UPDATES

‘ജയ്‌ ഹിന്ദ്‌’, ‘ജയ്‌ ശ്രീറാം’: രാംനാഥ് കോവിന്ദിന്റെ ഇന്ത്യയിലേയ്ക്ക് സ്വാഗതം

മഹാത്മ ഗാന്ധിയേയും ദീന്‍ദയാല്‍ ഉപാധ്യായയേയും ഒരേ സശ്വാസത്തില്‍ പരാമര്‍ശിച്ച പ്രസിഡന്റ് കോവിന്ദിന്റെ പ്രസംഗത്തിന്റെ അവസാന ഖണ്ഡികയാവും ഒരു പക്ഷെ കൂടുതല്‍ ശ്രദ്ധേയമായത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ഭരണഘടനയുടെ കാവല്‍ക്കാരന്‍ എന്ന നിലയില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഏതൊരു അധികാരകൈമാറ്റവുമായും ബന്ധപ്പെട്ട എല്ലാ പ്രതാപവും ചൊവ്വാഴ്ച പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുണ്ടായിരുന്നു. എന്നാല്‍ സൂക്ഷ്മബുദ്ധികളായ രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ചടങ്ങിന്റെ ശ്രദ്ധേയമായ ഘടകം മറ്റൊരു സ്ഥലത്തായിരുന്നു. ഒരുപക്ഷെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടന്‍ തന്നെ സ്ഥാനമേല്‍ക്കുന്ന പ്രസിഡന്റ് ഉദ്ഘാടന പ്രസംഗം നടത്തുന്നത് ഒരുപക്ഷേ ഇത് ആദ്യത്തെ സംഭവമായിരിക്കും. അതുകൊണ്ടുതന്നെ, രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ ആദ്യ അഭിസംബോധന, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങള്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, ജഡ്ജിമാര്‍, മുന്‍ പ്രസിഡന്റുമാര്‍, ക്ഷണിക്കപ്പെട്ട മറ്റ് പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നിന്നായിരുന്നു. അത് പ്രസിഡന്റ് കോവിന്ദ് നടപ്പിലാക്കിയ ഒരു പുതുമയായിരുന്നു.

അദ്ദേഹത്തിന്റെ പ്രസംഗം വൈദഗ്ധ്യത്തോടെ രൂപം കൊടുത്തതായിരുന്നു. ശരിയായ കാര്യങ്ങളെ കുറിച്ചൊക്കെ അദ്ദേഹം പരാമര്‍ശിച്ചു. ബഹുസ്വരതയെ കുറിച്ചും രാജ്യത്തിന്റെ യോജിപ്പിനെ കുറിച്ചും സൂചിപ്പിച്ച അദ്ദേഹം 21-ാം നൂറ്റാണ്ടിലെ ലോകനേതാവ് എന്ന നിലയിലുള്ള ഇന്ത്യയെ കുറിച്ചുള്ള തന്റെ സങ്കല്‍പം അദ്ദേഹം വരച്ചുകാട്ടി. കൂട്ടത്തില്‍, ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ നിന്നുള്ള ലളിതമായ സാഹചര്യങ്ങളില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്കുള്ള തന്റെ യാത്രയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ മറ്റൊരു വിഷയത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ പ്രസംഗം ഓര്‍മ്മിക്കപ്പെടുക. അദ്ദേഹം പേരെടുത്ത് പരമാര്‍ശിച്ച പ്രമുഖരുടെയും അതിലും പ്രധാനമായി അദ്ദേഹം പരാമര്‍ശം ഒഴിവാക്കിയ പേരുകളുടെയും പേരിലായിരിക്കും അത്. സമീപകാലത്ത് ഇന്ത്യന്‍ രാജ്യഘടന കൈവരിച്ച രാഷ്ട്രീയ വ്യതിയാനത്തിന്റെ സൂചകമാണത്.

ഈ വാക്കുകള്‍ ശ്രദ്ധിക്കൂ:

“ഈ മഹത്തായ രാജ്യത്തിന്റെ 125 കോടി ജനങ്ങളെ ഞാന്‍ വണങ്ങുന്നതോടൊപ്പം എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തോട് കൂറ് പുലര്‍ത്തുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു. ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. എസ് രാധാകൃഷ്ണന്‍, ഡോ. എപിജെ അബ്ദുള്‍ കലാം കൂടാതെ എന്റെ തൊട്ടുമുന്‍ഗാമിയായിരുന്ന നമ്മള്‍ സ്‌നേഹത്തോടെ ‘പ്രണബ് ദാ’ എന്ന് വിളിക്കുന്ന പ്രണബ് മുഖര്‍ജി തുടങ്ങിയ അതികായന്മാരുടെ കാല്‍ച്ചുവടുകളാണ് ഞാന്‍ പിന്തുടരുന്നതെന്ന് എനിക്ക് നല്ല ബോധമുണ്ട്”.

മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്ന മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന് ഒരു പരാമര്‍ശം നേടിയെടുക്കാന്‍ സാധിച്ചില്ല. ഒപ്പം, ഇന്ത്യയുടെ ആദ്യ ദളിത് പ്രസിഡന്റായിരുന്ന കെ.ആര്‍ നാരായണനും. ഈ പദവിയില്‍ എത്തുന്ന രണ്ടാമത്തെ ദളിതനാണ് കോവിന്ദ്. നയതന്ത്രമേഖലയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് വന്ന നാരായണനെ ഐ കെ ഗുജ്‌റാളിന്റെ നേതൃത്വത്തിലുള്ളതും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടായിരുന്നതുമായ ന്യൂനപക്ഷ സര്‍ക്കാരാണ് പ്രധാന പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. എന്നാല്‍ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടിയ അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 95 ശതമാനം വോട്ടുകളാണ് നേടിയത്. എന്നാല്‍ ഗുജ്റാള്‍ സര്‍ക്കാരിന് ശേഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന അടല്‍ ബിഹാരി വാജ്‌പേയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരുമായി അദ്ദേഹത്തിന് അത്ര മധുരമുള്ള ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്.

1998ല്‍ 182 സീറ്റുകളോടെ ബിജെപി ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍, പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനായി തങ്ങളുടെ സഖ്യ പങ്കാളികളുടെ രേഖാമൂലമുള്ള ഒപ്പിട്ട പിന്തുണക്കത്തുകള്‍ ഹാജരാക്കണമെന്ന് പാര്‍ട്ടി നേതാവ് വാജ്‌പേയിയോട് നാരായണന്‍ ആവശ്യപ്പെട്ടു. ബിജെപിക്ക് ചില ഉത്കണ്ഠാകുലമായ നിമിഷങ്ങളാണ് ഈ തീരുമാനം സമ്മാനിച്ചത്. പിന്തുണ കത്ത് നല്‍കുന്നതിന് തന്റേതായ സമയം എഐഎഡിംകെ നേതാവ് ജെ ജയലളിത എടുത്തതോടെയായിരുന്നു ഇത്. 1999 ഏപ്രിലില്‍, വാജ്‌പേയ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് ജയലളിതയുടെ എഐഎഡിഎംകെ, പ്രസിഡന്റിനയച്ചപ്പോള്‍, കേന്ദ്രത്തിനെതിരായി പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് ലോക്‌സഭയില്‍ വിശ്വാസവോട്ട് തേടാനാണ് വാജ്‌പേയിയോട് നാരായണന്‍ ആവശ്യപ്പെട്ടത്. ആ ചെറിയ സാങ്കേതികത വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കി. ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ വാജ്‌പേയ് സര്‍ക്കാര്‍ നിലംപതിച്ചു.

കൂടാതെ ബിഹാറില്‍ റാബ്രി ദേവിയുടെ നേതൃത്വത്തിലുള്ള ആര്‍ജെഡി സര്‍ക്കാരിനെ പിരിച്ചുവിടണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍, ഈ നീക്കത്തിന്റെ വിശ്വാസ്യത നാരായണന് ബോധ്യപ്പെട്ടില്ല. ഈ സമയത്തൊക്കെ കോവിന്ദ് ബിജെപി നേതാവായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ‘അതികായന്മാ’രുടെ പട്ടികയില്‍ കെആര്‍ നാരായണനെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഈ സംഭവവികാസങ്ങളെ കുറിച്ചും അവയില്‍ മുന്‍ പ്രസിഡന്റ് വഹിച്ച പങ്കിനെ കുറിച്ചും അദ്ദേഹം ഓര്‍ത്തിരിക്കാം.

ഏതാനും മിനിട്ടുകള്‍ക്ക് ശേഷം, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ പേരും അദ്ദേഹം ഒഴിവാക്കി. പകരം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരിണാമത്തില്‍ വഹിച്ച പങ്കിന്റെ പേരില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനേയും ഡോ. ബിആര്‍. അംബേദ്കറേയും അദ്ദേഹം പ്രകീര്‍ത്തിച്ചു: “മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ആയിരക്കണക്കിന് ദേശസ്‌നേഹികളായ സ്വാതന്ത്ര്യസമര സേനാനികളുടെ അധ്വാനത്തിന്റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യം. പിന്നീട്, സര്‍ദ്ദാര്‍ പട്ടേല്‍ നമ്മുടെ രാജ്യത്തെ ഏകോപിപ്പിച്ചു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ശില്‍പിയായിരുന്ന ബാബാസാഹേബ് അംബേദ്കര്‍ നമ്മളില്‍ മനുഷ്യാഭിമാനത്തിന്റെയും ജനാധിപത്യ ധാര്‍മ്മികതയുടെയും മൂല്യങ്ങള്‍ നിറച്ചു. നമുക്ക് ലളിതമായ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രം മതിയെന്ന് ഈ നേതാക്കള്‍ വിശ്വസിച്ചില്ല. അവരെ സംബന്ധിച്ചിടത്തോളം, നമ്മുടെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ സാമ്പത്തിക, സാമൂഹിക സ്വാതന്ത്ര്യം കൂടി നേടിയെടുക്കേണ്ടിയിരുന്നു” – കോവിന്ദ് പറഞ്ഞു. നെഹ്രുവിന്റെ പേര് ബോധപൂര്‍വം വിട്ടുകളയുകയും ദേശീയ ബിംബങ്ങളായി പട്ടേലിന്റെയും അംബേദ്കറുടെയും പേരുകള്‍ മാത്രം എടുത്തുകാട്ടുകയും ചെയ്യുന്നത്, നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കീഴിലുള്ള ഇപ്പോഴത്തെ ബിജെപി നേതൃത്വത്തിന്റെ ചിന്ത പദ്ധതികളുമായി ഒത്തുപോകുന്ന ഒന്നാണ്.

രാഷ്ട്ര നിര്‍മ്മാണത്തെ കുറിച്ചും ലോകനേതാവായി കാണപ്പെടാനുള്ള ഇന്ത്യയുടെ അഭിലാഷത്തെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു. തന്റെ പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രി മോദി സംവദിക്കുന്ന ആശയങ്ങളുമായി യോജിച്ചുപോകുന്നവയാണ് ഇവയും: “സര്‍ക്കാരുകള്‍ മാത്രം വിചാരിച്ചിട്ടല്ല ദേശങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. നല്ല സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും സമൂഹത്തിന്റെ സഹജമായ സംരംഭകത്വ, ക്രിയാത്മക ചോദനകളെ പ്രചോദിപ്പിക്കാനും സര്‍ക്കാരുകള്‍ക്ക് സാധിച്ചേക്കും. ദേശനിര്‍മ്മാണത്തിന് ദേശാഭിമാനം ആവശ്യമാണ്. ഇന്ന് ലോകം ഇന്ത്യയുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നു. ഇന്ത്യയുടെ സംസ്‌കാരത്തിലേക്കും മൃദുവായ അധികാരത്തിലേക്കും മുഴുവന്‍ ഗ്രഹവും ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭീകരവാദമോ പണം വെളുപ്പിക്കലോ കാലവസ്ഥ വ്യതിയാനമോ ആകട്ടെ, അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ആഗോള സമൂഹം നമ്മെ ഉറ്റുനോക്കുന്നു. ഒരു ആഗോളീകൃത ലോകത്തില്‍ നമ്മുടെ ഉത്തരവാദിത്വങ്ങളും ആഗോളമാണ്” എന്ന് പുതിയ പ്രസിഡന്റ് പറഞ്ഞു.

മഹാത്മ ഗാന്ധിയേയും ദീന്‍ദയാല്‍ ഉപാധ്യായയേയും ഒരേ ശ്വാസത്തില്‍ പരാമര്‍ശിച്ച പ്രസിഡന്റ് കോവിന്ദിന്റെ പ്രസംഗത്തിന്റെ അവസാന ഖണ്ഡികയാവും ഒരു പക്ഷെ കൂടുതല്‍ ശ്രദ്ധേയമായത്: “മഹാത്മ ഗാന്ധിയും ദീന്‍ദയാല്‍ ഉപാധ്യായാജിയും വിഭാവന ചെയ്തത് പോലെ ഒരു ഭീമവും ഉയര്‍ന്ന വളര്‍ച്ചയുള്ളതുമായ ഒരു സാമ്പത്തികരംഗവും വിദ്യാസമ്പന്നവും ധാര്‍മ്മികത പങ്കുവെക്കുന്നതുമായ ഒരു സമൂഹവും നമ്മള്‍ സൃഷ്ടിക്കണം. മാനവികതയെ കുറിച്ചുള്ള നമ്മുടെ ബോധത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണവ”, എന്ന് അദ്ദഹം പറഞ്ഞു.

പാര്‍ലമെന്റിലെ പാരമ്പര്യപ്രകാരം, രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ് പരിഭാഷയുടെ ആദ്യത്തേയും അവസാനത്തേയും ഖണ്ഡിക ഉപരാഷ്ട്രപതിയാണ് വായിക്കുക. ‘രാഷ്ട്രപിതാവി’നെയും സംഘപരിവാറിന്റെ പ്രമുഖ പ്രത്യയശാസ്ത്രകാരനെയും ഒരേ നിലവാരത്തില്‍ നിര്‍ത്തുന്ന രാംനാഥ് കോവിന്ദിന്റെ ഉപസംഹാര ഖണ്ഡിക ഇന്നലെ ഹമീദ് അന്‍സാരി വായിച്ചു.

പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെ ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ ബിജെപിയില്‍ നിന്നും പിന്‍ബഞ്ചുകാര്‍ ‘ഭാരത് മാത കീ ജയ്,’ ‘ജയ് ശ്രീറാം,’ എന്നിങ്ങനെ പിറുപിറുത്തുകൊണ്ട് ഒരു കൗതകരമായ അന്ത്യവും ചടങ്ങിന് നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍