TopTop
Begin typing your search above and press return to search.

സമരങ്ങളെ അടിച്ചമര്‍ത്താന്‍ വേദാന്ത ഏത് കുടില തന്ത്രവും പ്രയോഗിക്കും; നിയാംഗിരി കുന്നുകളിൽ നമ്മളത് കണ്ടതാണ്

സമരങ്ങളെ അടിച്ചമര്‍ത്താന്‍ വേദാന്ത ഏത് കുടില തന്ത്രവും പ്രയോഗിക്കും; നിയാംഗിരി കുന്നുകളിൽ നമ്മളത് കണ്ടതാണ്

തൂത്തുക്കുടിയിലേത് കുറെ വർഷങ്ങളായി നടന്നുവരുന്ന ഒരു സമരമാണ്. വേദാന്ത സ്റ്റെർലൈറ്റ് എന്ന കമ്പനി തൂത്തുക്കുടിയിൽ ഒരു ചെമ്പ് ശുദ്ധീകരണ പ്ലാന്റ് പ്രവർത്തിപ്പിക്കുന്നുണ്ട്. ഒഡീഷയിലെ നിയാംഗിരി കുന്നുകളിൽ ബോക്സൈറ്റ് ഖനനം നടത്തി ആദിവാസികളെ ദുരിതത്തിലാക്കിയ അതേ വേദാന്ത റിസോഴ്സസ് തന്നെയാണ് തൂത്തുക്കുടിയിലും പ്രശ്നമുണ്ടാക്കുന്നത്. ആദിവാസികളെ തങ്ങളുടെ പണാധികാരവും മസിൽ പവറും ഉപയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ച് വേദാന്ത അവിടെ പരാജയപ്പെട്ടിരുന്നു. ഖനനവും ഇതുപോലുള്ള ലോഹ ശുദ്ധീകരണവുമെല്ലാമാണ് ഇവരുടെ പ്രധാന ബിസിനസ്സ് മേഖലകൾ.

2013ൽ സുപ്രീംകോടതി പോലും തൂത്തുക്കുടിയിലെ ഉയർന്ന മലിനീകരണം കണ്ടെത്തിയിരുന്നു. മലിനീകരണം വളരെ കടുത്തതായതിനാൽ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് തൂത്തുക്കുടിക്കാർ നേരിടുന്നത്. കണ്ണുകൾക്കും ത്വക്കിനുമെല്ലാം സാരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന സൾഫര്‍ ഡയോക്സൈഡാണ് കമ്പനിയിൽ നിന്നും പുറന്തള്ളപ്പെടുന്നത്. ശരീരത്തിന്റെ ജനിതകവ്യവസ്ഥയെ ബാധിക്കുന്ന ഇത് ശ്വാസകോശരോഗങ്ങൾക്കും കാരണമാകും.

സുപ്രീംകോടതി മലിനീകരണം കണ്ടെത്തിയെങ്കിലും വേദാന്തയെ ഫൈനടച്ച് രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നു. ഇതിന് കാരണമായി പറഞ്ഞത് ഇന്ത്യക്ക് ചെമ്പിന്റെ ആവശ്യമുണ്ടെന്നും അതെല്ലാം നൽകുന്നത് വേദാന്ത സ്റ്റെർലൈറ്റ് കമ്പനിയാണെന്നുമാണ്. വേദാന്ത ചെയ്യുന്ന മലിനീകരണ നിയമലംഘനങ്ങളെല്ലാം സുപ്രീംകോടതി തന്നെ കൃത്യമായി കണ്ടെത്തുകയും പറയുകയും ചെയ്തിട്ടുള്ളതായിരുന്നു. എന്നിട്ടും സാമ്പത്തികവളർച്ച എന്ന കാരണം ചൂണ്ടിക്കാട്ടി തൂത്തുക്കുടിക്കാതെ രക്തസാക്ഷികളാകാൻ അനുവദിക്കുകയായിരുന്നു. അതിനു ശേഷവും തൂത്തുക്കുടിയിലെ ജനങ്ങൾ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്.

സമരങ്ങളെ എങ്ങനെയാണ് കോർപ്പറേറ്റുകൾ കൈകാര്യം ചെയ്യുകയെന്നത് നമുക്കറിയാം. അവർക്ക് സ്റ്റേറ്റ് പവറുണ്ട്. പൊലീസുണ്ട്. പണമുണ്ട്. ജനങ്ങളുടെ ഒരു ഉപരോധത്തെ അവർ തടഞ്ഞത് ഏറ്റവും മൃഗീയമായ രീതിയിലാണ്. പൊലീസ് വെടിവെപ്പ് നടത്തുന്നതിന് ചില പ്രോട്ടോകോളുകൾ പാലിക്കേണ്ടതുണ്ട്. തൂത്തുക്കുടിയിൽ കൊല്ലപ്പെട്ട എല്ലാവർക്കും വെടിയേറ്റിരിക്കുന്നത് അരയ്ക്കു മുകളിലാണ്. ക്രമസമാധാന പ്രശ്നമുണ്ടായെന്ന് വാദിച്ചാൽ പോലും അത്തരം സന്ദർഭങ്ങളിൽ വെടിവെപ്പ് നടത്തുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോളുകൾ പാലിച്ചില്ലെന്നു തന്നെയാണ് വ്യക്തമാകുന്നത്. മുട്ടിനു താഴേക്കു മാത്രമേ വെടി വെക്കാവൂ എന്നതാണ് ചട്ടം. ഇതൊന്നും അവിടെ പാലിക്കപ്പെട്ടിട്ടില്ല. തികച്ചും ആസൂത്രിതമായ നീക്കമാണ് പൊലീസിന്റേതെന്നത് വ്യക്തമാണ്.

കോർപ്പറേറ്റുകൾ സമരങ്ങളെ അടിച്ചമർത്താൻ എങ്ങനെയാണ് ഭരണകൂടത്തെ ഉപയോഗിക്കുന്നത് എന്നതിന്റെ മികച്ചൊരു ഉദാഹരണമാണിത്. ജാർഖണ്ഡിലെ എൻടിപിസി സമരത്തിലും മറ്റു സമരങ്ങളിലുമെല്ലാം നമ്മൾ ഇത് കണ്ടിട്ടുണ്ട്.

ഇതേ വേദാന്തയ്ക്കെതിരെ ഒഡീഷയിലെ നിയാംഗിരിയിൽ നടന്ന സമരത്തിന്റെ നേതാക്കളിലൊരാളുടെ ഇരുപതുകാരിയായ മകളെ മാവോയിസ്റ്റെന്നാരോപിച്ച് രാത്രിയിൽ ഒരു മണിക്ക് പൊലീസ് പിടിച്ചു കൊണ്ടുപോയ സംഭവവും നമ്മളോർമിക്കണം. കോർപ്പറേറ്റുകൾ ജനകീയ സമരങ്ങളെ നേരിടുന്ന രീതിയാണിത്. സമരങ്ങളെ അടിച്ചമർത്താൻ വേദാന്ത പോലൊരു കമ്പനി ഏതുതരം തന്ത്രവും ഉപയോഗിക്കും.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കമ്പനിയാണ് വേദാന്ത. ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ ഇവർക്ക് ഇത്തരം ബിസിനസ്സുകളുണ്ട്. തങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള യുകെയിലോ മറ്റ് പടിഞ്ഞാറൻ നാടുകളിലോ വേദാന്തയ്ക്ക് ഇത്തരമൊരു മൈനിങ്ങോ ലോഹശുദ്ധീകരണമോ ഈ രീതിയിൽ നടക്കില്ല. അവിടുത്തെ പരിസ്ഥിതി നിയമങ്ങൾ അത്ര ശക്തമാണ്.

https://www.azhimukham.com/edit-robber-barons-and-their-new-india/

നമ്മുടെ രാജ്യത്തുള്ള നിയമങ്ങളെ വളരെ ദുർബലമാണ്. ആ നിയമങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെട്ടിട്ടുള്ള ഇൻസ്റ്റിറ്റ്യൂഷനുകൾ അതിലേറെ ദുർബലമാണ്. മുൻ സർക്കാരുകളൊക്കെത്തന്നെ നിയമങ്ങളെ ദുർബലമാക്കുന്ന നയങ്ങളാണ് പിന്തുടർന്നത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ സമിപനം അതിലേറെ പരിതാപകരമാണ്.

ലോകാരോഗ്യസംഘടന കുറച്ചാഴ്ചകൾക്കു മുമ്പ് പുറത്തു വിട്ട റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 20 നഗരങ്ങളിൽ 14 എണ്ണവും ഇന്ത്യയിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ദില്ലിയിൽ മാത്രമാണ് മലിനീകരണം എന്ന മിഥ്യാധാരണയിൽ ജീവിക്കുന്നവരാണ് നമ്മൾ. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും മലിനീകരണം കടുത്തതാണ്. ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമ്പോൾ മാത്രം അവ വാർത്തയാകുകയും ആ വാർത്തകളിൽ പറയുന്ന നഗരങ്ങളിൽ മാത്രമേ മലിനീകരണമുള്ളൂ എന്ന സമാശ്വാസത്തിൽ നമ്മളെത്തുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്.

ഈ മലിനീകരണങ്ങളുടെയെല്ലാം കാരണങ്ങളിൽ ഒന്നാമതായി വരുന്നത് യാതൊരു ചട്ടങ്ങളും നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന വൻകിട വ്യവസായ സ്ഥാപനങ്ങളാണ്. അതിൽ ഈ ലോഹ ശുദ്ധീകരണ ശാലകളും കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന തെർമല്‍ പവർ പ്ലാന്റുകളുമെല്ലാം വരും. രണ്ടാമത്തെ കാരണം രണ്ടാമത്തെ വലിയ മലിനീകരണ ഉറവിടം ഗതാഗതമാണ്. മൂന്നാമത്തെ വലിയ മലിനീകരണം സംഭവിക്കുന്നത് പൊടിപടലങ്ങൾ വഴിയാണ്. ഇത് നഗരങ്ങളിലെ തുടർച്ചയായ നിർമാണപ്രവർത്തനങ്ങൾ മൂലം വരുന്നവയാണ്. ഇതിലെ ഏറ്റവും വലിയ സംഭാവന വ്യവസായങ്ങളുടേതു തന്നെയാണ്. സംസ്ഥാനതലത്തിലും ദേശീയതലത്തിലുമെല്ലാം മലിനീകരണ നിയന്ത്രണ ബോർഡുകളും നിയമങ്ങളുമെല്ലാമുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടുന്നില്ല.

പണവും അധികാരവും ഉപയോഗിച്ച് അവർ ഈ നിയമങ്ങളെയെല്ലാം മറികടക്കുന്നു. യൂറോപ്പിൽ ഇത്തരമൊരു കമ്പനി ഇങ്ങനെ പ്രവർത്തിക്കില്ല. ഇന്ത്യൻ മാനദണ്ഡങ്ങളെക്കാൾ ഉയർന്ന മാനദണ്ഡങ്ങളാണ് യൂറോപ്പിലുള്ളത്.

http://www.azhimukham.com/india-sterlite-protests-sulphur-dioxide-vedanta/

കൽക്കരി ഖനനം നടത്തുന്ന കോൾ ഇന്ത്യ ലിമിറ്റഡ് ഇന്ന് രാജ്യത്തിന് ആവശ്യമുള്ളതിലധികം കല്‍ക്കരി ഖനനം ചെയ്തെടുക്കുന്നുണ്ട്. 'ഓവർ കപ്പാസിറ്റി'യിൽ നമ്മൾ എത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും കൽക്കരി ഖനന മേഖലയിൽ 100% വിദേശനിക്ഷേപം നമ്മൾ അനുവദിച്ചതിന്റെ ലക്ഷ്യമെന്താണ്? നമ്മൾ ഓവർ കപ്പാസിറ്റിയിലെത്തിയെന്നും ഇനി കൽക്കരി ഖനനം ആവശ്യമില്ലെന്നും സർക്കാർ തന്നെ പറയുമ്പോൾ എന്തുകൊണ്ടാണ് വിദേശ നിക്ഷേപം ഇനിയും ക്ഷണിക്കുന്നത്? വിദേശങ്ങളിലെപ്പോലെ കടുത്ത മാനദണ്ഡങ്ങളില്ലാത്ത ഒരു രാജ്യത്തു വന്ന് എളുപ്പത്തിൽ പ്രകൃതിയെ ചൂഷണം ചെയ്ത് ബിസിനസ്സ് നടത്താമെന്നതു തന്നെയാണ് കാര്യം.

അന്താരാഷ്ട്ര വിപണിക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ഇതൊക്കെത്തന്നെയാണ് മറ്റ് വ്യവസായങ്ങളുടെ കാര്യത്തിലും നടക്കുന്നത്. യൂറോപ്പിലോ മറ്റ് പടിഞ്ഞാറൻ നാടുകളിലോ നടത്താൻ പ്രയാസമുള്ള വ്യവസായങ്ങൾ ചുരുങ്ങിയ ചെലവില്‍, വലിയ എതിർപ്പുകളെ നേരിടാതെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ നടത്തിക്കൊണ്ടു പോകാൻ സാധിക്കും. യുകെ, അമേരിക്ക തുടങ്ങിയ ഒന്നാംലോക രാജ്യങ്ങളെല്ലാം ഇത്തരം ഉൽപ്പന്നങ്ങൾ ഔട്സോഴ്സ് ചെയ്യുകയാണ് ചെയ്യുന്നത്. മൂന്നാംലോകരാജ്യങ്ങളിൽ നിന്നാണ് ഈ ഔട്സോഴ്സിങ് നടക്കുന്നത്. ഇന്ത്യ, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇതിന്റെയെല്ലാം ആദ്യത്തെ ഇരകൾ.

ഇത്തരം വ്യവസായങ്ങൾ നടത്തുന്ന കമ്പനികളെല്ലാം യുഎസ്, യുകെ തുടങ്ങിയ വികസിതമായ പടിഞ്ഞാറൻ നാടുകളെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാകും എന്ന വസ്തുതയും ശ്രദ്ധിക്കണം. വേദാന്തയും ഒരു യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ്. സൗത്ത് ആഫ്രിക്കയിലും വേദാന്ത കടുത്ത പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനങ്ങൾ നടത്തുന്നുണ്ട്. അവിടെയെല്ലാം വലിയ സമരങ്ങളും നടക്കുന്നു.

തൂത്തുക്കുടിയിലെ സമരത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ സിപിഐ എംഎൽ പ്രവർത്തകനാണെന്നു പറഞ്ഞുള്ള പ്രചാരണങ്ങളെല്ലാം ഭരണകൂടം തുടങ്ങിയിട്ടുണ്ട്. ഒരു സമരം നടക്കുമ്പോൾ അതിന് നിരവധി പേരുടെ പിന്തുണ ലഭിച്ചെന്നു വരും. സിപിഐ എംഎൽ പ്രവർത്തകനും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് ആരോപണമായി ഉന്നയിക്കുന്നത്. ഈ സമരം അവിടുത്തെ നാട്ടുകാരുടെ സമരമാണ്. അത് മറ്റാരുടെയും സ്വന്തമല്ല.

(പ്രിയ പിള്ളയുമായി സംസാരിച്ച് തയ്യാറാക്കിയത്).

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/corporate-games-vedanta-cairn-india-anil-agarwal-paranjoy-guha-thakurta/

http://www.azhimukham.com/facebook-diary-the-last-struggles-of-people-from-tuticorin-ends-in-blood-shed/

http://www.azhimukham.com/india-tamil-nadu-police-allegedly-used-ak-47-against-protesters/

http://www.azhimukham.com/newsupdates-kamal-hassan-on-visits-thoothukudi/


Next Story

Related Stories