പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ ദ ഹിന്ദു പ്രസിദ്ധീകരിച്ച എന്‍ റാമിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാരും ബിജെപിയും റാമിനും ഹിന്ദുവിനെതിരെയും നടത്തുന്ന ആക്രമണം എന്തുകൊണ്ട് അവര്‍ക്ക് തന്നെ തിരിച്ചടിയാകും എന്നാണ് ദ ഹിന്ദുവിലെ ലേഖനത്തില്‍ വര്‍ഗീസ് കെ ജോര്‍ജ് പറയുന്നത്. റാഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നടത്തിയ സമാന്തര വിലപേശലിനെ പ്രതിരോധ സെക്രട്ടറിയടക്കമുള്ളവര്‍ എതിര്‍ത്തിരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. വസ്തുതകള്‍ അന്വേഷിക്കാതെയാണ് എന്‍ റാമിന്റെ റിപ്പോര്‍ട്ട് എന്നാണ് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്റെ വിമര്‍ശനം. അതേസമയം എന്‍ റാം ഇത് തള്ളിക്കളയുകയും ചെയ്തിരുന്നു. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും ആക്രമണവുമായി രംഗത്തെത്തി. എന്നാല്‍ സര്‍ക്കാരിന്റേയും ബിജെപിയുടേയും പ്രതിരോധ വാദങ്ങള്‍ പൊള്ളയായതും അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നതുമാണ് എന്നാണ് വര്‍ഗീസ് കെ ജോര്‍ജ് എഴുതുന്നത്. നാല് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.
ഒരു മാധ്യമ റിപ്പോര്‍ട്ടുകളും ഒന്നിനെ സംബന്ധിച്ചും പൂര്‍ണമായ വിവരങ്ങള്‍ നല്‍കുന്നില്ല. ഞങ്ങളുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന് ഫോളോ അപ് ചെയ്യാന്‍ താല്പര്യമുള്ളവര് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് അത് ചെയ്യാവുന്നതാണ്. സര്‍ക്കാര്‍ വാദിക്കുന്നത് പോലെ, പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീഖര്‍ എഴുതിയ കുറിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടില്ല എന്ന് പറയുന്നില്ല. പിഎംഒയും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസും കാര്യങ്ങളുടെ പുരോഗതി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് പരീഖറുടെ നോട്ട് പറയുന്നത്. പാരഗ്രാഫ് അഞ്ച് ഓവര്‍ റിയാക്ഷന് ആയിപ്പോയി എ്ന്നും പറയുന്നു. പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണും എന്നാണ് പരീഖര്‍ പറയുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര വിലപേശലും ഇടപെടലും നടത്തുന്നതായുള്ള പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ വിമര്‍ശനത്തെ പ്രതിരോധ മന്ത്രിയായിരുന്ന പരീഖര്‍ തള്ളിക്കളയുന്നില്ല. എന്താണ് അഞ്ചാമത്തെ പാരഗ്രാഫ് പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനോട് സമാന്തര ഇടപെടലില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെടണമെന്ന് അത് നിര്‍ദ്ദേശിക്കുന്നു. ഇതിനെയാണ് അതിര് കടന്ന പ്രതികരണമെന്ന് പരീഖര്‍ തന്റെ കുറിപ്പില്‍ വിശേഷിപ്പിക്കുന്നത്. അതേസമയം ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ നയതന്ത്ര ഉപദേഷ്ടാവുമായ പിഎംഒ ജോയിന്റ് സെക്രട്ടറിയും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് പറയുന്ന നാലാമത്തെ പാരഗ്രാഫിനെക്കുറിച്ച് പരീഖര്‍ ഒന്നും പറയുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിനെ ആരോപണങ്ങളില്‍ കുറ്റവിമുക്തമാക്കുന്നതിന് പകരം സാധൂകരിക്കും വിധമാണ് പരീഖറിന്റെ കുറിപ്പെന്ന് വര്‍ഗീസ് കെ ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.
വായനയ്ക്ക്: https://goo.gl/yXnvmi