UPDATES

കർണാടക സ്പീക്കർക്കെതിരെ വിമത എംഎൽഎമാർ സുപ്രീംകോടതിയിലേക്ക്; രാജിക്കത്തുകൾ ഡികെ ശിവകുമാർ കീറിയെന്നാരോപിച്ച് യെദ്യൂരപ്പ ധർണയ്ക്ക്

ഹോട്ടൽ ബുക്ക് ചെയ്ത് അകത്തു കയറാനാണ് ഡികെ ശിവകുമാർ ശ്രമിച്ചത്.

കർണാടക നിയമസഭാ സ്പീക്കർ രമേഷ് കുമാർ തന്റെ ഭരണഘടനാപരമായ ചുമതല നിർവ്വഹിക്കുന്നില്ലെന്നാരോപിച്ച് മുംബൈയിലെ ഹോട്ടലിൽ താമസിച്ചു വരുന്ന വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ട്. തങ്ങൾ സ്പീക്കർക്ക് നൽകിയ രാജി സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയാണെന്നും ഇത് ഭരണഘടനാപരമായി തെറ്റാണെന്നും എംഎൽഎമാര്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസമാണ് 13 എംഎൽഎമാരുടെ രാജി ലഭിച്ചെന്നും അവരിൽ എട്ടു പേരുടെ രാജിയിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നുമുള്ള നിലപാട് സ്പീക്കർ എടുത്തത്. ഇവരുടെ രാജിക്കത്ത് ചട്ടപ്രകാരമല്ലെന്നാണ് സ്പീക്കർ പറയുന്നത്. ഇക്കാരണത്താൽ തന്നെ എംഎൽഎമാർ തന്നെ നേരിൽ വന്നു കണ്ട് രാജി സമർപ്പിക്കണമെന്നും സ്പീക്കർ ആവശ്യപ്പെടുന്നു.

ഇതിനിടെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറും ജെഡിഎസ് എംഎൽഎ ശിവലിംഗ ഗൗഡയും മുംബൈയിൽ എത്തിച്ചേർന്നിട്ടുണ്ട്. എംഎൽഎമാരെ കാണാൻ ഹോട്ടലിലേക്ക് ചെന്നെങ്കിലും പൊലീസ് അകത്ത് കയറാൻ അനുവദിക്കുകയുണ്ടായില്ല. എംഎൽഎമാർ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത് ചൂണ്ടിക്കാണിച്ചാണ് ശിവകുമാറിനെ തടഞ്ഞിരിക്കുന്നത്.

ഹോട്ടൽ ബുക്ക് ചെയ്ത് അകത്തു കയറാനാണ് ഡികെ ശിവകുമാർ ശ്രമിച്ചത്. റിനൈസൻസ് മുംബൈ കൺവെൻഷൻ സെന്റർ ഹോട്ടൽ ഈ ബുക്കിങ് റദ്ദാക്കി. അടിയന്തിരമായ ചില സാഹചര്യങ്ങൾ കൊണ്ട് ബുക്കിങ് റദ്ദാക്കുന്നതായാണ് ഹോട്ടലുകാർ അറിയിച്ചിരിക്കുന്നത്.

അതെസമയം എംഎൽഎമാരുടെ രാജിക്കത്ത് കീറിക്കളയാൻ ഡികെ ശിവകുമാറിന് എന്തധികാരമാണുള്ളതെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ രംഗത്തെത്തി. ശിവകുമാർ രാജിക്കത്തുകൾ കീറിക്കളഞ്ഞെന്ന് യെദ്യൂരപ്പ തന്നെയാണ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ‘എന്തിന് കീറാതിരിക്കണം’ എന്ന മറുചോദ്യമാണ് ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഡികെ ശിവകുമാർ നൽകിയത്. ശിവകുമാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് താൻ വിധാൻ സൗധയ്ക്കു മുമ്പിൽ ധർണ നടത്തുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍