ട്രെന്‍ഡിങ്ങ്

രാഹുലും പ്രതിപക്ഷവും ചോദിച്ചതെന്ത്? മോദി പറഞ്ഞതെന്ത്?

വ്യക്തിനിഷ്ഠമായ ആത്മവിശ്വാസ പ്രകടനങ്ങളിലേയ്ക്കും ട്രോളുകളിലേക്കും ഇന്ത്യന്‍ രാഷ്ട്രീയം ചുരുങ്ങുകയും കൂപ്പുകുത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു അധ്യായവും ഇന്നലെ രാത്രി ഏറെ വൈകിയും നീണ്ട അവിശ്വാസ പ്രമേയ ചര്‍ച്ച തുറന്നുവച്ചു.

മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം, 2019 ഏപ്രില്‍ – മേയില്‍ സ്വാഭാവികമായും നടക്കുമെന്ന് കരുതുന്നതും 2018 ഡിസംബറില്‍ തന്നെ സംഭവിച്ചേക്കാമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുള്ള ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പടയൊരുക്കത്തിന്റെ തുടക്കമാണ് എന്നാണ് കാണേണ്ടത്. അതേസമയം പാര്‍ലമെന്ററി സംവിധാനത്തിലെ കക്ഷികളുടെ ശാക്തിക ബലാബലങ്ങള്‍ക്കോ മുന്നോട്ടുവയ്ക്കുന്ന പരിപാടികള്‍ക്കോ, നയങ്ങളും സമീപനങ്ങളും സംബന്ധിച്ചുള്ള ഗൗരവമുള്ള രാഷ്ട്രീയ സംവാദങ്ങള്‍ക്കോ അപ്പുറം വ്യക്തിനിഷ്ഠമായ ആത്മവിശ്വാസ പ്രകടനങ്ങളിലേയ്ക്കും ട്രോളുകളിലേയ്ക്കും ഇന്ത്യന്‍ രാഷ്ട്രീയം ചുരുങ്ങുകയും കൂപ്പുകുത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു അധ്യായവും ഇന്നലെ രാത്രി ഏറെ വൈകിയും നീണ്ട അവിശ്വാസ പ്രമേയ ചര്‍ച്ച തുറന്നിട്ടു. ഈ വ്യക്തിനിഷ്ഠ രാഷ്ട്രീയത്തിലേയ്ക്ക് ചര്‍ച്ച ചുരുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് എന്നത്തേയും പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ.

രാഹുല്‍ ഗാന്ധിയെ ഏത് വെല്ലുവിളിയും നേരിടാന്‍ പോന്ന നേതാവായി ഉയര്‍ത്തിക്കാട്ടുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നതായും ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുന്നത് രാഹുല്‍ ആണെന്നും ബിജെപിയെ ജയിപ്പിക്കാന്‍ ഏതറ്റം വരെയും പോകാനും തയ്യാറുള്ള, മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിനായി വര്‍ഗീയ ചേരിതിരിവുകളും വെറുപ്പും സൃഷ്ടിക്കാനുള്ള ക്വട്ടേഷന് സന്നദ്ധത അറിയിച്ചിട്ടുള്ള മുഖ്യധാര പത്രങ്ങള്‍ വരെ പറയുന്നുണ്ട്. അവ രാഹുല്‍ ഗാന്ധിയുടെ വിപണിമൂല്യം അംഗീകരിച്ചിരിക്കുന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ച കാര്യം നടന്നെന്നും ഇനി ലോക് (ജനങ്ങള്‍) ഇത് അംഗീകരിച്ച് കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് അധികാരത്തിലേറ്റുമോ എന്നാണ് അറിയാനുള്ളതെന്നുമാണ് ശോഭന ഭാര്‍തിയയുടെ ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നത്. വിനീത് ജയിനിന്റെ ടൈംസ് ഓഫ് ഇന്ത്യ രാഹുല്‍ സഭയില്‍ പ്രകമ്പനമോ ഒച്ചപ്പാടമോ ബഹളമോ അങ്ങനെ ഏതാണ്ടൊക്കെ ഉണ്ടാക്കിയെന്നും മോദി അതിനെ പുച്ഛത്തോടെ തള്ളിക്കളഞ്ഞു എന്നുമാണ് പറയുന്നത്. കണ്ണിറുക്കലിന്റെ പകര്‍പ്പവകാശം പ്രിയ പ്രകാശ് വാര്യര്‍ സന്തോഷത്തോടെ രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരിക്കുന്നു എന്ന് പറയാനുള്ള തൊലിക്കട്ടി ഏതായാലും ന്യൂസ് 18നാണ് ആദ്യം കാണിച്ചത്.

‘ജാദു കി ഛപ്പി’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന, രാഹുല്‍ ഗാന്ധിയുടെ ‘കട്ടിപ്പുടി വൈദ്യ’ത്തിന് ഹിന്ദിയില്‍ പേര് (കടപ്പാട് – മുന്നാഭായ്, വസൂല്‍രാജ എംബിബിഎസ്). ഈ പ്രകടനത്തില്‍ മോദി സ്തംഭിച്ചുപോയി എന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ വ്യക്തമാക്കുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടേയും മോദിയുടേയും ശരീരഭാഷയും പെരുമാറ്റങ്ങളും പ്രസംഗശൈലികളും ജനാധിപത്യത്തോടുള്ള അവരുടെ വ്യത്യസ്ത സമീപനം പ്രതിഫലിപ്പിക്കുന്നതാണ് എന്ന ചര്‍ച്ചകളും വിലയിരുത്തലുകളും ധാരാളമുള്ളതിനാല്‍ തല്‍ക്കാലം ജാദു കി ഛപ്പിയെ നമുക്ക് ഫ്രെയിം ചെയ്ത് വയ്ക്കാം. കാര്യത്തിലേയ്ക്ക് വന്നാല്‍
മോദിയുടെ മറുപടി പ്രസംഗം എന്നത്തെയും പോലെ വാക്കുകള്‍ കൊണ്ട് സമ്പന്നവും വസ്തുതകള്‍ കൊണ്ട് ദരിദ്രമോ ശൂന്യമോ ഒക്കെ ആയിരുന്നു. രാജ്യത്തെ സ്ത്രീകള്‍ക്ക് വീടിനകത്ത് കക്കൂസ് നിര്‍മ്മിച്ചതിന്റെയും എല്‍ഇഡി ബള്‍ബുകള്‍ വാരി വിതറിയതിന്റേയും ഔദാര്യ കഥകള്‍ മോദി വിളമ്പി. റാഫേല്‍ കരാര്‍ അടക്കം ചോദ്യങ്ങളില്‍ ഒന്നിന് പോലും യുക്തിസഹമായ മറുപടി ഉണ്ടായിരുന്നില്ല. സുഭാഷ് ചന്ദ്ര ബോസും സര്‍ദാര്‍ വല്ലഭായ് പട്ടേലും മുതല്‍ ദേവഗൗഡയും ഐകെ ഗുജ്‌റാളും വരെയുള്ളവരോട് പല കാലങ്ങളില്‍, പലതരത്തില്‍ കോണ്‍ഗ്രസ് കാണിച്ച ‘ചതി’യുടേയും ‘വഞ്ചന’യുടേയും കദന കഥകള്‍ വീശി. കുടുംബാധിപത്യ രാഷ്ട്രീയത്തെ വിമര്‍ശിച്ചു.

ബിജെപി കോണ്‍ഗ്രസിനോട് ചോദിക്കുന്നതും അടുത്ത തിരഞ്ഞെടുപ്പിലും അവരോട് ചോദിക്കാന്‍ പോകുന്നതും ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഞാന്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാര്‍ എന്ന് രാഹുല്‍ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ തയ്യാര്‍ എന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചാലും ബിജെപിയും മോദിയും പുച്ഛത്തോടെ ആ ചോദ്യം ആവര്‍ത്തിക്കും. ‘പപ്പുമോന്‍’ തമാശകള്‍ പഴയ പോലെ ഏശുന്നില്ലെങ്കില്‍ പോലും. രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രിയാകാനുള്ള സന്നദ്ധത അറിയിക്കല്‍ പൊതുസമൂഹത്തിന് മുന്നിലെ ഒരു ആത്മവിശ്വാസ പ്രകടനമായിരുന്നു. ആള്‍ക്കൂട്ടത്തിന് മുന്നില്‍ മുട്ട് വിറക്കുന്ന, സഭാകമ്പത്തിന്റെ പിടിയിലമരുന്ന പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടുന്നയാള്‍ എന്ന പ്രതിച്ഛായയില്‍ നിന്നുള്ള കുതറിമാറലുകളുടെ ഒരു ഭാഗമായിരുന്നു ആ പ്രഖ്യാപനം. അതേസമയം ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന മുഖ്യലക്ഷ്യത്തില്‍ കേന്ദ്രീകരിച്ച് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് രാഹുല്‍ ശ്രമിക്കുന്നതെങ്കില്‍ അദ്ദേഹം ഈ മോഹം മാറ്റി വയ്ക്കാനും സാധ്യതയുണ്ട്.

ചര്‍ച്ചകളുടെയും, സംവാദങ്ങളുടെ, കൊടുക്കല്‍-വാങ്ങലുകളുടെ സാധ്യതകള്‍ വാക്കുകളിലും ശരീരഭാഷയിലും ഒരുപരിധി വരെ പ്രവൃത്തിയിലും തുറന്നിടാന്‍ രാഹുലിന് കഴിയുന്നുണ്ട് എന്നത് പുതിയ കാലത്തെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നതിന് അയാളെ പ്രാപ്തനാക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ – മോദി ദ്വന്ദ്വം എന്നതിലേയ്ക്ക് തിരഞ്ഞെടുപ്പിനെ ചുരുക്കാനാണ് മോദി ശ്രമിക്കുന്നത്. പ്രധാനമന്ത്രിയാകാനും തന്നെ അധികാരത്തില്‍ നിന്നിറക്കാനും രാഹുല്‍ ഗാന്ധി എന്തിനാണ് ഇത്ര തിടുക്കപ്പെടുന്നത് എന്നാണ് പുച്ഛത്തോടെ മോദി ചോദിച്ചത്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച രാഷ്ട്രീയ രാജകുമാരനായി രാഹുലിനെ പ്രതിഷ്ഠിക്കാനും
തന്നെ രാജ്യത്തെ അധ്വാനവര്‍ഗത്തിന്റെ, അധസ്ഥിത വര്‍ഗത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കാനുമാണ് മോദി ശ്രമിച്ചത്.  അവിടെയും വ്യക്തിപരമായ താരതമ്യങ്ങളിലാണ് മോദി ശ്രദ്ധിച്ചത്.

അംബേദ്കറുടെ ഭരണഘടനയെ സംരക്ഷിക്കുകയാണ് 2019ല്‍ തങ്ങളുടെ പ്രധാന ലക്ഷ്യമെന്നാണ് രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞത്. കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുമെന്ന് അവകാശവാദമല്ല. കഴിഞ്ഞ നാല് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തെ വസ്തുതകള്‍ ചൂണ്ടിക്കാട്ടി നിശിതമായി വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്ത ശേഷമാണ് രാഹുല്‍ ഗാന്ധി, മോദിയുടെ സമീപം ചെന്ന് അദ്ദേഹത്തിന് കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തത്. വ്യക്തിപരമായ അധിക്ഷേപങ്ങളും വ്യക്തിഹത്യയും തന്റെ പണിയല്ലെന്നും രാഷ്ട്രീയം പറയാനുണ്ടെങ്കില്‍ പറയൂ എന്നുമാണ് രാഹുല്‍ ഗാന്ധിയുടെ സന്ദേശം. എന്നാല്‍ മോദിയുടെ താല്‍പര്യം ആരാണ് തന്നെ തോല്‍പ്പിക്കാന്‍ മാത്രം വളര്‍ന്നവനായി ഇവിടെയുള്ളത് എന്ന് അറിയാനായിരുന്നു.

45 മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തിലൂടെ രാഹുൽ‌ ഗാന്ധി ശക്തമായ ആക്രമണമാണ് മോദിക്കെതിരെ നടത്തിയത്. നോട്ടുനിരോധനം, ജി എസ് ടി , തൊഴിലില്ലായ്മ, റാഫേൽ കരാര്‍ തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനും അവ പാർലമെന്റിനു പുറത്തും  ചർച്ചയിലേക്ക് കൊണ്ടുവരാനും ചെയ്യാൻ രാഹുലിന് സാധിച്ചു. രാജ്യത്തെ ദിവസങ്ങള്‍ പിന്നിടുന്തോറും കൂടുതല്‍ മോശമായ അവസ്ഥയിലേയ്ക്ക് നയിക്കുന്ന അസഹിഷ്ണുതയുടേയും വെറുപ്പിന്റെയും പകയുടെയും രാഷ്ട്രീയത്തെ തുറന്നുകാട്ടാന്‍ രാഹുല്‍ ഗാന്ധിക്ക് തന്റെ പ്രസംഗത്തില്‍ കഴിഞ്ഞു. ആള്‍ക്കൂട്ട ആക്രമണങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും കര്‍ഷക ആത്മഹത്യകളുമെല്ലാം ചര്‍ച്ചയിലെത്തിച്ചു. നാല് വര്‍ഷവും രണ്ട് മാസവും പിന്നിട്ട മോദിയുടെ ഇന്ത്യയെ വൃത്തിയായി വരച്ചിട്ടു.

വാഗ്ദാന ലംഘനങ്ങള്‍, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, വര്‍ഗീയ അസഹിഷ്ണുത, കുത്തനെ ഇടിഞ്ഞ വളര്‍ച്ചാനിരക്ക് തുടങ്ങിയ പ്രശ്‌നങ്ങളിലൊന്നും മോദിക്ക് താല്‍പര്യമില്ലാത്തതിനാല്‍ അദ്ദേഹം പതിവ് പോലെ തന്റെ പ്രകടനം തുടര്‍ന്നു. രാഹുല്‍ ഗാന്ധിയോട് പറഞ്ഞത് പോലെ “യേ നാടക് മദ് കരോ” എന്ന് മോദിയോട് പറയാന്‍ സുമിത്ര മഹാജന് കഴിയില്ലല്ലോ. അവിശ്വാസ പ്രമേയം അവതരിപ്പിച്ച ടിഡിപി എംപി ജയദേവ് ഗല്ല, കോണ്‍ഗ്രസിലെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ബിജെപി കാണുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പറഞ്ഞത് തന്നെ ചൂണ്ടിക്കാട്ടിയാണ് മോദിക്കും ബിജെപിക്കും മുന്നറിയിപ്പ് നല്കിയത്. “നിങ്ങള്‍ വസ്തുതകളെ അവഗണിച്ചാല്‍, വസ്തുതകള്‍ക്ക് പ്രതികാരം ചെയ്യാന്‍ അവയുടേതായ രിതീകളുണ്ടെന്ന്” സര്‍ദാര്‍ പട്ടേല്‍ പറഞ്ഞിരുന്നതായി ജയദേവ് ഗല്ല ഓര്‍മ്മിപ്പിച്ചു.

കെട്ടിപ്പിടുത്തത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്ര ചര്‍ച്ചകള്‍ക്കപ്പുറം ഉള്ള കാര്യം അവതരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് തന്റെ പ്രസംഗത്തില്‍ കഴിഞ്ഞു എന്നതാണ് വസ്തുക. റാഫേല്‍ ഇടപാടില്‍ പരിചയസമ്പന്നരായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് പുറന്തള്ളപ്പെടുകയും യാതൊരു മുന്‍പരിചയവുമില്ലാത്ത ഇന്നലെ പൊട്ടിമുളച്ച, അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കയറിവരുകയും ചെയ്തതെങ്ങനെ എന്ന ചോദ്യം രാഹുല്‍ ഗാന്ധി ഇനിയും പൊതുവേദികളില്‍ ആവര്‍ത്തിച്ച് ചോദിക്കേണ്ടതാണ്. റാഫേല്‍ കരാര്‍ പരസ്യമാക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിട്ടും മോദിക്ക് എന്താണ് ഇക്കാര്യത്തില്‍ ഇത്ര ബുദ്ധിമുട്ട് എന്ന് രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമുണ്ടെങ്കില്‍ തുടര്‍ന്നും ചോദിക്കാം. യുദ്ധവിമാനത്തിന്റെ വിലയില്‍ മറച്ചുവയ്ക്കാനുള്ള ഒരു രഹസ്യവും ഒരു രാജ്യത്തിനും ഉണ്ടാകാന്‍ പാടില്ല.

പ്രാദേശിക പാര്‍ട്ടികളെ വഞ്ചിക്കുകയും ഒതുക്കുകയും പിന്നില്‍ നിന്ന് കുത്തുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസിന്റെ ചരിത്രമെന്ന് മോദി കുറ്റപ്പെടുത്തി. എന്നാല്‍ ബിജെപിയുടെ ഏറ്റവും വലിയ രണ്ട് സഖ്യകക്ഷികളും എന്‍ഡിഎ സഖ്യം വിട്ടിരുന്നു. ശിവസേന സാങ്കേതികമായി സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ട് എന്ന് മാത്രം. രണ്ടാമത്തെ വലിയ സഖ്യകക്ഷിയായിരുന്ന ടിഡിപിയാണ് തങ്ങള്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് എന്ന കാര്യം മോദി അവഗണിച്ചു. ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്ന ശിവസേന, സര്‍ക്കാരിനുള്ള പിന്തുണ സാങ്കേതികമായി പിന്‍വലിച്ചിട്ടില്ലെങ്കിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപിയോടുള്ള സമീപനം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇത്തരത്തില്‍ പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുള്ള ബിജെപിയുടെ ഒറ്റപ്പെടലും അകല്‍ച്ചയും അസ്വാരസ്യങ്ങളുമാണ് അവിശ്വാസ പ്രമേയത്തിന് തന്നെ കാരണമായത്. പ്രാദേശിക പാര്‍ട്ടികളുമായുള്ള ബിജെപിയുടെ അഥവാ മോദി – ഷാ ടീമിന്റെ ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണുള്ളത് എന്നത് യാഥാര്‍ത്ഥ്യമാണ്. മോദി സര്‍ക്കാരിനെതിരായി ശക്തമായ ഭരണവിരുദ്ധ വികാരവും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം പ്രതിപക്ഷത്തിന് 2019ല്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍