TopTop

'വിദ്വേഷത്തിനെതിരെ സ്നേഹത്തിന്റെ കാറ്റടിക്കണം': കോൺഗ്രസ്സ് നേതാവെന്ന നിലയിലുള്ള ആദ്യ പ്രസംഗത്തിൽ മോദിയെ ലക്ഷ്യമിട്ട് പ്രിയങ്ക

കോൺഗ്രസ്സ് ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള തന്റെ ആദ്യത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. രാജ്യത്താകെ പടർന്നിരിക്കുന്ന വിദ്വേഷത്തിനെതിരെ സ്നേഹത്തിന്റെ ശക്തമായ കാറ്റടിക്കണമെന്ന് പ്രിയങ്ക തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഒരിക്കൽപ്പോലും മോദിയുടെ പേര് പരാമർശിക്കാതെയായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

രാജ്യത്ത് തൊഴിലുണ്ടാക്കുമെന്നും യുവാക്കൾക്ക് തൊഴിൽ നൽകുമെന്നുമുള്ള വാഗ്ദാനം പാലിക്കപ്പെടുകയുണ്ടായില്ലെന്ന് അവർചൂണ്ടിക്കാട്ടി. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യ സമരത്തിൽ കുറഞ്ഞ ഒന്നല്ലെന്നും അവർ പറഞ്ഞു. "ശരിയായ തീരുമാനമെടുക്കണം; ശരിയായ ചോദ്യങ്ങളുന്നയിക്കണം" -പ്രിയങ്ക പറഞ്ഞു.

ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിൽ സംഘടിപ്പിക്കപ്പെട്ട കോൺഗ്രസ്സ് വർക്കിങ് കമ്മറ്റി മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അവർ. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിലും യോഗസ്ഥലത്തെങ്ങും പ്രിയങ്കയുടെയും ഇന്ദിരാഗാന്ധിയുടെയും ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളാണ് നിരന്നിരുന്നത്.

ഇതേ ചടങ്ങിൽ‌ വെച്ച് പാട്ടീദാർ സംവരണ പ്രക്ഷോഭകൻ ഹാർദിക് പാട്ടീൽ കോൺഗ്രസ്സിൽ ചേർന്നു.

ജിഎസ്‌ടി, മസൂദ് അസ്ഹർ തുടങ്ങിയ പ്രശ്നങ്ങളുന്നയിച്ച് രൂക്ഷമായ ആക്രമണമാണ് രാഹുൽ ഗാന്ധി ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ഉന്നയിച്ചത്. തന്റെ വൻ പരാജയങ്ങൾ മറച്ചുവെക്കാൻ നരേന്ദ്രമോദി ദേശീയ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് രാഹുൽ ആരോപിച്ചു. നിരന്തരമായ അബദ്ധങ്ങളെ മറയ്ക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്.

രാജ്യത്തെ എല്ലാ പൗരന്മാരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് വാഗ്ദാനം നൽ‌കി അധികാരത്തിലേറിയയാളാണ് മോദിയെന്ന് രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. വാഗ്ദാനം ചെയ്ത 15 ലക്ഷം എല്ലാവർക്കും കിട്ടിയോയെന്നും അദ്ദേഹം ചോദിച്ചു. ജിഎസ്ടിയെ 'ഗബ്ബാർ സിങ് ടാക്സ്' എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. ഈ നികുതി സമ്പ്രദായം നിലവിൽ വന്നിട്ട് ഏറെ നാളായിട്ടും രാജ്യത്തെ കച്ചവടക്കാർക്കു പോലും ഇതിനെ മനസ്സിലാക്കിയെടുക്കാനായിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ജെയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പ്രത്യേക വിമാനം പിടിച്ച് പാകിസ്താനിലേക്ക് അയച്ചു കൊടുത്തത് ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നുവെന്ന കാര്യവും രാഹുൽ ഓർമിപ്പിച്ചു.

രാജ്യത്തെ ജനങ്ങൾ മൊത്തം മോദിയുടെ നയങ്ങൾ മൂലം ഇരകളായി മാറിയിട്ടും അദ്ദേഹം സ്വയം ഇരയായി വിശേഷിപ്പിക്കുന്നത് തുടരുകയാണെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച സോണിയ ഗാന്ധി വിമർശിച്ചു. ദേശീയ സുരക്ഷയടക്കമുള്ള വിഷയങ്ങളെ രാഷ്ട്രീയവൽക്കരിക്കുകയാണ് മോദി ചെയ്തു കൊണ്ടിരിക്കുന്നത്.

രാജ്യത്ത് കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് സമ്മേളനത്തിൽ പ്രസംഗിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് സംസാരിച്ചത്. വളരുന്ന തൊഴിലില്ലായ്മയും വ്യാവസായിക വളർച്ച തകർന്നതുമെല്ലാം അദ്ദേഹം പരാമര്‍ശിച്ചു.

Next Story

Related Stories