TopTop
Begin typing your search above and press return to search.

വിവരാവകാശ ഭേദഗതി ബില്ലിനെ കോൺഗ്രസ് എന്തുകൊണ്ട് 'ആർടിഐ എലിമിനേഷൻ ബിൽ' എന്ന് വിശേഷിപ്പിക്കുന്നു?

വിവരാവകാശ ഭേദഗതി ബില്ലിനെ കോൺഗ്രസ് എന്തുകൊണ്ട്
വിവരാവകാശ നിയമഭേദഗതി കഴിഞ്ഞദിവസമാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷ നിരയിൽ നിന്നുള്ള കടുത്ത വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബിൽ പാസ്സാക്കിയെടുത്തത്. രണ്ടാംമോദി സർക്കാർ ജനങ്ങളുടെ കരുത്ത് ചോർത്തിക്കളയുകയാണ് ഈ ബില്ലിലൂടെ ചെയ്തതെന്ന് കോൺഗ്രസ് പാർലമെന്ററി പാർ‌ട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി സഭയിൽ പറയുകയുണ്ടായി. 2005ൽ പ്രാബല്യത്തിൽ വന്ന ചരിത്രപരമായ വിവരാവകാശ നിയമത്തെ ഇല്ലാതാക്കുന്നതിനു തുല്യമായ ഭേദഗതികളാണ് പാസ്സാക്കിയിരിക്കുന്നതെന്ന് അവര്‍ പ്രസ്താവിച്ചു. വ്യാപകമായ അഭിപ്രായരൂപീകരണത്തിനു ശേഷം പാർലമെന്റ് ഐകകണ്ഠ്യേന പാസ്സാക്കിയ നിയമമായിരുന്നു വിവരാവകാശനിയമമെന്നും അവർ ചൂണ്ടിക്കാട്ടി. ഇപ്പോൾ ഈ നിയമം ഇല്ലാതാകുന്നതിനോടടുത്ത അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുകയാണ് ഈ ഭേദഗതിയെന്നും അവർ ആരോപിച്ചു.

2005 വിവരാവകാശ നിയമത്തിന്റെ 13, 16 വകുപ്പുകളാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. 2005ലെ നിയമപ്രകാരം പതിമൂന്നാം വകുപ്പ് കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇർഫർമേഷൻ കമ്മീഷണർമാരുടെയും നിയമന കാലാവധി അഞ്ച് വർഷമോ 65 വയസ്സ് തികയും വരെയോ ആണ് നിശ്ചയിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തുകയാണ് പുതിയ ഭേദഗതിയിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. ഇതോടെ ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇർഫർമേഷൻ കമ്മീഷണർമാരുടെയും നിയമനം കേന്ദ്ര സർക്കാരിന് ഉചിതമെന്ന് തോന്നുന്ന വിധത്തിൽ നിശ്ചയിക്കാമെന്ന് വന്നിരിക്കുകയാണ്.

ചീഫ് ഇലക്ഷൻ കമ്മീഷണറുടേതിന് സമാനമായ അലവൻസുകളും മറ്റുമാണ് ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്കും നൽകിയിരുന്നത്. പതിമൂന്നാം വകുപ്പിൽ മാറ്റം വരുത്തി ഇത് കേന്ദ്രസർക്കാർ നിശ്ചയിക്കുംപടിയാക്കി മാറ്റിയിട്ടുണ്ട്.

2005ലെ വിവരാവകാശ നിയമത്തിലെ പതിനാറാം വകുപ്പ് പ്രകാരം സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇൻഫർമേഷൻ കമ്മീഷണർമാരുടെയും കാലാവധി പരമാവധി 5 വർഷമോ, റിട്ടയർ പ്രായം വരെയോ ആയി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, പുതിയ നിയമഭേദഗതി പ്രകാരം നിയമന കാലാവധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായിരിക്കും. ഇതോടെ ഏതു സമയത്തും നീക്കം ചെയ്യപ്പെടാൻ സാധ്യതയുള്ള, അതിനാൽത്തന്നെ താരതമ്യേന അധികാരം കുറഞ്ഞ ഒരു പദവിയായി കേന്ദ്ര-സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരുടെ പദവികൾ മാറുന്നു. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇൻഫർമേഷൻ കമ്മീഷണർമാരുടെയും ശമ്പളവും കേന്ദ്ര സർക്കാരിന് എപ്പോൾ വേണമെങ്കിലും ഭേദഗതി വരുത്താനുള്ള അധികാരമുണ്ടായിരിക്കും.

വിവരാവകാശ അധികാരികളുടെ സ്വാതന്ത്ര്യത്തെ വലിയ തോതിൽ നിയന്ത്രിക്കുന്നതിനാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് ആരോപിക്കപ്പെടുന്നു. ഇപ്പോഴത്തെ ഭേദഗതി ബില്ലിനെ കോൺഗ്രസ് പാർലമെന്റംഗം ശശി തരൂർ 'ആർടിഐ എലിമിനേഷൻ ബിൽ' എന്നാണ് വിശേഷിപ്പിച്ചത്.

Next Story

Related Stories