TopTop
Begin typing your search above and press return to search.

ബോംബെ ഭരിച്ച തൊഴിലാളി നേതാവ്, ഇന്ദിരാ ഗാന്ധിയ്ക്കെതിരെ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട വിപ്ലവകാരി, പ്രതിരോധമന്ത്രി, 10 ഭാഷകള്‍ സംസാരിക്കുന്ന, സമാനതകളില്ലാത്ത ജോര്‍ജ് ഫെര്‍ണാണ്ടസ്

ബോംബെ ഭരിച്ച തൊഴിലാളി നേതാവ്, ഇന്ദിരാ ഗാന്ധിയ്ക്കെതിരെ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട വിപ്ലവകാരി, പ്രതിരോധമന്ത്രി, 10 ഭാഷകള്‍ സംസാരിക്കുന്ന, സമാനതകളില്ലാത്ത ജോര്‍ജ് ഫെര്‍ണാണ്ടസ്
ആറുമക്കളില്‍ മൂത്തയാളായ ജോര്‍ജിന് അമ്മ ആലീസ് മാര്‍ത്ത ഫെര്‍ണാണ്ടസ് ആ പേരിടുന്നത് ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ആരാധനയാലാണ്. ജോര്‍ജ് അഞ്ചാമന്‍ രാജാവ് ജനിച്ച ജൂണ്‍ മൂന്നിന് തന്നെയായിരുന്നു പില്‍ക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സ്വന്തം പേരു കൊത്തിവച്ച ജോര്‍ജ് ഫെര്‍ണാണ്ടസിന്റേയും ജനനം. 1930-ല്‍ ജനിച്ച അദ്ദേഹം ഇന്നു രാവിലെ അന്തരിച്ചപ്പോള്‍ മറയുന്നത് അടിയന്തരാവസ്ഥയുടേയും ട്രേഡ് യൂണിയന്‍ സമര പരമ്പരകളുടേയും ഒക്കെച്ചേര്‍ന്ന ഒരു വലിയ ചരിത്രവും കൂടിയാണ്. ഒപ്പം, അവിശ്വസനീയമായ രീതിയില്‍ വിവാദങ്ങള്‍ നിറഞ്ഞ ജീവിതവും.

ആരായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്

മംഗലാപുരത്ത് ജനിച്ച ജോര്‍ജ് 16-ാം വയസില്‍ പാതിരിയാകാനുറച്ച് സെമിനാരിയിലെത്തി. രണ്ടര വര്‍ഷത്തോളം ഫിലോസഫി പഠിച്ച ജോര്‍ജ് മൂന്നാം വര്‍ഷം അവിടെ നിന്ന് ഇറങ്ങൂന്നത് സെമിനാരി അധികാരികള്‍ കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ചായിരുന്നു. പള്ളികളുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങള്‍ക്കും പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ക്കും തമ്മില്‍ ഒരുപാട് അന്തരമുണ്ടായിരുന്നുവെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്ന് ജോര്‍ജ് പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. അങ്ങനെ നാട്ടില്‍ തിരിച്ചെത്തിയ ജോര്‍ജ് പിന്നെ ചെയ്തത് മംഗലാപുരത്തെ ഹോട്ടലുകളിലും ഗതാഗത മേഖലയിലുമൊക്കെ ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിക്കലായിരുന്നു.

ബോംബെയിലേക്ക്

1949-ല്‍ ബോംബെയിലെത്തിയ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജീവിതം അവിടെ വച്ച് മാറിമറിയുകയായിരുന്നു. തുടക്കത്തില്‍ പട്ടിണിയും കിടക്കാന്‍ ഇടംപോലുമില്ലാതിരുന്ന ജോര്‍ജിന്റെ ജീവിതം തുടങ്ങൂന്നത് ഒരു പത്രത്തില്‍ പ്രൂഫ് റീഡര്‍ ആയിട്ടാണ്. പിന്നാലെ സോഷ്യലിസ്റ്റ് നേതാക്കളായ റാം മനോഹര്‍ ലോഹ്യ, പ്ലാസിഡ് ദി മെല്ലോ എന്നിവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതോടെ ബോംബെ പുതിയൊരു രാഷ്ട്രീയ നേതാവിന്റെ ഉദയം കാണുകയായിരുന്നു. ഹോട്ടല്‍, ഗതാഗത തൊഴിലാളികളെ സംഘടിപ്പിക്കല്‍ തന്നെയായിരുന്നു ജോര്‍ജ് തുടക്കത്തില്‍ ചെയ്തത്. പിന്നാലെ ബോംബെയിലെ ട്രേഡ് യൂണിയന്‍ രംഗത്തെ നിതാന്ത സാന്നിധ്യമായി മാറി. പലപ്പോഴും പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങി. ജയിലുകളില്‍ കിടന്നു. 1950-കളില്‍ ജോര്‍ജ് ഇല്ലാത്ത മുംബൈ തൊഴിലാളി മുന്നേറ്റങ്ങള്‍ ഇല്ലായിരുന്നു. വ്യവസായ സ്ഥാപനങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ ആരംഭിച്ചത് മുതലാളിമാരുടെ കണ്ണിലെ കരടാക്കി. പലപ്പോഴും മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി. ഇതിനൊപ്പം തന്നെ ബോംബെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗവുമായി.

ഇവിടെ നിന്നാണ് ജോര്‍ജിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1967-ല്‍ അന്നത്തെ അതികായനായ കോണ്‍ഗ്രസ് നേതാവ് എസ്.കെ പാട്ടീലിനെതിരെ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ലേബലില്‍ ബോംബെ സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ജോര്‍ജിന് നറുക്കു വീണു. 48.5 ശതമാനം വോട്ടു വാങ്ങി ജോര്‍ജ് ജയിച്ചതോടെ പാട്ടീല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു ഇതിനിടെ ജോര്‍ജ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തെത്തി.

രാജ്യം കണ്ട ഏറ്റവും വലിയൊരു പണിമുടക്കിലൂടെയാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് തന്റെ സാന്നിധ്യം പിന്നീട് അറിയിച്ചത്. ഓള്‍ ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് 1974-ല്‍ റെയില്‍വേ തൊഴിലാളികളെ സംഘടിപ്പിച്ച് മെയ് എട്ടിന് ആരംഭിച്ച സമരം മെയ് 27 വരെ നീണ്ടു നിന്നു. രാജ്യം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ച ദിവസങ്ങളായിരുന്നു ഇത്. റെയില്‍വേ തൊഴിലാളികള്‍ക്കു പുറമെ സമസ്ത മേഖലയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കസേരയ്ക്ക് പോലും ഇളക്കം തട്ടുമെന്ന അവസ്ഥയുണ്ടായി. രാജ്യം മുഴുവന്‍ അസ്വസ്ഥത പടരുന്നത് ഇന്ദിരാ ഗാന്ധി തിരിച്ചറിയുകയും ചെയ്തു. അങ്ങനെ 1975 ജൂണ്‍ 25-ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അടിയന്തരാവസ്ഥക്കാലത്തെ ജോര്‍ജ്

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ദിരാ ഗാന്ധിയുടെ രൂക്ഷ വിമര്‍ശകനായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ഒളിവില്‍ പോയി. പോലീസ് പക്ഷേ അദേഹത്തിന്റെ സഹോദരന്‍ ലോറന്‍സ് ഫെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു. പ്രമുഖ സംവിധായകനായിരുന്ന പട്ടാഭിരാമ റെഡ്ഡിയുടെ ഭാര്യയായിരുന്ന സ്‌നേഹലത റെഡ്ഡിയെ, ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായുള്ള സൗഹൃദം മൂലം 1976 മെയ് 2-ന് അറസ്റ്റ് ചെയ്തു. ബറോഡ ഡൈനാമിറ്റ് കേസില്‍ ബന്ധം ആരോപിച്ചായിരുന്നു ഇവരുടെ അറസ്റ്റ്. ജോര്‍ജ്ജ് ഫെര്‍ണാണ്ടസും മറ്റുള്ളവരും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടെങ്കിലും ചാര്‍ജ്ജ് ഷീറ്റില്‍ സ്‌നേഹലതയുടെ പേര് ഉള്‍പ്പെടുത്തിയില്ല. ബാംഗ്ലൂര്‍ ജയിലില്‍ ക്രൂരമായ പീഡനങ്ങളാണ് ഇവര്‍ നേരിടേണ്ടി വന്നത്. 1977 ജനുവരി 15ന് ഇവര്‍ അനാരോഗ്യത്തെ തുടര്‍ന്ന് ജയില്‍ മോചിതയായി. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന്
മരണമടയുകയും ചെയ്തു
.

ഒളിവില്‍ പോയിരുന്ന ജോര്‍ജ് 1975 ജൂലൈയില്‍ ബറോഡയിലെത്തി. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഡൈനാമിറ്റ് വച്ച് ഇന്ദിരാ ഗാന്ധി പ്രസംഗിക്കുന്ന വേദി തകര്‍ക്കാനും സര്‍ക്കാര്‍ ഓഫീസുകള്‍ തകര്‍ക്കാനും പദ്ധതിയിട്ടു. ഇതാണ് പിന്നീട് കുപ്രസിദ്ധമായ ബറോഡ് ഡൈനാമിറ്റ് കേസ് എന്നറിയപ്പെട്ടത്. 1976 ജൂണില്‍ ജോര്‍ജിനെ കല്‍ക്കട്ടയില്‍ വച്ച് അറസ്റ്റ് ചെയ്തു. ബറോഡ ഡൈനാമിറ്റ് കേസിലായിരുന്നു ഇത്. പിന്നീട് തിഹാര്‍ ജയിലിലേക്ക് മാറ്റിയെങ്കിലും ജോര്‍ജിനെതിരെ ഒരിക്കലും ആ കേസില്‍ കുറ്റപത്രം ഉണ്ടായില്ല. അന്ന് വിലങ്ങണിഞ്ഞു നില്‍ക്കുന്ന ജോര്‍ജിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടതിനു പിന്നാലെ 1977 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കിലും ശ്രദ്ധേയമായ വിജയങ്ങളിലൊന്ന് ജോര്‍ജ് ഫെര്‍ണാണ്ടസിന്റേതായിരുന്നു. ജയിലില്‍ കിടന്ന് ബിഹാറിലെ മുസഫര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം വിജയിച്ചത് മൂന്നു ലക്ഷത്തില്‍പ്പരം വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു. പിന്നാലെ കേന്ദ്ര വ്യവസായ മന്ത്രിയുമായി. ആ സമയത്താണ് ജോര്‍ജ് അമേരിക്കന്‍ ഭീമന്മാരായ ഐബിഎം, കൊക്ക കോള എന്നിവര്‍ക്ക് ഫെര്‍ണാണ്ടസ് ഫെര നിയമം ചുമത്തിയതിനെ തുടര്‍ന്ന് ഇന്ത്യ വിടേണ്ടി വന്നത്.

ജോര്‍ജിലെ കലാപകാരി

മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോഴും ജനതാ പാര്‍ട്ടിയിലെ നീക്കുപോക്കുകള്‍ അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ബിജെപിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ നേതാക്കള്‍ ആ സമയത്ത് മന്ത്രിസഭയില്‍ ഉണ്ടായിരുന്നതായിരുന്നു കാരണം. 1979-ല്‍ ദേശായി മന്ത്രിസഭ പ്രതിസന്ധിയിലെത്തുകയും ചെയ്തു. അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ജോര്‍ജ് ഫെര്‍ണാണ്ടസ് അന്നത്തെ ജനതാപാര്‍ട്ടി നേതാക്കളായ എ.ബി വാജ്‌പേയി, എല്‍.കെ അദ്വാനി എന്നിവരുടെ ആര്‍എസ്എസ് ബന്ധം ചൂണ്ടിക്കാട്ടി ആഞ്ഞടിച്ചു. ഒരേ സമയം മന്ത്രിസഭയിലും ആര്‍എസ്എസിലും പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയെങ്കിലും വാജ്‌പേയിയും അദ്വാനിയും ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറായില്ല. ഇതോടെ ജനതാ പാര്‍ട്ടി പിളര്‍ന്നു. ദേശായി മന്ത്രിസഭ അവിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനും കഴിഞ്ഞില്ല. പിന്നീട് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ചരണ്‍ സിംഗ് പ്രധാനമന്ത്രിയാവുകയായിരുന്നു.

പിന്നീടുള്ള കാലം ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന രാഷ്ട്രീയക്കാരന്‍ നിരവധി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനും തോല്‍ക്കുന്നതിനും സാക്ഷ്യം വഹിച്ച വര്‍ഷങ്ങളാണ്. 1994-ല്‍ അദ്ദേഹം ജനതാദള്‍ പിളര്‍ത്തി സതമ പാര്‍ട്ടി രൂപീകരിച്ചു. നേരത്തെ വാജ്‌പേയിയുടേയും അദ്വാനിയുടേയും ആര്‍എസ്എസ് ബന്ധത്തെ എതിര്‍ത്ത ഫെര്‍ണാണ്ടസിന്റെ സമതാ പാര്‍ട്ടി 1996-ല്‍ ബിജെപി മുന്നണിയുടെ ഭാഗമായി മത്സരിച്ചു. പിന്നീട് വന്ന രണ്ടു ഐക്യ മുന്നണി സര്‍ക്കാരിന്റെ കാലത്തും ജോര്‍ജ് ബിജെപിക്കൊപ്പം പ്രതിപക്ഷത്തിരുന്നു.പ്രതിരോധ മന്ത്രി

1998 മുതല്‍ 2004 വരെ രണ്ട് വാജ്‌പേയി സര്‍ക്കാരുകളിലായി ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രിയായി. ഒപ്പം എന്‍ഡിഎ കണ്‍വീനറും. നിലപാടുകളില്‍ നിന്ന് പിന്നോക്കം പോകുന്നതിനും അഴിമതി ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ അദ്ദേഹം പെടുന്നതും ഇക്കാലത്താണ്.

ജോര്‍ജ് പ്രതിരോധ മന്ത്രിയായിരിക്കുന്ന സമയത്തായിരുന്നു കാര്‍ഗില്‍ യുദ്ധം. അക്കാലത്ത് കാര്‍ഗിലില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറിലത് ഇന്ത്യന്‍ ഇന്റലീജന്‍സിന്റെ പിഴവായിരുന്നുവെന്ന് നിരവധി വിമര്‍ശനങ്ങള്‍ വന്നെങ്കിലും അത് അംഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും തയാറായില്ല.

എന്നാല്‍ മറ്റൊരു വിവാദത്തെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അതായിരുന്നു ശവപ്പെട്ടി കുംഭകോണം. കാർഗിൽ യുദ്ധകാലത്ത് മരിച്ച സൈനികരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമേരിക്കയില്‍ നിന്ന് ഗുണമേന്മ കുറഞ്ഞ 500 അലുമിനിയം പെട്ടികൾ വാങ്ങിയതിൽ വ്യാപകമായ അഴിമതി നടന്നുവെന്നായിരുന്നു കേസ്. 2001-ൽ സിഎജി സമർപ്പിച്ച റിപ്പോർട്ടിൽ  1 കോടി 47 ലക്ഷം രൂപയുടെ അഴിമതി ചൂണ്ടിക്കാട്ടി. ശവപ്പെട്ടി വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് സി.ബി.ഐ കണ്ടെത്തുകയും 2006-ൽ കേസെടുക്കുകയും ചെയ്തു. 
കാർഗിൽ യുദ്ധസമയത്തെ പ്രതിരോധ മന്ത്രി അഴിമതിയാരോപണം ഉയർന്നെങ്കിലും അദ്ദേഹത്തെ സി.ബി.ഐ. പ്രതിചേർത്തിരുന്നില്ല.

ഒരു കാലത്ത് ആണവ നിരായുധീകരണത്തിന് വേണ്ടി ശക്തിയുക്തം വാദിച്ചിരുന്ന ഫെര്‍ണാണ്ടസ് പിന്നീട് പൊഖ്‌റാനില്‍ നടത്തിയ ആണവ പരീക്ഷണത്തെ ശക്തിയുക്തം അനുകൂലിക്കുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. ഹിരോഷിമ ദുരന്തത്തിന്റെ ചിത്രം സ്വന്തം ഓഫീസ് മുറിയില്‍ തൂക്കിയിരുന്ന പ്രതിരോധമന്ത്രി കൂടിയായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്.

2001-ല്‍ തെഹല്‍ക്ക നടത്തിയ ഒളിക്യാമറ ഓപ്പറേഷനായ ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡും ഫെര്‍ണാണ്ടസിന്റെ കരിയറിലെ കളങ്കമായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്ക് പണം വാഗ്ദാനം നല്‍കി കരാറുകള്‍ നേടുന്നത് ഒളിക്യാമറയില്‍ ചിത്രീകരിച്ച തെഹല്‍ക്ക സംഘം ഇത് പുറത്തു വിട്ടതോടെ പണം വാങ്ങിയവരില്‍ ഉള്‍പ്പെട്ട അന്നത്തെ ബിജെപി അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണന്‍ രാജി വച്ചു. അന്ന് സമതാ പാര്‍ട്ടിയുടെ തലപ്പത്തുണ്ടായിരിക്കുകയും ജോര്‍ജ് ഫെര്‍ണാണ്ടസുമായി വ്യക്തിബന്ധവുമുള്ള ജയാ ജയ്റ്റ്‌ലിയും പണം വാങ്ങുകയും ജോര്‍ജിനോട് പറഞ്ഞ് ആവശ്യമുള്ളത് ചെയ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് ഒളിക്യാമറയിലൂടെ പുറത്തുവന്നു. ജയാ ജയ്റ്റ്‌ലിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. ഒടുവില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ രാജിയിലേക്കും കാര്യങ്ങള്‍ എത്തി. എന്നാല്‍ പ്രധാനമന്ത്രി വാജ്‌പേയി പിന്നീട് അദ്ദേഹത്തെ തിരികെ പ്രവേശിപ്പിച്ചു.

ബാരക് മിസൈല്‍ കുംഭകോണത്തിലും അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുന്നത് ഇക്കാലത്താണ്. കരാറിന്റെ മൂന്നു ശതമാനം തുക ഫെര്‍ണാണ്ടസിനും ജയാ ജയ്റ്റ്‌ലിക്കുമായി നല്‍കിയെന്നായിരുന്നു തെഹല്‍ക്കയുടെ വെളിപ്പെടുത്തല്‍. അന്വേഷണങ്ങള്‍ ഒരുപാട് നടന്നെങ്കിലും 2013-ല്‍ സിബിഐ കേസന്വേഷണം അവസാനിപ്പിക്കുകയും കോടതി ഇക്കാര്യത്തില്‍ തെളിവുകളില്ല എന്നു വ്യക്തമാക്കുകയും ചെയ്തു.

പാര്‍ട്ടി വീണ്ടും പിളരുന്നു.

1999-ല്‍ ജനതാദള്‍ രണ്ടായി പിരിഞ്ഞു. നിതീഷ് കുമാര്‍- ശരത് യാദവ് നേതൃത്വത്തില്‍ ജനതാദള്‍ (യുണൈറ്റഡ്), ദേവഗൗഡയുടെ ജനതാദള്‍ (സെക്യുലര്‍) ഉണ്ായി. ഫെര്‍ണാണണ്ടസ് തന്റെ സമതാ പാര്‍ട്ടിയെ 2003-ല്‍ ജനതാദള്‍ യൂണൈറ്റഡില്‍ ലയിപ്പിച്ചു.

വാജ്‌പേയി മന്ത്രിസഭ 2004-ല്‍ വീണതോടെ സമതാ പാര്‍ട്ടിയുടെ സഹസ്ഥാപകന്‍ നിതീഷ് കുമാറുമായി ഉടക്കിലായി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടി 2009-ല്‍ അദ്ദേഹത്തിന് പാര്‍ട്ടി ടിക്റ്റ് നിഷേധിച്ചു. ഒടുവില്‍ 2009-ല്‍ മുസഫര്‍പൂരില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചെങ്കിലും തോല്‍ക്കാനായിരുന്നു വിധി. ശരത് യാദവ് ഒഴിഞ്ഞതിനെ തുടര്‍ന്ന് 2009-ല്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി എതിര്‍ത്തില്ല. അങ്ങനെ എതിരില്ലാതെ വീണ്ടും രാജ്യസഭാംഗമായി.

അനേകം വിവാദങ്ങള്‍

എല്‍ടിടിഇയുടെ പിന്തുണക്കാരനായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. പുലികളുടെ ഒരു സമ്മേളനം പോലും അദ്ദേഹം ഡല്‍ഹിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പുലികള്‍ക്കുള്ള ഫണ്ട് റെയ്‌സിംഗിലും ആയുധ ശേഖരണത്തിലുമൊക്കെ അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ടിബറ്റന്‍ അഭയാര്‍ത്ഥികളോടും ബര്‍മയിലെ സൈനിക ഭരണകൂടത്തിനെതിരെ പൊരുതിയ ജനാധിപത്യ റിബല്‍ ഗ്രൂപ്പുകള്‍ക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു.

കുടുംബ പ്രശ്‌നങ്ങള്‍

മൂന്‍ കേന്ദ്ര മന്ത്രി ഹുമയൂണ്‍ കബീറിന്റെ മകള്‍ ലൈല കബീറാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഭാര്യ. 1971-ല്‍ വിവാഹം ചെയ്ത അവര്‍ 1980-കളുടെ മധ്യത്തില്‍ പിരിഞ്ഞെങ്കിലും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയില്ല. തുടര്‍ന്ന് ജയാ ജയ്റ്റ്‌ലിയായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം ഉണ്ടായിരുന്നത്. ഏക മകന് അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി വാങ്ങി നല്‍കാന്‍ സ്വാധീനം ഉപയോഗിച്ചെന്ന ആരോപണവും ഇടയ്ക്ക് ഉയര്‍ന്നിരുന്നു.

അവസാന കാലത്ത് ഓര്‍മക്കുറവും പാര്‍ക്കിന്‍സണ്‍ രോഗവും അദ്ദേഹത്തെ പിടികൂടി. അവസാന കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് തിരികെ വന്ന ലൈല കബീറും ജയാ ജയ്റ്റ്‌ലിയും തമ്മിലുണ്ടായ തര്‍ക്കം ഒടുവില്‍ കോടതിയിലേക്ക് നീണ്ടു. 15 ദിവസത്തിലൊരിക്കല്‍ 15 മിനിറ്റ് അദ്ദേഹത്തെ കാണാന്‍ കോടതി ജയാ ജയ്റ്റ്‌ലിക്ക് അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഒടുവില്‍ പുറംലോകവുമായി ബന്ധപ്പെടുത്തി പുറത്തു വന്ന വാര്‍ത്തകള്‍.

മാതൃഭാഷയായ കൊങ്കിണിക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി, കന്നട, മറാത്തി, തമിഴ്, മലയാളം, ലാറ്റിന്‍, ഉറുദു എന്നിങ്ങനെ പത്തു ഭാഷകള്‍ സംസാരിക്കുമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്.

Next Story

Related Stories