UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2019 തെരഞ്ഞെടുപ്പ് സഖ്യം: എല്ലാ നേതാക്കളും നിലപാട് എഴുതി നൽകണമെന്ന് അഖിലേഷ് യാദവ്

യോഗത്തിൽ അഖിലേഷ് യാദവ് നേരിട്ട് ആവശ്യപ്പെട്ടാണ് നേതാക്കളുടെ അഭിപ്രായം എഴുതി വാങ്ങിയതെന്നാണ് അറിയുന്നത്.

2019ൽ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് പാർട്ടി നേതാക്കളുടെ നിലപാടറിയാൻ‌ സമാജ്‌വാദി പാർട്ടി ദേശീയ പ്രസിഡണ്ട് അഖിലേഷ് യാദവ് അസാധാരണമായ ഒരു നീക്കം നടത്തി. എല്ലാ നേതാക്കളും ഈ വിഷയത്തിൽ തങ്ങൾക്കുള്ള നിലപാട് എഴുതി നൽകണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. ലഖ്‌നൗവില്‍ ശനിയാഴ്ച ചേർന്ന പാർട്ടിയുടെ നാഷണൽ എക്സിക്യുട്ടീവ് യോഗത്തിൽ‌ പങ്കെടുത്ത നേതാക്കളോടാണ് അഖിലേഷ് ഈ ആവശ്യം ഉന്നയിച്ചത്.

സഖ്യം, സീറ്റ് പങ്കിടൽ, സഖ്യം ചേരേണ്ടതിന്റെ ആവശ്യകത, സഖ്യം ചേരാതിരിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ, യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താനുള്ള ചോദ്യങ്ങളടങ്ങിയ ഒരു ഫോം നൽകി എല്ലാവരോടും പൂരിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഭൂരിഭാഗം പേരും സഖ്യം ചേരുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചു എന്നാണറിയുന്നത്. പാർട്ടിയുടെ ഐഡന്റിറ്റി നിലനിർത്തിക്കൊണ്ടുള്ള സഖ്യമാണ് ചേരേണ്ടതെന്നും നേതാക്കൾ ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

സഖ്യം ചേരുന്നതു സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ യോഗം അഖിലേഷ് യാദവിനെ ചുമതലപ്പെടുത്തിയതായി പാർട്ടി പ്രിൻസിപ്പൽ സെക്രട്ടറി രാംഗോപാൽ യാദവ് പിന്നീട് വ്യക്തമാക്കി.

യോഗത്തിൽ അഖിലേഷ് യാദവ് നേരിട്ട് ആവശ്യപ്പെട്ടാണ് നേതാക്കളുടെ അഭിപ്രായം എഴുതി വാങ്ങിയതെന്നാണ് അറിയുന്നത്. സമാജ്‌വാദി പാർട്ടി ഒരു ജനാധിപത്യകക്ഷിയാണെന്നും ഇക്കാരണത്താലാണ് താൻ നിലപാട് എഴുതി നൽകാൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍