Top

യുപിയിലെ ഗോശാലകളിൽ മരിക്കുന്നത് നൂറുകണക്കിന് പശുക്കൾ; അറസ്റ്റ് ചെയ്യാൻ 'മുസ്ലിം പ്രതികളി'ല്ല

യുപിയിലെ ഗോശാലകളിൽ മരിക്കുന്നത് നൂറുകണക്കിന് പശുക്കൾ; അറസ്റ്റ് ചെയ്യാൻ
മഥുരയിലെ ഒരു ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സ്ഥലത്തെ കർഷകർ പിടികൂടി ഒരു സ്കൂൾ മതിൽക്കെട്ടിനകത്ത് പൂട്ടിയിട്ടു. നൂറ്റമ്പതോളം പശുക്കളെയാണ് കർഷകർ ഇങ്ങനെ പൂട്ടിയിട്ടത്. ഡിസംബർ 24ന് പൂട്ടിയിടപ്പെട്ട ഇവയിൽ ആറ് പശുക്കൾ ഇക്കഴിഞ്ഞ ശനിയാഴ്ച മരിച്ചു. പശുക്കൾക്ക് ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ലെന്ന് പഞ്ചായത്ത്, തഹസിൽ അധികൃതർ സമ്മതിക്കുകയുണ്ടായി.

ഒരു സന്നദ്ധസംഘടന അലിഗഢിൽ നടത്തുന്ന ഗോശാലയിൽ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ 78ഓളം പശുക്കൾ മരിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. 600 മുതൽ 700 വരെ പശുക്കളെ പരിപാലിക്കുന്ന ഈ ഗോശാലയ്ക്ക് കഴിഞ്ഞയാഴ്ചയാണ് രണ്ടര ലക്ഷം രൂപയുടെ ധനസഹായം കിട്ടിയത്.

ഈ രണ്ട് സംഭവങ്ങളിലും ഇതുവരെ ഒരു ക്രിമിനൽ കേസ് പോലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. പശുക്കളെ കൊല്ലുന്നതിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെടുന്നവരെ ശിക്ഷിക്കുന്നതിനാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുദ്യോഗസ്ഥന്റെ ഘാതകരെ പിടികൂടുന്നതിനെക്കാള്‍ താൻ പ്രാധാന്യം നൽകുന്നതെന്ന് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ പ്രസ്താവിച്ചതിനു ശേഷമാണ് ഈ സംഭവങ്ങളെന്നതും ശ്രദ്ധേയമാണ്.

ഡിസംബർ 3ന് ബുലന്ദ്ഷഹർ ഗ്രാമത്തിൽ ഇരുപത്തഞ്ച് പശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആദിത്യനാഥ് ആരോപിച്ചിരുന്നു. ഒരു ഡസനോളം മുസ്ലിങ്ങളെ പ്രതിസ്ഥാനത്തു നിർത്തുന്ന തരത്തിലുള്ളതായിരുന്നു ഈ പ്രസ്താന.

അന്നത്തെ സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു വിദ്യാർത്ഥിയും കൊല്ലപ്പെട്ടതിനെക്കുറിച്ച് ആദ്യദിനങ്ങളിൽ മുഖ്യമന്ത്രി ഒരുവാക്കുപോലും ഉരിയാടുകയുണ്ടായില്ല. മൂന്നുദിവസങ്ങൾക്കു ശേഷം അദ്ദേഹം സംസാരിക്കാൻ തയ്യാറായി. ആൾക്കൂട്ട ആക്രമണം നടന്നിട്ടില്ലെന്നും നടന്നത് അപകടമരണമാണെന്നുമായിരുന്നു ആദിത്യനാഥിന്റെ വാക്കുകൾ.

ചില സംഘപരിവാർ സംഘടനകളാണ് പശുക്കളുടെ മൃതദേഹം സ്ഥലത്ത് കൊണ്ടിട്ടതെന്ന് പൊലീസ് സേനയ്ക്കകത്തു നിന്നുള്ളവരും സാമൂഹ്യപ്രവർത്തകരും ബലമായി സംശയിക്കുന്നുണ്ട്. യോഗി പറയുന്ന 'ഗൂഢാലോചന' നടത്തിയത് മുസ്ലിങ്ങളല്ല, മറിച്ച് ഹിന്ദുത്വ തീവ്രവാദ സംഘടനകളാണെന്ന് സാമൂഹ്യപ്രവർത്തകർ കരുതുന്നു.

പുതിയ പശുമരണങ്ങളിൽ കേസ്സെടുക്കാത്തതെന്തെന്ന ചോദ്യത്തിന് അധികൃതർ നൽകുന്ന മറുപടി പരാതികളൊന്നും ലഭിക്കുകയുണ്ടായില്ല എന്നാണ്. പൊലീസോ, തഹസിൽ ഭരണാധികാരികളോ എന്തുകൊണ്ടാണ് കേസ്സെടുക്കാത്തതെന്നതിന് ഒരു വിശദീകരണം നൽകുകയുണ്ടായില്ല. ഈ പശുമരണങ്ങളോട് യോഗി ആദിത്യനാഥും പ്രതികരിക്കുകയുണ്ടായില്ല. പശുമരണങ്ങൾ നടന്ന മഥുര ഗ്രാമക്കാരും ഗോശാല നടത്തിപ്പുകാരുമെല്ലാം ഹിന്ദുക്കളാണ്.

എന്നാൽ ബുലന്ദ്ഷഹറിലെ സംഭവത്തിൽ കൃത്യമായി പരാതി ചെല്ലേണ്ടിടങ്ങളില്‍ ചെന്നു. ബജ്റംഗദൾ കൺവീനറും ബുലന്ദ് ഷഹറിലെ പൊലീസുദ്യോഗസ്ഥനെ കൊന്ന കേസ്സിലെ പ്രതിയുമായ യോഗേഷ് രാജിന്റെ പരാതിയില്‍ നടപടിയുമുണ്ടായി. നാല് മുസ്ലിങ്ങളുടെ പേരാണ് ഇയാൾ പരാതിയിലുന്നയിച്ചത്. ഇവരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയയ്ക്കേണ്ടി വന്നു. അവരാരും സ്ഥലത്തുണ്ടായിരുന്നില്ലെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടു. വീണ്ടും എട്ട് മുസ്ലിങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ആരുടെയും പരാതിയില്ലാതെയായിരുന്നു ഈ നടപടി.

സംസ്ഥാനത്ത് മുൻകാലങ്ങളിൽ നടന്ന പശുഹത്യകളിൽ 316 പേരെ അറസ്റ്റ് ചെയ്യാൻ തങ്ങൾ തയ്യാറെടുക്കുകയാണെന്ന് പൊലീസ് പറയുകയുണ്ടായി. എന്തുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്ന ചോദ്യത്തിന് പശുഘാതകരെ പിടികൂടാൻ മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി.

ദി ടെലഗ്രാഫിൽ പീയൂഷ് ശ്രീവാസ്തവ എഴുതിയ ലേഖനത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം.

Next Story

Related Stories