UPDATES

ട്രെന്‍ഡിങ്ങ്

സ്വന്തം വിധി തിരുത്തി സുപ്രീംകോടതി; 16 കൊല്ലം ജയിലിൽ കഴിഞ്ഞ 6 ഗോത്രവർഗ്ഗക്കാർക്കെതിരായ വധശിക്ഷ തിരുത്തി

ആറ് നാടോടി ഗോത്രവർഗ്ഗക്കാർക്കെതിരെ വിധിച്ചിരുന്ന വധശിക്ഷ സുപ്രീംകോടതി പിൻവലിച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിൽ അപൂർവ്വമാണ് ഈ നടപടി. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഗോത്രവർഗ്ഗക്കാരായ ആറുപേരെ മഹാരാഷ്ട്ര സർക്കാർ ജയിലിലടച്ചിരുന്നത്. ഇവർ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുകയും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നതാണ്. പുനപ്പരിശോധന നടത്തിയതോടെയാണ് ഈ കേസിലെ പ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെട്ടത്. 16 വർഷത്തോളം ജയിലിൽ കഴിഞ്ഞ കേസിലെ പ്രതികൾ ഇതോടെ മോചിതരാകും.

2003 ജൂൺ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തുകയും അവരിലൊരാളെ ബലാൽസംഗം ചെയ്യുകയും ചെയ്തെന്ന കുറ്റം ചാർത്തി ആറ് നാടോടി ഗോത്രവിഭാഗക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഭോകാർദാനിലാണ് സംഭവം നടന്നത്.

പൊലീസ് കേസിനെ അട്ടിമറിച്ചെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. നേരത്തെ വിധിച്ച വധശിക്ഷ പിൻവലിച്ച കോടതി പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടു. പൊലീസുകാർ ഇപ്പോഴും സർവ്വീസിലുണ്ടെങ്കിൽ ഡിപ്പാർട്ട്മെന്റ് നടപടി വേണം. മൂന്നു മാസമാണ് ഇതിന് കോടതി സമയം നൽകിയിരിക്കുന്നത്.

ജയിലിലടയ്ക്കപ്പെട്ട ഓരോരുത്തർക്കും അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. എകെ സിക്രി, എസ് അബ്ദുൾ നസീർ, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേസിൽ പുനരന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ത്രാംമ്പാക് സതോത് എന്നയാളെയും അയാളുടെ മകളെയും രണ്ട് ആൺമക്കളെയും മരുമകനെയും കൊലപ്പെടുത്തിയ കേസിലാണ് നാടോടി ഗോത്രവിഭാഗക്കാരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സമീപത്തെ ഒരു തോട്ടത്തിൽ കുടിൽ കെട്ടി താമസിച്ചു വരികയായിരുന്നു. രാത്രി പത്ത് മുപ്പതോടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഏഴോ എട്ടോ പേർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന കുടുംബത്തെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബാംഗങ്ങളെല്ലാവരും മരിച്ചെന്നു കരുതി അക്രമികൾ സ്ഥലം വിട്ടു. എന്നാൽ രണ്ടുപേർ അതിജീവിച്ചു. രക്ഷപ്പെട്ടവരിലൊരാളായ ത്രാംമ്പാക് സതോതിന്റെ ഭാര്യ തന്നെ ആക്രമിച്ചവരിൽ നാലുപേരെ ക്രിമിനലുകളുടെ ആൽബത്തിൽ നിന്നും തിരിച്ചറിഞ്ഞതായി സ്പെഷ്യൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. ഇത് പരിഗണിക്കാതെയാണ് പൊലീസ് നാടോടി വിഭാഗക്കാരെ പ്രതികളാക്കിയതെന്ന് കോടതി കണ്ടെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍