TopTop

എവിടെയും തൊടാതെ എല്ലായിടത്തും കൈവയ്ക്കുന്ന പ്രണബ് മുഖര്‍ജി

എവിടെയും തൊടാതെ എല്ലായിടത്തും കൈവയ്ക്കുന്ന പ്രണബ് മുഖര്‍ജി
ഒരു രാഷ്ട്രീയ നേതാവ് ഓര്‍മ്മക്കുറിപ്പുകളെഴുതുമ്പോള്‍ ബുദ്ധിമുട്ടുള്ളതും സങ്കീര്‍ണവുമായ പല കാര്യങ്ങളും ശ്രദ്ധിക്കാനിടയുണ്ട്. പ്രത്യേകിച്ച് സമീപകാല ചരിത്രവും വസ്തുതകളും വരുമ്പോള്‍. വസ്തുതകള്‍ അയാള്‍ക്ക് വലിയ വെല്ലുവിളികളുയര്‍ത്തും. പരാമര്‍ശിക്കുന്ന പലരും ചുറ്റുമുണ്ടാകും എന്ന പ്രശ്‌നമുണ്ട്. ഏറ്റവും സുരക്ഷിതമായി കളിക്കാനായിരിക്കും അവര്‍ ശ്രമിക്കുക. തന്റെ ജീവിതത്തില്‍ ഭൂരിഭാഗം സമയത്തും ആ ഒരു സുരക്ഷിതത്വം നോക്കി മുന്നോട്ട് പോയയാളാണ് പ്രണബ് മുഖര്‍ജി. അഞ്ച് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പ്രണബ് മുഖര്‍ജി ഇത്തരത്തില്‍ ഒരു അവ്യക്തതയുമായാണ് മുന്നോട്ട് പോയിട്ടുള്ളത്. ഇത്തരത്തില്‍ വ്യക്തമായി മനസിലാക്കാന്‍ കഴിയാത്ത വ്യക്തിത്വം The Coalition Years (1996-2012) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പ്രതിഫലിക്കുന്നുണ്ട്. രാഷ്ട്രപതിഭവനിലെ താമസക്കാലത്താണ് ഇതില്‍ ഭൂരിഭാഗവും അദ്ദേഹം എഴുതിയത്. കനപ്പെട്ട ചിന്തകള്‍ക്ക് പ്രേരണ നല്‍കുന്ന ഒരു സ്ഥലമാണത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ പ്രതിസന്ധികളുടെ കാലമാണ് കോയലീഷന്‍ ഇയേര്‍സ് പരിഗണിക്കുന്നത്. ഇക്കാലത്തെ സംഭവവികാസങ്ങളില്‍ പ്രണബ് മുഖര്‍ജി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതേസമയം ഈ സംഭവവികാസങ്ങള്‍ വിവരിക്കുമ്പോള്‍ പ്രണബ് വളരെ നിര്‍വികാരനാണ്. അദ്ദേഹത്തിന്റെ സമകാലികനായ ശരദ് പവാറും On My Terms എന്ന ഓര്‍മ്മക്കുറിപ്പുകള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. പവാറിന്റെ സമീപനം തീര്‍ത്തും വ്യത്യസ്തമാണ്. വളരെ ശക്തമായും ദൃഢമായുമാണ് അദ്ദേഹം സംസാരിക്കുന്നത്. എതിരാളികളായാലും സഹപ്രവര്‍ത്തകരായാലും തന്റെ ഉള്ളിലുള്ള ദേഷ്യം തുറന്നുകാട്ടാന്‍ പവാര്‍ മടി കാണിക്കുന്നില്ല.

അഞ്ച് വര്‍ഷക്കാലം ഇന്ത്യന്‍ പ്രസിഡന്റ് ആയത് അടക്കമുള്ള എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും രണ്ട് പദവികള്‍ പ്രണബിന് അപ്രാപ്യമായി തുടര്‍ന്നു - ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയും. കോണ്‍ഗ്രസ് പ്രസിഡന്റാവണം എന്ന ആഗ്രഹം പ്രണബ് എവിടെയെങ്കിലും പ്രകടിപ്പിച്ചതായി സൂചനകളില്ല. അതേസമയം പ്രധാനമന്ത്രി സ്ഥാനം അദ്ദേഹം ആഗ്രഹിച്ചിരുന്നു. അത് പ്രണബ് തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു പ്രചോദനവും നല്‍കാത്ത സീതാറാം കേസരിയെ പോലുള്ള നേതാവിന് വേണ്ടി പോലും പ്രണബ് തന്റെ കഴിവുകള്‍ ഉപയോഗിച്ചു.
പ്രണബ് എപ്പോഴും ആരുടെയെങ്കിലുമൊക്കെ വലംകൈ ആയിരുന്നു.

അതേസമയം അദ്ദേഹം ഒരു മോശം ഓര്‍മ്മക്കുറിപ്പെഴുത്തുകാരനാണ്. അവ്യക്തതയുടേതായ സ്വഭാവമാണ് ഇതിന് കാരണം. ചരിത്രത്തിന്റെ വിവാദഘട്ടങ്ങളെ തൊടുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയുന്നത് ഇതാണ്. ശരദ് പവാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സോണിയ ഗാന്ധിയുടെ വിദേശജന്മ പ്രശ്‌നവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചയായത് 1999 മാര്‍ച്ചില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ്. ആ യോഗത്തില്‍ ആര് എന്ത് പറഞ്ഞു എന്നതിന് പോലും മാധ്യമപ്രവര്‍ത്തകരെ ഉദ്ധരിക്കുകയാണ് (പേജ് 52) പ്രണബ് മുഖര്‍ജി എന്നത് വിചിത്രമായ കാര്യമാണ്. പ്രണബ് ദാ ആ യോഗത്തിലും അവിടെ നടന്ന ചര്‍ച്ചയിലും പങ്കെടുത്തവരില്‍ ഒരാളാണ്. എന്നിട്ടാണ് ഇത്തരം സമീപനം. 2005 ഫെബ്രുവരിയില്‍ പ്രതിരോധ മന്ത്രിയായിരുന്നു പ്രണബ് മുഖര്‍ജി. ആ സമയത്ത് നേപ്പാള്‍ രാജാവായിരുന്ന ഗ്യാനേന്ദ്ര, ജനാധിപത്യ സര്‍ക്കാരിനെ പിരിച്ചുവിടുകയും സമ്പൂര്‍ണ രാജാധിപത്യം അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ആ സംഭവത്തില്‍ ഇന്ത്യയുടെ നിലപാട് എന്തായിരുന്നു എന്ന കാര്യവും അദ്ദേഹം പറയുന്നത് ഒരു മാധ്യമപ്രവര്‍ത്തകന്റെ അഭിപ്രായം ഉദ്ധരിച്ചാണ്.1998ലെ വാജ്‌പേയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ജയലളിതയെ പ്രേരിപ്പിച്ചതില്‍ സുബ്രഹ്മണ്യന്‍ സ്വാമിക്കുള്ള പങ്കിനെ പുസ്തകത്തില്‍ അവഗണിച്ചിരിക്കുകയാണ്. 2002ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തെക്കുറിച്ച് പരാമര്‍ശമില്ല. അമേരിക്കയുമായുള്ള ആണവകരാറില്‍ പ്രതിഷേധിച്ച് 2008ല്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതിന് പിന്നാലെ പാര്‍ലമെന്റില്‍ നടന്ന വിശ്വാസവോട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രണബ് മിണ്ടുന്നില്ല. വോട്ടിന് കോഴ നല്‍കി എന്ന ആരോപണം അക്കാലത്ത് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായിരുന്ന പി ചിദംബരവുമായുള്ള തന്റെ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് കാര്യമായി പറയുന്നില്ല. ഡല്‍ഹി വിമാനത്താവളത്തില്‍ ബാബ രാംദേവുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് പറയുന്നില്ല. ഈ സംഭവങ്ങള്‍ക്കെല്ലാം ഓരോ കഥകള്‍ പറയാനുണ്ട്. തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയെ പുകച്ച് പുറത്തുചാടിക്കാനുള്ള കലാപത്തില്‍ പ്രധാന പങ്കുള്ള പ്രണബ് മുഖര്‍ജി, ആ സംഭവത്തില്‍ തന്റെ പങ്ക് അക്കാഡമിക് ആയിരുന്നു എന്നാണ് പറയുന്നത്. അത് അസഹ്യമാണ്. അദ്ദേഹം സ്വയംരക്ഷിക്കുന്നതില്‍ എപ്പോഴുമെന്ന പോലെ മിടുക്ക് കാണിക്കുന്നു.

അതേസമയം റെട്രോസ്‌പെക്ടീവ് ടാക്‌സിന്റെ കാര്യത്തില്‍ സോണിയ ഗാന്ധിയുടേയും പി ചിദംബരത്തിന്റേയും കപില്‍ സിബലിന്റേയും നിലപാടുകള്‍ തള്ളിക്കൊണ്ടാണ് താന്‍ ഉറച്ച നിലപാട് എടുത്തിട്ടുള്ളത് എന്ന് അദ്ദേഹം പറയുന്നു. 2012 വരെയുള്ള കാലത്തെക്കുറിച്ച് മാത്രമായതിനാല്‍ രാഷ്ട്രപയായിരുന്ന സമയം വരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങള്‍ അതുകൊണ്ട് വരുന്നില്ല. അതേസമയം നോട്ട് നിരോധനത്തെക്കുറിച്ചുള്ള പരാമര്‍ശം വരുന്നുണ്ട്. നോട്ട് നിരോധനം ചെറിയ തോതിലേ ഫലവത്താകൂ എന്നാണ് 182ാം പേജില്‍ അദ്ദേഹം പറയുന്നത്. പ്രണബ് ദായുടെ ചരിത്ര വിവരണത്തില്‍ മസാല അന്വേഷിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും.

കൊലപാതകങ്ങള്‍ എക്കാലത്തും ചരിത്രകാരന്മാരെ ഭ്രമിപ്പിച്ചിട്ടുണ്ട്. നേതാക്കളുടെ മരണത്തിലെ ദുരൂഹതകള്‍ ഒരിക്കലും എല്ലാവരേയും തൃപ്തിപ്പെടുംവിധം നീങ്ങാറില്ല. ടെക്‌സാസിലെ ഡള്ളാസില്‍ പട്ടാപ്പകല്‍ നടന്ന ജോണ്‍ എഫ് കെന്നഡി വധം ഇപ്പോഴും അന്വേഷണങ്ങ ള്‍ക്കും ഗവേഷണങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. പഴയ തലമുറയുടെ ഓര്‍മ്മകളില്‍ അത് ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. ഈയാഴ്ച യുഎസ് നാഷണല്‍ ആര്‍കൈവ്‌സ് കെന്നഡി വധവുമായി ബന്ധപ്പെട്ട 4000-ത്തോളം രഹസ്യരേഖകള്‍ പുറത്തുവിട്ടു. ഇത് പുതിയ ഗൂഢാലോചന തിയറികളിലേയ്ക്ക് വഴി തുറന്നിരിക്കുകയാണ്.

ഘാതകനായ ലീ ഹാര്‍വി ഓസ്‌വാള്‍ഡ് എഫ്ബിഐയുടെ നിരീക്ഷണത്തില്‍ പെട്ടിരുന്നു എന്നും എന്നിട്ടും പൊലീസ് വലയം കടന്ന് പ്രസിഡന്റിനെ കൊല്ലാന്‍ ഓസ്‌വാള്‍ഡിന് കഴിഞ്ഞു എന്നുമാണ് പറയുന്നത്. ഓസ്‌വാള്‍ഡിനെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടാന്‍ പൊലീസിന് കഴിയുമായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ജാക് റൂബി എന്നയാള്‍ വെടിവച്ച് കൊന്നു. ഓസ് വാള്‍ഡ് കൊല്ലപ്പെട്ടേക്കാം എന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പൊലീസിന് അത് തടയാനായില്ല. രാഷ്ട്രീയകൊലപാതകങ്ങള്‍ എല്ലായ്‌പ്പോഴും മിത്തുകള്‍ക്ക് രൂപം നല്‍കുന്നു. നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പരിചിതമായ കാര്യമാണിത്. സ്വാതന്ത്ര്യം കിട്ടി മാസങ്ങള്‍ക്കകം മഹാത്മ ഗാന്ധിയെ നാഥുറാം ഗോഡ്‌സെ പകല്‍ വെളിച്ചത്തില്‍ തന്നെ വധിച്ചു. ഇന്ദിര ഗാന്ധിയെ സുരക്ഷാസൈനികര്‍ വെടിവച്ച് കൊന്നു. രാജീവ് ഗാന്ധിയെ എല്‍ടിടിഇ മനുഷ്യബോംബ് വധിച്ചു. ഈ കൊലപാതകങ്ങളെല്ലാം മിത്തുകളും ദുരൂഹതകളും തുറന്നിട്ടു.ഇന്ത്യാചരിത്രത്തിലെ ഏറ്റവും ദുരൂഹമായ രാഷ്ട്രീയ നാടകം സുഭാഷ് ചന്ദ്രബോസിന്റെ മരണത്തില്‍ അല്ലെങ്കില്‍ തിരോധാനത്തില്‍ തുടരുന്ന ദുരൂഹതയാണ്. 1945 മുതല്‍ അത് തുടരുന്നു. ബോസ് മരിച്ചു എന്ന് അംഗീകരിക്കാന്‍ ബംഗാളികളുടെ വികാരം തയ്യാറായിരുന്നില്ല. പല മിത്തുകളും കഥകളും ഇതുമായി ബന്ധപ്പെട്ട് വന്നു. ജവഹര്‍ലാല്‍ നെഹ്രുവിന് ബോസ് പ്രതിയോഗിയാകുമായിരുന്നു എന്ന തരത്തിലുള്ള കഥകളാണ് വന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നാഷണല്‍ ആര്‍കൈവ്‌സില്‍ സൂക്ഷിച്ചിട്ടുള്ള രഹസ്യരേഖകള്‍ പുറത്തുവിടണമെന്ന ആവശ്യം ഏറെക്കാലമായി ഉയര്‍ന്നിരുന്നു. ഈ രേഖകള്‍ പുറത്തുവന്നാല്‍ ജവഹര്‍ലാല്‍ നെഹ്രുവിനും കുടുംബത്തിനും ബോസിന്റെ തിരോധാനത്തിലുള്ള പങ്ക് പുറത്തുവരുമെന്ന തരത്തിലുള്ള പ്രചാരണമാണ് നടന്നിരുന്നത്. മുന്‍ സര്‍ക്കാരുകളൊന്നും ഏതായാലും ബോസ് രേഖകള്‍ പുറത്തുവിടാന്‍ തയ്യാറായില്ല. രാഷ്ട്രീയമായി ഉപയോഗിക്കാം എന്ന കണക്കുകൂട്ടലില്‍ മോദി സര്‍ക്കാര്‍ രേഖകള്‍ പുറത്തുവിട്ടു. അങ്ങനെ അവസാനം കൊട്ടിഘോഷിച്ച ആ രേഖകള്‍ പുറത്തുവന്നപ്പോള്‍ ബോസിന്റെ തിരോധാനം സംബന്ധിച്ച് പുതുതായി ഒരു വിവരവും അതിലില്ലായിരുന്നു.

പഴയ സുഹൃത്തായ ഹമീദ് അന്‍സാരിയെ കാണാന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്. ഉപരാഷ്ട്രപതി പദവി ഒഴിഞ്ഞ ശേഷം ഛണ്ഡിഗഡില്‍ ഒരു ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍. 10 വര്‍ഷക്കാലം രാജ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനത്തിരുന്ന ശേഷമാണ് അദ്ദേഹം വിശ്രമജീവിതത്തിലേയ്ക്ക് പോകുന്നത്. വളരെയധികം ശാന്തനും സന്തോഷവാനുമായാണ് അദ്ദേഹത്തെ കണ്ടത്. 'ദേശീയതയും സംസ്‌കാരവും' എന്ന വിഷയത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. പതിവ് പോലെ ബൗദ്ധികമായി ഉയര്‍ന്നുനില്‍ക്കുന്നതും ചിന്തോദ്ദീപകവും പ്രത്യാശ നിറഞ്ഞതുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അന്‍സാരി സാഹിബിനെ ക്ഷണിച്ച സംഘാടകരുടെ നടപടി ഉചിതമായി. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനൊപ്പം കാപ്പി കുടിക്കാന്‍ കഴിഞ്ഞില്ല. അടുത്ത തവണയാകാം അന്‍സാരി സാഹിബ്, ഒരുപക്ഷെ അത് ഡല്‍ഹിയിലായിരിക്കും. ഇപ്പോള്‍ നമുക്കീ കാപ്പി കപ്പുകള്‍ ഉയര്‍ത്തിപ്പിടിക്കാം.

http://www.azhimukham.com/kazhchappadu-india-fears-of-bjp-gujarat-by-harishkhare/

Next Story

Related Stories