ഓഫീസിന്റെ ഒരു നിലയിൽ റെയ്ഡും അടുത്ത നിലയിൽ ‘സർവ്വേ’യും നടത്തുകയാണ് തങ്ങളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ദി ക്വിന്റ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനങ്ങളുന്നയിക്കുകയും സർക്കാർ വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള ഓൺലൈൻ മാധ്യമമായ ദി ക്വിന്റിന്റെ (Quintillion Media Pvt Ltd) നോയ്ഡയിലെ ഓഫീസിലും, സ്ഥാപനത്തിന്റെ ഉടമ രാഘവ് ബാഹിലിന്റെ വീട്ടിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ഇന്ന് രാവിലെയായിരുന്നു റെയ്ഡ്. ആദായനികുതി ഉദ്യോഗസ്ഥർക്ക് ആവശ്യമില്ലാത്ത രേഖകളും മറ്റും മോഷ്ടിച്ചു കൊണ്ടു പോയതായി രാഘവ് ബാഹിൽ ആരോപണമുന്നയിച്ചു. തങ്ങളുടെ ഇമെയിൽ, മറ്റ് മാധ്യമപ്രവര്ത്തനപരമായ രേഖകൾ തുടങ്ങിയവ ഒരു കാരണവശാലും ആദായനികുതി ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കരുതെന്ന് രാഘവ് ആവശ്യപ്പെട്ടു. വളരെയേറെ സ്ഫോടനാത്മകമായ വിവരങ്ങളടങ്ങിയ പല രേഖകളും പിടിച്ചെടുത്തവയിൽ പെടുന്നുണ്ടെന്നും അവ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയുണ്ടെന്നും രാഘവ് സൂചിപ്പിച്ചു.
ഓഫീസിന്റെ ഒരു നിലയിൽ റെയ്ഡും അടുത്ത നിലയിൽ ‘സർവ്വേ’യും നടത്തുകയാണ് തങ്ങളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ദി ക്വിന്റ് പറയുന്നു. ഇതു സംബന്ധമായ നിയമനങ്ങളിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായും ദി ക്വിന്റ് ആരോപണമുന്നയിക്കുന്നുണ്ട്.
ദി ന്യൂസ് മിനുട്ട് ഓഫീസിലും ഉദ്യോഗസ്ഥരെത്തി
ദി ക്വിന്റ് ഉടമ രാഘവ് ബാഹിലിന് പങ്കാളിത്തമുള്ള ദി ന്യൂസ് മിനിറ്റിന്റെ ബെംഗളൂരു ഓഫീസിലും എത്തിയെന്ന് റിപ്പോർട്ടുണ്ട്. ഇവിടെയും ‘സർവ്വേ’ നടത്താനാണ് വന്നചതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഐടി ആക്ടിന്റെ 133a വകുപ്പ് പ്രകാരമാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി ന്യൂസ് മിനുട്ട് പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ആവശ്യമായ രേഖകൾ നൽകിയതായി എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ വ്യക്തമാക്കി.
ഫോൺ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്ന് ആരോപണം
രാഘവ് ബാഹിലിന്റെയും റിതു കപൂറിന്റെയും വീട്ടിൽ നടത്തിയ റെയ്ഡിനിടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഇൻകംടാക്സ് ഉദ്യോഗസ്ഥർ മുതിർന്നതായി ആരോപണം. റിതു കപൂറിന്റെ ഫോൺ വിവരങ്ങൾ ചോര്ത്തിയെന്നാണ് വിവരം. സ്വകാര്യ വിവരങ്ങൾ ചോർത്താൻ ആദായനികുതി ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്നും അവർക്ക് അതിനുള്ള അധികാരമുണ്ടോയെന്നും വീടിനു പുറത്തു നിന്നിരുന്ന തന്നോട് റിതു ഉറക്കെ വിളിച്ചു ചോദിച്ചതായി പൂനം അഗർവാൾ ട്വീറ്റ് ചെയ്തു. റിതു ഈ ചോദ്യം ചോദിച്ചതിനു പിന്നാലെ അവരെ ഉദ്യോഗസ്ഥർ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോയതായും പൂനം അഗർവാൾ പറഞ്ഞു.
രാഘവിന്റെ വിശദീകരണം
ആദായനികുതി കൃത്യമായി അടയ്ക്കുന്ന സ്ഥാപനമാണ് ക്വിന്റ് എന്നും ആവശ്യമായ എല്ലാ നികുതിരേഖകളും ആദായനികുതി ഉദ്യോഗസ്ഥർക്ക് നൽകാൻ തയ്യാറാണെന്നും രാഘവ് വിശദീകരിച്ചു. ആദായനികുതി ഓഫീസിന്റെ നടപടിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് എഡിറ്റേഴ്സ് ഗിൽഡിന് രാഘവ് എഴുതിയിട്ടുണ്ട്. ഇതിൽ എഡിറ്റേഴ്സ് ഗിൽഡിന്റെ ഇടപെടൽ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും മെയിലുകളോ മാധ്യമപ്രവർത്തനപരമായ രേഖകളോ ഉദ്യോഗസ്ഥർ പരിശോധിക്കാനോ കോപ്പികളെടുക്കാനോ പാടില്ല. മാധ്യമപ്രവർത്തകരുടെ സ്മാർട്ഫോണുകള് കൈവശപ്പെടുത്തരുതെന്നും താൻ ശക്തമായി ആവശ്യപ്പെടുന്നതായി എഡിറ്റേഴ്സ് ഗിൽഡിനുള്ള സന്ദേശത്തിൽ രാഘവ് പറഞ്ഞു.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടതാണ് ദി ക്വിന്റ് ഓഫീസിലും ഉടമയുടെ വീട്ടിലും നടത്തിയ റെയ്ഡുകളെന്ന് ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. ബിസിനസ്സുകാരുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി റെയ്ഡുകൾ തങ്ങൾ നടത്തുന്നുണ്ടെന്നും അവർ വിശദീകരിച്ചു.
സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളെ ലക്ഷ്യം വെക്കുന്ന പ്രവൃത്തിയാണ് ആദായനികുതി വകുപ്പ് ചെയ്യുന്നതെന്ന് മാധ്യമപ്രവർത്തകനായ ശേഖർ ഗുപ്ത പ്രതികരിച്ചു. ആദായനികുതി ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ മാധ്യമസ്ഥാപനത്തിൽ റെയ്ഡ് നടത്തുന്നത് ഭയപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകനും ഈയിടെ ആം ആദ്മി പാർട്ടിയിൽ നിന്നും രാജി വെച്ചയാളുമായ അശുതോഷും പ്രതികരണവുമായി എത്തിയിട്ടുണ്ട്. രാഘവ് രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമപ്രവർത്തകരിലൊരാളാണെന്നും മോദി സർക്കാരിനെതിരെ നിലപാടെടുത്തതിന്റെ വിലയാണ് അദ്ദേഹം ഇപ്പോൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Reacting to the sudden Income Tax raids at @TheQuint’s office, Congress President Rahul Gandhi said the BJP government’s agenda is to “suppress the media”.
Read full story: https://t.co/nlayqhquTG pic.twitter.com/UdYdenRXxk
— The Quint (@TheQuint) October 11, 2018
രാഹുൽ ഗാന്ധിയുടെ പ്രതികരണം
മാധ്യമങ്ങളെ അടിച്ചമർത്തുന്ന അജണ്ടയാണ് സർക്കാരിനുള്ളതെന്ന് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി പ്രതികരിച്ചു. ക്വിന്റിന്റെ ഓഫീസുകളിൽ റെയ്ഡ് നടക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ഒരു വാർത്താ സമ്മേളനത്തിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “സർക്കാർ നിങ്ങളെ ആക്രമിക്കും, റെയ്ഡ് ചെയ്യും, അടിച്ചമർത്തും. നിങ്ങൾ മാധ്യമങ്ങൾക്ക് ഇതെല്ലാം മനസ്സിലാക്കാൻ കഴിയും. എനിക്കറിയാം നിങ്ങൾക്കു മേൽ സമ്മർദ്ദമുണ്ട്.” -രാഹുൽ പറഞ്ഞു.
സർക്കാരിനെയും ഭരിക്കുന്ന പാർട്ടിയെയും വിശകലനം ചെയ്യാൻ ദി ക്വിന്റ് ധൈര്യപ്പെട്ടതുമായി ഈ റെയ്ഡിന് ബന്ധമില്ലെന്നാണോ എന്ന ചോദ്യമാണ് കോൺഗ്രസ്സ് എംപി ശശി തരൂർ പ്രതികരിച്ചത്.
IT officers are trying to clone data from @kapur_ritu‘s gadgets. When she screamed and asked me about the law of privacy and whether they can clone her journalistic and personal material, while I was standing outside her residence, two IT officers pulled her inside the house.
— Poonam Agarwal (@poonamjourno) October 11, 2018