എണ്ണ ഉല്പാദനം കുറയ്ക്കുന്നതിനുള്ള കരാര്‍ നീട്ടുന്നത് സംബന്ധിച്ച് റഷ്യയും സൗദിയും തമ്മില്‍ ധാരണയായി. ആഗോള സമ്പദ്വ്യവസ്ഥയുടെ മന്ദഗതിയിലുള്ള വളര്‍ച്ചയും അമേരിക്കന്‍ കമ്പനികള്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങളും കണക്കിലെടുത്താണ് ഇടപാട് ആറുമുതല്‍ ഒന്‍പതു മാസത്തേക്കുകൂടെ നീട്ടാന്‍ അനുവദിച്ചതെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. കരാർ ഒൻപത് മാസത്തേക്ക് നീട്ടാൻ സാധ്യതയുണ്ടെന്നും ഉല്‍പ്പാദനത്തില്‍ കൂടുതൽ ആഴത്തിലുള്ള കുറവുകള്‍ വരുത്തേണ്ട ആവശ്യമില്ലെന്നും സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് നേരത്തെ പറഞ്ഞിരുന്നു.
കരാര്‍ ഇന്നാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ നിലവിലെ രൂപത്തിലും അതേ അളവിലും കരാര്‍ കുറച്ചു മാസംകൂടി തുടരുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പുടിൻ പറഞ്ഞു. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം പ്രതിദിനം 1.2 ദശലക്ഷം ബാരല്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യാന്‍ ഒപെക് രാജ്യങ്ങളും ഒപെക് പ്ലസ് എന്നറിയപ്പെടുന്ന റഷ്യയടക്കമുള്ള ഉല്പാദകരായ സഖ്യകക്ഷികളും തമ്മില്‍ ജൂലൈ 1-2 തിയ്യതികളില്‍ യോഗം ചേരും. റഷ്യയ്ക്കും സൗദി അറേബ്യയ്ക്കും മുന്നിലുള്ള ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ കരാറിന്റെ ഭാഗമല്ല.
ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെയാണ് റഷ്യയും സൗദിയും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഒൻപത് മാസം കഴിഞ്ഞ് 2020 മാർച്ചിലാണ് കരാര്‍ അവസാനിക്കുക. മൂന്നാമത്തെ ഏറ്റവുംവലിയ ഉല്‍പ്പാദകരായ ഇറാനും പദ്ധതി അംഗീകരിച്ചാല്‍ മുന്നോട്ടുള്ള പ്രയാണം കൂടുതല്‍ സുഖകരമാകും. അമേരിക്കയും ഇറാനും യുദ്ധത്തിന്റെ വക്കോളമെത്തി നില്‍ക്കുകയും, യൂറോപ്യന്‍ യൂണിയന് അടക്കമുള്ള സംഘടനകള്‍ നിസ്സംഗത തുടരുകയും ചെയ്യുന്ന അവസരത്തില്‍ ഇറാന് എന്തു നിലപാടെടുക്കും എന്ന കാര്യത്തില്‍ ഒപെക് രാജ്യങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍, ഇറാന്റെ അടുത്ത സുഹൃത്തായ റഷ്യ വൈകിയെങ്കിലും കരാര്‍ നീട്ടുന്നതിനെ അംഗീകരിച്ചത് കുറഞ്ഞ ആശ്വാസം നല്‍കുന്നുമുണ്ട്.