എൻഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണം കൊലപാതകമാകാമെന്ന് പൊലീസ്. പോസ്റ്റുമോർട്ടം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. മരണം സ്വാഭാവികമല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്.
തലയിണയോ സമാനമായ മറ്റെന്തെങ്കിലും വസ്തുക്കളോ വെച്ചമർത്തി ശ്വാസം മുട്ടിച്ചാണ് രോഹിത്തിനെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ബുധനാഴ്ചയാണ് രോഹിത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു റിപ്പോർട്ട്.
കേസ് ഇപ്പോൾ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. കൊലപാതകത്തിന് ക്രൈംബ്രാഞ്ച് കേസ്സെടുത്തതായും അറിയുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് രോഹിത്തിന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരിയെയും ചോദ്യം ചെയ്യുകയും ചെയ്തു. രോഹിത്തിന്റെ ഭാര്യ അപൂർവ്വ ഇപ്പോൾ ഡൽഹിയിലില്ല. ഫോറൻസിക് സംഘവും വീട്ടിൽ സന്ദർശനം നടത്തി.
ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് എന്‍ ഡി തിവാരി രോഹിതിനെ മകനായി അംഗീകരിച്ചത്. 2014ലാണ് ഡെല്‍ഹി ഹൈക്കോടതി എന്‍ ഡി തിവാരിയാണ് രോഹിതിന്റെ പിതാവ് എന്നു കണ്ടെത്തിക്കൊണ്ട് വിധി പ്രഖ്യാപിച്ചത്. അതേവര്‍ഷം 88-ആം വയസില്‍ രോഹിതിന്റെ അമ്മ ഉജ്ജ്വല ശര്‍മ്മയെ എന്‍ ഡി തിവാരി വിവാഹം കഴിച്ചു.
2017ല്‍ അമിത് ഷായുടെ വസതിയില്‍ വെച്ച് എന്‍ ഡി തിവാരിയും രോഹിതും ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2018ല്‍ എന്‍ ഡി തിവാരി മരിച്ചു.