ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന തന്റെ പ്രസ്താവനയ്ക്കെതിരെ ഒരു ആർഎസ്എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി. മുംബൈ കോടതിയിലാണ് രാഹുൽ ഹാജരായത്. ബിജെപിയുടെയും ആർഎസ്എസ്സിന്റെയും പ്രത്യയശാസ്ത്രം പങ്കിട്ടവരാണ് കൊലപാതകത്തിനു പിന്നിലെന്ന് രാഹുൽ പറഞ്ഞിരുന്നു. സനാതൻ സൻസ്ഥ എന്ന ഹിന്ദുത്വ സംഘടനയാണ് ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ കൊലപാതകത്തിനു പിന്നിലെന്ന് അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ സംഘടന ആർഎസ്എസ്സുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടില്ല. അതെസമയം ഈ കൊലയാളി സംഘത്തിന് മുൻകാലങ്ങളിൽ ആർഎസ്എസ്സിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ചില സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.
ആർഎസ്എസ് പ്രവർത്തകനായ ധ്രുതിമാൻ ജോഷിയാണ് 2017ൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ഇയാൾ ഒരു വക്കീൽ കൂടിയാണ്. സിപിഎം നേതാവ് സീതാറാം യെച്ചൂരിക്കെതിരെയും സമാനമായ കേസുണ്ട്. ഇദ്ദേഹത്തെയും കോടതി വിളിപ്പിച്ചിരുന്നു.
ഗൗരി ലങ്കേഷ് മരിച്ച് 24 മണിക്കൂർ തികയും മുമ്പ് കുറ്റം ആർഎസ്എസ്സിലും ബിജെപിയിലും രാഹുൽ ചാരി എന്നാണ് ഹരജിക്കാരന്റെ ആരോപണം. ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെ സമ്മർദ്ദത്തിലാക്കുകയോ, ആക്രമിക്കുകയോ, കൊല ചെയ്യുകയോ ചെയ്യുന്നത് സാധാരണമായിരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ ആരോപണം.
ആര്‍എസ്എസ്സിനെതിരെ ശബ്ദമുയർത്തിയില്ലായിരുന്നെങ്കിൽ ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെടുമായിരുന്നില്ലെന്ന് കർണാടകയിലെ ബിജെപി എംഎൽഎയായ ഡിഎൻ ജീവരാജ് പറഞ്ഞിരുന്നു. ആർഎസ്എസ്സിനെതിരെ ഗൗരി ലങ്കേഷ് തന്റെ മാസികയിൽ എഴുതിയ ലേഖനം സംഘപരിവാർ സംഘടനകളിൽ നിന്നും എതിർപ്പ് ഏറ്റുവാങ്ങിയിരുന്നു.