റാഫേൽ കരാറിനു തൊട്ടു പിന്നാലെ അംബാനിയുടെ കടലാസ് കമ്പനി ഉണ്ടാക്കിയത് 284 കോടി ലാഭം; നടന്നത് ദുരൂഹമായ ഇടപാടുകൾ

നാഗ്പൂരിൽ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാൻ സർക്കാരില്‍ നിന്നും വാങ്ങിയ ഭൂമിയുടെ തുക എങ്ങനെയാണ് റിലയൻസ് അടച്ചതെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.

അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ പ്രവർത്തനമൊന്നുമില്ലാതെ കിടന്നിരുന്ന ഒരു കമ്പനി റാഫേൽ വിമാനക്കരാറിനു പിന്നാലെ 284 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് റിപ്പോർട്ട്. ഡസ്സോൾട്ടിന്റെ ഓഫ്‌സെറ്റ് കരാറിനു ശേഷമാണ് ഈ മാറ്റം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നത് ദി വയറിന്റെ റിപ്പോർട്ടാണ്. റാഫേൽ കരാറിന്റെ ഭാഗമായുള്ള അനുബന്ധ കരാറിന്റെ വ്യവസ്ഥകളനുസരിച്ച് 40 ലക്ഷം യൂറോയാണ് ഈ കമ്പനിയിലേക്ക് എത്തിച്ചേര്‍ന്നത്. കമ്പനിയുടെ 35% ഓഹരികളുടെ വിലയായാണ് ഇത്രയും തുക എത്തിയതെന്ന് റിപ്പോർട്ട് പറയുന്നു.

2017ൽ തന്നെ ഈ നിക്ഷേപം നടന്നിട്ടുണ്ട്. അനിൽ അംബാനിയുടെ റിലയൻസ് എയർപോർട്ട് ഡവലപ്പേഴ്സ് ലിമിറ്റഡ് എന്ന, യാതൊരു പ്രവർത്തനവും നടക്കാത്ത, നഷ്ടത്തിലോടുന്ന കടലാസ്സ് കമ്പനിയിലേക്കാണ് ഈ നിക്ഷേപം പോയത്. ഇതില്‍ 284 കോടി രൂപയുടെ ലാഭവും റിലയൻസിനുണ്ടായെന്ന് റിപ്പോർട്ട് പറയുന്നു.

ഈ കമ്പനിയുടെ ഓഹരികളുടെ വില എങ്ങനെയാണ് നിശ്ചയിക്കപ്പെട്ടത് എന്ന കാര്യം ദുരൂഹമാണ്. ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു കമ്പനിയുടെ ഗണ്യമായ ഓഹരികൾ എന്തു കൊണ്ടാണ് ഡാസ്സോൾട്ട് വാങ്ങിയതെന്ന ചോദ്യത്തിനും ഉത്തരമില്ല. ഡാസ്സോൾട്ടിന്റെ പ്രധാന ബിസിനസ്സുമായി യാതൊരു ബന്ധവുമില്ലാത്ത ബിസിനസ്സിനായി രൂപീകരിക്കപ്പെട്ട കമ്പനിയിലേക്കാണ് ഈ നിക്ഷേപം നടന്നതെന്നതും ശ്രദ്ധേയമാണ്.

റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഫയൽ ചെയ്ത വാർഷിക ഫിനാൻഷ്യൽ റിപ്പോർട്ടില്‍ 34.7% ഓഹരിനിക്ഷേപം ഡാസ്സോൾട്ടിൽ നിന്നും വന്നതായി കാണിച്ചിട്ടുണ്ട്. 2017-2018 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഈ ഓഹരി വിൽപനയുടെ വ്യവസ്ഥകൾ‌ വ്യക്തമല്ല. 10 രൂപ മുഖവിലയുള്ള 24,83,923 ഓഹരികളാണ് വിൽപന നടത്തിയത്. ഇവയിൽ നിന്ന് 284.19 കോടി രൂപയുടെ ലാഭമുണ്ടായതായും റിലയന്‍സ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

2016 സാമ്പത്തിക വർഷത്തിൽ 9 ലക്ഷത്തിന്റെ നഷ്ടം മാത്രമുണ്ടായിരുന്ന കമ്പനിയാണ് റിലയൻസ് എയർപ്പോർട്ട് ഡവലപ്പേഴ്സ്. 2017 മാർച്ച് മാസത്തിൽ 6 ലക്ഷം രൂപ വരുമാനം നേടിയ കമ്പനി 10.35 ലക്ഷം രൂപ നഷ്ടത്തിലായിരുന്നു. ഇതേ കമ്പനിക്ക് റിലയൻസിന്റെ തന്നെ മറ്റു നിരവധി ഉപ കമ്പനികളിൽ ഓഹരിയുണ്ട്. ഈ കമ്പനികളൊന്നും തന്നെ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നവയല്ല എന്നത് ശ്രദ്ധേയമാണ്.

ഈ കടലാസ്സ് കമ്പനികളെല്ലാം എയർപോർട്ട് ബിസിനസ്സുകള്‍ ചെയ്യുന്നവയായാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. എല്ലാം നഷ്ടത്തിലോടുന്നു. മഹാരാഷ്ട്രയിലെ ചില എയർപോര്‍ട്ട് പ്രോജക്ടുകൾ ഏറ്റെടുത്ത ഈ കമ്പനികളിൽ ചിലത് അവയിൽ വീഴ്ച വരുത്തിയതു സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു.

നാഗ്പൂരിൽ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാൻ റിലയൻസ് സർക്കാരില്‍ നിന്നും വാങ്ങിയ ഭൂമിയുടെ തുക എങ്ങനെയാണ് റിലയൻസ് അടച്ചതെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. ആദ്യം 289 ഏക്കർ ഭൂമി വാങ്ങാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് റിലയൻസ് ഇത് 104 ഏക്കറിലേക്ക് ചുരുക്കി. ഭൂനമി കൈമാറ്റം നടന്നത് 2015ലാണെങ്കിലും റിലയന്‍സ് പണം അടയ്ക്കുകയുണ്ടായില്ല. പിന്നീട് 2017ലാണ് പണം അടയ്ക്കുന്നത്. ഇതിനു മുമ്പു തന്നെ ഡാസ്സോൾട്ടുമായുള്ള കരാർ നടപ്പാകുകയും പണം എത്തിച്ചേരുകയും ചെയ്തിരുന്നു. റിലയൻസ് ഇർഫ്രാസ്ട്രക്ചറിലൂടെ ഭൂമി വാങ്ങാനാവശ്യമായ പണം റിലയന്‍സ് എയ്റോസ്ട്രക്ചറിലേക്ക് എത്തിച്ചേർന്നതായാണ് രേഖകളിൽ‌ നിന്ന് അനുമാനിക്കുന്നത്. 2017ലെ റിലയന്‍സ് എയ്റോസ്ട്രക്ചറിന്റെ പബ്ലിക് ഫയലിങ്സിൽ 89.45 കോടി രൂപയുടെ ഒരു ഇന്റർ കോർപറേറ്റ് നിക്ഷേപം നടന്നതായി പറയുന്നുണ്ട്. സർക്കാരിന് കൊടുത്തു തീർക്കാനുണ്ടായിരുന്ന 38 കോടി ഈ വഴിയാണ് അടച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റാഫേൽ കരാറിൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിലാണ് ഈ വിവരങ്ങൾ പുറത്തു വരുന്നതെന്നത് നിർമായകമാണ്. റാഫേൽ ഇടപാട് സംബന്ധിച്ച വിവരങ്ങൾ സുപ്രീംകോടതിക്ക് കൈമാറാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ ഇപ്പോഴുള്ളത്.

സിബിഐ, അയോധ്യ, റാഫേല്‍: മോദി സർക്കാരിന് മുന്നിലെ സുപ്രീം കോടതി കടമ്പകൾ

റാഫേൽ ഇടപാട്: പൊളിഞ്ഞുവീഴുന്ന കള്ളങ്ങൾ

വിരമിച്ചിട്ട് ഒരു വർഷം; എസ്‌ബിഐ മുൻ മേധാവി റിലയന്‍സിന്റെ തലപ്പത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍