UPDATES

ട്രെന്‍ഡിങ്ങ്

രണ്ടാം മോദി സർക്കാരിന്റെ തൊഴിൽ പരിഷ്കാരങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ: മാറ്റങ്ങൾ ഒറ്റയടിക്ക് നടപ്പാക്കാതിരിക്കാൻ ശ്രമം നടത്തി ബിഎംഎസ്

വേതനം സംബന്ധിച്ച പുതിയ പരിഷ്കാരങ്ങളെ തങ്ങൾ അംഗീകരിക്കുന്നതായി മസ്ദൂർ സംഘിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് സികെ സജി നാരായണൻ വ്യക്തമാക്കി.

തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകളിലും തൊഴിൽസമയത്തിലും വൻ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന രണ്ടാം മോദി സർക്കാരിന്റെ തൊഴിൽനിയമ പരിഷ്കാരങ്ങൾക്കെതിരെ ആർഎസ്എസ് പിന്തുണയുള്ള സംഘടന ബിഎംഎസ് (ഭാരതീയ മസ്ദൂർ സംഘ്) രംഗത്ത്. വരുന്ന ബജറ്റ് സമ്മേളനത്തിൽ പുതിയ ബില്ല് മേശപ്പുറത്തു വെക്കാനിരിക്കെയാണ് ഈ നീക്കം. എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിസി, ടിയുസിസി, സേവ, എഐസിസിടിയു, യുടിയുസി, എൻഎഫ്ഐടിയു തുടങ്ങിയ എല്ലാ പ്രമുഖ ട്രേഡ് യൂണിയനുകളും പുതിയ പരിഷ്കാരങ്ങൾക്കെതിരെ രംഗത്തു വന്ന സാഹചര്യത്തിലാണ് ബിഎംഎസ്സിന്റെ ഈ നടപടി. രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനാണ് ബിഎംഎസ്.

വേതനം, തൊഴിൽ സുരക്ഷ, ക്ഷേമം, സാമൂഹ്യസുരക്ഷ എന്നീ നാലു മേഖലകളിൽ 44 സംയോജിപ്പിച്ച് പുതിയ നിയമം കൊണ്ടുവരാനാണ് നീക്കം. ഇവ തികച്ചു തൊഴിലാളി വിരുദ്ധമായ നിയമങ്ങളാണെന്ന് ഇതിനകം തന്നെ വിമർശനമുയർന്നിട്ടുണ്ട്. ഈ മാറ്റങ്ങൾ ഒറ്റയടിക്ക് നടപ്പാക്കേണ്ടെന്ന തീരുമാനത്തിലാണ് സർക്കാർ ഇപ്പോഴുള്ളത്. ബിഎംഎസ് നടത്തിയ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് അറിയുന്നത്.

തൊഴിലാളികളുടെ സാമൂഹ്യസുരക്ഷാ ഫണ്ട് സ്വകാര്യവൽക്കരിക്കൽ, ഇഎസ്ഐയും ഇപിഎഫും മറ്റ് കേന്ദ്ര പദ്ധതികളും സംയോജിപ്പിക്കാനുള്ള നീക്കം എന്നിവയാണ് ബിഎംഎസ്സിന് വിയോജിപ്പുള്ള വിഷയം. പുതിയ ഇൻഡസ്ട്രിയൽ കോഡ് കമ്പനികൾക്ക് ആളുകളെ എടുക്കുന്നതും പുറന്തള്ളുന്നതും എളുപ്പമുള്ള കാര്യമാക്കി മാറ്റും. ഇതും തൊഴിലാളികളില്‍ അതൃപ്തിയുണ്ടാക്കുന്ന കാര്യമാണെന്ന് ബിഎംഎസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവകാശം എടുത്തുകളയാനും, അവധിദിനങ്ങൾ വെട്ടിക്കുറയ്ക്കാനുമെല്ലാം ബില്ലിൽ വ്യവസ്ഥകളുണ്ട്. അലവൻസുകള്‍ വെട്ടിക്കുറയ്ക്കാനും കമ്പനിക്ക് സാധിക്കും. തൊഴിൽസമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചിട്ടുമുണ്ട്. എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട്, ഇഎസ്ഐ, പ്രസവാനുകൂല്യം, നഷ്ടപരിഹാര നിയമം തുടങ്ങിയവ ഏകീകരിച്ച് ഒന്നാക്കും. വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഫാക്ടറീസ്, ഖനി നിയമങ്ങൾ തുടങ്ങിയവ ഒന്നാക്കും. മിനിമം കൂലി നിയമം, ബോണസ്, വേതനം, തുല്യ പ്രതിഫല നിയമം തുടങ്ങിയവയും ഏകീകരിക്കും. വ്യവസായ തർക്ക നിയമം, ട്രേഡ് യൂണിയൻ നിയമം, വ്യവസായ തൊഴിൽ നിയമം തുടങ്ങിയവയും ഒന്നാക്കും.

അതെസമയം വേതനം സംബന്ധിച്ച പുതിയ പരിഷ്കാരങ്ങളെ തങ്ങൾ അംഗീകരിക്കുന്നതായി മസ്ദൂർ സംഘിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് സികെ സജി നാരായണൻ വ്യക്തമാക്കി.

മാറ്റങ്ങൾ വരുത്താൻ സർ‌ക്കാർ തയ്യാറാണെന്ന് തങ്ങളെ അറിയിച്ചതായി സജി നാരായണൻ പറഞ്ഞു. മന്ത്രി ഇപ്പോൾ വിദേശപര്യടനത്തിലാണ്.

തൊഴിലാളി സംഘടനകൾ രൂപീകരിക്കുന്നത് പ്രയാസമുള്ള ഒന്നാക്കി മാറ്റുകയാണ് പുതിയ പരിഷ്കാരങ്ങളിലൂടെ സർക്കാർ ചെയ്യുന്നതെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ ദാസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിലവിലുള്ള പ്രാകൃത നിയമങ്ങളെ മാറ്റുകയാണ് തങ്ങൾ ചെയ്യുന്നതെന്നാണ് സർക്കാരിന്റെ വാദം. തൊഴിലാളി സംഘടനകളെ അറിയിച്ചതിനു ശേഷമാണ് നിയമങ്ങൾ മാറ്റാൻ നീക്കം തുടങ്ങിയതെന്ന് ചേംബേഴ്സ് ഓഫ് കൊമേഴ്സിന്റെ സംയുക്ത സംഘടനയുടെ (ASSOCHAM) ഡെപ്യൂട്ടി സെക്രട്ടറി സൗരവ് സന്യാൽ പറയുന്നു.

വിരമിക്കലിനു ശേഷം ആനുകൂല്യങ്ങൾ നൽകില്ല, സാമൂഹ്യസുരക്ഷ ആനുകൂല്യമാക്കി മാറ്റുക (നിലവിൽ ഇത് തൊഴിലാളിയുടെ അവകാശമാണ്), സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് സബ്സിഡി നൽകില്ല, ക്ഷേമപദ്ധതി വിഹിതം നല്‍കാൻ കഴിയാത്ത തൊഴിലാളിക്ക് ആനുകൂല്യങ്ങൾ നിഷേധിക്കില്ലെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തി തുടങ്ങിയവയാണ് പുതിയ നിയമവ്യവസ്ഥയിൽ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍