UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണിയെടുത്തില്ല, അതാരൊക്കെയെന്ന് കണ്ടെത്തും: ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രിയങ്ക ഗാന്ധി

പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലാത്തവര്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി നല്‍കി.

ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണിയെടുക്കാത്തതാണ് എന്ന് പ്രിയങ്ക ഗാന്ധി. റായ്ബറേലയില്‍ സോണിയ ഗാന്ധിയുടെ വിജയത്തിന് നന്ദി പറയാന്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക. റായ്ബറേലിയില്‍ കോണ്‍ഗ്രസ് നേടിയ വിജയം സോണിയ ഗാന്ധിയുടെ വിജയമാണ്. വോട്ടര്‍മാരുടെ പിന്തുണയാണ് സഹായിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതില്‍ വലിയ പങ്കില്ല. ഇത് പറയേണ്ട എന്ന് കരുതിയതാണ് എങ്കിലും പറയാതിരിക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു.

സോണിയയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. തുടര്‍ച്ചയായ നാലാം തവണയാണ് റായ്ബറേലിയില്‍ നിന്ന് സോണിയ ഗാന്ധി ലോക്‌സഭയിലെത്തുന്നത്. പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലാത്തവര്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി നല്‍കി. പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവര്‍ ആരൊക്കെ എന്ന് നിങ്ങള്‍ക്കറിയാം. പ്രവര്‍ത്തിക്കാത്തവര്‍ ആരൊക്കെ എന്ന് കണ്ടെത്തും- അവര്‍ പറഞ്ഞു.

ALSO READ: 28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം

യുപിയില്‍ കേവലം ഒരു സീറ്റില്‍ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസിന് വിജയിക്കാനായത്. 2004 മുതല്‍ രാഹുല്‍ ഗാന്ധി വിജയിച്ചിരുന്ന, കുടുംബമണ്ഡലം എന്നറിയപ്പെടുന്ന അമേഠിയും ഇത്തവണ കൈവിട്ടു. കഴിഞ്ഞ തവണ നേടിയ 44 സീറ്റുകളെക്കാള്‍ കേവലം എട്ടു സീറ്റുകള്‍ മാത്രം നേടാനേ കോണ്‍ഗ്രസിന് ഇത്തവണ കഴിഞ്ഞുള്ളൂ.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയത്. അശോക് ഗെലോട്ടിനും കമല്‍നാഥിനും പി ചിദംബരത്തിനുമെല്ലാം മക്കളുടെ കാര്യത്തില്‍ മാത്രമേ താല്‍പര്യമുള്ളൂ എന്നും പാര്‍ട്ടിയുടെ കാര്യത്തില്‍ താല്‍പര്യമില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചപ്പോള്‍ എന്റെ സഹോദരന്‍ പാര്‍ട്ടിക്ക് വേണ്ടി ഓടി നടന്നപ്പോള്‍ നിങ്ങളൊക്കെ എന്ത് ചെയ്യുകയായിരുന്നു എന്നാണ് പ്രിയങ്ക യോഗത്തില്‍ പൊട്ടിത്തെറിച്ചത്.

അതേസമയം സോണിയ ഗാന്ധിയെ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചു. അന്തസിന്റേയും മാന്യതയുടേയും എല്ലാ അതിരുകളും ഈ തിരഞ്ഞെടുപ്പില്‍ ലംഘിക്കപ്പെട്ടതായി സോണിയ പറഞ്ഞു. അധികാരം നിലനിര്‍ത്താനായി പ്രധാനമന്ത്രി മോദിയും ബിജെപിയും എല്ലാ മര്യാദകളും ലംഘിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടപടികള്‍ സംശയകരമാണ് – സോണിയ ഗാന്ധി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍