TopTop
Begin typing your search above and press return to search.

ദക്ഷിണേന്ത്യന്‍ ചാലഞ്ച്; രാഹുലിന്റെ വഴിയെ മോദി

ദക്ഷിണേന്ത്യന്‍ ചാലഞ്ച്; രാഹുലിന്റെ വഴിയെ മോദി
യുപിയും ബിഹാറും മഹാരാഷ്ട്രയുമെല്ലാമാണ് ഡല്‍ഹിയിലെ അധികാരത്തിലേക്കുള്ള വഴികള്‍ എന്നാണ് എണ്ണക്കണക്കിലെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം. യുപിയില്‍ ദുര്‍ബലമായിട്ട് മൂന്ന് പതിറ്റാണ്ടോളമായിട്ടും പിന്നീട് കോണ്‍ഗ്രസ് മൂന്ന് തവണ അധികാരത്തില്‍ വന്നു. 1991ല്‍ അവസാനമായി ഒറ്റയ്ക്ക് അധികാരത്തില്‍ വന്നു. പിന്നീട് രാഷ്ട്രീയ സാഹചര്യങ്ങള്‍ വലിയ തോതില്‍ മാറി. 2019ല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്ത് പറയുന്നു എന്നതും നിര്‍ണായകമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണേന്ത്യയിലെങ്കിലും ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത് ദക്ഷിണേന്ത്യയെ കേന്ദ്രീകരിച്ചാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്നലെ മുതല്‍ പ്രധാന ചര്‍ച്ചാവിഷയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമോ എന്നാണ്. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ വയനാട് സീറ്റ് ബിഡിജെഎസില്‍ നിന്ന് ബിജെപി ഏറ്റെടുക്കുമെന്നും സ്മൃതി ഇറാനി സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേഥിയില്‍ തന്നോട് തോല്‍ക്കുമെന്ന പേടിയില്‍ വയനാട്ടിലേയ്ക്ക് ഒളിച്ചോടുന്നതെന്ന് സമൃതി ഇറാനി പരിഹസിച്ചിരുന്നു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയോ എഐസിസിയോ യാതൊരു തീരുമാനവും പറഞ്ഞിട്ടില്ല. എന്നാല്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാറിന്റെ ബംഗളൂരു സൗത്ത് മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായേക്കും എന്ന അഭ്യൂഹങ്ങളാണ് ഈ സീറ്റ് ഒഴിച്ചിട്ടതോടെ ഉയര്‍ന്നത്. ഇത്തരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ദക്ഷിണേന്ത്യയില്‍ കേന്ദ്രീകരിക്കുകയാണോ എന്ന തോന്നലുണ്ടാക്കും വിധമാണ് കാര്യങ്ങള്‍.

കാമരാജിനെ പോലെ, കെ കരുണാകരനെ പോലെ ദേശീയ രാഷ്ട്രീയത്തില്‍ കിംഗ് മേക്കര്‍മാരായ അധികം ദക്ഷിണേന്ത്യക്കാരില്ല. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനെ പോലെ ചിലരുണ്ടെങ്കിലും. കേന്ദ്ര മന്ത്രിസഭയിലെ നിര്‍ണായക പദവികളില്‍ ആദ്യ മന്ത്രിസഭ മുതല്‍ തന്നെ ദക്ഷിണേന്ത്യന്‍ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ അധികാര രാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങള്‍ മിക്കവാറും ഉത്തരേന്ത്യയിലായിരുന്നു. എകെ ആന്റണിയെ പോലെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് സംഘടനയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നെങ്കലും ദേശീയ രാഷ്ട്രീയത്തിലെ ഐക്കണുകളാകാന്‍ കഴിഞ്ഞിരുന്നില്ല. വികെ കൃഷ്ണമേനോനെ പോലൊരു അതികായന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായെങ്കിലും കൃഷ്ണ മേനോന്‍ ദക്ഷിണേന്ത്യയില്‍ നിന്ന് വളര്‍ന്നുവന്ന നേതാവായിരുന്നില്ല. അതേസമയം ദക്ഷിണേന്ത്യയേയും ഇവിടെ നിന്നുള്ള നേതാക്കളേയും ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്കാലവും വലിയ വിശ്വാസമായിരുന്നു. ഇതാണ് സുരക്ഷിത മണ്ഡലം തേടി കോണ്‍ഗ്രസ് നേതാക്കളെ ദക്ഷിണേന്ത്യയിലെത്തിച്ചത്. അതേസമയം സുരക്ഷിത മണ്ഡലം തേടിയുള്ള വരവായി മാത്രം
രാഹുലിന്റെ ദക്ഷിണേന്ത്യന്‍ വരവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാവില്ല.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പ്രത്യക്ഷമായി തന്നെ വലിയ പ്രതിഷേധം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യന്‍, പശ്ചിമേന്ത്യന്‍ ഗ്രാമങ്ങളിലും അടിത്തട്ടില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പൂര്‍ണമായും അവഗണിക്കുന്ന ജനരോഷം മോദിക്ക് വിനയാകും എന്ന വിലയിരുത്തലുണ്ട്. വരാണസി പോലും മോദിക്ക് അത്ര സുരക്ഷിതമല്ല ഇത്തവണ എന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ മോദിയേക്കാള്‍ സ്വീകാര്യതയുള്ള പാന്‍ ഇന്ത്യന്‍ നേതാവാണ് നിലവില്‍ താന്‍ എന്ന് കാണിക്കാനും ബിജെപിയേക്കാള്‍ വലിയ പാന്‍ ഇന്ത്യന്‍ പാര്‍ട്ടിയാകാന്‍ ഇപ്പോളും കോണ്‍ഗ്രസിന് കഴിയുമെന്ന് കാണിക്കാനുമുള്ള അവസരമായി രാഹുല്‍ ഗാന്ധി ഈ ദക്ഷിണേന്ത്യന്‍ മത്സര ചര്‍ച്ച ഉയര്‍ന്നുവരുന്നതിലൂടെ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നുണ്ട്. ധൈര്യമുണ്ടെങ്കില്‍ ദക്ഷിണേന്ത്യയിലേയ്ക്ക് വരൂ എന്നൊരു വെല്ലുവിളിയും ഇതിലുണ്ട്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില് മോദിയെ മടയില്‍ ചെന്ന് വിറപ്പിച്ച രാഹുലിന് ഇതിനുള്ള യോഗ്യതയുമുണ്ട്. രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും വിജയം രാഹുലിന് ആത്മവിശ്വാസം പകരുന്നതാണ്.

കര്‍ണാടകയൊഴിച്ചാല്‍ മറ്റിടങ്ങളില്‍ ദുര്‍ബലമായ ബിജെപി ദേശീയ നേതാക്കളെ ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. എബി വാജ്‌പേയിയും എല്‍കെ അദ്വാനിയും ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ലാത്ത വെല്ലുവിളി നരേന്ദ്ര മോദി ഏറ്റെടുക്കുമോ? അതേസമയം ദേശീയ നേതാക്കള്‍ക്ക് ലഭിക്കുന്ന വലിയ ആള്‍ക്കൂട്ടങ്ങള്‍ കേരളത്തില്‍ വോട്ടായി മാറാറില്ല. 1957ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു, കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായിരുന്ന എകെ ഗോപാലന് എതിരായി കാസര്‍ഗോഡ് മണ്ഡലത്തില്‍ നടത്തിയ ഇളക്കിമറിച്ച പ്രചാരണം തന്നെ ഉദാഹരണം. എന്നാല്‍ ദേശീയ നേതാവ് മത്സരിക്കുമ്പോള്‍ ഉണ്ടാകുന്ന സാഹചര്യം കേരളത്തിന് തീര്‍ത്തും പുതിയ അനുഭവമായിരിക്കും. കൃഷ്ണ മേനോന്‍ മലയാളിയാണ് എന്ന വസ്തുതയുണ്ട്.

അടിയന്തരാവസ്ഥയില്‍ രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോളും ആന്ധ്രപ്രദേശിലും കര്‍ണാടകയിലും കേരളത്തിലും കോണ്‍ഗ്രസ് ആണ് വന്‍ വിജയം നേടിയത്. കര്‍ണാടകയില്‍ 28ല്‍ 24, ആന്ധ്രയില്‍ 42ല്‍ 41, കേരളത്തില്‍ കോണ്‍ഗ്രസ് - സിപിഐ മുന്നണി തൂത്തുവാരിയിരുന്നു. തമിഴ്‌നാട്ടിലാണെങ്കില്‍ ആ തിരഞ്ഞെടുപ്പില്‍ ജയിച്ച എംജി രാമചന്ദ്രന്റെ അണ്ണാ ഡിഎംകെ കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു. റായ്ബറേലിയില്‍ പരാജയപ്പെട്ട അടിയന്തരാവസ്ഥയിലെ മനുഷ്യാവകാശ ലംഘന കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലില്‍ പോയി പുറത്തിറങ്ങിയ ഇന്ദിര ഗാന്ധി 1978ല്‍ ലോക്‌സഭയില്‍ തിരിച്ചെത്താനായി തിരഞ്ഞെടുത്തത് കര്‍ണാടകയിലെ ചിക്കമംഗളൂരാണ്. 1980ല്‍ സുരക്ഷിതത്വത്തിനായി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചപ്പോള്‍ റായ്ബറേലിയിക്കൊപ്പം ആന്ധ്രപ്രദേശിലെ മേധകാണ് ഇന്ദിര ഗാന്ധി തിരഞ്ഞെടുത്തത്. രണ്ടിടങ്ങളിലും ജയിച്ചപ്പോള്‍ അവര്‍ ഉപേക്ഷിച്ചത് റായ്ബറേലി ആയിരുന്നു. സോണിയ ഗാന്ധി ആദ്യമായി മത്സരിക്കാനിറങ്ങിയപ്പോള്‍ അമേഥിക്കൊപ്പം കര്‍ണാടകയിലെ ബെല്ലാരിയാണ് അവര്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയത്. ബെല്ലാരിയില്‍ സുഷമ സ്വരാജിനെ പരാജയപ്പെടുത്തിയ അവര്‍ അമേഥി നിലനിര്‍ത്തി ബെല്ലാരി ഒഴിവാക്കി. 1991 വരെയുള്ള എല്ലാ ലോക്‌സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വലിയ മേധാവിത്തമാണുണ്ടായിരുന്നത്. 1980ല്‍ 28ല്‍ 27 സീറ്റും കോണ്‍ഗ്രസ് നേടിയിരുന്നു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകുന്ന രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത് എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. അമേഥിയില്‍ ബിജെപിയെ നേരിടുന്ന രാഹുല്‍ ഗാന്ധി ഒരു രണ്ടാം മണ്ഡലമായി വേറെ ഏത് തിരഞ്ഞെടുത്താലും അത് ബിജെപിയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാകണ്ടേ എന്ന ചോദ്യമുയരുന്നു. കോണ്‍ഗ്രസിലെ തന്നെ ഗ്രൂപ്പ് പോരിന്റെ ഭാഗമായുള്ള നാടകമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ എന്ന വിലയിരുത്തലുകളുണ്ട്. അതേസമയം കോണ്‍ഗ്രസിന് പരാമാവധി സീറ്റുകള്‍ നേരിടുക എന്ന ലക്ഷ്യം രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുക എന്ന ആവശ്യത്തിന് പിന്നിലുണ്ട്.

അതേസമയം കര്‍ണാടകയില്‍ നിന്ന് രാഹുല്‍ മത്സരിക്കാനുള്ള സാധ്യത കുറവാണ് എന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസ് മത്സരിക്കുന്ന 20ല്‍ 18 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ഇത്. ബാക്കിയുള്ള രണ്ട് സീറ്റുകളിലൊന്ന് മോദി മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുള്ള ബംഗളൂരു സൗത്ത് ആണ്. മറ്റൊന്ന് ധാര്‍വാര്‍. രണ്ടും ബിജെപിയുടെ ശക്തി കേന്ദ്രങ്ങള്‍. പഴയ കോട്ടയായ ആന്ധ്രപ്രദേശിന്റെ വിഭജിത ഭാഗങ്ങളായ തെലങ്കാനയിലും ആന്ധ്രപ്രദേശിലും കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുകയാണ്. ആന്ധ്രയില്‍ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷം പോലുമല്ല. ദക്ഷിണേന്ത്യയില്‍ മത്സരിക്കണം എന്ന് ഉറപ്പിച്ചാല്‍ കര്‍ണാടകയോ കേരളമോ ആണ് രാഹുലിന് മുന്നിലുള്ള വഴി. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളിലേതെങ്കിലും ഒന്നില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധി വരാം. അപ്പോള്‍ ബിജെപിയെ തന്നെയാണ് രാഹുല്‍ നേരിടുന്നത് എന്ന് വ്യക്തമായി പ്രഖ്യാപിക്കാം.

രാഹുല്‍ ഗാന്ധി മത്സരിക്കുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസ് തരംഗം എന്നെല്ലാമുള്ള വിലയിരുത്തലുകളില്‍ എത്രമാത്രം യാഥാര്‍ത്ഥ്യബോധമുണ്ട് എന്ന് ചിന്തിക്കേണ്ടതാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് ഈ ചര്‍ച്ച സജീവമാക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് പിസി ചാക്കോ നടത്തിയ വാര്‍ത്താസമ്മേളനം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സമ്മതിച്ചു, അനുകൂലമായി പ്രതികരിച്ചു എന്നെല്ലാമുള്ള ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ പ്രതികരണങ്ങളെ പൊളിച്ചുകളയുകയാണ് പ്രവര്‍ത്തകസമിതി അംഗമായ പിസി ചാക്കോ ചെയ്തത്. അങ്ങനെ ആരെങ്കിലും പറഞ്ഞെങ്കില്‍ അത് വസ്തുതാപരമല്ല എന്ന് ചാക്കോ വ്യക്തമാക്കി.

ഇന്നലെ വാര്‍ത്താമ്മേളനത്തില്‍ പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല പറഞ്ഞത് കേരളത്തിലെ പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും സ്‌നേഹബഹുമാനങ്ങള്‍ നന്ദിയുണ്ട് എന്നും ഇക്കാര്യ സഗൗരവം പരിഗണിക്കുന്നുണ്ട് എന്നുമാണ്. അതേസമയം അമേഥി തന്നെയാണ് രാഹുലിന്റെ പ്രവര്‍ത്തനകേന്ദ്രമെന്നും വയനാട് മത്സരിക്കുന്ന കാര്യം സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും സൂര്‍ജെവാല വ്യക്തമാക്കിയിരുന്നു. ദ ഹിന്ദുവിലെ വര്‍ഗീസ് കെ ജോര്‍ജ് അടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്നതും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന യാതൊരു സൂചനയും മുതിര്‍ന്ന നേതാക്കളൊന്നും നല്‍കിയിട്ടില്ല എന്ന് തന്നെയാണ്.

Next Story

Related Stories