TopTop

കോണ്‍ഗ്രസിനെ അടിക്കാന്‍ ബിജെപിക്ക് വടി കൊടുത്ത് സാം പിത്രോദ; 1984ലെ സിഖ് കൂട്ടക്കൊല പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു

കോണ്‍ഗ്രസിനെ അടിക്കാന്‍ ബിജെപിക്ക് വടി കൊടുത്ത് സാം പിത്രോദ; 1984ലെ സിഖ് കൂട്ടക്കൊല പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു
"1984 മേ ഹുവാ തോ ഹുവാ" ("1984ല്‍ നടന്നത് നടന്നു, അതിനിപ്പൊ എന്താ?") എന്ന ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദയുടെ പരാമര്‍ശം, പാര്‍ട്ടിക്ക് വലിയ തലവേദനയായിരിക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിനെതിരെ ബിജെപിക്ക് ഒരു പ്രചാരണവിഷയം നല്‍കിയിരിക്കുകയാണ് ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന സാം പിത്രോദ.

ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളിലടക്കം രാജ്യത്തെ 59 ലോക്‌സഭ സീറ്റുകളിലേയ്ക്ക് ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. ഹരിയാനയിലെ 10 സീറ്റുകളില്‍ 12ന് വോട്ടെടുപ്പ് നടക്കും. മേയ് 19ന്റെ അവസാന ഘട്ടത്തില്‍ പഞ്ചാബിലെ 13 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡിഗഡും പോളിംഗ് ബൂത്തിലെത്തും. രാജ്യത്തെ ഏറ്റവും വലിയ സിഖ് ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം വോട്ടെടുപ്പ് ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ. അപ്പോളാണ് ബിജെപി വച്ച കെണിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന ഉപദേഷ്ടാക്കളിലൊരാളായ സാം പിത്രോദ വീണിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യമാണ് പിത്രോദയുടെ പ്രസ്താവന വെളിവാക്കുന്നത് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യമാണ് പിത്രോദയുടെ പ്രസ്താവന വെളിവാക്കുന്നത് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. 70 വര്‍ഷം ഈ രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ മനോഭാവം നോക്കൂ. ഈ പറഞ്ഞയാള്‍ രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. ഇപ്പോഴത്തെ കോണ്‍ഗ്രസ് കുടുംബവാഴ്ച പ്രസിഡന്റിന്റെ ഗുരുവും - മോദി പറഞ്ഞു.

പിത്രോദയുടെ അഭിപ്രായം പാര്‍ട്ടിക്കില്ല എന്ന നിലയില്‍ കോണ്‍ഗ്രസ് ഇതില്‍ നിന്ന് വഴുതി മാറിയിരുന്നു. 2002ലെ ഗുജറാത്ത് കൂട്ടക്കൊല വച്ച് തിരിച്ചടിക്കുകയാണ് കോണ്‍ഗ്രസ്. അപകടം മനസിലാക്കിയാണ് പിത്രോദ മാപ്പ് പറഞ്ഞിരിക്കുന്നതും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടക്കമുള്ള പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്നതും. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകളോടൊപ്പമാണ് കോണ്‍ഗ്രസ് എന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം എന്നാണ് പാര്‍ട്ടിയുടെ നിലപാട് എന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നേതാക്കള്‍ കരുതലോടെ വേണം പ്രതികരണങ്ങള്‍ നടത്താന്‍ എന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കും ഇതേ നീതി കിട്ടണം എന്നും പറയുന്നു.ഞാന്‍ പറഞ്ഞത് പൂര്‍ണമായും വളച്ചൊടിച്ചു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വ്യാഖ്യാനിച്ചു. എന്റെ ഹിന്ദി അത്ര നല്ലതല്ല. "ജോ ഹുവാ, തോ ബുരാ ഹുവാ" (നടന്നത് നടക്കാന്‍ പാടില്ലാത്ത മോശം കാര്യമാണ്) എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പക്ഷെ പറഞ്ഞുവന്നപ്പോള്‍ ഇങ്ങനെയായി - സാം പിത്രോദ എഎന്‍ഐയോട് പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്നാണ് ഞാന്‍ പറഞ്ഞുവന്നത്. ഞാന്‍ പറഞ്ഞത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതില്‍ ഞാന്‍ ഖേദിക്കുന്നു. ബിജെപി അവരുടെ പരാജയം മറച്ചുവയ്ക്കുന്നതിനായി വസ്തുതകളെ വളച്ചൊടിക്കുകയായിരുന്നു.

ഡല്‍ഹിയിലെ വലിയൊരു വിഭാഗം സിഖുകാര്‍ 1984ലെ സിഖ് കൂട്ടക്കൊലയുടെ പേരില്‍ കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ക്കുന്നവരാണ്. പിത്രോദയുടെ പരാമര്‍ശം ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമ്പോള്‍ ഇത് എത്തരത്തില്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കും എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പഞ്ചാബില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ കോണ്‍ഗ്രസിനെതിരെ ഇത് വലിയ പ്രചാരണവിഷയമാക്കും. ഈ സാഹചര്യത്തിലാണ് വിഷയം തണുപ്പിക്കാന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇടപെട്ടത്.

ഡല്‍ഹിയിലെ സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും ഡല്‍ഹിയിലെ മറ്റ് ചിലരാണ് ഇതിന് പിന്നിലെന്നുമാണ് അമരീന്ദര്‍ സിംഗ് പ്രതികരിച്ചത്. പിത്രോദ ഇങ്ങനെ തന്നെയാണ് പറഞ്ഞത് എങ്കില്‍ അത് ഞെട്ടിക്കുന്ന കാര്യമാണ് എന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു. 1984ലെ കലാപത്തിന്റെ ഇരകള്‍ക്ക് ഇപ്പോളും നീതി കിട്ടിയിട്ടില്ല. അവര്‍ ശിക്ഷിക്കപ്പെടണം. സജ്ജന്‍കുമാര്‍, എച്ച്‌കെഎല്‍ ഭഗത്, ധരംദാസ് ശാസ്ത്രി, ലളിത് മാക്കന്‍, അര്‍ജ്ജുന്‍ ദാസ് തുടങ്ങിയവരാണ് ഇതിന് പിന്നിലെന്നാണ് തന്റെ അറിവെന്നും അമരീന്ദര്‍ സിംഗ് പറയുന്നു. സിഖ് വിരുദ്ധ കലാപവുമായി അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ മോദി ബന്ധിപ്പിച്ചത് ശരിയായില്ല. മോദി മുഖ്യമന്ത്രിയായിരുന്നപ്പോളാണ് ഗുജറാത്തില്‍ കൂട്ടക്കൊല നടന്നത് - അമരീന്ദര്‍ സിംഗ് പറഞ്ഞു.

Next Story

Related Stories