വിവാദമായ അഗസ്റ്റ വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മൈക്കിളിനെ ദുബായില്‍ നിന്ന് ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിഐപി ഹെലികോപ്റ്റര്‍ അഴിമതി നടന്നത് യുപിഎ സര്‍ക്കാരിന്റെ കാല്ത്താണ്. ഞങ്ങള്‍ അധികാരത്തിലെത്തിയ ശേഷം ഇതേപ്പറ്റി അന്വേഷിച്ച് പ്രതികളിലൊരാളെ പിടിച്ചു. സര്‍ക്കാര്‍ അയാളെ ദുബായില്‍ നിന്ന് ഇന്ത്യയില്‍ കൊണ്ടുവന്നതായി നിങ്ങളെല്ലാവരും പത്രത്തില്‍ വായിച്ച് അറിഞ്ഞിരിക്കുമല്ലോ? അയാള്‍ സംസാരിച്ചുതുടങ്ങിയാല്‍ എന്തൊക്കെ രഹസ്യങ്ങളാണ് പുറത്തുവരുക എന്ന് ആര്‍ക്കറിയാം? - മോദി പറഞ്ഞു.
3600 കോടി രൂപയുടെ കരാര്‍ ഉറപ്പിക്കുന്നതിനായി ബ്രിട്ടീഷ് കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്റ് ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. കരാര്‍ നേടുന്നതിനായി അഗസ്റ്റ വെസ്റ്റ്്ലാന്റില് നിന്ന് ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റ്യന്‍ മൈക്കിള്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്റര്‍പോള്‍ ദുബായില്‍ നിന്ന് അറസ്റ്റ് ചെയ്ത മൈക്കിളിന് ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവില്‍ തിങ്കളാഴ്ച ദുബായ് സര്‍ക്കാര്‍ ഉത്തരവ് ഒപ്പ് വച്ചിരുന്നു. നേരത്തെ എക്സ്ട്രാഡിഷന്‍ തടയണമെന്ന ക്രിസ്റ്റ്യന്‍ മൈക്കിളിന്റെ ആവശ്യം ദുബായ് കോടതി തള്ളിയിരുന്നു. ഇന്നലെ രാത്രിയാണ് പ്രത്യേക വിമാനത്തില്‍ മൈക്കിളിനെ ന്യൂഡല്‍ഹിയിലെത്തിച്ചത്. യുഎഇ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ഇടപാടില്‍ ആരോപണവിധേയരായ മൂന്ന് ഇടനിലക്കാരില്‍ ഒരാളാണ് ക്രിസ്റ്റ്യന്‍ മൈക്കിള്‍. ഇന്നലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്ത ക്രിസ്റ്റിയന്‍ മൈക്കിളിനെ ഡല്‍ഹി കോടതിയില്‍ ഇന്ന് ഹാജരാക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് നാല് മാസം മാത്രമുള്ളപ്പോള്‍, കോണ്‍ഗ്രസിനും സോണിയ ഗാന്ധിക്കുമെതിരെ അഗസ്റ്റ് ഇടപാട് രാഷ്ട്രീയായുധമായി ഉപയോഗിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും നീക്കം. റാഫേല്‍ യുദ്ധവിമാന കരാറിലെ അഴിമതി ആരോപണങ്ങളും ശക്തമായ ആക്രമണവുമായി കോണ്‍ഗ്രസ് മോദിക്കും ബിജെപിക്കുമെതിരെ രംഗത്തുള്ളപ്പോള്‍ പ്രത്യേകിച്ചും. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള റാഫേല്‍ ഇടപാട് മോദി സര്‍ക്കാരിന് തലവേദനയായി തുടരുകയാണ്. സോണിയ ഗാന്ധിക്കെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി നേരത്തെ ക്രിസ്റ്റ്യന്‍ മൈക്കിളിന്റെ അഭിഭാഷകന് ആരോപിച്ചിരുന്നു.
മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കെ 2011ലാണ് രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് സഞ്ചരിക്കാനായി വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നത്. എന്നാല്‍ കരാറില്‍ കൈക്കൂലി ആരോപണം ഉയരുകയും അഗസ്റ്റ വെസ്റ്റ്ലാന്റിന്റെ മാതൃകമ്പനിയായ ഫിന് മെക്കാനിക്കയ്ക്കെതിരെ ഇറ്റലിയില്‍ കൈക്കൂലി കേസ് വരുകയും ചെയ്തതോടെ 2014ല്‍ സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു.
https://www.azhimukham.com/edit-augusta-westand-helicopter-scam-christian-michel-extradition-gandhi-family-modi-politics/