Top

കാർക്കരെയെ 'ശപിച്ചു കൊന്നെ'ന്ന് സാധ്വി പറഞ്ഞത് ജയിലിലെ പീഡനങ്ങൾ മൂലമാകാമെന്ന് ബിജെപി; പ്രതിപക്ഷത്തിന് ആയുധമായെങ്കിൽ പ്രസ്താവന പിൻവലിക്കുന്നെന്ന് സാധ്വി

കാർക്കരെയെ
മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ ഹേമന്ത് കാർ‌ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്ന് സാധ്വി പ്രഗ്യാ സിങ് താക്കൂർ പ്രസ്താവിച്ചത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ബിജെപി. കാർക്കരെയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച ചർച്ചകൾ വീണ്ടും ഉയർന്നു വന്നതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ വിശദീകരണം. തന്റെ വാക്കുകൾ പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കിക്കൊടുക്കുന്നവയാണെങ്കിൽ അവ പിൻവലിക്കുന്നെന്ന് സാധ്വി പ്രഗ്യാ സിങ് പറഞ്ഞു.

മാലെഗാവ് സ്ഫോടനക്കേസ് പ്രതിയായ സാധ്വി പ്രഗ്യാ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്. ഭോപ്പാലിൽ മത്സരിക്കാനുള്ള സന്നദ്ധതയും പാർട്ടിയിൽ ചേർന്നതിനു ശേഷം അവർ അറിയിച്ചിരുന്നു.

'നിങ്ങൾ തീർന്നെന്ന് അയാളോട് ഞാൻ പറഞ്ഞിരുന്നു. ഇത് പറഞ്ഞ് രണ്ടു മാസത്തിനുള്ളിൽ അയാളെ ഭീകരർ കൊലപ്പെടുത്തി' എന്നായിരുന്നു പ്രഗ്യയുടെ പ്രസ്താവന. വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഇത്. മാലേഗാവ് സ്ഫോടനക്കേസിൽ കാർക്കരെ തന്നെ കുടുക്കുകയായിരുന്നെന്നാണ് സാധ്വി പ്രഗ്യ പറയുന്നത്. താൻ ശപിച്ച് 15 ദിവസത്തിനകം കാർക്കരെ കൊല്ലപ്പെടുകയായിരുന്നെന്നും സാധ്വി പറയുകയുണ്ടായി.'അന്വേഷണ സംഘം കാർ‌ക്കരെയെ വിളിച്ച് സാധ്വിക്കെതിരെ തെളിവില്ലെങ്കിൽ അവളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. അവൾക്കെതിരെ എങ്ങനെയും തെളിവുണ്ടാക്കുമെന്നാണ് അയാൾ മറുപടി പറഞ്ഞത്. അയാളുടെ വെറുപ്പു കൊണ്ടാണത് പറഞ്ഞത്. അയാൾ രാജ്യദ്രോഹിയാണ്. മതദ്രോഹിയാണ്' സാധ്വി പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിൽ ഭീകരരെ നേരിടാൻ നിയോഗിക്കപ്പെട്ട പൊലീസുദ്യോഗസ്ഥരിലൊരാളായിരുന്നു കാർക്കരെ. ഈ ഓപ്പറേഷനിൽ കാർക്കരെ കൊല്ലപ്പെടുകയും ചെയ്തു. 2008 സെപ്റ്റംബര്‍ 29 നു നടന്ന മാലേഗാവ് സ്‌ഫോടനത്തില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത് മുംബൈ ഭീകരാക്രമണസമയത്ത് കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എടിഎസ് സ്‌ക്വാഡായിരുന്നു. എ.ടി.എസ് സംഘം പ്രജ്ഞ സിങ് താക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത്, സന്യാസി ധയാനന്ദ് പാണ്ഡെ, റിട്ട. മേജര്‍ രമേശ് ഉപാധ്യായ് എന്നിവരടക്കം 14 പേരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു. മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് മാലേഗാവ് സ്‌ഫോടന കേസ് എന്‍ഐഎക്ക് കൈമാറിയത്.സാധ്വി പ്രഗ്യക്ക് ഈ കേസിൽ ക്ലീൻ ചിറ്റ് നൽകിയത് ദേശീയ അന്വേഷണ ഏജൻസിയാണ്. 2015ൽ. എന്നാൽ വിചാരണക്കോടതി അവരെ വെറുത വിടാൻ അനുവദിച്ചില്ല. സാധ്വിക്കെതിരെ തെളിവില്ലെന്നായിരുന്നു എൻഐഎയുടെ വാദം. എന്നാൽ സാധ്വിയുടെ മോട്ടോർസൈക്കിൾ സ്ഫോടനം നടത്താൻ ഉപയോഗിച്ച കാര്യം തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ തന്നെ ഈ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി സാധ്വിക്ക് ജാമ്യം നൽകിയിരിക്കുന്നത്. ഈ ജാമ്യത്തിന്മേൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്വിയെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട് ചിലർ ഇപ്പോൾ.

ഇന്ത്യയെ സംരക്ഷിക്കുന്നതിനായി സ്വന്തം ജീവൻ നൽകിയയാളാണ് ഹേമന്ത് കാർക്കരെയെന്നും അദ്ദേഹത്തോട് ആദരവ് കാണിക്കണമെന്നും കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.അശോകചക്ര അവാര്‍ഡ് ജേതാവായ ഹേമന്ത് കാർക്കരെ ഏറ്റവും മഹത്തായ ത്യാഗം അനുഷ്ഠിച്ചയാളാണെന്ന് ഐപിഎസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. എല്ലാ രക്തസാക്ഷികളും ബഹുമാനിക്കപ്പെടണമെന്നും ഐപിഎസ് അസോസിയേഷൻ പറഞ്ഞു.ഹേമന്ത് കാർക്കരെ രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞയാളാണെന്ന് എൻസിപി ട്വീറ്റ് ചെയ്തു. ഐപിഎസ് അസോസിയേഷന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് എൻസിപി തങ്ങളുടെ പ്രതികരണം അറിയിച്ചത്. ദേശാഭിമാനിയായ ഓരോ ഇന്ത്യാക്കാരനെയും സാധ്വിയുടെ വാക്കുകൾ വേദനിപ്പിക്കുമെന്നും എൻസിപി പറഞ്ഞു.ബിജെപി സാധ്വിയുടെ പ്രസ്താവനയിൽ മാപ്പ് പറയണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു. മുംബൈ എടിഎസ് തലവനായിരുന്ന കാർക്കരെയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നവരാണ് ഇന്ത്യാക്കാരെന്നും കാർക്കരെയെ അധിക്ഷേപിച്ചതിന് ബിജെപി മാപ്പ് പറയണമെന്നും എഎപി ആവശ്യപ്പെട്ടു.


Next Story

Related Stories