TopTop
Begin typing your search above and press return to search.

അടുത്ത തവണയെങ്കിലും രണ്ടു വാക്ക് പറയാൻ അമിത് ഷാ നിങ്ങളെ അനുവദിക്കട്ടെ: മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

അടുത്ത തവണയെങ്കിലും രണ്ടു വാക്ക് പറയാൻ അമിത് ഷാ നിങ്ങളെ അനുവദിക്കട്ടെ: മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
അഞ്ചു വർഷത്തെ ഭരണകാലത്തിനൊടുവിൽ ആദ്യമായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 'അഭിനന്ദനം' അറിയിച്ച് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി. "കുറഞ്ഞപക്ഷം മുഖം കാണിച്ചുവെന്നത് വലിയ കാര്യം. അടുത്ത തവണയെങ്കിലും രണ്ട് ചോദ്യത്തിന് ഉത്തരം പറയാൻ അമിത് ഷാ നിങ്ങളെ അനുവദിക്കട്ടെ. വെൽ ഡൺ!" -രാഹുൽ ട്വീറ്റ് ചെയ്തു.



അമിത് ഷായുടെ വാർത്താ സമ്മേളനത്തിലെ ചില വാക്കുകളിലേക്കാണ് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിരൽ ചൂണ്ടുന്നത്. മാധ്യമപ്രവർത്തകർ പോലും 'ഞാനും ചൗക്കിദാർ' പ്രചാരണത്തിൽ പങ്കുകൊണ്ടു എന്ന ഷായുടെ പ്രസ്താവന ചൂണ്ടിക്കാട്ടുകയായിരുന്നു ഒമർ. "മാധ്യമപ്രവർത്തകരുടെ വേഷം കെട്ടിയ ബിജെപി പ്രവർത്തകര്‍ക്ക് നന്ദി പറയാൻ ഷാ മറന്നില്ല" -ഒമർ ട്വീറ്റ് ചെയ്തു.



അമിത് ഷായും മോദിയും വാർത്താ സമ്മേളനം നടത്തുന്ന അതേ അവസരത്തിൽ രാഹുലിന്റെയും വാർത്താസമ്മേളനം നടക്കുകയുണ്ടായി. റാഫേൽ കരാറുമായി ബന്ധപ്പെട്ട് താനുമായി ചർച്ച നടത്താൻ എന്തുകൊണ്ടാണ് മോദി തയ്യാറാകാത്തതെന്ന് അദ്ദേഹം ചോദിച്ചു. താൻ മോദിയെ വെല്ലുവിളിക്കുകയായിരുന്നു. എന്തുകൊണ്ടാണ് വെല്ലുവിളി സ്വീകരിക്കാത്തതെന്ന് മാധ്യമങ്ങളോട് പറയൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചില മാധ്യമങ്ങള്‍ക്കു മാത്രമാണ് വാര്‍ത്താ സമ്മേളനത്തിലേക്ക് പ്രവേശനം കിട്ടിയിരുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

Next Story

Related Stories