TopTop
Begin typing your search above and press return to search.

EXPLAINER: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമോ? സുപ്രീം കോടതിയില്‍ നടക്കുന്നതെന്ത്?

EXPLAINER: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമോ? സുപ്രീം കോടതിയില്‍ നടക്കുന്നതെന്ത്?

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ഭരണഘടനാ ബഞ്ചിനു മുമ്പാകെ വാദങ്ങൾ നടക്കുകയാണ്. ഈ കേസിലെ വിധി എന്തായിരുന്നാലും അത് ബാധിക്കാൻ പോകുന്നത് ശബരിമലയെ മാത്രമല്ലെന്നത് വ്യക്തമാണ്. രാജ്യത്ത് സമാനമായ ആചാരങ്ങൾ നിലനിൽക്കുന്ന നിരവധി ആരാധനാലയങ്ങളുണ്ട്. അവ വിവിധ മതങ്ങളുടേതാണ്. ഇവയിലെല്ലാം നിലനിൽക്കുന്ന, വിവേചനപരമെന്ന് ആരോപിക്കപ്പെടുന്ന പ്രത്യേക ആചാരങ്ങള്‍ ഭരണഘടനാപരമാണോയെന്നതു സംബന്ധിച്ച വിധി വരുന്നതോടെ രാജ്യത്തെമ്പാടും ആരാധനാലയങ്ങളിൽ ചില വലിയ മാറ്റങ്ങൾക്ക് കളമൊരുങ്ങും. ഇക്കാരണത്താൽ തന്നെ രാജ്യമെമ്പാടും ശബരിമല കേസിലുള്ള വാദങ്ങളെയും വിധിയെയും അത്യാകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് പരിശോധിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

1. ജൈവശാസ്ത്രപരമായ ചില കാര്യങ്ങളെ മുൻനിർത്തി സ്ത്രീകളെ മാറ്റി നിറുത്തുന്ന ശബരിമലയിലെ ആചാരം അയിത്തം ആയി മാറുന്നുണ്ടോ? പ്രസ്തുത ആചാരം ഭരണഘടനയുടെ 14, 15, 17 വകുപ്പുകളെ ലംഘിക്കുന്നുണ്ടോ? ഭരണഘടനയുടെ 25, 26 വകുപ്പുകൾ പറയുന്നതു പ്രകാരമുള്ള 'മൂല്യങ്ങളു'ടെ സംരക്ഷണം നിഷേധിക്കപ്പെടുന്നുണ്ടോ?

2. സ്ത്രീകളെ മാറ്റിനിറുത്തുന്നതിനെ 25ാം വകുപ്പ് പ്രകാരം അത്യന്താപേക്ഷിതമായ ഒരു മതാചാരമെന്ന് കരുതാനാകുമോ? മതപരമായ കാര്യങ്ങളിൽ തങ്ങൾക്കുള്ള സ്വയംഭരണാവകാശത്തിന്റെ കുടക്കീഴിൽ ഈ ആചാരവും പെടുമെന്ന് ഒരു മതസ്ഥാപനത്തിന് അവകാശപ്പെടാനാകുമോ?

3. അയ്യപ്പക്ഷേത്രത്തിന് ഒരു മത ഉപവിഭാഗ സ്വഭാവമുണ്ടോ? അങ്ങനെയുണ്ടെങ്കിൽ, ഒരു നിയമപരമായി സ്ഥാപിതമായ ഒരു ബോർഡിനാൽ ഭരിക്കപ്പെടുകയും, ഭരണഘടനയുടെ 290-എ വകുപ്പു പ്രകാരം സർക്കാർ ഫണ്ട് വാങ്ങുകയും ചെയ്യുന്ന ഇത്തരമൊരു സ്ഥാപനത്തിന് ഭരണഘടനാതത്വങ്ങളും, വകുപ്പ് 14, 15(3), 39(a) എന്നിവ മുമ്പോട്ടുവെക്കുന്ന മൂല്യങ്ങളും ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടാനാകുമോ?

5. കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വോർഷിപ്പ് (ഓതറൈസേഷൻ ഓഫ് എൻട്രി) ചട്ടങ്ങളിലെ ചട്ടം 3, പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകള്‍ക്ക് നിരോധനമേർപ്പെടുത്താൻ മത ഉപവിഭാഗത്തിന് അനുമതി നൽകുന്നുണ്ടോ? അനുമതി നൽകുന്നുണ്ടെങ്കിൽ അത് ഭരണഘടനയുടെ 14, 15(3) വകുപ്പുകളെ, സ്ത്രീകളുടെ പ്രവേശനം ലിംഗാടിസ്ഥാനത്തിൽ നിയന്ത്രിക്കുക വഴി തടയുന്നില്ലേ?

6. 1965ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വോർഷിപ്പ് (ഓതറൈസേഷൻ ഓഫ് എൻട്രി) ചട്ടങ്ങളിലെ വകുപ്പ് 3(b), 1965ലെ തന്നെ കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വോർഷിപ്പ് (ഓതറൈസേഷൻ ഓഫ് എൻട്രി) നിയമത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ടോ? നേരെ തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ ഭരണഘടനയുടെ മൂന്നാംഭാഗത്തിലെ വ്യവസ്ഥകളെ ലംഘിക്കുന്നുണ്ടോ?

എന്താണ് ഭരണഘടനാ ബഞ്ചിനു മുമ്പാകെയുള്ള ക്ഷേത്രഭരണാധികാരികളുടെ വാദം?

ആർത്തവമുള്ള സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്ന ആചാരമാണ് വ്യവഹാരവിഷയം. ഈ ആചാരത്തിന് 1965ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വോർഷിപ്പ് (ഓതറൈസേഷൻ ഓഫ് എൻട്രി) ചട്ടങ്ങളിലെ വകുപ്പ് 3(b)യുടെ പിന്തുണയുണ്ടെന്നും ക്ഷേത്രഭരണാധികാരികൾ വാദിക്കുന്നു.

ആരാണ് ആർത്തവമുള്ള സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന ക്ഷേത്രത്തിന്റെ ആചാരം ഭരണഘടനാവിരുദ്ധമാണെന്ന ഹരജി സമർപ്പിച്ചത്?

ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് ഹരജി നൽകിയിരിക്കുന്നത്. ഇലവർക്കു വേണ്ടി ആർപി ഗുപ്ത ഹാജരാകുന്നു. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനെ അസിസ്റ്റ് ചെയ്യാൻ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രനുമുണ്ട്. ഇന്ദിരാ ജയ്സിങ്ങും കേസിലിടപെട്ട ഹാപ്പി ടു ബ്ലീഡ് കക്ഷിക്കായി ഹാജരാകുന്നുണ്ട്. 2006ലാണ് ആദ്യമായി ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ ഈ വിഷയത്തിൽ ഹരജി നൽകുന്നത്.

ഹരജി നൽകിയതിനു ശേഷമുണ്ടായ കോടതി നടപടികൾ എന്തൊക്കെ?

2006 ഓഗസ്റ്റ് 18ന് സുപ്രീംകോടതി നോട്ടീസ് നൽകി. 2008 മാർച്ച് ഏഴിന് കേസ് ഒരു മൂന്നംഗ ബഞ്ചിലേക്ക് മാറ്റി. പിന്നീട് ഈ കേസ് തുറക്കുന്നത് 2011 ജനുവരി 11നാണ്. ഏഴു വർഷങ്ങൾക്കു ശേഷം. കേസിൽ ഒരു വിധി പുറപ്പെടുവിച്ച ശേഷം ഭരണഘടനാ ബഞ്ചിന് വിടാമെന്ന് കോടതി അന്ന് വ്യക്തമാണ്. 2006ൽ അന്ന് ഭരണത്തിലുണ്ടായിരുന്ന എൽ‌ഡിഎഫ് സർക്കാർ ഹരജിയെ എതിർക്കാത്ത നിലപാടാണ് സ്വീകരിച്ചത്. സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തടയേണ്ടതില്ലെന്ന് സത്യവാങ്മൂലം നൽകി.

2011ൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഈ സത്യവാങ്മൂലത്തിൽ മാറ്റം വരുത്തി. സ്ത്രീകൾക്കുള്ള നിരോധനത്തെ പിന്തുണച്ചു കൊണ്ടായിരുന്നു യുഡിഎഫ് സർക്കാരിന്റെ സത്യവാങ്മൂലം. ഈ സന്ദർഭത്തിൽ‌ പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വാദങ്ങൾ ഒന്നായി വന്നു.

2016 മെയ് മാസത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ സ്ത്രീകളെ ക്ഷേത്രത്തിൽ‌ പ്രവേശിപ്പിക്കുന്നതിനോട് എതിർപ്പു പ്രകടിപ്പിച്ച യുഡിഎഫിന്റെ അതേ നിലപാട് പിന്തുടരുന്ന സത്യവാങ്മൂലമാണ് ആദ്യം നൽകിയത്. ഇതിൽ സിപിഎമ്മിനകത്തും എൽ‌ഡിഎഫിനകത്തും അതൃപ്തി ഉയർന്നതോടെ പുതിയ സത്യവാങ്മൂലം നൽകി. ഇതിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് അനുകൂലമായ നിലപാടാണ് എടുത്തത്.

2017 ഒക്ടോബർ 13ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ബഞ്ച് കേസ് ഭരണഘടനാ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, റോഹിന്റൺ നരിമാൻ, എഎം ഖാൻവിൽകർ, ഡിവൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

https://www.azhimukham.com/women-onwards-to-sabari-mala-protest-menstruation-gender-discrimination-charmi-harikrishnan-azhimukham/

ഭരണഘടനാ ബഞ്ചിനു മുമ്പാകെയുള്ള വാദങ്ങൾ

ഈ ബഞ്ചിനു മുമ്പാകെയുള്ള വാദങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വാദമുഖങ്ങളും കോടതിയുടെ നിരീക്ഷണങ്ങളുമെല്ലാം വാർത്തയാകുന്നുണ്ട്. ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയ്ക്കു വേണ്ടി ഹാജരാകുന്ന ഇന്ദിര ജയ്സിങ് ശബരിമലയിലെ സ്ത്രിപ്രവേശന നിരോധനം അയിത്തത്തിന്റെ മറ്റൊരു രൂപമാണെന്നാണ് വാദിച്ച് സ്ഥാപിക്കാൻ ശ്രമിച്ചത്. ആർത്തവമുള്ള സ്ത്രീയെ കാണുന്നതു തന്നെ അശുദ്ധിയായി കണക്കാക്കപ്പെടുന്നു. ഇത് അയിത്തതിന്റെ മറ്റൊരു രൂപമാണ്.

2018 ജൂലൈ 17ന് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനു വേണ്ടി ഹാജരാകുന്ന അഡ്വ. രവി പ്രകാശ് ഗുപ്തയുടെ വാദങ്ങളോടെയാണ് ആദ്യദിവസത്തെ വാദം കേൾക്കൽ തുടങ്ങിയത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ വാദമുഖത്തിന് മുഖം കൊടുക്കാൻ കോടതി തയ്യാറാകാതിരുന്നത് വാർത്തയായി. ശബരിമല ക്ഷേത്രത്തിന്റെ ചരിത്രപരമായ സ്ഥാനം അടയാളപ്പെടുത്താനായിരുന്നു ഗുപ്തയുടെ ശ്രമം. ശബരിമല ഒരു ബുദ്ധക്ഷേത്രമായിരുന്നു എന്ന, അത്ര വ്യക്തതയോടെ സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത ഒരു വസ്തുത ഗുപ്ത വാദത്തിനിടെ സൂചിപ്പിച്ചു. ഈ വാദം ഭരണഘടനാ ബഞ്ച് പരിഗണിക്കുന്ന വിഷയങ്ങളുമായി ഏതെങ്കിലും വിധത്തിൽ സംവദിക്കുന്നില്ല എന്നത് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ പ്രസ്തുത വാദം വക്കീലിന് ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ തെളിയിക്കാനാകണമെന്നും കോടതി പറഞ്ഞു.

https://www.azhimukham.com/sabarimala-pilgrimage-entry-for-women-nikhil-bose/

തുടർന്ന് ഗുപ്ത ക്ഷേത്രം ഉന്നയിക്കുന്ന പ്രധാന വാദമായ 'സ്വതന്ത്ര മത ഉപവിഭാഗ'മാണ് തങ്ങളെന്നതിനെ ഖണ്ഡിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തരമൊരു സ്ഥാനം ശബരിമലയ്ക്ക് അവകാശപ്പെടാനാകില്ലെന്ന് ഗുപ്ത വാദിച്ചു. ഭരണഘടനയുടെ 26ാം വകുപ്പു പ്രകാരം സ്വന്തമായി വസ്തുവകകൾ വാങ്ങാനും പരിപാലിക്കാനും മറ്റും മൗലികമായ അവകാശങ്ങൾ നൽകുന്ന 'റിലീജിയസ് ഡിനോമിനേഷൻ' ആണ് ശബരിമല ക്ഷേത്രം തങ്ങള്‍ക്കനുകൂലമായ ഘടകമായി എടുത്തുകാണിക്കുന്നത്. ഈ പ്രത്യേക പദവി തങ്ങളുടെ പ്രത്യേകമായ ആചാരാനുഷ്ഠാനങ്ങളുടെ പരിപാലനത്തിനു വേണ്ടിയും പ്രയോഗിക്കപ്പെടണമെന്നാണ് വാദം. ഇത്തരമൊരു പ്രത്യേക പദവി നൽകാനാകില്ല എന്നതിന് ഈ വാദങ്ങളാണ് നിരത്തപ്പെട്ടത്:

1. ശബരിമലയിൽ നടക്കുന്ന പൂജയും മറ്റനുഷ്ഠാനങ്ങളും സമാനമായ മറ്റ് ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമല്ല.

2. ശബരിമലയ്ക്ക് പ്രത്യേകമായ ഭരണസംവിധാനമല്ല ഉള്ളത്. 1950ലെ ട്രാവൻകൂർ-കൊച്ചി ഹിന്ദു റിലീജിയസ് നിയമപ്രകാരം നിയമാനുസ‍ൃതം സ്ഥാപിതമായ ഒരു ബോർഡാണ് ഭരണനിർവ്വഹണം.

3. ഭരണഘടനയുടെ 290 എ വകുപ്പു പ്രകാരം സംസ്ഥാനത്തിന്റെ സാമ്പത്തികസഹായം ശബരിമലയ്ക്ക് കിട്ടുന്നുണ്ട്.

4. കേരള പബ്ലിക് സർവ്വീസ് കമ്മീഷനാണ് ശബരിമലയുടെ ഭരണനിർവ്വഹണം നടത്തുന്ന ബോർഡിലേക്ക് നിയമനം നടത്തുന്നത്.

5. ട്രാവൻകൂർ-കൊച്ചി ഹിന്ദു റിലീജിയസ് ആക്ടിന്റെ 29(3A) വകുപ്പ് പ്രകാരം മൂന്നുമാസത്തിലൊരിക്കൽ ദേവസ്വം കമ്മീഷണർ‌ ബോർഡിന്റെ പ്രവർത്തനം സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകേണ്ടതുണ്ട്.

6. ഹിന്ദുക്കളല്ലാതെ ശബരിമലയ്ക്ക് പ്രത്യേക ഭക്തജനമില്ല. മറ്റു ഹിന്ദുക്ഷേത്രങ്ങളിലും സന്ദർശനം നടത്തുന്നവരാണിവർ. ഒരു ക്ഷേത്രത്തിലേക്ക് കൂടുതൽ പേരെത്തുന്നു എന്നത് അതിന് ഏതെങ്കിലും തരത്തിലുള്ള വ്യതിരിക്തത നൽകുന്നില്ല. ഇത് മത ഉപവിഭാഗമെന്ന രീതിയിൽ പരിഗണിക്കപ്പെടാൻ തക്കതായ കാരണമല്ല.

https://www.azhimukham.com/sabarimala-ayyappa-sasthavu-name-controversy-myth-history-krishna-govind-azhimukham/

ശബരിമലയിലെ സ്ത്രീനിരോധനം ആചാരങ്ങളുടെ ഭാഗമാണോ?

ശബരിമലയില്‍ സ്ത്രീകൾക്കുള്ള നിരോധനം ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമല്ലെന്ന വാദവും ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനു വേണ്ടി അഡ്വ. രവി പ്രകാശ് ഗുപ്ത മുമ്പോട്ടു വെച്ചു. ശബരിമലയിലെ ഒരാചാരവും സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെടുന്നില്ല. ഇതോടൊപ്പം മറ്റൊരു കേസിലെ വിധിയും ഗുപ്ത ലക്ഷ്യമായി സമർപ്പിക്കുകയുണ്ടായി. ശ്രീ വെങ്കട്‌രമണ ദേവെരു- സ്റ്റേറ്റ് ഓഫ് മൈസൂർ കേസിൽ കോടതിയെടുത്ത നിലപാട് ഏതെങ്കിലും വിഭാഗത്തെ മാറ്റി നിറുത്തുന്നതിന് എതിരാണെന്ന് ഗുപ്ത ചൂണ്ടിക്കാണിച്ചു. പ്രസ്തുത കേസിൽ കോടതി വ്യക്തമാക്കിയതു പ്രകാരം ഏതെങ്കിലും ഒരാചാരത്തിൽ നിന്ന് ഒരു പ്രത്യേക വിഭാഗത്തെ മാറ്റി നിറുത്താം. എന്നാൽ ഏതെങ്കിലുമൊരു വിഭാഗത്തെ ഒരു ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് പൂർണമായും തടയാനാകില്ല.

ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശന വിഷയത്തിൽ, അമിക്കസ് ക്യൂറിയായ രാജു രാമചന്ദ്രന്റെ വാദഗതികളും വാദം കേൾക്കലിന്റെ മുന്നാം ദിവസമായ ജൂലൈ 19ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് കേട്ടു. അയിത്തത്തിൽ നിന്നുള്ള സംരക്ഷണം സംബന്ധിച്ച വ്യാഖ്യാനത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട മാറ്റിനിറുത്തലിനെയും ഉൾ‌പ്പെടുത്തണമെന്ന് രാജു രാമചന്ദ്രൻ പറഞ്ഞു. ദളിതർ അനുഭവിക്കുന്നതിനു സമാനമാണ് ആർത്തവം മൂലമുള്ള ഒഴിച്ചു നിറുത്തലിലൂടെ സ്ത്രീകൾ അനുഭവിക്കുന്നതെന്നും അമിക്കസ് ക്യൂറി പറഞ്ഞു.

ആൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷനു വേണ്ടി അഡ്വക്കറ്റ് പിവി സുരേന്ദ്രനാഥ് വാദങ്ങൾ നിരത്തി. ആർട്ടിക്കിൾ 25ന്റെ പിന്തുണയില്ലെങ്കിൽക്കൂടിയും ശബരിമലയിലെ സ്ത്രീനിരോധനം ഭരണഘടനാപരമായി തെറ്റാണെന്ന് സുരേന്ദ്രനാഥ് ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 19(1), ആർട്ടിക്കിൾ 21 എന്നിവ എല്ലാവർക്കും ആരാധനാപരമായ അവകാശം നൽകുന്നുണ്ട്. ആർത്തവവുമായി ബന്ധപ്പെടുത്തിയുള്ള വിവേചനം സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രമുണ്ടെന്നും അത് വിവേചനപരമല്ലേയെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചു. അതിനെയും അംഗീകരിക്കാനാകില്ലെന്ന് സുരേന്ദ്രനാഥ് വിശദീകരിച്ചു.

സുരേന്ദ്രനാഥും ശബരിമല ക്ഷേത്രത്തിന്റെ ബുദ്ധമത പശ്ചാത്തലം ചൂണ്ടിക്കാണിക്കുകയുണ്ടായി. കേരള സർക്കാരിനു വേണ്ടി വാദിച്ച അഡ്വക്കറ്റ് ജയ്ദീപ് ഗുപ്ത തങ്ങൾ സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റണമെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി. ജനങ്ങളുടെ ആയുസ്സ് സംബന്ധിച്ച് ആർക്കും ഉറപ്പ് നൽകാനാകില്ലെന്നും പലരും 50 വയസ്സ് തികയും മുമ്പെ മരിച്ചു പോയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഫലത്തിൽ നിരവധി പേർക്ക് ശബരിമല ദർശനമെന്ന ആഗ്രഹസാഫല്യത്തിന് വിഘാതമായിത്തീരും.

ദേവസ്വം ബോർഡിനു വേണ്ടി ഹാജരായ എഎം സംഘ്‌വി, എന്തിനാണ് സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചപ്പോൾ 'അവരതിൽ വിശ്വസിക്കുന്നതിനാൽ' എന്ന മറുപടി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നൽകുകയുണ്ടായി. എന്നാൽ പോകാൻ വേറെയും അയ്യപ്പക്ഷേത്രങ്ങളുണ്ടല്ലോയെന്ന വാദം സംഘ്‌വി ഉയർത്തിയപ്പോൾ, നിരവധി മഹാദേവക്ഷേത്രങ്ങളുണ്ടായിട്ടും ജനങ്ങൾ പുരി ജഗന്നാഥക്ഷേത്രത്തിലേക്ക് കൂടുതലായി പോകുന്ന വസ്തുത ചൂണ്ടിക്കാണിക്കപ്പെട്ടു. ശബരിമലയിൽ പോകുന്നവർക്ക് 41 ദിവസത്തെ വ്രതം ആവശ്യമാണെന്നും ഇക്കാരണത്താലാണ് പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ അനുവദിക്കാത്തതെന്നുമുള്ള വാദവും അദ്ദേഹം ആവർത്തിച്ചു.

https://www.azhimukham.com/offbeat-sabarimala-ayyappa-sasthavu-temle-controversy/


Next Story

Related Stories