“ഇന്ത്യയുടെ കാവൽക്കാരൻ അനിൽ അംബാനിയുടെ ദോസ്ത്; റാഫേൽ വിധിയിൽ സുപ്രീംകോടതി പറയുന്ന സിഎജി റിപ്പോർട്ട് ആരും കണ്ടിട്ടില്ല; -ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

എവിടെയാണ് സിഎജി റിപ്പോർട്ട് എന്ന് സർ‌ക്കാർ വിശദീകരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

താൻ മൂന്നോ നാലോ ദിവസം കൂടുമ്പോൾ മാധ്യമങ്ങളെ വന്ന് കാണുന്നുണ്ടെന്നും എന്നാൽ ഇന്ത്യയുടെ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാറേയില്ലെന്നുമുള്ള വാക്കുകളോടെയാണ് രാഹുൽ വാർത്താ സമ്മേളനം തുടങ്ങിയത്. റാഫേൽ കരാർ സംബന്ധിച്ച് അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കരാറുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ലെന്ന കോൺഗ്രസ്സിന്റെ നിലപാട് അദ്ദേഹം വിശദീകരിച്ചു. റാഫേൽ കരാറിൽ അടിസ്ഥാനപരമായ ചോദ്യം വിമാനത്തിന്റെ വില 526 കോടി രൂപയിൽ നിന്നും എങ്ങനെ 1600 കോടി രൂപയായി ഉയർന്നു എന്നതാണെന്ന് രാഹുൽ പറഞ്ഞു.

അനിൽ അംബാനിക്ക് ഓഫ്സെറ്റ് കരാർ എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിനും ബാംഗ്ലൂർ എച്ച്എഎല്ലിന് ഈ കരാർ എങ്ങനെ നഷ്ടമായി എന്നതും ഇനിയും വ്യക്തമല്ലെന്ന കാര്യവും രാഹുൽ ചൂണ്ടിക്കാട്ടി.

“കംപ്ട്രോളർ ആൻഡ് ഓജിറ്റർ ജനറൽ റിപ്പോർട്ടിൽ വിലനിർണയം സംബന്ധിച്ച വിശദീകരിച്ചിട്ടുണ്ടെന്നാണ് സുപ്രീംകോടതി പറയുന്നത്. ഈ റിപ്പോർട്ട് പൊതുജന സമക്ഷമുണ്ടെന്നും കോടതി പറയുന്നു. പിഎസി (പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി) ചെയർമാൻ മല്ലികാർജുൻ ഖാർഗെ ഇവിടെയുണ്ട്. അദ്ദേഹം ഈ റിപ്പോർട്ട് കണ്ടിട്ടില്ല. പിഎസിയിലെ ആരും ഇത് കണ്ടിട്ടില്ല. പക്ഷെ സുപ്രീംകോടതി മാത്രം ഇത് കണ്ടു.” രാഹുൽ പറഞ്ഞു. ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് അറിയേണ്ടതുണ്ട്. പൊതുജനങ്ങൾക്കോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കോ അറിയാത്ത ഒരു റിപ്പോർട്ടിനെയാണ് കോടതിവിധി ആധാരമാക്കിയിരിക്കുന്നത്.

എവിടെയാണ് സിഎജി റിപ്പോർട്ട് എന്ന് സർ‌ക്കാർ വിശദീകരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പിഎസി ചെയർമാനായ മല്ലികാർ‌ജുൻ ഖാർഗെയെ റിപ്പോർട്ട് കാണിക്കണം. മോദിജി ഫ്രാൻസിലുള്ള മറ്റേതെങ്കിലും ഒരു പാർലമെന്റിൽ സ്വന്തമായി പിഎസി പ്രവർത്തിപ്പിക്കുന്നുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി റാഫേൽ കരാറിന്റെ ഓഫ്സെറ്റ് കരാർ അനിൽ അംബാനിക്ക് കിട്ടാനായി വഴിവിട്ട് നീങ്ങിയിട്ടുണ്ടെന്ന് താൻ തെളിയിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ കാവൽക്കാരൻ അനിൽ അംബാനിയുടെ ദോസ്താണെന്നും അനിൽ അംബാനിക്കു വേണ്ടി ജനങ്ങളുടെ സമ്പത്ത് മോഷ്ടിക്കുകയാണെന്നുമുള്ള വാക്കുകളോടെയാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.

റാഫേൽ ഇടപാട് സംബന്ധിച്ച കേസിൽ സുപ്രീം കോടതി വിധി. ഇടപാട് സംബന്ധിച്ച് അന്വേഷണം ആവശ്യമില്ലെന്നും സുപ്രീം കോടതി ഇന്നത്തെ വിധിപ്രസ്താവത്തിൽ വ്യക്തമാക്കിയിരുന്നു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച എല്ലാ ഹർജികളും കോടതി തള്ളി. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയ് ഉൾപ്പെട്ട ബെഞ്ചാണ് ഹർ‌ജികളിൽ വിധി പറഞ്ഞത്. മുൻ കരാറിൽ പറയുന്ന പോലെ 126 വിമാനങ്ങൾ വാങ്ങാൻ സർക്കാറിനെ നിർബന്ധിക്കാൻ കോടതിക്കാവില്ലെന്ന് ജ. രഞ്ജൻ ഗൊഗോയ് പറഞ്ഞു. ഈ കേസിന്റെ ഓരോ വശവും പരിശോധിക്കാൻ കോടതിക്ക് കഴിയില്ല. വിലവിവരപ്പട്ടിക താരതമ്യപ്പെടുത്തുന്നത് കോടതിയുടെ ജോലിയല്ല. ഇടപാടിനെ സംശയത്തോടെ വീക്ഷിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഡാസോള്‍ട്ട് ഏവിയേഷനിൽനിന്ന് വിമാനങ്ങൾ വാങ്ങുന്നതിനുള്ള തീരുമാനത്തിൽ വീഴ്ചയോ ഏതെങ്കിലും കമ്പനിയോടു സർക്കാർ പ്രത്യേക താൽപര്യം കാണിച്ചതായോ കണ്ടെത്താനായിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍