TopTop

റിസർവ്വ് ബാങ്ക് വിവാദം: ഊർജിത് പട്ടേൽ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

റിസർവ്വ് ബാങ്ക് വിവാദം: ഊർജിത് പട്ടേൽ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ
അടുത്ത റിസർവ്വ് ബാങ്ക് ബോർഡ് മീറ്റിങ്ങിനു ശേഷം നിലവിലെ ഗവർണർ ഊർജിത് പട്ടേൽ രാജി വെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. സാമ്പത്തികകാര്യ പ്രസിദ്ധീകരണമായ മണികൺട്രോളാണ് ഈ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. നവംബർ 19ന് നടക്കുന്ന ബോർഡ് മീറ്റിങ്ങിനു ശേഷം ഊർജിത് പട്ടേൽ രാജി വെക്കുമെന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും രാജിയെന്നും അറിയുന്നു.

കേന്ദ്ര സർക്കാരുമായി നയപരമായ വിഷയങ്ങളിൽ‌ കടുത്ത വിയോജിപ്പുകൾ രൂപപ്പെടുകയും അത് പൊതുജനമധ്യത്തിലേക്ക് ഇറങ്ങിവരികയും ചെയ്ത സാഹചര്യത്തിലാണ് ഈ വാർത്ത പുറത്തുവരുന്നത്. എന്നാൽ, ഇത്തരമൊന്ന് സംഭവിക്കാനിടയില്ലെന്നും മണികൺട്രോൾ ഒരു സോഴ്സിനെ ഉദ്ധരിച്ച് പറയുന്നുണ്ട്. ഇത്തരമൊരു നിർണായക തീരുമാനമെടുക്കാൻ ഇനി സാധ്യതയില്ലെന്നാണ് ആർബിഐയിൽ നിന്നുള്ള മണികൺട്രോളിന്റെ സോഴ്സ് സൂചിപ്പിക്കുന്നത്. പത്തൊമ്പതാം തിയ്യതിയിലേക്ക് അധിക ദിവസങ്ങളില്ല എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂടാതെ സംഭവം പൊതുജനമധ്യത്തില്‍ ബോർഡ് യോഗത്തിൽ ഇത് എന്തായാലും സംഭവിക്കില്ലെന്ന് ഇദ്ദേഹം പറയുന്നു.

സർക്കാരുമായുള്ള തർക്കത്തിൽ ഊർജിത് പട്ടേൽ ഏറെ തളർന്നു കഴിഞ്ഞെന്നും ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ വല്ലാതെ ബാധിക്കുന്നതായും നേരത്തെ വന്ന ചില റിപ്പോർട്ടുകൾ ഊർജിതുമായി ബന്ധമുള്ളവരുടെ വാക്കുകളെ ആധാരമാക്കി സൂചിപ്പിച്ചിരുന്നു.

കേന്ദ്രബാങ്കിന്റെ മൊത്തം റിസർവ്വിന്റെ മൂന്നിലൊന്ന് ഭാഗം തങ്ങൾക്ക് കൈമാറണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. നോട്ടുനിരോധനത്തിനു ശേഷം സാമ്പത്തിക മാന്ദ്യത്തിൽ കുടുങ്ങിയിട്ടുള്ള സർക്കാരിന്റെ ഈ നീക്കത്തിനോട് മോദിയുടെ സ്വന്തം ആൾ എന്ന ആരോപണം നേരിട്ടിരുന്ന ഊർജിത് പട്ടേൽ തയ്യാറാകുകയുണ്ടായില്ല. ആർബിഐയുടെ ഉന്നത ഉദ്യോഗസ്ഥർ പോലും കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ വാദങ്ങളുമായി പരസ്യമായി രംഗത്തെത്തി. ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ, കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത് വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പരസ്യമായി പ്രസ്താവിച്ചു. ധനകമ്മി കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചുള്ള കേന്ദ്രത്തിന്റെ നീക്കം ആർബിഐയെ തകർക്കുമെന്നാണ് ആർബിഐ പറയുന്നത്. എന്നാൽ പിന്നാക്കം പോകാൻ കേന്ദ്രം തയ്യാറല്ല. ആർബിഐക്ക് ഉത്തരവുകൾ നൽകാനുള്ള, ഇതുവരെ പ്രയോഗിച്ചിട്ടില്ലത്താ നിയമം കേന്ദ്രം പ്രയോഗിക്കുമെന്ന നിലയാണ് നിലനിൽക്കുന്നത്. ഇതിനു വേണ്ടിയുള്ള ചർച്ചകള്‍ ഉയർത്തിക്കൊണ്ടു വരാനാണ് ധനകാര്യമന്ത്രാലയം ശ്രമിക്കുന്നത്.

https://www.azhimukham.com/economy-play-like-dravid-not-like-sidhu-raghuram-rajan-to-rbi-board/

https://www.azhimukham.com/newsupdate-economy-rss-ask-rbi-governor-quit-if-not-syncing-with-govt/

https://www.azhimukham.com/india-govt-wants-rs-3-6-lakh-crore-from-rbi-central-bank-says-no/

Next Story

Related Stories