Top

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ആര്‍.കെ രാഘവനെ കേന്ദ്രം ആദരിക്കുമ്പോള്‍

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ആര്‍.കെ രാഘവനെ കേന്ദ്രം ആദരിക്കുമ്പോള്‍
ചിലപ്പോഴത് വലിയ വാര്‍ത്തയാവാം, എന്നാല്‍ അത് പരക്കുന്നത് അധികം ബഹളങ്ങളില്ലാതെയാവാം.

ബുധനാഴ്ച നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ ഒരു രാഷ്ട്രീയ നിയമനം അത്തരത്തിലുള്ള ഒന്നായിരുന്നു. ഒരു വിദേശ രാജ്യത്തേക്ക് സ്ഥാനപതിയെ നിശ്ചയിക്കല്‍.

2002-ലെ ഗുജറാത്ത് കൂട്ടക്കൊല അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ രാഘവനെ സൈപ്രസിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചു കൊണ്ടുള്ളതായിരുന്നു ആ തീരുമാനം.

സാധാരണ ഗതിയില്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ഉള്ള (IFS) ഉദ്യോഗസ്ഥരാണ് വിദേശ രാജ്യങ്ങളിലെ അംബാസിഡര്‍, ഹൈക്കമ്മീഷണര്‍ പദവികളില്‍ നിയമിക്കപ്പെടാറ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഐ.എഫ്.സുകാരല്ലാത്ത മറ്റൊരു നിയമനവും നടന്നിരുന്നു. അഹമ്മദ് ജാവേദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ സൗദി അംബാസിഡറാക്കിയ തീരുമാനമായിരുന്നു അത്.

രാഘവന്റെ നിയമനത്തിനു പിന്നിലുള്ള കാര്യങ്ങളെ കുറിച്ച് പരിശോധിക്കേണ്ടതുണ്ട്. കാരണം ഗുജറാത്ത് കൂട്ടക്കൊല അന്വേഷിച്ച അന്വേഷണ സംഘത്തലവന്‍ എന്ന നിലയില്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് രാഘവനാണ്. അതിന്റെ ബലത്തിലാണ് തന്റെ വിദ്വേഷ രാഷ്ട്രീയ പ്രചരണവുമായി മോദി മുന്നോട്ടു പോകുന്നതും ഒടുവില്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തി നില്‍ക്കുന്നതും.

ഗുജറത്ത് കൂട്ടക്കൊലയില്‍ മോദിയെ വിചാരണ ചെയ്യാനുള്ള എല്ലാ തെളിവുകളും ഉണ്ടെന്ന് പത്രപ്രവര്‍ത്തകനായ മനോജ് മിട്ട എഴുതിയ 'Modi and Godhra: The Fiction of Fact Finding' എന്ന, കലാപത്തിന്റെ അന്വേഷണത്തെ കുറിച്ചുള്ള പുസ്തകത്തിലും ഗുജറാത്ത് കലാപ കേസില്‍ സുപ്രീം കോടതിയിലെ അമിക്കസ് ക്യൂറിയായിരുന്ന അഡ്വ. രാജു രാമചന്ദ്രനും കൃത്യമായി വിവരിക്കുന്നുണ്ട്.
 

2002-ലെ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കാന്‍ രാഘവന്‍ ഒരു വിധത്തിലും അനുയോജ്യനായിരുന്നില്ലെന്ന് മിട്ട ഈ പുസ്തകത്തില്‍ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. രാഘവനെ കുറിച്ചുള്ള അധ്യായത്തിന്റെ പേരു തന്നെ ഇങ്ങനെയാണ്: 'When the Investigator himself is Indicted'.

1991-ല്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരില്‍ കൊല്ലപ്പെട്ട കേസ് മുതലുള്ള രാഘവന്റെ കരിയറിനെ കുറിച്ച് മിട്ട ഈ പുസ്തകത്തില്‍ പരിശോധിക്കുന്നുണ്ട്. രാജീവ് ഗാന്ധിയുടെ വധത്തിലേക്ക് നയിച്ച സുരക്ഷാ പിഴവിന് ഉത്തരവാദികളായി വര്‍മ കമ്മീഷന്‍ കണ്ടെത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് രാഘവന്‍. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ മനുഷ്യ ബോംബ് തനു അദ്ദേഹം വരുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പു തന്നെ അതീവ സുരക്ഷാ മേഖലയായി കണക്കാക്കേണ്ട, സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. എന്നാല്‍ അന്നത്തെ യോഗത്തിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ രാഘവന്റെ വാദം മറ്റൊന്നായിരുന്നു. രാജീവ് ഗാന്ധി സ്ഥലത്ത് എത്തിയതിനു ശേഷം ധനു സുരക്ഷാ ഏര്‍പ്പാടുകള്‍ മറികടന്ന് അദ്ദേഹത്തിന്റെ അടുക്കല്‍ എത്തുകയായിരുന്നു എന്നായിരുന്നു രാഘവന്റെ മൊഴി. പോലീസ് സുരക്ഷാ വലയത്തിനപ്പുറത്ത് നിലയുറപ്പിച്ചിരുന്ന ആളുകളിലേക്ക് രാജീവ് ഗാന്ധി ഇറങ്ങിച്ചെന്നതു കൊണ്ടാണ് അതു സംഭവിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

എന്നാല്‍ രാഘവന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്തു കൊണ്ട് അദ്ദേഹത്തിനെതിരെയുള്ള കണ്ടെത്തലുകളുടെ ഗൗരവം വര്‍മ കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. ഇത് രാഘവന്റെ കരിയര്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ വലിയ പങ്കുവഹിച്ചു. 1999-ല്‍ അന്നത്തെ വാജ്‌പേയി സര്‍ക്കാര്‍ അദ്ദേഹത്തെ സി.ബി.ഐ തലവനായി നിയമിക്കുകയും ചെയ്തു.

ഈ നിയമനം മുന്നോട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലും പ്രതിഫലിപ്പിക്കപ്പെട്ടു. സര്‍വീസില്‍ നിന്നു വിരമിച്ച രാഘവനെ അങ്ങനെയാണ് ഗുജറാത്ത് കൂട്ടക്കൊല കേസില്‍ സുപ്രീം കോടതി പ്രത്യേകാന്വേഷണ സംഘത്തിന്റെ തലവനായി നിയമിക്കുന്നത്. അതായത് രാജീവ് ഗാന്ധിയുടെ മരണത്തെക്കുറിച്ച് ഏറ്റവും മോശപ്പെട്ട രീതിയില്‍ നടന്ന ഒരന്വേഷണം അതിലും മോശമായ മറ്റൊരു അന്വേഷണത്തിന് കാരണമാകുന്ന അവസ്ഥ. അത് 2002-ലെ കലാപത്തില്‍ മോദിയുടെ പങ്കാളിത്തം സംബന്ധിച്ചായിരുന്നു എന്നും മനോജ് മിട്ട ചൂണ്ടിക്കാണിക്കുന്നു.

സ്വന്തം വകുപ്പ് കുറ്റവിമുക്തനാക്കിയെങ്കിലും രാജീവ് ഗാന്ധി വധത്തെ തുടര്‍ന്നുള്ള നിരവധി വര്‍ഷങ്ങള്‍ രാഘവന്റെ കരിയറിനെ മോശമായി ബാധിച്ചിരുന്നു. അദ്ദേഹത്തിന് പ്രൊമോഷന്‍ നിഷേധിക്കപ്പെട്ടു. ഏതെങ്കിലും കേന്ദ്ര നിയമനങ്ങളിലേക്ക് പരിഗണിക്കുന്നതില്‍ ഉള്‍പ്പെടുത്തിയില്ല. രാഘവന്റെ ജൂനിയര്‍മാരായ പല ഉദ്യോഗസ്ഥരും അദ്ദേഹത്തെ മറികടന്ന് ആ സമയത്ത് രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ വാജ്‌പേയി സര്‍ക്കാര്‍ അധികരത്തില്‍ വന്നതോടെ രാഘവന്റെ ഭാഗ്യം തെളിഞ്ഞു. 1999-ല്‍ സി.ബി.ഐ ഡയറക്ടര്‍ എന്ന വലിയ പദവിയിലേക്ക് അദ്ദേഹംആനയിക്കപ്പെട്ടു. ഒപ്പം അതിവേഗത്തില്‍ രാഷ്ട്രപതിയുടെ പുരസ്‌കാരവും. ഗുജറാത്തിലെ മോദി സാമ്രാജ്യത്തില്‍ നടന്ന അസുഖകരമായ സത്യങ്ങളെ മൂടി വയ്ക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ രാഘവന്‍ നടത്തിയ വഞ്ചന എങ്ങനെയാണ് എന്നതു കൃത്യമായി വിശദീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ പശ്ചാത്തലമെന്നും മനോജ് മിട്ട ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 28-ന് ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ച് നിര്‍ണായക തെളിവുകള്‍ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അവഗണിക്കുകയായിരുന്നു. ഇങ്ങനെയൊരു കൂട്ടക്കൊലയെക്കുറിച്ച് താന്‍ അറിഞ്ഞില്ലെന്നും എല്ലാം കഴിഞ്ഞ് അഞ്ചു മണിക്കൂര്‍ കഴിഞ്ഞാണ് താന്‍ ഇതറിഞ്ഞതെന്നുമാണ് മോദി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.തങ്ങള്‍ രേഖപ്പെടുത്തിയ തെളിവുകളുടെ വലിയൊരു നിരയെ കൂട്ടിയിണക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടത് എങ്ങനെയെന്ന് നോക്കുക: 1) ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ സംഘര്‍ഷം ഉണ്ടാകുന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ അനവധി ആശയവിനിയമങ്ങള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മൂന്ന് മണിയോടെ സംഘര്‍ഷം ഉച്ചസ്ഥായിലാവുകയും തുടര്‍ന്ന് നടന്ന കൂട്ടക്കൊല 3.45-ഓടെ അവസാനിക്കുകയും ചെയ്തു. 2) അക്രമം ഉണ്ടായ ദിവസം മുഴുവന്‍ മോദി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം മീറ്റിംഗുകള്‍ നടത്തുകയും അക്രമത്തെ കുറിച്ച് അവലോകനം ചെയ്യുകയും ചെയ്തിരുന്നു. 3) താന്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയെ കുറിച്ച് അറിഞ്ഞത് രാത്രി 8.30-ന് തന്റെ വസതിയില്‍ ചേര്‍ന്ന മീറ്റിംഗില്‍ വച്ചാണെന്ന മോദിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

അതായത്, പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ചെയ്ത മോദി താന്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കൊലയെ കുറിച്ച് അറിഞ്ഞത് അഞ്ചു മണിക്കൂര്‍ കഴിഞ്ഞാണെന്ന വാദം മുഖവിലയ്‌ക്കെടുത്ത് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു രാഘവന്‍ ചെയ്തത്.

ഗുജറാത്ത് കലാപം സംബന്ധിച്ച് ഇനിയും നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അതിലൊന്ന്, ഗോധ്രയില്‍ ട്രെയിന് തീപിടിച്ച് മരിച്ച കര്‍സേവകരുടെ മൃതദേഹങ്ങള്‍ എല്ലാ നിയമങ്ങളും മറികടന്ന് വി.എച്ച്.പിക്ക് വിട്ടു നല്‍കാന്‍ തീരുമാനിച്ചത് ആരായിരുന്നു? മൃതദേഹങ്ങളുമായി വി.എച്ച്.പി നടത്തിയ ആ യാത്രയാണ് രണ്ടായിരത്തിലേറെ വരുന്ന മനുഷ്യരുടെ ജീവനെടുത്ത വന്‍ കൂട്ടക്കൊലയായി മാറിയത്.

ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍ നമ്മുടെ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ ഏറ്റവും വലിയ കളങ്കമായിരുന്ന ഗുജറാത്ത് കലാപം. രാഘവന് അതിലുള്ള പങ്കാളിത്തം അതില്‍ അദ്ദേഹം നടത്തിയ അന്വേഷണം തന്നെയായിരുന്നു. അതിന് നല്‍കിയിരിക്കുന്ന പ്രത്യുപകാരമാണ് ഇപ്പോള്‍ സൈപ്രസിലെ ഇന്ത്യന്‍ സ്ഥാനപതി എന്നു വേണം മനസിലാക്കാന്‍.

Next Story

Related Stories