തൊഴിൽ വളർച്ചാ റിപ്പോർട്ടുകൾ ഓരോ സാമ്പത്തികവർഷത്തിലും നാലുമാസം കൂടുമ്പോൾ പ്രസിദ്ധീകരിച്ചു വരുന്നതാണ് രീതി. ഓരോ പാദത്തിന്റെയും അവസാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാറുള്ളത്. മോദി സർക്കാർ കഴിഞ്ഞ മൂന്ന് പാദങ്ങളിലെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാതെ പൂഴ്ത്തി വെച്ചിരിക്കുകയാണ്. കാരണം തൊഴിൽവളർച്ചയിലെ ഇടിവാണ് എന്ന് ആരോപണമുയരുന്നുണ്ട്.
2017-18 സാമ്പത്തിക വർഷത്തിലെ അവസാനപാദത്തിലെയും 2018-19 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിലെയും തൊഴിൽ വളർച്ചാ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇപ്പോൾ ഇക്കഴിഞ്ഞ (ജൂലൈ-സെപ്തംബർ) രണ്ടാംപാദ റിപ്പോർട്ടും പിറംലൊകത്തെ കാണിക്കാൻ കേന്ദ്ര സർക്കാർ മടി കാണിക്കുകയാണ്.
നേരത്തെ പുറത്തു വന്ന സർവ്വേ റിപ്പോർട്ടുകളിൽ രാജ്യത്തെ തൊഴിൽ വളർച്ച കുറയുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതായിരിക്കാം പുതിയ റിപ്പോർട്ടുകൾ പുറത്തുവിടാത്തതിനു പിന്നിലെന്ന ആരോപണം ശക്തമാണ്.
ഇതുകൂടാതെ 2016-17 കാലത്തെ ആനുവൽ എംപ്ലോയ്മെന്റ്-അൺഎംപ്ലോയ്മെന്റ് ഡാറ്റയും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. സാമ്പത്തികവർഷം അവസാനിച്ചിട്ട് ഇപ്പോൾ 18 മാസമായി. 2015-16 കാലത്തെ റിപ്പോർട്ട് 2016ൽ തന്നെ പുറത്തുവിട്ടിരുന്നു.