ചന്‍ എന്നിവരും ഉണ്ടായിരുന്നു. അതേസമയം രാജീവിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ കവരത്തിയിലെത്തിയിരുന്നില്ല. അവര്‍ കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ബംഗാരാമിലെത്തി ഗസ്റ്റ് ഹൗസില്‍ താമസിക്കുകയാണ് ഉണ്ടായത്. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അമിതാഭ് ബച്ചനോട് ചോദിച്ചുനോക്കൂ എന്ന് ഹബീബുള്ള പറയുന്നു. യോഗത്തിന് ശേഷമുള്ള ബന്ധുക്കളുടെ അവധി ദിവസങ്ങളുടെ ചിലവെല്ലാം രാജീവ് ഗാന്ധി തന്നെയാണ് വഹിച്ചത്. ഹെലികോപ്റ്റര്‍ ബില്ലുകളും ഓരോരുത്തരും വ്യക്തിപരമായാണ് വഹിച്ചത്. പ്രധാനമന്ത്രി മോദി നുണ പറയുകയാണ്. അല്ലെങ്കില്‍ അദ്ദേഹത്തിന് തെറ്റായ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന് രേഖകള്‍ പരിശോധിക്കാവുന്നതാണ് - ഹബീബുള്ള പറയുന്നു.

മാനേജ്മെന്റിന്റെ കടുംപിടുത്തം, സമരം; അവസാനവര്‍ഷ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെ കോഴിക്കോട് കെ.എം.സി.ടി ആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികള്‍

Next Story

Related Stories